Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യയിൽ നിന്ന് സ്ഫുടിനിക് വാക്സിൻ ഇന്ത്യയിലെത്തി; മോസ്‌കോയിൽ നിന്ന് ഹൈദരാബാദിൽ എത്തിച്ച ആദ്യ ബാച്ചിലുള്ളത് 150,000 ഡോസ് വാക്‌സിനുകൾ; മൂന്ന് മില്യൻ വാക്സിനുകൾ കൂടി പിന്നാലെ; ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടർമാർ ഡോ. റെഡ്ഡീസ് ലബോറട്ടറീസ്; 91 ശതമാനം ഫലപ്രാപ്തിയുള്ള വാക്സിൻ രാജ്യത്തിന് പ്രതീക്ഷയാകുന്നു

റഷ്യയിൽ നിന്ന് സ്ഫുടിനിക് വാക്സിൻ ഇന്ത്യയിലെത്തി; മോസ്‌കോയിൽ നിന്ന് ഹൈദരാബാദിൽ എത്തിച്ച ആദ്യ ബാച്ചിലുള്ളത് 150,000 ഡോസ് വാക്‌സിനുകൾ; മൂന്ന് മില്യൻ വാക്സിനുകൾ കൂടി പിന്നാലെ; ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടർമാർ ഡോ. റെഡ്ഡീസ് ലബോറട്ടറീസ്; 91 ശതമാനം ഫലപ്രാപ്തിയുള്ള വാക്സിൻ രാജ്യത്തിന് പ്രതീക്ഷയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ ഇനി ഒരു വാക്‌സിൻ കൂടി എത്തി. റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിനായ സ്ഫുട്‌നികാണ് ഇന്ത്യയിൽ എത്തിയത്. മോസ്‌കോയിൽ നിന്ന് 150,000 ഡോസ് വാക്സിനുകളാണ് ഹൈദരാബാദിൽ എത്തിയത്. മോസ്‌കോയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്‌സിൻ എത്തിച്ചത്. ആദ്യം എത്തിയ ബാച്ചിന് പിന്നാലെ മൂന്ന് മില്യൺ ഡോസ് വാക്സിനുകൾ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നൽകും.

ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടർമാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. വാക്സിനേഷന് മുമ്പായി സെൻട്രൽ ഡ്രഗ്സ് അഥോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്ഫുടിനിക് എന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ വഴി നടത്തിയ ദീർഘസമയ ചർച്ചകൾക്ക് ശേഷമാണ് സ്ഫുടിനിക് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനമായത്.

കോവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയിലേയ്ക്ക് സഹായം എത്തിക്കുന്നതിനിടയിലാണ് റഷ്യൻ വാക്‌സിനും എത്തിയത്. ഇന്ത്യയെ മഹാമാരിയിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുമെന്ന് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അധികം താമസിയാതെ സ്ഫുട്‌നിക് ഇന്ത്യയിൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനി വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കാൻ രാജ്യത്തെ അഞ്ച് പ്രമുഖ കമ്പനികളുമായാണ് നിലവിൽ കരാറുള്ളത്. പ്രതിവർഷം 85 കോടി ഡോസ് വാക്‌സിൻ വികസിപ്പിക്കാനാണ് പദ്ധതി. ജൂൺ മാസത്തോടു കൂടി ഇന്ത്യയിൽ പ്രതിമാസം അഞ്ച് കോടി ഡോസ് സ്പുട്‌നിക് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്നും പിന്നീട് ഉത്പാദനം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് 19 സാഹചര്യം ഹൃദയഭേദകമെന്നു വിളിക്കാവുന്നതിലും അപ്പുറമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്േതമാക്കിയത്. രാജ്യത്ത് രോഗവ്യാപനം നേരിടാൻ ഓക്‌സിജൻ ഉൾപ്പെടെയുള്ളവ എത്തിക്കാനും അധികമായി ജീവനക്കാരെ വിന്യസിക്കാനും തയ്യാറെടുക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്തു തന്നെ ഒരു സർക്കാർ അനുമതി നൽകുന്ന ആദ്യ കോവിഡ് 19 പ്രതിരോധ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് 5. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം കഴിയുന്നതിനു മുൻപായിരുന്നു റഷ്യൻ സർക്കാർ വാക്‌സിന് അനുമതി നൽകിയത്. എന്നാൽ പിന്നീട് നടന്ന വിശദമായ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്‌സിന് 97 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കൊവിഷീൽഡിനും കൊവാക്‌സിനും ശേഷം ഇന്ത്യ അംഗീകാരം നൽകുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. എന്നാൽ യുഎസോ യൂറോപ്യൻ രാജ്യങ്ങളോ സ്പുട്‌നിക് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഗാം കോവിഡ് വാക് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സ്പുട്‌നിക് 5 വാക്‌സിനിലും ഉപയോഗിച്ചിരിക്കുന്നതുകൊവിഷീൽഡിനു സമാനമായി അഡിനോവൈറസുകളാണ്. എന്നാൽ കൊവിഷീൽഡിൽ നിന്നു വ്യത്യസ്തമായി രണ്ട് വ്യത്യസ്ത അഡിനോവൈറസുകളണ് ഈ വാക്‌സിനിലുള്ളത്. ഈ വൈറസുകളിൽ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ ഇണക്കിച്ചേർക്കുകയാണുണ്ടായത്. 59 രാജ്യങ്ങളിൽ ഈ വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയും ഈ പട്ടികയിലാണ് ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്.

കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിന് സ്പൂട്‌നിക് ഢ വാക്‌സിന് സാധിക്കുമെന്നാണ് കരുതുന്നത്. 2021 ഫെബ്രുവരി 2 ന് ലാൻസെറ്റ് ജേണലിൽ വന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട ട്രയലിൽ 91.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു. അതിനൊപ്പം തന്നെ സ്പുട്‌നിക് വി വാക്‌സിൻ ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകളേക്കാൾ പാർശ്വഫലം കുറവാണ് സ്പൂഡ്‌നിക് വിക്ക് എന്നാണ് മറ്റൊരു വിലയിരുത്തൽ. കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന, തലവേദന, പനി, ക്ഷീണം തുടങ്ങിയ ഏതാനും ചില പാർശ്വഫലങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്നാണ് സൂചന. അതേസമയം, അലർജി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റഷ്യയുടെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP