Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേരിടുന്ന ആദ്യ പന്ത് മുതൽ ബൗണ്ടറി; സേവാഗിന്റെ പിൻഗാമിയാകാൻ പൃഥ്വി ഷാ; 'ഗംഭീര ഇന്നിങ്‌സിന് ഷാ അഭിനന്ദനം അർഹിക്കുന്നു'; ശിവം മാവിക്കെതിരെ ഷാ നേടിയത് ആശിഷ് നെഹ്‌റയ്‌ക്കെതിരെ നേടാനായില്ലെന്നും വീരു

നേരിടുന്ന ആദ്യ പന്ത് മുതൽ ബൗണ്ടറി; സേവാഗിന്റെ പിൻഗാമിയാകാൻ പൃഥ്വി ഷാ; 'ഗംഭീര ഇന്നിങ്‌സിന് ഷാ അഭിനന്ദനം അർഹിക്കുന്നു'; ശിവം മാവിക്കെതിരെ ഷാ നേടിയത് ആശിഷ് നെഹ്‌റയ്‌ക്കെതിരെ നേടാനായില്ലെന്നും വീരു

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: നേരിടുന്ന ആദ്യ പന്ത് മുതൽ കൂറ്റൻ ഷോട്ടുകളിലൂടെ ക്രീസ് നിറയുന്നതായിരുന്നു വീരേന്ദർ സേവാഗിന്റെ ബാറ്റിങ് ശൈലി. ഏകദിനമോ, ട്വന്റി 20 മത്സരമോ, ഇനി ടെസ്റ്റ് മത്സരമോ എന്തുമാകട്ടെ തന്റെ ശൈലിക്ക് ഒരു മാറ്റവും വരുത്താതെയായിരുന്നു വീരുവിന്റെ പോക്ക്. പിച്ചിന്റെ സ്വഭാവവും എതിരാളിയായ ബൗളർ എത്ര കരുത്തനെന്നതോ ഒന്നും വീരുവിന് പ്രശ്‌നമാകാറില്ലായിരുന്നു.

ആരേയും കൂസാത്ത ഈ തലയെടുപ്പ് തന്നെയാണ് ക്രിക്കറ്റ് ലോകത്ത് വീരേന്ദർ സേവാഗിന് മേൽവിലാസം നൽകിയത്. ക്രിക്കറ്റിനോട് സേവാഗ് വിടചൊല്ലിയതോടെ മറ്റൊരു സേവാഗിന്റെ പിറവിക്കായി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റും. പല പേരുകളും, താരതമ്യങ്ങളും വന്നെങ്കിലും യഥാർത്ഥ പിൻകാമിയാകാൻ തികവുറ്റ താരത്തെ ഇതുവരെയും കണ്ടെത്തിയിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മിന്നുന്ന ഫോമിൽ നിറഞ്ഞാടിയ പൃഥ്വി ഷാ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ആദ്യ പന്ത് അതിർത്തി കടത്തി ഇന്നിങ്‌സ് ആരംഭിക്കുകയെന്നത് സേവാഗിന്റെ ശൈലിയായിരുന്നു. എല്ലായ്‌പ്പോഴും അതു സാധിച്ചില്ലെങ്കിലും നേരിടുന്ന ആദ്യ പന്ത് അതിർത്തി കടത്താൻ സേവാഗിന്റെ ഭാഗത്തു നിന്ന് എപ്പോഴും ശ്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ ഇതേ ശൈലി അനുവർത്തിച്ചതോടെയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചക്കു വഴിവച്ചത്.

കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഫോറടിച്ച് ഇന്നിങ്‌സിനു തുടക്കമിട്ട പൃഥ്വി ഷാ, വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും ആദ്യ പന്തിൽ ഫോറടിച്ചു. പക്ഷെ, അതുകൊണ്ട് അവസാനിപ്പിക്കാഞ്ഞ പൃഥ്വി ഷാ, തുടരെ അഞ്ച് ഫോറുകൾ കൂടി പായിച്ചു.

മത്സരശേഷം മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ച പൃഥ്വി ഷായോട് ഇതു സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ മറുപടി ഇങ്ങനെ: 'നല്ല ഫോമിലായിരിക്കുമ്പോൾ സ്‌കോറിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നെ കുറിച്ചു തന്നെ ചിന്തിക്കാറില്ല. എന്റെ ടീം ജയിക്കണമെന്നു മാത്രമാണ് ലക്ഷ്യം. ഇന്നിങ്‌സിലെ ആദ്യ പന്തിൽ ഫോറടിക്കുന്നതിനെ കുറിച്ച് വീരേന്ദർ സേവാഗുമായി സംസാരിച്ചിട്ടില്ല. അവസരം ലഭിച്ചാൽ അദ്ദേഹവുമായി സംസാരിക്കും. കാരണം ഇന്നിങ്‌സിസലെ ആദ്യ പന്തിൽ ഫോറടിക്കാൻ എപ്പോഴും ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം.' പൃഥ്വി ഷാ വ്യക്തമാക്കി.

അതേസമയം, പൃഥ്വി ഷായുടെ ബാറ്റിങ്ങിനെ വീരേന്ദർ സേവാഗ് പ്രകീർത്തിച്ചു. മികച്ച പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവച്ചതെന്ന് സേവാഗ് പറഞ്ഞു. അണ്ടർ 19 ടീമിൽ ഒപ്പം കളിച്ചിട്ടുള്ളതിനാൽ ശിവം മാവിയുടെ ബോളിങ് ശൈലി വ്യക്തമായി അറിയാവുന്നതാവാം പൃഥ്വി ഷായ്ക്ക് ആത്മവിശ്വാസം നൽകിയ ഘടകം. ആശിഷ് നെഹ്‌റയ്‌ക്കെതിരെ പരിശീലനവേളയിലും പ്രദേശിക മത്സരങ്ങളിലും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരുക്കൽ പോലും ആറു പന്തിലും ഫോർ അടിക്കാൻ സാധിച്ചിട്ടില്ല. ഗംഭീര ഇന്നിങ്‌സിന് പൃഥ്വി ഷാ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നെങ്കിൽ കൂടുതൽ ആവേശകരമായേനെ. മോശം ഫോമിലൂടെ പൃഥ്വി ഷാ കടന്നുപോയിട്ടുണ്ട്. ഇപ്പോൾ റൺസ് നേടാൻ സാധിക്കുമ്പോൾ, സെഞ്ചുറി നേടണമായിരുന്നു, അല്ലെങ്കിൽ പുറത്താകാതെ നിന്ന് മത്സരം പൂർത്തീകരിക്കണമായിരുന്നു' സേവാഗ് പറഞ്ഞു.

ശിഖർ ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ കത്തിപ്പടർന്നപ്പോൾ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിഷ്പ്രഭമായി. പൃഥ്വി നിറഞ്ഞാടിയപ്പോൾ ധവാൻ മികച്ച പിന്തുണ നൽകി.

ഐപിഎൽ ചരിത്രത്തിലെ അപൂർവമായോരു നേട്ടം പൃഥ്വി ഷാ സ്വന്തമാക്കുന്നതിനാണ് വ്യാഴാഴ്ച ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയ 154 റൺസ് പിന്തുടർന്ന ഡൽഹിക്കു വേണ്ടി ശിഖർ ധവാൻ പൃഥ്വി ഷാ കൂട്ടുകെട്ടാണ് ഓപ്പൺ ചെയ്തത്.

ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് നേരിട്ടത് പൃഥ്വി ഷാ. വൈഡ് എറിഞ്ഞാണ് ശിവം മാവി ബോളിങ് ആരംഭിച്ചത്. തുടർന്നങ്ങോട്ട് പൃഥ്വി 'ഷോ' തന്നെയായിരുന്നു. തുടർന്നുള്ള പന്തുകൾ തുടർച്ചയായി അതിർത്തി കടത്തിയ പൃഥ്വി ഷാ, ശിവം മാവിയെ നിലംതൊടാൻ അനുവദിച്ചില്ല. 6 പന്തും ഫോർ അടിച്ച പൃഥ്വി ഷാ 24 റൺസാണ് അടിച്ചുകൂട്ടിയത്. ആദ്യ പന്തിലെ വൈഡും കൂടിയായതോടെ ആ ഓവറിൽ പിറന്നത് 25 റൺസ്. 18 പന്തിലാണ് പൃഥ്വി ഷാ അർധ സെഞ്ചുറി തികച്ചത്.

പൃഥ്വിയും ധവാനും (47 പന്തിൽ 46) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 132 റൺസ് നേടിയതോടെ ഡൽഹിയുടെ വിജയം അനായാസമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം. കൊൽക്കത്ത നേടിയ 154 റൺസ് ഡൽഹി 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 11 ഫോറും 3 സിക്‌സും അടങ്ങുന്നതാണു പൃഥ്വിയുടെ (41 പന്തിൽ 82) ഇന്നിങ്‌സ്.

ഐപിഎൽ മത്സരത്തിൽ ഒരു ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ 6 ഫോറുകൾ നേടുന്ന ആദ്യ താരമാണു പൃഥ്വി ഷാ. അതേപോലെ ഐപിഎൽ ചരിത്രത്തിൽ ഒരു ഓവറിൽ ആറു ഫോറടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും പൃഥ്വി ഷാ സ്വന്തമാക്കി. പൃഥ്വി ഷായുടെ നിലവിലെ സഹതാരവും രാജസ്ഥാൻ റോയൽസ് മുൻ നായകനുമായ അജിൻക്യ രഹാനെയാണ് ആ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

രാജസ്ഥാൻ ടീം അംഗമായിരിക്കെ 2012 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് അജിൻക്യ രഹാനെ ഈ അപൂർവ നേട്ടം കൈവരിച്ചത്. 14 ാം ഓവറിൽ പേസർ ശ്രീനാഥ് അരവിന്ദാണ് രഹാനെയുടെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞത്. തുടർച്ചയായ ആറു പന്തുകളും രഹാനെ അതിർത്തി കടത്തി. ആ മത്സരത്തിൽ രഹാനെ 103 റൺസെടുത്ത് പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP