Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമങ്ങളോട് ചോദിച്ചത് കോന്നിയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം എന്നെ കൊണ്ടു പറയിക്കണോയെന്ന്; കോന്നി താൻ പറയുന്ന ആൾക്ക് കൊടുത്താൽ ജില്ല മുഴുവൻ ജയിക്കാമെന്ന വാഗ്ദാനവും; അമിത ആത്മവിശ്വാസത്തിൽ അഹങ്കരിച്ച അടൂർ പ്രകാശും റോബിനും കോന്നിയുടെ പടിക്ക് പുറത്ത്; ജനീഷ് കുമാർ താരമാകുമ്പോൾ

മാധ്യമങ്ങളോട് ചോദിച്ചത് കോന്നിയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം എന്നെ കൊണ്ടു പറയിക്കണോയെന്ന്; കോന്നി താൻ പറയുന്ന ആൾക്ക് കൊടുത്താൽ ജില്ല മുഴുവൻ ജയിക്കാമെന്ന വാഗ്ദാനവും; അമിത ആത്മവിശ്വാസത്തിൽ അഹങ്കരിച്ച അടൂർ പ്രകാശും റോബിനും കോന്നിയുടെ പടിക്ക് പുറത്ത്; ജനീഷ് കുമാർ താരമാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

കോന്നി: താനില്ലെങ്കിൽ പ്രളയം എന്ന അടൂർ പ്രകാശ് എംപിയുടെ അഹന്തയ്ക്കേറ്റ അടിയാണ് കോന്നിയിൽ യുഡിഎഫിനേറ്റ തുടർച്ചയായ രണ്ടാം തോൽവി. ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിയെ നിർത്താത്തതിന് യുഡിഎഫ് സ്ഥാനാർത്ഥിയെ കാലുവാരിത്തോൽപ്പിച്ചത് അബദ്ധമായി എന്ന് ഇപ്പോൾ അടൂർ പ്രകാശിന് തോന്നുന്നുണ്ടാകും. തനിക്കൊപ്പം പതിവായി നിലയുറപ്പിച്ചിരുന്ന ഈഴവ സമുദായം താൻ പറയുന്നിടത്ത് വോട്ടു കുത്തുമെന്ന അതിമോഹവും പാളി. ഈഴവ സമുദായത്തിന്റെ വോട്ട് ഒന്നടങ്കം നേടി കെയു ജനീഷ്‌കുമാർ മറ്റൊരു ജൈത്രയാത്രയ്ക്കുള്ള അടിത്തറ ഇടുകയുംചെയ്തു.

ഈഴവനായ അടൂർ പ്രകാശ് എന്തു കൊണ്ട് മറ്റൊരു സമുദായക്കാരനെ സ്ഥാനാർത്ഥിയാക്കി, അയാളുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നൊരു ചോദ്യം വ്യാപകമായി ചർച്ച ചെയ്തിരുന്നു. അപ്പോൾ സമുദായ ഉദ്ധാരണമല്ല, സ്വന്തം നിലനിൽപ്പാണ് പ്രകാശ് ലക്ഷ്യമിടുന്നത് എന്നത് ഈഴവർക്കിടയിൽ ചർച്ചയായി. റോബിനെ വിജയിപ്പിച്ച് കോന്നിയിൽ തന്റെ സ്വാധീനം തുടരുക എന്ന ലക്ഷ്യമായിരുന്നു അടൂർ പ്രകാശിന്.

റോബിൻ പീറ്ററുടെ പരാജയത്തോടെ മണ്ഡലത്തിൽ അടൂർ പ്രകാശ് യുഗം അവസാനിച്ചു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് പരാജയത്തെ കുറിച്ച് കോൺഗ്രസുകാരുടെ പ്രതികരണം. റോബിൻ പീറ്ററിന് സീറ്റ് കിട്ടാത്തതിനായിരുന്നു ഉപതെരഞ്ഞെടുപ്പിൽ പ്രകാശിന്റെ പ്രതികാരം. തോറ്റു പോയ മോഹൻരാജ് കോന്നിയിൽ തന്നെ തുടരുന്നതു കണ്ടപ്പോൾ ആറന്മുള ഇക്കുറി നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടേക്ക് മാറ്റി. ആറന്മുള കിട്ടിയതുമില്ല, കോന്നിയിലേക്ക് അവകാശവാദം ഉന്നയിക്കാൻ മോഹൻരാജിന് കഴിഞ്ഞതുമില്ല.

കാൽ നൂറ്റാണ്ടായി പാർട്ടിയെയും ജനങ്ങളെയും വരുതിയിലാക്കി സ്വന്തം താൽപര്യത്തിന് അനുസരിച്ച് കാര്യങ്ങൾ നീക്കിയിരുന്നയാളാണ് അടൂർ പ്രകാശ്. തുടർച്ചയായി അഞ്ചു വർഷം ജയിച്ചതിനാൽ ഇനി നിയമസഭ കാണാൻ പറ്റില്ലെന്ന് കരുതിയാണ് പാർലമെന്റിലേക്ക് മത്സരിച്ചത്. യുപിഎ അധികാരത്തിൽ വന്നാൽ പിന്നാക്ക സമുദായത്തിൽ നിന്ന് കേന്ദ്രമന്ത്രിയാകാമെന്നും കരുതി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തു വാരിയെങ്കിലും കേന്ദ്രത്തിൽ യുപിഎ തുടച്ചു നീക്കപ്പെട്ടു. ഇതോടെ മനസു മടുത്ത അടൂർ പ്രകാശ് വീണ്ടും കോന്നിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഉപതെരഞ്ഞെടുപ്പിൽ റോബിന് സീറ്റ് വാങ്ങി നൽകാൻ കഴിഞ്ഞില്ല.

ഉപതെരഞ്ഞെടുപ്പിൽ സജീവമല്ലാതിരുന്ന അടൂർ പ്രകാശും റോബിൻ പീറ്ററും കൂടി മോഹൻരാജിനെ പരാജയപ്പെടുത്താൻ ചരടു വലിച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഈഴവ സമുദായത്തിന് നിർണായകമായ സ്വാധീനമുള്ള മണ്ഡലത്തിൽ മോഹൻരാജ് നായരാണെന്ന പ്രചാരണം നടത്തി വോട്ട് മറിക്കാനും ഈ പക്ഷം ശ്രമിച്ചതായി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മോഹൻരാജിന്റെ പരാജയത്തിന് കാരണം അടൂർ പ്രകാശ്, റോബിൻ പീറ്റർ അച്ചുതണ്ടാണന്ന ആരോപണം നിലനിൽക്കേയാണ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

ഇവിടെ വീണ്ടും റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന വാദവുമായി അടൂർ പ്രകാശ് രംഗത്തെത്തി. കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പിൽ താൻ പറഞ്ഞത് അംഗീകരിക്കാത്തതു കൊണ്ടാണ് മണ്ഡലം നഷ്ടപ്പെട്ടതെന്നും ഇക്കുറി തന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തി വിജയിപ്പിക്കുന്ന ഉറപ്പിന്മേലാണ് തർക്കങ്ങൾക്കൊടുവിൽ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയായി ഹൈക്കമാൻഡ് അംഗീകരിച്ചത്. എന്നാൽ റോബിൻ പീറ്ററിനെതിരേ ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും പരാതി നൽകിയിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ല. ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനുമൊടുവിൽ റോബിൻ പീറ്ററെയാണ് സ്ഥാനാർത്ഥിയാക്കിയത്.

മൽസരിച്ചിടത്തൊക്കെ ഒരിക്കലും പരാജയപ്പെടാതെ കാൽ നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളിലെത്തുകയും പ്രസിഡന്റ് പദം അലങ്കരിക്കുകയും ചെയ്ത റോബിൻ പീറ്റർ ജീവിതത്തിലെ ആദ്യ തിരിച്ചടിയാണ് ഇപ്പോൾ ഏറ്റു വാങ്ങിയത്. 1996 മുതൽ 23 വർഷം അടൂർ പ്രകാശ് അടക്കി വാണ കോന്നിയിൽ ഉപതെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടി വന്നു. ജില്ലാ പഞ്ചായത്തിലേക്ക് പ്രമാടം ഡിവിഷനിൽ മൽസരിച്ച റോബിൻ പീറ്റർ ജില്ലയിലെ തന്നെ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ രൂപീകരണ കാലം മുതൽ യുഡിഎഫ് ഭരിച്ചു വന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ചരിത്രത്തിലാദ്യമായി എൽഡിഎഫ് പിടിച്ചെടുത്തു.

കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, ഏനാദിമംഗലം, മലയാലപ്പുഴ, കലഞ്ഞൂർ, മൈലപ്ര, സീതത്തോട്,ചിറ്റാർ, വള്ളിക്കോട് എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോന്നി, തണ്ണിത്തോട് എന്നവയൊഴികെ ഒൻപത് പഞ്ചായത്തുകളും എൽഡിഎഫ് നേടി. ഇത് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവർത്തിക്കാനും, ഭൂരിപക്ഷം ഉയർത്താനും കഴിയുമെന്ന എൽഡിഎഫ് പ്രതീക്ഷയാണ് ഇപ്പോൾ ഫലം കണ്ടെത്.

മറുപക്ഷത്താകട്ടെ വിരുദ്ധ ചേരിയിലെ നേതാക്കൾ അടക്കമുള്ളവർ അടൂർ പ്രകാശിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും പി. മോഹൻരാജിനെ പരാജയത്തിനിടയാക്കിയ നിലപാടിനെതിരെയും പ്രചാരണ പ്രവർത്തനങ്ങളിൽ മൗനം ദീക്ഷിച്ചിരുന്നു.അവർ ഒപ്പം നിന്ന് അടൂർ പ്രകാശിനോടും റോബിൻ പീറ്ററോടുംമധുര പ്രതികാരം ചെയ്തതിന്റെ ഫലമാണ് പരാജയമെന്ന് കരുതേണ്ടിയിരിക്കുന്നു.

ആറ്റിങ്ങലിലെ എംപി അവിടുത്തെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും ഇവിടെ കാര്യങ്ങൾ നോക്കാൻ തങ്ങളുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പരസ്യമായി പറഞ്ഞതും കൂട്ടി വായിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ റോബിൻ പീറ്ററെയല്ല, അടൂർ പ്രകാശിനെയാണ് ഇവർ പരാജയപ്പെടുത്തിയതെന്നു തന്നെ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോന്നി സന്ദർശനവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് നടത്തിയ പ്രസ്താവന റോബിൻ പീറ്ററിന്റെ വോട്ടുകൾ കുറയാൻ കാരണമായി. റോബിൻ പീറ്ററുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അടൂർ പ്രകാശിന് ഒഴിഞ്ഞു മാറാനാകില്ല.

ഈഴവ സമുദായം ഒപ്പം നിൽക്കുമെന്ന് അടൂർ പ്രകാശ് ഉറച്ചു വിശ്വസിച്ചിരുന്നു. ഈഴവ വീടുകളിൽ നേരിട്ട് റോബിനുമായി ചെന്ന് വോട്ടുറപ്പിക്കുകയും ചെയ്തു. എന്നാൽ, അതിന് മുൻപായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി ജനീഷ്‌കുമാറിന് ഈഴവ വോട്ടുകൾ ഉറപ്പിച്ചിരുന്നു. പുറമേ ബിഡിജെഎസ് എന്ന് നടിച്ചിരുന്നവർ രാത്രിയിലും ആളില്ലാ സമയങ്ങളിലും ജനീഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. ഈഴവ വോട്ടുകൾ 90 ശതമാനവും ജനീഷിനും ശേഷിച്ചത് സുരേന്ദ്രനുമായി പോയി. ക്രൈസ്തവ വോട്ടുകൾ കൊണ്ടു മാത്രം റോബിന് വിജയിക്കാൻ കഴിയാതെയും പോയി.

എന്തായാലും കോന്നിയിലെ തോൽവിയിൽ സന്തോഷിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ കോന്നി ഉപതെരഞ്ഞെടുപ്പിൽ എന്തു കൊണ്ടു തോറ്റുവെന്ന് അടൂർ പ്രകാശിനോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: അതേക്കുറിച്ച് എന്നെ കൊണ്ടു പറയിക്കണോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP