Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാർവി വിൻസ്റ്റീനു ശേഷം ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൂട്ട പീഡന കേസ് കൂടി രംഗത്ത്; നടൻ നോയൽ ക്ലാർക്കിനെതിരെ രംഗത്തിറങ്ങിയത് നടിമാരടക്കം 20 യുവതികൾ; ബാഫ്തയിൽ നിന്നും സസ്പെൻഡ് ചെയ്ത നടന്റെ ടി വി പരിപാടികളും റദ്ദാവുന്നു

ഹാർവി വിൻസ്റ്റീനു ശേഷം ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൂട്ട പീഡന കേസ് കൂടി രംഗത്ത്; നടൻ നോയൽ ക്ലാർക്കിനെതിരെ രംഗത്തിറങ്ങിയത് നടിമാരടക്കം 20 യുവതികൾ; ബാഫ്തയിൽ നിന്നും സസ്പെൻഡ് ചെയ്ത നടന്റെ ടി വി പരിപാടികളും റദ്ദാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

സിനിമാരംഗത്തെ ചൂഷണങ്ങളും പീഡനവും വീണ്ടും ചർച്ചയാക്കിക്കൊണ്ട് മറ്റൊരു പ്രമുഖ നടൻ കൂടി വിവാദത്തിലാവുകയാണ്. 2005 മുതൽ 2010 വരെ ജനസമ്മതിയാർജ്ജിച്ച ഡോക്ടർ ഹു എന്ന പരിപാടിയിൽ മിക്കി സ്മിത്തിന്റെ വേഷത്തിലെത്തിയ നോയൽ ക്ലാർക്കാണ് ഇപ്പോൾ ആരോപണവിധേയനായിരിക്കുന്നത്. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ''കിഡൽട്ട്ഹുഡ്'', ''അഡൾട്ട്ഹുഡ്'', ''ബ്രദർഹുഡ്'' എന്നി ചിത്രങ്ങളിലെ സാം എന്ന പ്രധാന വേഷവും അദ്ദേഹം തന്നെയാണ് അവതരിപ്പിച്ചിരുന്നത്. ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുക, പീഡനശ്രമം, പീഡനം എന്നീ ആരോപണങ്ങളുയർത്തി നടിമാരുൾപ്പടെ 20 പേരാണ് നടനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, തന്റെ പ്രവർത്തികൾ ആർക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞ നോയൽ ക്ലാർക്ക് പക്ഷെ ലൈംഗിക ആരോപണങ്ങൾ നിഷേധിച്ചു. താൻ മനസ്സിൽ പോലും അങ്ങനെയൊന്ന് ചിന്തിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. സിനിമാ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്ക് ബ്രിട്ടീഷ് അവാർഡ്സ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്ത) അവാർഡ് നൽകാനിരിക്കെയാണ് ഈ ആരോപണം ഉയർന്നതും നോയൽ ക്ലാർക്ക് അതിനെതിരെ പ്രതികരണവുമായി എത്തുന്നതും.

തൊഴിൽ മേഖലയിൽ ക്ലാർക്കുമായി പരിചയമുള്ളവരും അടുപ്പം പുലർത്തുന്നവരുമായ 20 യുവതികളാണ് ആരോപണവുമായി രംഗത്തെത്തിയത്. ലൈംഗിക പീഡനം, വ്യക്തിപരമായി നിന്ദിക്കൽ, മോശം വാക്കുകൾ ഉപയോഗിച്ചുള്ള സംസാരം തുടങ്ങിയ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. ക്ലാർക്ക് അവാർഡിനർഹമായ കാര്യം അക്കാദമി പ്രഖ്യാപിച്ചതിനു തൊട്ടു പുറകെ ഇക്കാര്യങ്ങൾ ഇവർ അക്കാദമിയേയും അറിയിച്ചിരുന്നു.

ക്ലാർക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നേരിട്ട് അറിവുള്ള സിനിമാ മേഖലയിലെ ആരെങ്കിലുമായി ഇക്കാര്യം സംസാരിക്കണമെന്ന് നേരത്തേ ബാഫ്താ ചെയർമാൻ കൃഷ്ണേന്ദു മജുംദാർ പറഞ്ഞിരുന്നു. ഇത്തരമൊരു അവസരത്തിൽ, സത്യം ക്ലാർക്കിന്റെ ഭാഗത്തല്ലെങ്കിൽ, അവാർഡ് നൽകുന്നത് അക്കാദമിയുടെ സൽപ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം ബാഫ്തക്ക് അന്വേഷിക്കാവുന്നതോ, ഒരു തീരുമാനത്തിൽ എത്താവുന്നതോ ആയ ഒരു വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാഫ്തയിലെ ഉന്നത അധികൃതർ വീഡിയോ കോൺ-ഫറൻസ് വഴി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പിന്നീട് സ്ഥിതിവിശേഷം അക്കാദമി അംഗങ്ങളെ ഈ മെയിൽ വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അവാർഡ് തീരുമാനിക്കുന്ന സമയത്ത് ക്ലർക്കിനെതിരെ ആരോപണമുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് അക്കാദമി അധികൃതർ പറയുന്നത്. പിന്നീടാണ് ഇതിനെ കുറിച്ചുള്ള സന്ദേശം ലഭിക്കുന്നത്. എന്നാൽ, തങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ ഒന്നും തന്നെ ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടിട്ടുള്ളവരുടേതോ, പീഡനം നേരിട്ടു എന്ന് പറയപ്പെടുന്നവരുടേതോ അല്ല എന്നും അവർ വ്യക്തമാക്കുന്നു.

ട്രിനിഡാഡിൽ നിന്നും 1969-ൽ ബ്രിട്ടനിൽ കുടിയേറിയ കുടുംബത്തിലെ അംഗമായ നോയൽ ക്ലാർക്കിനെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെല്ലാം വംശീയവെറിയുടെ ഭാഗമാണെന്നാണ് ക്ലാർക്കിന്റെ, ഒരു നടികൂടിയായ ഒരു സുഹൃത്ത് പറഞ്ഞത്. എഴുത്തുകാരനും, നടനും, സംവിധായകനുമൊക്കെയായ ഒരു പ്രതിഭ, അവൻ കറുത്തവർഗ്ഗക്കാരനായി എന്നതുകൊണ്ട് മാത്രം ഉയരത്തിൽ എത്തരുത് എന്നാഗ്രഹിക്കുന്നവരുടെ ഗൂഢാലോചനയ്ക്ക് ഇരയായതാണ് ക്ലാർക്ക് എന്നും 45 കാരിയായ, പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ നടി പറയുന്നു.

ക്ലാർക്കിന്റെ സൂപ്പർഹിറ്റ് ഫിലിമായ ബ്രദർഹുഡിൽ അഭിനയിച്ച ജഹാനയാണ് പീഡനത്തിന് ഇരയായി എന്ന് അവകാശപ്പെടുന്നവരിൽ ഒരാൾ, തന്റെ പൂർണ്ണ നഗ്ന്മായ ചിലരംഗങ്ങൾ ക്ലാർക്ക് രഹസ്യമായി ക്യാമറയിൽ പകർത്തി എന്നാണ് ഇവർ ആരോപിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്നും ആ സംഭവം തന്നെ മാനസികമായി വേട്ടയാടുന്നു എന്ന് ആരോപിച്ച ഇവർ, ആരോപണങ്ങൾ എല്ലാം തന്നെ അറിഞ്ഞുകൊണ്ടാണ് ബാഫ്തന ക്ലാർക്കിന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ആരോപിച്ചു.

ജഹാനയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യമുണ്ടെന്ന് ക്ലാർക്ക് പറഞ്ഞതായി ജഹാനയുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. മാത്രമല്ല ഒരിക്കൽ ലിഫ്റ്റിൽ വച്ച്, ലൈംഗിക് ഉദ്ദേശത്തോടെ ജഹാനയെ സ്പർശിക്കുകയും പിന്നീട് ലോസ് ഏഞ്ചലസിൽ ഇരുവരും കാറിൽ യാത്രചെയ്യുന്ന സമയത്ത് ക്ലാർക്ക് തന്റെ നഗ്‌നത ജഹാനയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു എന്നും ആരോപണമുയരുന്നു.

അതേസമയം, ക്ലാർക്കിന്റെ ഒരു സുഹൃത്ത് പറയുന്നത് അദ്ദേഹം ഒരു വെള്ളക്കാരനായിരുന്നെങ്കിൽ ഇപ്പോൾ സർ പദവി വരെ ലഭിക്കുമായിരുന്നു എന്നാണ്. ഒരു കറുത്ത വർഗ്ഗക്കാരൻ, അതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലമുള്ള ഒരു വ്യക്തി ഉയർന്നുവരുന്നത് സിനിമാ വ്യവസായത്തിലെ വർഗ്ഗീയ-വംശീയ കോമരങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഈ സുഹൃത്ത് ആരോപിക്കുന്നു.

ഏതായാലും, ആരോപണം ശക്തമായതോടെ നോയൽ ക്ലാർക്കിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ഐ ടിവിയിലെ ബുള്ളറ്റ്പ്രൂഫ് എന്ന പരിപാടി താത്ക്കാലികമായി നിർത്തിവച്ചു. മാത്രമല്ല, ആരോപണമുന്നയിച്ച വനിതകൾക്ക് പിന്തുണയുമായി ഈ ഷോയിലെ നോയേലിന്റെ സഹതാരം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ബാഫ്ത, അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 2004 മുതൽ 20019 വരെ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ഈ പീഡന ആരോപണങ്ങളുടെ പേരിൽ ഇദ്ദേഹത്തിന് നല്കാനിരുന്ന ബാഫ്ത അവാർഡും താത്ക്കാലികമായി പിൻവലിച്ചു.

അതേസമയം, തന്റെ 20 വർഷത്തിലേറെയായി നീളുന്ന കലാസപര്യയിൽ തന്റെ കർമ്മങ്ങൾ ചെയ്യുന്നതിൽ മാത്രമായിരുന്നു താൻ ശ്രദ്ധിച്ചിരുന്നത് എന്നും അതിനിടയിൽ തന്റെ ഏതെങ്കിലും പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് വിഷമത്തിനിടയാക്കിയെങ്കിൽ അതിൽ ഖേദിക്കുന്നു എന്നും ക്ലാർക്ക് പറഞ്ഞു. എന്നാൽ, തന്റെ ഒരു പ്രവർത്തനത്തിലും ലൈംഗിക തൃഷ്ണയോ മറ്റേതെങ്കിലും വിധത്തിലുള്ള ക്രിമിനൽ ചിന്തകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനറിയാതെ, തന്റെ ഒരു നഗ്‌നരംഗം കാമറയിൽ പകർത്തി എന്ന ആരോപണവുമായി എത്തിയത് ക്ലാർക്കിന്റെ സഹനടിയായ ജഹാന ജെയിംസ് ആണ്. എന്നാൽ അക്കാര്യവും ക്ലാർക്ക് നിഷേധിച്ചു. കൂടെയുണ്ടായിരുന്ന കാസ്റ്റിങ് ഡയറക്ടർ പറയുന്നത് അന്നത്തെ സംഭവം രഹസ്യമായി ക്യാമറയിൽ പകർത്താൻ ഒരുകാരണവശാലും കഴിയുമായിരുന്നില്ല എന്നാണ്.

കാറിൽ നഗ്‌നത പ്രദർശിപ്പിച്ചതും, ലിഫിറ്റിലും മറ്റും വച്ച് ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചതും അതുപോലെ രഹസ്യമായി നഗ്‌ന ചിത്രങ്ങൾ എടുത്തതുമൊക്കെയായുള്ള ആരോപണങ്ങളാണ് ഏറെയും. ഒരു യുവതി മാത്രമാണ് ക്ലാർക്കിനെതിരെ ലൈംഗിക പീഡനമെന്ന ആരോപണവുമായി എത്തിയിട്ടുള്ളത്. ഒരു സ്റ്റോർ മുറിയിൽ വച്ച് ക്ലാർക്ക് തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം.

ഏതായാലും ഹോളിവുഡ് സംവിധായകൻ ഹാർവി വിൻസ്റ്റീനു ശേഷം പാശ്ചാത്യ സിനിമാ മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ ലൈംഗികപവാദ കേസിൽ ആരോപണ വിധേയനായിരിക്കുകയാണ് ഈ ബ്രിട്ടീഷ് നടൻ. എന്നാൽ, തനിക്കെതിരെയുള്ളത് വംശീയ വെറിയുടെ പരോക്ഷമായ പ്രകടനം എന്നാണ് നടന്റെ ഭാഷ്യം. കൂടുതൽ സത്യങ്ങൾ അറിയുവാൻ ഇനിയും കുറച്ചു നാളുകൾ കൂടി കാത്തിരിക്കെണ്ടതായി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP