Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്‌കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു;'; ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു

'നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്‌കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു;'; ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ദി വയറിന്' വേണ്ടി കരൺ താപ്പർ നടത്തിയ അഭിമുഖം കണ്ടാൽ അറിയാം....പ്രശാന്ത് കിഷോർ ഉള്ളിൽ ആരാണ് എന്ന്. പൊളിറ്റിക്കൽ സ്‌ട്രോറ്രജിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന( രാഷ്ട്രീയ തന്ത്രജ്ഞൻ) കരൺ താപ്പറിനെ പ്രശാന്ത് കിഷോർ ആദ്യമേ തിരുത്തുന്നു. ഇല്ല അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ പൊളിറ്റിക്കൽ എയ്ഡ്‌(സഹായി) എന്ന് വിളിച്ചാൽ തരക്കേടില്ല. താൻ ആരെയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കുന്നതും, അവരെ ജയിപ്പിക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറയുന്നു. തങ്ങളെ പോലെയുള്ളവർ ഓവർറേറ്റേഡാണെന്നും അദ്ദേഹം പറയുന്നു.

2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ചു, ബിഹാറിൽ നിതീഷ്, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി, ഇപ്പോൾ മമതയും. എന്നാൽ, താൻ ആരെയങ്കിലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കി എന്നുപറയുന്നതിൽ കഥയില്ലെന്നും പ്രശാന്ത് പറയുന്നു. 2011 ൽ ഗുജറാത്തിലെ പോഷകാഹാര പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മോദിയെ ആദ്യം കാണുന്നത്. അക്കാര്യത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ്, മോദി പ്രശാന്തിനെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞനാക്കിയത്. മോദിയുടെ അതുല്യമായ അനുഭവപരിചയമാണ് അദ്ദേഹത്തെ സമകാലിക ഇന്ത്യയിൽ വേറിട്ടുനിർത്തുന്നതെന്ന് പ്രശാന്ത് കിഷോർ വിലയിരുത്തുന്നു. 15 വർഷം ആർഎസ്സ് രാഷ്ട്രീയ പ്രചാരകനെന്ന നിലയിലും 15 വർഷം ബിജെപിയുടെ രാഷ്ട്രീയ സംഘാടകൻ എന്ന നിലയിലും 15 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉള്ള പരിചയം. ഇതാണ് മോദിയെ വേറിട്ട് നിർത്തുന്നത്, അദ്ദേഹം പറയുന്നു. പൊതുജനവികാരം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. അതേസമയം, മോദിയുടെ ദൗർബല്യം എന്തെന്ന് ചോദിച്ചാൽ അത് പറയാൻ താൻ ആളല്ല എന്നാണ് പ്രശാന്ത് കിഷോർ പറയുക. എന്നിരുന്നാലും, മോദി അൽപം കൂടി ആളുകളോട് ദീനാനുകമ്പ കാട്ടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഏതായാലും മമതയുടെ ബംഗാൾ വിജയത്തോടെ പ്രശാന്ത് കിഷോർ രാഷ്ട്രീയ സഹായി എന്ന പദവി ഉപേക്ഷിക്കുകയാണ്. ഇപ്പോൾ ചെയ്യുന്ന പണി ഇനി തുടരാൻ ഉദ്ദേശിക്കുന്നില്ല. 'എനിക്ക് മതിയായി. ഒരു ഇടവേള എടുക്കാൻ സമയമായി, ജീവിതത്തിൽ വേറെ എന്തെങ്കിലും ചെയ്യണം, അദ്ദേഹം എൻഡി ടിവിയോട് മനസ് തുറന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് താൻ ഒരുപരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്നാണ് മറുപടി. എന്താണ് ചെയ്യാൻ കഴിയുക എന്നുനോക്കണം. കുടുംബത്തോടൊപ്പം അസമിൽ പോയി തേയില കൃഷി ചെയ്യുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചന.

തങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്ന പ്രചാരണം മാത്രമാണ് ഇപ്പോഴത്തേത്. വാസ്തവത്തിൽ ബംഗാളിൽ ബി.ജെപി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്ക്കുക. ബിജെപിക്ക് മികച്ചത് എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും'- ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഏതായാലും ബിജെപി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്. ബംഗാളിലേത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന് ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന് കിഷോർ പറഞ്ഞു.
'ഞങ്ങൾ നരകത്തിലൂടെ കടന്നുപോയി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയതിനാൽ ഞങ്ങളുടെ പ്രചാരണം ബുദ്ധിമുട്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. പക്ഷേ, തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് എല്ലായ്‌പ്പോഴും വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് കിഷോറിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയ അന്നുതന്നെ രംഗത്തെത്തിയിരുന്നു. ബംഗാളിൽ ബിജെപി സുനാമി ഉണ്ടാവുകയും ബിജെപി അവിടെ സർക്കാർ രൂപവത്കരിക്കുകയും ചെയ്യുന്നതോടെ രെു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നമുക്ക് നഷ്ടമാകുമെന്ന് വിജയ്വർഗിയ പരിഹസിച്ചിരുന്നു.

ബംഗാളിൽ വിജയിക്കാൻ പോകുന്നു എന്നതരത്തിൽ വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതികൊണ്ട് മാത്രം എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് മിക്കതിനേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. അഭൂതപൂർവമായ മത ധ്രുവീകരണം ഒരു വലിയ ഘടകമായിരുന്നു. 'വർഗീയതയുടെ വഞ്ചനയ്ക്ക്' ഇത്രയും ദൂരം മാത്രമേ പോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

മമതയെ ആക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല

പരാജയം സംഭവിക്കുന്നതോടെ എന്താണ് തെറ്റുപറ്റിയതെന്ന കാര്യത്തിൽ ആളുകൾ വിനയാന്വിതരാകണം. മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക്
ഗുണം ചെയ്തില്ല. മമതയ്ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശേഷിയെ ബിജെപി വല്ലാത കുറച്ചുകണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ദീദിക്ക് പരുക്കേറ്റതും നടക്കാനാവാതെ വന്നതും വല്ലാത്ത വെല്ലുവിളിയായി. കാരണം മമതയെ ആണ് മുഴുവൻ പ്രചാരണത്തിനുമായി ആശ്രയിച്ചത്. അതുകൊണ്ട് അതൊരു വെല്ലുവിളിയായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു. വീൽചെയറിൽ പ്രചാരണം നടത്തുന്ന മമത പയറ്റുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബിജെപി ആവർത്തിച്ച് ആരോപിച്ചിരുന്നു. ഏതായാലും ജനങ്ങൾ അവരുടെ ഹിതം അറിയിച്ചു, പ്രശാന്ത് കിഷോർ പറഞ്ഞു.

സുവേന്ദു അധികാരി അടക്കം 30 ഓളം നേതാക്കൾ തൃണമൂൽ നേതാക്കൾ കൊഴിഞ്ഞുപോയത് വലിയ വെല്ലുവിളിയായിരുന്നു. അവരിൽ പലരും, സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പ്രശാന്ത് ഇടപെടുന്നതിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചവർ കൂടിയായിരുന്നു. തൃണമൂലിന്റെ വിജയം മറ്റുപ്രതിപക്ഷ കക്ഷികളും സന്ദേശമായി കണക്കാക്കണമെന്നാണ് പ്രശാന്ത് പറയുന്നത്. അവർക്കും ബിജെപിയെ എതിരിടാനും പരാജയപ്പെടുത്താനും കഴിയും എന്ന സന്ദേശം.

100 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പോലെയുള്ള കക്ഷികൾ തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. പാർട്ടിക്ക് ഒരുപ്രശ്‌നമുണ്ടെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും അതിന് പരിഹാരം കാണുകയും വേണം. തന്റെ പ്രവർത്തനശൈലിയുമായി കോൺഗ്രസ് പൊരുത്തപ്പെടില്ലെന്നും പ്രശാന്ത് കിഷോർ കരുതുന്നു. ഏതായാലും വഴിയേ വരുന്ന എല്ലാ പാർട്ടികളുടെയും ഉപദേഷ്ടാവോ, തന്ത്രജ്ഞനോ ആകുക എന്ന സമീപനം അദ്ദേഹത്തിനില്ല. തനിക്ക് ആ പാർട്ടിയിൽ കൃത്യമായ ഇടപടൽ നടത്താൻ കഴിയുമെന്ന് ബോധ്യപ്പെടണം. അതാണ് അദ്ദേഹം മനസ്സിൽ കൽപിക്കുന്ന യോഗ്യത. ഏതായാലും ഇനി പ്രശാന്ത് കിഷോർ വഴി മാറി സഞ്ചരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP