Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി നൽകിയ ജീവിതം; ജനവിധിയിലൂടെ ജനനായകനായി ജി സ്റ്റീഫൻ; മൂന്ന് പതിറ്റാണ്ടിന് ശേഷം അരുവിക്കര തിരിച്ചുപിടിച്ച് ഇടതുമുന്നണി; തുടർഭരണത്തിലേക്കുള്ള കുതിപ്പിൽ കെ എസ് ശബരിനാഥിനെ വീഴ്‌ത്തിയത് 6000 ലേറെ വോട്ടുകൾക്ക്

പാർട്ടി നൽകിയ ജീവിതം; ജനവിധിയിലൂടെ ജനനായകനായി ജി സ്റ്റീഫൻ; മൂന്ന് പതിറ്റാണ്ടിന് ശേഷം അരുവിക്കര തിരിച്ചുപിടിച്ച് ഇടതുമുന്നണി; തുടർഭരണത്തിലേക്കുള്ള കുതിപ്പിൽ കെ എസ് ശബരിനാഥിനെ വീഴ്‌ത്തിയത് 6000 ലേറെ വോട്ടുകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർഭരണത്തിലേക്കുള്ള കുതിപ്പിൽ മുപ്പതു വർഷത്തിനുശേഷം അരുവിക്കര തിരിച്ചുപിടിച്ച് ഇടതുമുന്നണി. സിറ്റിങ് എംൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ എസ് ശബരീനാഥിനെതിരെ ആറായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജി സ്റ്റീഫനുള്ളത്.

തെക്കൻ കേരളത്തിലെ യുഡിഎഫിന്റെ ഉരുക്കു കോട്ടകളിലൊന്നാണ് അരുവിക്കര. ഇതാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 1991മുതൽ 2015ൽ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തത്. അച്ഛന്റെ മരണത്തിന് പിന്നാലെ മകന്റെ അരങ്ങേറ്റം. 56,448 വോട്ട് നേടി ശബരീനാഥൻ വിജയിച്ചു. സിപിഎമ്മിന്റെ എം വിജയകുമാർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. 46,320വോട്ടാണ് വിജയകുമാർ നേടിയത്.

2016ൽ ശക്തമായ ഇടത് തരംഗത്തിലും ഒലിച്ചുപോകാതെ തലസ്ഥാനത്ത് യു.ഡി.എഫിനൊപ്പം ഉറച്ച് നിന്ന മണ്ഡലങ്ങളിലൊന്നായിരുന്നു അരുവിക്കര. കഴിഞ്ഞ തവണ സിപിഎമ്മിന്റെ എ.എ.റഷീദിനെ 21314 വോട്ടിന് പരാജയപ്പെടുത്തിയാണ് ശബരിനാഥൻ രണ്ടാം തവണയും നിയമസഭയിലെത്തിയത്. എന്നാൽ മൂന്നാം ഊഴത്തിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയെന്റ മകന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.

കാലാകാലമായി യു.ഡി.എഫിനൊപ്പം നിന്ന നാടാർ വോട്ടുകൾ ഇത്തവണ കോൺഗ്രസിനെ കൈയൊഴിഞ്ഞതാണ് ശബരിക്ക് തിരിച്ചടിയായത്. അരുവിക്കര, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിലെ നല്ലൊരു ശതമാനം നാടാർ വോട്ടുകളും സ്റ്റീഫനിലേക്ക് കേന്ദ്രീകരിച്ചു.

കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ തന്നെ ശബരിനാഥനോട് മുന്നണിക്കുള്ളിലെ മുതിർന്ന നേതാക്കളിൽ ചിലർക്ക് അസ്വാരസ്യമുണ്ടായിരുന്നു. അത് ഇത്തവണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നിഴലിച്ചിരുന്നു. ലീഗിലും അതൃപ്തി ശക്തമായിരുന്നു. മുന്നണിക്കുള്ളിലെ ഈ തർക്കം മുതലെടുത്ത് മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചതും സ്റ്റീഫന് മേൽകൈ നൽകി.

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട ജി. സ്റ്റീഫൻ പഠനകാലത്ത് അന്തിയുറങ്ങിയത് സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിലാണ്. ബാലസംഘം അംഗമായിരിക്കെ കുളത്തുമ്മൽ ഗവ ഹൈസ്‌കൂൾ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സജീവസംഘടന പ്രവർത്തനരംഗത്തേക്ക് കടന്നുവരുന്നത്. ബാലസംഘം ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ല ജോ. സെക്രട്ടറി, സിപിഎം കിള്ളി ബ്രാഞ്ച് സെക്രട്ടറി, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി. എന്നീ നിലകളിൽ പ്രവർത്തിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട് 95- 96- ൽ കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായി. 97- 2000 വരെ കേരള സർവകലാശാല സെനറ്റ് അംഗമായും അക്കാദമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

22-ാം വയസ്സിൽ കന്നിയങ്കത്തിൽ കാട്ടാക്കട പഞ്ചായത്തിലെ കിള്ളി വാർഡിൽ അന്നത്തെ തലമുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. ചെല്ലപ്പനാശാരിയെ 297 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് പാർലമെന്ററി രംഗത്തേക്ക്. ആ വർഷം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. തുടർന്ന് മൂന്നേകാൽ വർഷം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻായി. 2010ൽ എട്ടിരുത്തി വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച് വീണ്ടും അഞ്ചു വർഷം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റായി.

2015ൽ കാട്ടാക്കട ബ്ലോക്ക് ഡിവിഷനിൽ നിന്ന് വിജയിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. വിദ്യാർത്ഥി സംഘടനാ കാലഘട്ടത്തിൽ വിളനിലം സമരം, മെഡിക്കൽ സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദനവും ലോക്കപ്പ് മർദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക പി. മിനിയാണ് ഭാര്യ. മക്കൾ: പ്ലസ്ടു വിദ്യാർത്ഥി ആശിഷ്, ആറാം ക്ലാസുകാരി അനീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP