Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോർമിറ്ററിയിലേക്ക് തൽകാലം ഡ്രഗ് ഹൗസ് മാറ്റിയെന്ന് അറിയിച്ചത് മന്ത്രി ശൈലജ ടീച്ചർ; സാധാരണക്കാർക്ക് താങ്ങും തണലുമാകുന്ന ഓഫീസ് പൂട്ടരുതെന്ന് ആവശ്യപ്പെട്ടതും സാക്ഷാൽ ആരോഗ്യമന്ത്രി; സിപിഎം കേന്ദ്ര കമ്മറ്റി അംഗത്തിന്റെ നിർദ്ദേശത്തിന് ബാലസംഘം നേതാവ് നൽകിയത് പുല്ലുവില; എസ് എ ടിയിലെ ഇടപെടലിൽ മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് തലവേദനയാകുമ്പോൾ

ഡോർമിറ്ററിയിലേക്ക് തൽകാലം ഡ്രഗ് ഹൗസ് മാറ്റിയെന്ന് അറിയിച്ചത് മന്ത്രി ശൈലജ ടീച്ചർ; സാധാരണക്കാർക്ക് താങ്ങും തണലുമാകുന്ന ഓഫീസ് പൂട്ടരുതെന്ന് ആവശ്യപ്പെട്ടതും സാക്ഷാൽ ആരോഗ്യമന്ത്രി; സിപിഎം കേന്ദ്ര കമ്മറ്റി അംഗത്തിന്റെ നിർദ്ദേശത്തിന് ബാലസംഘം നേതാവ് നൽകിയത് പുല്ലുവില; എസ് എ ടിയിലെ ഇടപെടലിൽ മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കോവിഡ് കാലത്ത് ഏവർക്കും ആശ്രയമായ എസ്.എ.ടി. ക്യാമ്പസിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ ഓഫീസ് അടച്ചുപൂട്ടിയ തിരുവനന്തപുരം കോർപ്പറേഷൻ നടപടി വലിയ വിവാദത്തിൽ.. ഓഫീസ് താൽക്കാലികമായി പ്രവർത്തിച്ചുവന്നിരുന്ന ഡോർമെറ്ററി കെട്ടിടം കോർപ്പറേഷൻ ഏറ്റെടുക്കുകയാണെന്നറിയിച്ചാണ് മേയർ ആര്യാ രാജേന്ദ്രൻ, മെഡിക്കൽ കോേളജ് കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ ഡി.ആർ.അനിൽ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ സംഘമായെത്തി പുതിയ താഴിട്ടു പൂട്ടിയത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാക്ക് തള്ളിക്കളഞ്ഞാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന. ഇതോടെ സിപിഎം മേയറെ ശാസിക്കുമെന്നാണ് സൂചന.

ഓഫീസ് പൂട്ടാൻ കോർപ്പറേഷൻ ശ്രമിക്കുകയാണെന്നറിഞ്ഞ് ബുധനാഴ്ചതന്നെ എസ്.എ.ടി. സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ വിവരം ധരിപ്പിച്ചു. ഡ്രഗ് ഹൗസ് തൽക്കാലത്തേക്ക് ഡോർമിറ്ററി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്കു മാറ്റിയിരിക്കുകയാണെന്നും ഓഫീസ് പൂട്ടരുതെന്നും മന്ത്രി മേയറോടു നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ, മന്ത്രിയുടെ നിർദ്ദേശം വകവയ്ക്കാതെ മേയറും കൗൺസിലറും ഉൾപ്പെടെയുള്ളവർ ബുധനാഴ്ച ഓഫീസ് സമയം അവസാനിച്ച ശേഷം പുതിയ താഴിട്ട് പൂട്ടുകയായിരുന്നെന്ന് ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി (എസ്.എ.ടി.എച്ച്.എച്ച്.ഇ.എസ്.) ഭാരവാഹികൾ പറഞ്ഞു.

സിപിഎമ്മിന്റെ നേതൃനിരയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രധാനപ്പെട്ട നേതാവാണ് കെകെ ശൈലജ. ആരോഗ്യമന്ത്രിയെന്ന നിലയിൽ ഏവരും അംഗീകരിക്കുന്ന നേതാവ്. ശൈലജയുടെ വാക്കുകൾ പോലും മേയർ മുഖവിലയ്ക്ക് എടുത്തുന്നില്ലെന്നത് ഗൗരവത്തോടെയാണ് സിപിഎം കാണുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ മേയറെ അനൗദ്യോഗിക ശാസനയ്ക്ക് വിധേയമാക്കിയത്. ശൈലജ ടീച്ചറിനെ ധിക്കരിച്ചത് ശരിയായില്ലെന്ന് മുതിർന്ന നേതാക്കൾ പോലും പറയുന്നു. ശൈലജ ടീച്ചറിനെ ധിക്കരിച്ചാണ് ഓഫീസ് പൂട്ടിയതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇതും വലിയ വിവാദമാകുകയാണ്.

നാടകീയമായാണ് ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ ഓഫീസ് അടച്ചുപൂട്ടിയത്. കംപ്യൂട്ടറും സർവറും മറ്റും എടുത്തുമാറ്റാൻ തിങ്കളാഴ്ച തുറന്നുതരാമെന്ന് കോർപ്പറേഷനിൽ നിന്ന് അറിയിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാത്രിതന്നെ സൊസൈറ്റി പുതുതായി പണിയുന്ന കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാനുള്ള ശ്രമം നടത്തുന്നതായും അവർ പറഞ്ഞു. കംപ്യൂട്ടർ, സർവർ എന്നിവയുൾപ്പെടുന്ന ഓഫീസ് മുറിയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കോർപ്പറേഷൻ അധികൃതർ പൂട്ടിയത്. ഇതോടെ, എസ്.എ.ടി.യിലെ ഇൻഹൗസ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വ്യാഴാഴ്ച പൂർണമായി നിലച്ചു. സർക്കാർ ആശുപത്രികളിലേക്കുള്ള കോവിഡ് സാമഗ്രികളുടെ വിതരണവും വ്യാഴാഴ്ച നടന്നില്ല.

സൊസൈറ്റിയിലെ സ്ത്രീകളടക്കമുള്ള 45-ഓളം ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ പോലും നടത്താനാകാതെ ബുദ്ധിമുട്ടിലായി. കോർപ്പറേഷന്റെ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ് ഉൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട സാധനങ്ങൾ വളരെക്കുറഞ്ഞ വിലയിൽ ലഭിക്കാൻ സാധാരണക്കാരും നാലു ജില്ലകളിലെ സർക്കാർ ആശുപത്രികളും ഏറ്റവും ആശ്രയിക്കുന്നത് എസ്.എ.ടി.എച്ച്.എച്ച്.ഇ.എസിനെയാണ്. ദിവസവും 20 ലക്ഷം രൂപ വരെ വിൽപ്പന നടക്കുന്നയിടമാണ് സൊസൈറ്റി. കോർപ്പറേഷനിലേക്കും അടുത്തിടെ 10 ലക്ഷം രൂപയുടെ സാമഗ്രികൾ കൈമാറിയിരുന്നു. സ്വന്തമായി കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് സൊസൈറ്റിയുടെ ഓഫീസ് രണ്ടര മാസം മുൻപ് ഡോർമെറ്ററിയിലേക്കു മാറ്റിയത്.

എസ്.എ.ടി.യിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി കോർപ്പറേഷൻ നിർമ്മിച്ചതാണ് ഡോർമെറ്ററി. എന്നാൽ, അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ടര വർഷമായി അടച്ചിട്ടിരിക്കുകയാണ്. ഇതിലേക്കായി കേന്ദ്രസർക്കാർ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഡോർമെറ്ററി നടത്തിപ്പിനായി മാസന്തോറും നാലു ലക്ഷം രൂപയും കേന്ദ്രസർക്കാർ അനുവദിക്കും. ശുചീകരണത്തൊഴിലാളികളായി നാലു പേരെ നടത്തിപ്പുകാർക്ക് നിയമിക്കുകയും ചെയ്യാം. അതിനാൽ ഡോർമെറ്ററി പ്രവർത്തനം തങ്ങൾക്കു വേണമെന്നാണ് കോർപ്പറേഷന്റെ നിലപാട്. എന്നാൽ, ആശുപത്രിക്കു പൂർണ നിയന്ത്രണം വേണമെന്നാണ് എസ്.എ.ടി. അധികൃതരുടെ നിലപാട്. ഈ ഈഗോ പ്രശ്‌നത്തിനൊപ്പം സ്ഥലം കൗൺസിലറുടെ താൽപ്പര്യവും ഈ നടപടിക്ക് കാരണമായി.

ഏറെ പ്രതീക്ഷയോടെയാണ് 21കാരിയെ തിരുവനന്തപുരം മേയറാക്കിയത്. സിറ്റിയിൽ തലങ്ങും വിലങ്ങും അനധികൃത കെട്ടിട നിർമ്മാണമാണ്. ഇതൊന്നും മേയർ കാണുന്നില്ല. ഇതിനിടെയിലും ഓടിയെത്തി പാവങ്ങളുടെ ചോറിൽ മണ്ണിട്ടു. ഇതാണ് പ്രതിഷേധമായി മാറുന്നത്. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന സ്ഥലമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് ച95 മാസ്‌കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്‌കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടത്തിൽ, താൽക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവർത്തിച്ചതിനാണ് മേയറുടെ നടപടി. അതായത് നിയമം നോക്കിയുള്ള ഇടപെടൽ.

പക്ഷേ പൂട്ടി പോയത് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. എൻ95 മാസ്‌കിന് പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ 50 രൂപ മുതൽ വിലയുണ്ട്. ഇതാണ് മെഡിക്കൽ കോളേജിൽ പത്ത് രൂപയ്ക്ക് കൊടുക്കുന്നത്. ഇതിനൊപ്പമാണ് മരുന്നുകളുടെ വിലക്കുറവ്. ഇതുകൊണ്ട് തന്നെ ജില്ലയിലെ മെഡിക്കൽ സ്റ്റോറുകൾ എല്ലാം ഈ സംവിധാനത്തിന് എതിരാണ്. ഇതും മേയറുടെ ഇടപെടലിന് കാരണമായെന്നാണ് വിലയിരുത്തൽ. എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിനാലാണ് താൽക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോർപറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താൽക്കാലികമായി മരുന്നുകൾ മാറ്റിയത്. ആദ്യം കോർപറേഷൻ കൗൺസിലർ ഡി. ആർ. അനിൽ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗൺസിലർ എത്തി, താൽക്കാലിക കെട്ടിടത്തിലെ ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.

മെഡിക്കൽ കോളേജ് കൗൺസിലറാണ് ഡി ആർ അനിൽ. ഈ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട സിപിഎം നേതാവ്. അനിലിന്റെ കീഴിലെ സഹകരണ പ്രസ്ഥാനവും മെഡിക്കൽ കോളേജിനോട് ചേർന്ന് മരുന്ന് കച്ചവടവും മറ്റും നടത്തുന്നുണ്ട്. മെഡിക്കൽ കോളേജിനുള്ളിലെ സഹകരണ പ്രസ്ഥാനത്തിന്റെ കീഴിലാണ് ഡ്രഗ് ഹൗസുള്ളത്. ഇവിടെ വില കുറച്ച് മരന്ന് കൊടുക്കുന്നത് മെഡിക്കൽ സ്റ്റോറുകളെ പോലെ അനിലിന്റെ സഹകരണ പ്രസ്ഥാനത്തിനും തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP