Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ 'പോളിറ്റ് ബ്യൂറോ' ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ

കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ 'പോളിറ്റ് ബ്യൂറോ' ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് ഇക്കുറി പൂട്ടിക്കുമെന്ന് പിണറായി വിജയൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ വാക്കു പാലിക്കുന്ന ഫലങ്ങളാണ് പിന്നീട് പുറത്തുവന്നതും. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത് സൈബർ ഇടത്തിൽ അടക്കം വലിയ ആഘോഷമാക്കി സിപിഎം മാറ്റുമ്പോൾ തന്നെ ബംഗാളിനെ കുറിച്ച് ആരും അധികം മിണ്ടുന്നില്ല. ബംഗാളിൽ സിപിഎമ്മിന്റെ അടിത്തറ സമ്പൂർണമായി തകർന്നിരിക്കയാണ്. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിതിനൊപ്പം ബംഗാളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അക്കൗണ്ട് ഒരുമിച്ചു പൂട്ടി. ഇതോടെ സിപിഎം എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങിയിരിക്കയാണ്. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏക മുഖമായി പിണറായി വിജയൻ എന്ന നേതാവ് മാറുകയാണ്.

കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്നിടത്തായിരുന്നു സ്ഥാനത്താണ് ഇപ്പോൾ പൂജ്യത്തിലേക്ക് സിപിഎം നിലംപൊത്തിയിരിക്കുന്നത്. ഒരു സീറ്റ് പോലും നേടാതെ ബംഗാളിൽ ഇടതുപതനം ഏതാണ്ടു പൂർണമാകുകയാണ്. 1957 മുതലുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷം സംപൂജ്യരാകുന്നത്. ഈ തകർച്ച സിപിഎമ്മിന്റെ സംഘടനാതലത്തിലും ഇനി പ്രതിഫലിക്കും. കേരള ഘടകത്തിന്റെ മേൽക്കൈ ഏതറ്റം വരെയെന്ന് അടുത്ത പാർട്ടി കോൺഗ്രസിൽ വ്യക്തമാകും. ഇനി സിപിഎമ്മിലെ പോളിറ്റ്ബ്യൂറോ എല്ലാം കേരള ഘടകത്തിലെ നേതാക്കലാകും.

പ്രധാനമായും സിപിഎമ്മും സിപിഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു ബംഗാളിലെ സംയുക്ത മുന്നണി. അസമിൽ കോൺഗ്രസ് നയിച്ച മുന്നണിയുടെയും തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയുടെയും ഭാഗമായിരുന്നു ഇടതു പാർട്ടികൾ. കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി പരസ്യ കൂട്ടുകെട്ടെന്ന 2018 ലെ സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം പൂർണമായി നടപ്പാക്കിയ തിരഞ്ഞെടുപ്പുകളെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. 2016 ൽ കോൺഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു; സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും. ഇത്തവണ, ഒടുവിൽ ലഭ്യമായ കണക്കുകളനുസരിച്ച്, 3 പാർട്ടിക്കും സീറ്റൊന്നുമില്ല. വോട്ട് ശതമാനം: സിപിഎം 4.67, കോൺഗ്രസ് 2.98, സിപിഐ 0.23.

സിപിഎം കേന്ദ്ര നിലപാടിനു വിരുദ്ധമായാണ് ബംഗാളിൽ 2016 ൽ കോൺഗ്രസുമായി സഹകരിച്ചത്. തങ്ങളോട് ആലോചിക്കാതെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയെന്നായിരുന്നു അന്നു സിപിഐയുടെ പരാതി. കോൺഗ്രസുമായി ധാരണയെന്ന തെറ്റു തിരുത്തണമെന്നായിരുന്നു അന്നു സിപിഎം കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തിനു നൽകിയ നിർദ്ദേശം. ഈ വിഷയത്തിൽ ബംഗാൾ ഘടകവും കേന്ദ്ര നേതൃത്വവുമായുണ്ടായ തർക്കം പാർട്ടിയെ പിളർത്തുമെന്ന സ്ഥിതിവരെയെത്തിയിരുന്നു. ഒടുവിൽ, നിലനിൽപിനെന്നോണം, കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി ധാരണായാവമെന്ന് 2018 ലെ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.

ഇത്തവണ ഇടതും കോൺഗ്രസും കൂടിയാലോചിച്ചു ധാരണയുണ്ടാക്കി. അതിനിടെയാണ് അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) എന്ന പുതിയ പാർട്ടിയുടെ രംഗപ്രവേശം. ഈ ന്യൂനപക്ഷ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസിലും സിപിഎമ്മിലും തർക്കങ്ങൾക്കു വഴിവച്ചു. ഒടുവിൽ, ഐഎസ്എഫുമുള്ള മുന്നണിയുടെ നേതൃത്വം സിപിഎമ്മിനെന്നു ധാരണയായി. ത്രിപുരയിൽ അധികാരത്തിലുള്ള ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങളേറെയുണ്ട്. അവിടെ നിയമസഭയിൽ 16 സീറ്റുള്ള സിപിഎം, തിരിച്ചുവരവിനുള്ള ശ്രമം തുടരുകയുമാണ്. എന്നാൽ, പല പരീക്ഷണങ്ങളും നടത്തിയിട്ടും ബംഗാളിൽ മാറ്റം സാധ്യമാകുന്നില്ലെന്നതാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

ബംഗാളിൽ സംയുക്ത മുന്നണിയുടെയും ഇടതിന്റെയും പരാജയം നിരാശയുണ്ടാക്കുന്നുവെന്നാണു പൊളിറ്റ്ബ്യൂറോ പ്രതികരിച്ചത്. സ്വയംവിമർശനപരമായ അവലോകനം നടത്തി പാഠങ്ങൾ മനസ്സിലാക്കുമെന്നും പറയുന്നു. ഐഎസ്എഫുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്‌തെന്നു വിമർശനമുണ്ട്. ബിജെപിയെ ചെറുക്കുയെന്നതാണ് മുഖ്യലക്ഷ്യമെന്നും അതിനു സാധിക്കുക തൃണമൂലിനാണെന്നും വിലയിരുത്തിയായിരുന്നത്രേ ഇത്തവണ മുസ്ലിം വോട്ട്. അതിൽ ഏറിയ പങ്കും തൃണമൂലിനുതന്നെ ലഭിച്ചു. തൃണമൂലുമായി സഹകരിച്ചാൽ, ഇടതിനും കോൺഗ്രസിനും ലഭിക്കുന്ന തൃണമൂൽ വിരുദ്ധ വോട്ടുകൾ നഷ്ടപ്പെടുമെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലും പാളി. സിപിഎം ചെറുപ്പക്കാർക്കു കൂടുതലായി സീറ്റ് നൽകിയെങ്കിലും ബംഗാളിലെ പാർട്ടി നേതൃത്വം തികച്ചും ദുർബലമെന്നാണു വിമർശനം.

1957 മുതൽ തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ള താൻ ഇത്രയും വർഗീയവൽക്കരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കണ്ടിട്ടില്ല എന്നാണ് പ്രചാരണത്തിനിടെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബിപൻ ബസു സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. ബിജെപി നടത്തിയ പ്രചാരണത്തെ മുൻനിർത്തിയാണ് മുതിർന്ന നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്ന പുതിയ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തി സിപിഎമ്മും മതരാഷ്ട്രീയത്തെ പുൽകാൻ തയാറായി. എന്നാൽ ബംഗാൾ ജനത അതെല്ലാം തള്ളി. 199 സീറ്റു നേടി ഭരണം നടത്തിയിരുന്ന മമത ഇത്തവണ നില മെച്ചപ്പെടുത്തി.

സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഭീകരമായ വർഗീയലഹളകളിൽ പലതും ബംഗാളിനെ നടക്കിയിട്ടുണ്ട്. എന്നാൽ ക്രമേണ വർഗീയ രാഷ്ട്രീയത്തോട് അകലം പാലിക്കുകയാണ് ബംഗാൾ ചെയ്തത്. സംസ്ഥാനത്ത് ശക്തിപ്രാപിച്ചുവന്ന ഇടതുരാഷ്ട്രീയം ആണ് വർഗീയതയെ തടഞ്ഞുനിർത്തുന്നതിൽ പ്രധാനപങ്കുവഹിച്ചത്. എഴുപതുകളുടെ തുടക്കത്തിലെ കിഴക്കൻ ബംഗാളിൽനിന്നുള്ള അഭയാർഥി പ്രവാഹമായിരുന്നു മറ്റൊന്ന്.

ജീവൻ രക്ഷിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി എത്തിയ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും അവരെ സഹായിക്കാനും പുരോഗമന പ്രസ്ഥാനങ്ങൾ തയാറായി. ഇങ്ങനെ മാനുഷിക മുഖമുള്ള രാഷ്ട്രീയത്തെ സാമുദായികവൽക്കരിക്കാൻ ഇത്തവണത്തെ പ്രചാരണത്തിൽ ബോധപൂർവമായ ശ്രമമുണ്ടായി. സംസ്ഥാനത്തെ 28 ശതമാനം വരുന്ന മുസ്ലിം വോട്ടർമാർ പരമ്പരാഗതമായി സിപിഎമ്മിനേയും തുടർന്ന് മമതയേയും ആണ് തുണച്ചിരുന്നത്. 75 സീറ്റുകളിൽ നിർണായകമാണ് മുസ്?ലിം വോട്ട്. ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റെ സാന്നിധ്യം മമതയ്ക്ക് ദോഷമാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

ബിജെപിക്ക് നേട്ടമായത് ഇടതുപക്ഷത്തിന്റെ ക്ഷീണം.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തോടെ ഇടതുമുന്നണിയും മറുവശത്ത് ഒറ്റയ്ക്ക് തൃണമൂലും ഏറ്റുമുട്ടി. ഇടതുസഖ്യം 39 ശതമാനവും മമത 45 ശതമാനവും നേടി. കോൺഗ്രസിന് 44 സീറ്റുകിട്ടിയപ്പോൾ ഇടതുപക്ഷം 32 സീറ്റിലേക്ക് ചുരുങ്ങി. 2014ലെ 17 ശതമാനം എന്ന ബിജെപി വോട്ട് 2016 ആയപ്പോൾ 10 ശതമാനം ആയതുമാത്രമാണ് ഇടതുപക്ഷത്തിന് ചൂണ്ടിക്കാട്ടാൻ ഉണ്ടായ ഏക കാര്യം. ഇതേ കാലയളവിൽ കോൺഗ്രസ് സഖ്യമുണ്ടായിട്ടും ഇടതു സഖ്യത്തിന്റെ വോട്ട് 3 ശതമാനം കുറഞ്ഞത് അവർ ചർച്ചയ്‌ക്കെടുത്തില്ല. അതായത് രണ്ടു വർഷം മുൻപ് ബിജെപി കൊണ്ടുപോയ വോട്ട് അവരിലേക്ക് തിരിച്ചെത്തിയില്ല എന്ന കാര്യം അവർ ഗൗരവത്തിലെടുത്തില്ല.

ഇതേസമയം തൃണമൂലിനെ വിറപ്പിക്കാൻ കോൺഗ്രസോ ഇടതുസഖ്യമോ തയാറല്ലെന്നതും അഥവാ അതിന് അവർക്ക് വേണ്ട പിന്തുണയില്ലെന്നതും നോക്കിക്കണ്ട ബിജെപി ആ ഒഴിവിലേക്ക് ഇടിച്ചുകയറി. ഏറെ പതിറ്റാണ്ടുകൾക്കു ശേഷം ബംഗാൾ രാഷ്ട്രീയത്തിൽ മതം കടന്നുവരാൻ തുടങ്ങി. തൃണമൂൽ വിരുദ്ധ ഇടതുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകാൻ തുടങ്ങി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റിൽ 18 എണ്ണത്തിൽ വിജയിച്ച് ബിജെപി എല്ലാവരെയും ഞെട്ടിച്ചു. 2016ലെ വോട്ടുശതമാനം 10 ആയിരുന്നത് 40ലേക്ക് എത്തി. ഇടതുപക്ഷത്തിന്റെ വോട്ടുശതമാനം 27ൽ നിന്ന് 7.5 ആയി. കോൺഗ്രസിന് 7ശതമാനവും തൃണമൂലിന് 2 ശതമാനവും വോട്ട് കുറഞ്ഞു.

ഈ കാലയളവിൽ ഇടതുപക്ഷത്തിന്റെ ഒരു കോടി വോട്ട് ബിജെപിയിലേക്ക് പോയെന്നാണ് കണക്ക്. അതോടെ തൃണമൂലിന് ബദൽ ബിജെപി എന്ന നിലവന്നു. മമതയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം ക്രമേണ വർധിച്ചുവന്നത് ബിജെപി മുതലെടുക്കാൻ തുടങ്ങി. അതോടെ കൂറുമാറ്റം എന്ന വിജയകരമായ സിദ്ധാന്തവും ബിജെപി പ്രയോഗിക്കാൻ തുടങ്ങി. മുൻ മന്ത്രിയായ സുവേന്ദു അധികാരിയെ കൊണ്ടുവന്ന ബിജെപി 9 എംഎൽഎമാരെയും കൂറുമാറ്റിച്ചു. ഇതിൽ ഓരോ സിപിഎം, സിപിഐ, കോൺഗ്രസ് എംഎൽഎമാർ കൂടി ഉണ്ടായിരുന്നു എന്നതാണ് രസകരം.

തെറ്റു തിരുത്തുക എന്നത് കമ്യൂണിസ്റ്റ് നിഘണ്ടുവിലെ പ്രധാന വാക്കാണ്. ആത്മപരിശോധനയും തെറ്റു തിരുത്തലുമാണ് പാർട്ടിക്കുള്ളിലെ ജനാധിപത്യം നിലനിർത്താനും പാർട്ടിയെ ശുദ്ധീകരിക്കാനുമുള്ള വഴി. എന്നാൽ ഒരു തരം തെറ്റുതിരുത്തലും സിപിഎമ്മിൽ ഉണ്ടായില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. പകരം കോൺഗ്രസിന്റെയും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റേയും സഹായത്തോടെ ഇത്തവണ പിടിച്ചുകയറാനാണ് പാർട്ടി ശ്രമിച്ചത്. ഇത് ജനങ്ങളെ കൂടുതൽ രോഷാകുലരാക്കുകയും ചെയ്തു.

ദരിദ്രജന പക്ഷപാതിത്വമാണ് ആദ്യകാലത്ത് ഇടതുരാഷ്ട്രീയത്തിന്റെ കൈമുതലായിരുന്നത്. സുദീർഘഭരണത്തെ തുടർന്ന് അതു പിന്നെ ജീർണിച്ചു. അതു തിരിച്ചുപിടിക്കാൻ ഒരു പദ്ധതിയും അവർക്കുണ്ടായില്ല. പകരം ചെറുപ്പക്കാരെ ഇറക്കി പ്രതാപം തിരിച്ചുപിടിക്കാനള്ള ശ്രമമാണ് നടത്തിയത്. ഇത്തവണ ദയനീയ പരാജയമാണ് ഇടതുമുന്നണി നേരിട്ടത്. 137 സീറ്റിൽ മത്സരിച്ചിട്ടും ചലനമുണ്ടാക്കാനായില്ലെന്നത് ബംഗാളിലെ ചുവപ്പു കൊടി അസ്തമിക്കുന്ന കാഴ്‌ച്ച വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP