Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐപിഎൽ വേദിയിൽ പതിവായി കാണുന്ന നിത അംബാനി ഇക്കുറിയില്ല; കോവിഡ് സാഹചര്യത്തിൽ മുംബൈ വിട്ട് അംബാനി കുടുംബം ജാംനഗറിൽ; അദാനി ആൾതിരക്കിൽ നിന്നൊഴിഞ്ഞ് അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; പുറംലോകബന്ധങ്ങൾ ഉപേക്ഷിച്ച് രവീന്ദ്രനും ക്രിസ് ഗോപാലകൃഷ്ണനും; തിരക്കേറിയ ഇന്ത്യൻ ബിസിനസുകാരുടെ കോവിഡ് കാല ജീവിതം ഇങ്ങനെ

ഐപിഎൽ വേദിയിൽ പതിവായി കാണുന്ന നിത അംബാനി ഇക്കുറിയില്ല; കോവിഡ് സാഹചര്യത്തിൽ മുംബൈ വിട്ട് അംബാനി കുടുംബം ജാംനഗറിൽ; അദാനി ആൾതിരക്കിൽ നിന്നൊഴിഞ്ഞ് അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; പുറംലോകബന്ധങ്ങൾ ഉപേക്ഷിച്ച് രവീന്ദ്രനും ക്രിസ് ഗോപാലകൃഷ്ണനും; തിരക്കേറിയ ഇന്ത്യൻ ബിസിനസുകാരുടെ കോവിഡ് കാല ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡ് സമ്പന്നൻ എന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ അതിസമ്പന്നർ പോലും സുരക്ഷ തേടി പോകുകയാണ്. ഐപിഎൽ എന്ന കായിക മാമാങ്കം ബയോ ബബിൾ സംവിധാനത്തിൽ പുരോഗമിക്കുന്നു. മുംബൈ ഇന്ത്യൻസിന്റെ ഉടമയായ നിത അംബാനി ഇക്കുറി ഐപിഎൽ വേദിയിൽ എത്തിയിട്ടില്ല. റിസ്‌ക്കെടുക്കാൻ നിൽക്കാതെ സുരക്ഷിത കേന്ദ്രങ്ങളിലാണ് ശതകോടീശ്വരന്മാർ.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി മുംബൈ വിട്ട് ഗുജറാത്തിലെ ജാംനഗറിലെ വീട്ടിലേക്ക് മാറിയതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും ഇവിടെ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു സമ്പന്നനായ ഗൗതം അദാനി അഹമ്മദാബാദിലെ ഏതോ പ്രാന്തപ്രദേശത്തെ വീട്ടിലേക്കാണ് മാറിയത്. മകൻ കരണും മറ്റ് കുടുംബാംഗങ്ങളും അത്യാവശ്യം സഹായികളുമാണ് ഒപ്പമുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ബൈജൂസ് ആപ്പ് ഉടമ രവീന്ദ്രൻ ബംഗളൂരുവിലെ വസതിയിൽ കുടുംബത്തോടെയാണ് താമസിക്കുന്നത്. ബൈജുവും അടുത്ത ജീവനക്കാരും മാത്രമാണ് ഈ വീട്ടിലുള്ളത്. ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും നന്ദൻ നിലേകനിയും അവരവരുടെ വീടുകളിലാണ് തങ്ങുന്നത്. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് താൻ കഴിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ടിൽ പറയുന്നു. അതിതീവ്ര രോഗവ്യാപനത്തിനൊപ്പം ആശുപത്രി കിടക്കകളുടേയും ഓക്സിജന്റേയും വെന്റിലേറ്റർ സൗകര്യങ്ങളുടേയും ക്ഷാമത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുന്ന പശ്ചാത്തലത്തിലാണ് കോടീശ്വരന്മാർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയത്. ബിസിനസുകാർ മാത്രമല്ല, ചില പ്രമുഖ സിനിമാ താരങ്ങളും പുറംലോകവുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ തേടുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായ രാജ്യത്തിന് ആശ്വാസമേകി റിലയൻസ് ഫൗണ്ടേഷൻ രംഗത്തുവന്നിരുന്നു. ഗുജറാത്തിലെ ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്നാണ് നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമാക്കുക. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായ ജാംനഗറിൽ ഓക്‌സിജൻ വിതരണം ഉൾപ്പടെ എല്ലാ സേവനങ്ങളും സൗജന്യമായി നൽകും. മുകേഷ് അംബാനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടി.

400 കിടക്കകളുള്ള ജാംനഗറിലെ സർക്കാർ ഡെന്തൽ കോളേജ് & ഹോസ്പിറ്റലിലാണ് സൗജന്യ ചികിത്സയുമായി റിലയൻസ് രംഗത്തെത്തുന്നത്. ഒരാഴ്ചയ്ക്കകം ഇതു തുടങ്ങും. പരിചരണത്തിന് റിലയൻസ് നേതൃത്വം നൽകും. അതിനുശേഷം 600 കിടക്കകൾ കോവിഡ് കെയർ സൗകര്യം കൂടി പ്രവർത്തനക്ഷമമാക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജാംനഗറിലെ മറ്റൊരു സ്ഥലത്തായിരിക്കും 600 പേരെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ആശുപത്രികളിലേക്ക് ആവശ്യമുള്ള ജീവനക്കാർ, വൈദ്യസഹായം, ഉപകരണങ്ങൾ, മറ്റ് ഡിസ്‌പോസിബിൾ ഇനങ്ങൾ എന്നിവ റിലയൻസ് ലഭ്യമാക്കും.

മുകേഷ് അംബാനിക്കൊപ്പം ഭാര്യ നിത അംബാനിയും കുടുംബവും കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനത്തിൽ മുൻനിരയിലുണ്ട്. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെയാണ് റിലയൻസ് കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുക. ജാംനഗർ, ഖംബാലിയ, ദ്വാരക, പോർബന്ദർ, സൗരാഷ്ട്രയിലെ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിയുടെ പ്രയോജനം ലഭിക്കും.

''ഇന്ത്യ രാജ്യമെന്ന നിലയിൽ കോവിഡിന്റെ രണ്ടാമത്തെ തരംഗത്തോട് പോരാടുന്നു, ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ സമയത്തെ ഏറ്റവും നിർണായകമായ ആവശ്യങ്ങളിൽ ഒന്നാണ് അധിക ആരോഗ്യ സൗകര്യങ്ങൾ. റിലയൻസ് കോവിഡ് രോഗികൾക്കായി ഓക്‌സിജനുമായി 1000 കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ ഫൗണ്ടേഷൻ ആരംഭിക്കുന്നു.. 400 കിടക്കകളുടെ ആദ്യ ഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാകും, 600 കിടക്കകളുള്ള സെന്റർ തൊട്ടുപിന്നാലെ സജ്ജമാക്കും. ആശുപത്രി സൗജന്യവും ഗുണനിലവാരവുമുള്ള ചികിത്സ നൽകും. റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തോ ഓരോ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്നു'- റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിതാ അംബാനി പറഞ്ഞു.

രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിന്റെ തുടക്കം മുതൽ ആശ്വാസനടപടികളുമായി റിലയൻസ് ഫൗണ്ടേഷനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഒപ്പമുണ്ട്. വിലയേറിയ ജീവൻ രക്ഷിക്കാൻ ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കും.നമുക്ക് ഒരുമിച്ച് കഴിയും, ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കും. 'റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഗ്രൂപ്പ് പ്രസിഡന്റ് ധൻരാജ് നാഥവാനി പറഞ്ഞു, ''ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അശ്രാന്തമായി പ്രവർത്തിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രയാസകരമായ സമയങ്ങളിൽ സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഒരുക്കാനാണ് റിലയൻസ് മുന്നോട്ടു വരുന്നത്. റിലയൻസ് സിഎംഡി മുകേഷ് അംബാനി കോവിഡ് ബാധിതരായ രോഗികൾക്ക് ആശുപത്രി സൗകര്യം നൽകുന്നതിന് നിർദ്ദേശം മുന്നോട്ടുവെച്ചു. ഞങ്ങളുടെ ചെയർമാന്റെ നേതൃത്വത്തിൽ, റിലയൻസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ജാംനഗറിൽ രണ്ടു കോവിഡ് കെയർ സെന്ററുകളിലായി ആയിരം പേരെ ചികിത്സിക്കാനാകും''-ധൻരാജ് നാഥവാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP