Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മിന്റെ ബി ടീമാണോ ട്വന്റി ട്വന്റി? എന്തിനാണ് കോൺഗ്രസ് തങ്ങളെ പേടിക്കുന്നത്? എങ്ങനെയാണ് എൽഡിഎഫിന് തുടർഭരണം കിട്ടിയത്? മത്സരിച്ച ആറുമണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത്; കന്നിയങ്കത്തിൽ ട്വന്റി ട്വന്റി നിർണായക ശക്തി ആയെങ്കിലും ഒരുകാര്യം കടന്ന കയ്യായി പോയെന്ന് സാബു എം ജേക്കബ് മറുനാടനോട്

സിപിഎമ്മിന്റെ ബി ടീമാണോ ട്വന്റി ട്വന്റി? എന്തിനാണ് കോൺഗ്രസ് തങ്ങളെ പേടിക്കുന്നത്? എങ്ങനെയാണ് എൽഡിഎഫിന് തുടർഭരണം കിട്ടിയത്? മത്സരിച്ച ആറുമണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത്; കന്നിയങ്കത്തിൽ ട്വന്റി ട്വന്റി നിർണായക ശക്തി ആയെങ്കിലും ഒരുകാര്യം കടന്ന കയ്യായി പോയെന്ന് സാബു എം ജേക്കബ് മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റിക്ക് നിയമ സഭാ തെരഞ്ഞെടുപ്പിൽ ചുവടു പിഴച്ചത് എട്ടു സീറ്റുകളിൽ മത്സരിച്ചതിനാൽ. ഒന്നോ രണ്ടോ സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിൽ വിജയം സുനിശ്്ചിതമാകുമായിരുന്നു എന്ന് പാർട്ടി പ്രസിഡന്റ് സാബു.എം.ജേക്കബ്ബ് മറുനാടനോട് പ്രതികരിച്ചു. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയം ആവർത്തിക്കാനായില്ലെങ്കിലും മൽസരിച്ച എട്ടിടങ്ങളിൽ മിക്കയിടത്തും നിർണായക ശക്തിയായി മാറാൻ ട്വന്റി ട്വന്റിക്ക് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അൽപ്പം കടന്ന കൈയായിപ്പോയി എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്തിയത്. 14 ദിവസം മാത്രമാണ് പ്രചരണത്തിനായി ലഭിച്ചത്. പുതിയൊരു പാർട്ടിയെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഈ ചുരുങ്ങിയ ദിവസം പോരാതെ വന്നു. അതിനാലാണ് പരാജയം സംഭവിച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള കുന്നത്തുനാട്ടിലും മറ്റേതെങ്കിലും ഒരിടത്തോ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയതെങ്കിൽ വിജയിച്ചേനെ. കാരണം എട്ടിടങ്ങളിലും പ്രചാരണത്തിനായി പോയവർ തദ്ദേശ തെറഞ്ഞെടുപ്പിൽ വിജയിച്ച പഞ്ചായത്തുകളിലുള്ളവരാണ്. അതിനാൽ വേണ്ടത്ര ജനങ്ങളിലേക്ക് പ്രചാരണം എത്തിയില്ല. ആ വീഴ്ചയാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം-സാബു എം ജേക്കബ്ബ് പറഞ്ഞു.

കുന്നത്തുനാടിന് പുറമേ ഏഴു മണ്ഡലങ്ങളിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് അവിടുത്തെ ഒരു സാഹചര്യവും അറിയില്ലായിരുന്നു. അതിർത്തികൾ പോലും നിശ്ചയമില്ലായിരുന്നു. അങ്ങനെയുള്ളപ്പോൾ ജനങ്ങളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. പുതിയ പാർട്ടിയായതിനാൽ അവിടെയുള്ളവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. എങ്കിലും പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. സ്ഥാനാർത്ഥികളായിരുന്നവർ രാഷ്ട്രീയ പരിചയമില്ലാത്തവരായിരുന്നു. അവരെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് മുന്നോട്ട് കൊണ്ടു വരികയായിരുന്നു. എല്ലാ കാര്യങ്ങളും ഭംഗിയായി നിർവ്വഹിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. മൂന്ന് മുന്നണികൾക്ക് എതിരെയായിരുന്നു ഞങ്ങൾ മത്സരിച്ചതെന്നോർണം. എന്നാൽ എറണാകുളം ജില്ലയിൽ മൽസരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തി. ഒരു പഞ്ചായത്തിൽ മാത്രമുണ്ടായിരുന്ന പാർട്ടി മൂന്നാം സ്ഥാനത്തെത്തുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ജനങ്ങൾ ട്വന്റി ട്വന്റിയെ സ്വീകരിച്ചു എന്നതിന്റെ തെളിവാണിത്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14.5 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. എങ്കിലും തോൽവി അംഗീകരിക്കുന്നു എന്നും സാബു എം ജേക്കബ്ബ് പറയുന്നു.

കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽ.ഡി.എഫ് വിജയത്തിന് ട്വന്റി ട്വന്റി നേടിയ വോട്ടുകൾ നിർണായകമായി. 2815 ഓളം വോട്ടുകൾക്ക് വി പി സജീന്ദ്രനെ പി വി ശ്രീനിജൻ തോൽപിച്ചു.യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് ട്വന്റി ട്വന്റി നേടിയ 41,890 വോട്ട് നിർണ്ണായകമായി. ശക്തികേന്ദ്രമായ വാഴക്കുളം മുതൽ യു.ഡി.എഫിന് ലീഡ് കുറഞ്ഞപ്പോൾ എൽ.ഡി.എഫ് കേന്ദ്രങ്ങളായ വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തിലെ വോട്ട് കൃത്യമായി പെട്ടിയിൽ വീണു. അതേസമയം ട്വന്റി ട്വന്റിക്ക് കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ തുടങ്ങി ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ 2000 വോട്ട് കിഴക്കമ്പലത്ത് പോലും കുറഞ്ഞു.

കൊച്ചിയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണി 19,550 വോട്ട് നേടിയപ്പോൾ യുഡിഎഫിനുണ്ടായത് വലിയ തോൽവിയാണ് .കോൺഗ്രസ്സിന്റെ ടോണി ചമ്മണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ ജെ മാക്സിയോട് തോറ്റത് 14,079 വോട്ടുകൾക്ക്. പെരുമ്പാവൂരിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ചിത്ര സുകുമാരൻ 17,994 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2624 വോട്ടായി ചുരുങ്ങി. കോതമംഗലത്തും ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് 7978വോട്ട് നേടിയപ്പോൾ 6605 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുപുറം എൽ.ഡി.എഫിലെ ആന്റണി ജോണിനോട് തോറ്റു. തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ട്വന്റി ട്വന്റിക്കായി.

സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി ട്വന്റി എന്ന പി ടി തോമസിന്റെ ആരോപണത്തോട്, യു.ഡി.എഫ് വോട്ട് ട്വന്റി ട്വന്റി നേടിയെങ്കിൽ അത് കോൺഗ്രസ്സിന്റെ കഴിവുകേട് എന്നായിരുന്നു സാബു എം ജേക്കബ്ബിന്റെ മറുപടി. ഒരു ദേശീയ മുന്നണി ഒരു പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയെ ഭയപ്പെടുക എന്നു വച്ചാൽ ഞങ്ങൾ അത്രയും വലിയ ശക്തിയാണ് എന്ന് അവർ മനസ്സിലാക്കിയതു കൊണ്ടാണ്. ഇപ്പോൾ അവർ പറയുന്നത് ട്വന്റി ട്വന്റിയാണ് രണ്ട് മണ്ഡലങ്ങളിൽ തോൽപ്പിച്ചത് എന്നാണ്. അപ്പോൾ അതു തന്നെ ട്വന്റി ട്വന്റിയുടെ ശക്തി തെളിയിക്കുന്നതാണ്. ഒരുപാർട്ടിയുടെയും ആളുകളല്ല ഞങ്ങൾ. തെരഞ്ഞെടുപ്പിൽ മത്സരിച്ച 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളാണ്. 4 മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളാണ്. ഏതെങ്കിലും ഒരു പാർട്ടിയോടുള്ള അനുഭാവമാണെങ്കിൽ ആ പാർട്ടി മത്സരിക്കുന്ന സ്ഥലത്ത് മത്സരിക്കേണ്ട ആവശ്യമില്ലല്ലോ. ആരേയും സഹായിക്കാനോ ആരുടെയും ടീം ആയിട്ടോ മത്സരിച്ചതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തുടർഭരണം ജനങ്ങൾ ആഗ്രഹിച്ചതിനാലാണ് വീണ്ടും എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. അതിന് കാരണം കോവിഡാണെന്ന് സാബു എം ജേക്കബ്ബ് പറയുന്നു.കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് സർക്കാർ കൊണ്ടു പോകുന്നത്. ആ സാഹചര്യത്തിൽ പുതിയൊരു സർക്കാർ വന്നാൽ വീണ്ടും ആ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നിൽ നിന്നു തുടങ്ങണം. ഒരു ഭരണ സ്തംഭനം വന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. കൂടാതെ കിറ്റുകളും പെൻഷനും കൃത്യമായി ജനങ്ങൾക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞു എന്നതും വിജയത്തിന് കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമെന്നും ഇതുവരെ ജനങ്ങൾക്ക് നൽകി കൊണ്ടിരുന്ന കാര്യങ്ങൾ മുടക്കമില്ലാതെ തുടരുമെന്നും മറുനാടനോട് അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്തമോ എന്നും വരും തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP