Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറങ്ങുന്ന ഒരു അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ? മുല്ലപ്പള്ളിക്കെതിരെ പരസ്യമായ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഹൈബി ഈഡൻ; സ്വയം ഒഴിയില്ല, മാറാൻ പറഞ്ഞാൽ മാറും; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി; തൽക്കാലം നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിൽ കെ മുരളീധരനും; നേമത്തെ തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷനെ കണ്ടു

ഉറങ്ങുന്ന ഒരു അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ? മുല്ലപ്പള്ളിക്കെതിരെ പരസ്യമായ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഹൈബി ഈഡൻ; സ്വയം ഒഴിയില്ല, മാറാൻ പറഞ്ഞാൽ മാറും; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി; തൽക്കാലം നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിൽ കെ മുരളീധരനും; നേമത്തെ തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷനെ കണ്ടു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പരസ്യ വിമർശനങ്ങളുമായി നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി പരസ്യമായി പുറത്തേക്ക് വരുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. മുല്ലപ്പള്ളിയെ ഉന്നം വെച്ച് എറണാകുളം എംപി ഹൈബി ഈഡനും രംഗത്തുവന്നു.

എന്തിനാണ് ഉറങ്ങുന്ന ഒരു പ്രസിഡന്റ് എന്നാണ് ഹൈബി ഈഡൻ എംപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പേര് നേരിട്ട് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. പോസ്റ്റിട്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കനത്ത പരാജയം കോൺഗ്രസ്സിനുള്ളിൽ കാര്യമായ ചർച്ചകൾക്കും നേതൃ പുനഃസംഘടനക്കും വഴിവെക്കാനുള്ള സൂചനകളാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.

ഇതിനോടകം കെപിസിസി നേതൃത്വത്തിനെതിരെ വിയോജിപ്പ് പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. അതേസമയം ഹൈക്കമാന്റ് പറഞ്ഞാൽ മാത്രമേ സ്ഥാനമൊഴിയൂ എന്ന നിലപാടിലാണ് മുല്ലപ്പള്ളി. സ്ഥാനമൊഴിയാൻ തയ്യാറാണ്. ഹൈക്കമാൻഡ് പറഞ്ഞാൽ മാത്രമേ സ്ഥാനം ഒഴിയൂ. പ്രതിസന്ധി ഘട്ടത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാൻ തയ്യാറല്ല. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാൻഡാണ് അതിനാൽ സ്വയം ഒരു തീരുമാനം എടുക്കില്ല. ഒരാളുടെ തോൽവിയായി കാണാനാകില്ല എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാൽ, പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിർപ്പ് ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല നടത്തിയത് മികച്ച പ്രവർത്തനമാണെന്നും അതിന് പാർട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാൻഡ് അന്തിമ നിലപാട് എടുക്കും.

അതേസമയം, കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.

അതിനിടെ നേമത്തെ തോൽവിയെ കുറിച്ചുള്ള വിശദീകരണം നൽകാൻ കെ മുരളീധരൻ മുല്ലപ്പള്ളിയുമായി കൂടിക്കാഴ്‌ച്ച നടത്തി. തൽക്കാലം നേതൃമാറ്റം വേണ്ടെന്നാണ് മുരളീധരൻ പ്രതികരിച്ചത്. രാഹുൽഗാന്ധിയും, പ്രിയങ്കഗാന്ധിയും നടത്തിയ പ്രചാരണത്തോടെ കേരളം ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ പാളിയത് ഹൈക്കമാൻഡിനേറ്റ കനത്ത പ്രഹരമാണ്. ദേശീയ നേതാക്കൾ വിയർപ്പൊഴുക്കിയിട്ടും പരാജയപ്പെട്ടത് സംസ്ഥാന ഘടകത്തിന്റെ വീഴ്ചയെന്നാണ് വിലയിരുത്തൽ. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന മുറവിളികൾക്കിടെയാണ് പരാജയ കാരണം വിശദമാക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷ പാളാനിടയാക്കിയ സാഹചര്യമാണ് ഹൈക്കമാൻഡ് പരിശോധിക്കുന്നത്.

കേരളത്തിലേക്ക് നേരത്തെ അയച്ച ദേശീയ നിരീക്ഷക സംഘവും പരാജയ കാരണം വിലയിരുത്തും. പാർട്ടി നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ആവേശം പോരായിരുന്നുവെന്നും, സർക്കാരിനെതിരെ ഉയർത്തിയ വിമർശനങ്ങൾ ജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കിയില്ലെന്നും സംസ്ഥാനത്ത് പ്രചാരണം നടത്തിയ ചില ദേശീയ നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചതയാണ് വിവരം. മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ഹൈക്കമാൻഡിന് മേൽ വലിയ സമ്മർദ്ദമാകുകയാണ്. ഇരുഗ്രൂപ്പുകളും ഒരേ സ്വരത്തിൽ മുല്ലപ്പള്ളിയെ മാറ്റണമെന്നാണ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചാരണത്തിൽ പോലും മുല്ലപ്പള്ളി ആത്മാർത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്ഡിന് മുന്നിലെത്തിയിട്ടുണ്ട്. അതേ സമയം താൻ വിയർപ്പൊഴുക്കിയിട്ടും പാർട്ടി ഒപ്പം നിന്നില്ലെന്ന പരാതി രമേശ് ചെന്നിത്തല ചില നേതാക്കളെ അറിയിച്ചുവെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP