Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ നരകിച്ച അരിപ്പയിലെ ഭൂസമരക്കാർക്ക് ഭക്ഷണം എത്തിക്കണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടത് വലിയ അപരാധമായി; സാമൂഹ്യ പ്രവർത്തകയായ അദ്ധ്യാപികയ്ക്ക് എതിരെ കലാപശ്രമത്തിന് കേസെടുത്ത് കേരള പൊലീസ്; കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ക്യാമ്പെയിൻ

ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ നരകിച്ച അരിപ്പയിലെ ഭൂസമരക്കാർക്ക് ഭക്ഷണം എത്തിക്കണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടത് വലിയ അപരാധമായി; സാമൂഹ്യ പ്രവർത്തകയായ അദ്ധ്യാപികയ്ക്ക് എതിരെ കലാപശ്രമത്തിന് കേസെടുത്ത് കേരള പൊലീസ്; കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ക്യാമ്പെയിൻ

മറുനാടൻ മലയാളി ബ്യൂറോ

 കുളത്തൂപ്പുഴ: കൊല്ലം ജില്ലയിലെ അരിപ്പയിൽ ഭൂസമരം നടത്തുന്ന കുടുംബങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് സാമൂഹ്യ പ്രവർത്തകയായ അദ്ധ്യാപികയ്ക്ക് എതിരെ കേസ്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മേധാപട്കറുടെ നേതൃത്വത്തിലുള്ള നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ് (എ ൻ എ പി എം) സംസ്ഥാന കൺവീനറും മാള കാർമൽ കോളജ് അദ്ധ്യാപികയുമായ പ്രൊഫ. കുസുമം ജോസഫിന് എതിരെയാണ്, കുളത്തൂപ്പുഴ പൊലീസ് കേസ് എടുത്തത്.

കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. 2016 ഏപ്രിൽ 16 ന് ഇട്ട പോസ്റ്റിലാണ് പൊലീസി കേസെടുത്തിരിക്കുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളിൽ പെടുന്ന കർഷകർക്ക് സർക്കാർ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് 2012 മുതൽ നടന്നു വരുന്ന അരിപ്പ ഭൂസമരവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരിലാണ് നടപടി.

വിവിധ ജില്ലകളിൽനിന്നു വന്ന് ഇവിടെ കുടിൽകെട്ടി താമസിക്കുന്ന ദലിത്, ആദിവാസി വിഭാഗക്കാർ ലോക്ക്ഡൗണിനിടെ പട്ടിണിയിലാണെന്നും ഇവർക്ക് സർക്കാർ ഇടപെട്ട് ഭക്ഷണം എത്തിക്കണം എന്നുമാവശ്യപ്പെട്ടാണ് 2020 ഏപ്രിൽ 20 ന് പ്രാഫ. കുസുമം ജോസഫ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. പക്ഷിമൃഗാദികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സർക്കാർ സമരഭൂമിയിലെ മനുഷ്യരെയും പരിഗണിക്കണമെന്നും അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്തുകൊല്ലം ജില്ലാ കലക്ടറും മന്ത്രി കെ രാജുവും തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണോയെന്ന് ചോദിക്കുന്നതായിരുന്നു പോസ്റ്റ്.

കേസെടുത്തതിന് പിന്നാലെ പ്രൊഫ. കുസുമം ജോസഫിന് സോഷ്യൽ മീഡിയയിൽ പ്രമുഖരടക്കം നിരവധി പേരാണ് ഐക്യദാഢ്യം പ്രഖ്യാപിച്ച് പോസ്റ്റിടുന്നത്. സപ്പോർട്ട് കുസുമം ജോസഫ് ഹാഷ് ടാഗും ആരംഭിച്ചു.

ഓക്‌സിജൻ ഇല്ല എന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആൾക്ക് എതിരെ യു.പി.യും രാജ്യവും ഭരിക്കുന്ന സർക്കാർ കേസ് എടുക്കുക.അരിപ്പ ഭൂസമരത്ത് വന്നു ഞങ്ങൾക്ക് അരിയില്ല എന്നു പറഞ്ഞതിനാണ് കേരളത്തിലെ സാമൂഹ്യ പ്രവർത്തകയായ കുസുമം ജോസഫിന് എതിരായി പിണറായി വിജയൻ സർക്കാർ കേസ് എടുത്തിരിക്കുന്നത്, ഫേസ്‌ബുക്കിൽ ഉയരുന്ന വിമർശനങ്ങൾ ഇങ്ങനെ.

രാഷ്ട്രീയ നിരീക്ഷകനായ ജെ.എസ്.അടൂർ ഇങ്ങനെ കുറിച്ചു:

ഭക്ഷണം ഇല്ലാതെ പട്ടിണി ആയവർക്ക് അരി കൊടുക്കണം എന്ന് പറഞ്ഞ Kusumam Joseph തിന് സർക്കാർ കള്ളക്കേസ് എടുത്തതിനു എതിരെ ഒരൊറ്റ അക്ഷരം ഇവിടെ സ്ഥിരം വാചാലരായ 'പുരോഗമന ' ക്കാരോ ' 'ശാസ്ത്ര സാഹിത്യക്കാരോ 'സാംസ്‌കാരിക എഴുത്തുകരോ ' അനങ്ങിയില്ല. അവർ ഇതൊന്നും കണ്ടതായിപോലുംനടിക്കില്ല. ഇതൊക്കെ വേറെ സംസ്ഥാനങ്ങളിൽ ആയിരുന്നു എങ്കിൽ എന്തൊക്കെ പ്രതിഷേധങ്ങൾ ആയിരുന്നേനെ.!

മാധ്യമപ്രവർത്തകനായ റോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:

പട്ടിണി കിടക്കുന്നവർക്ക് അരി കൊടുക്കണമെന്ന് പറഞ്ഞാ രാജ്യദ്രോഹം- പറഞ്ഞത് മോദിയോ യോഗിയോ അല്ലേ......അരി കൊടുക്കണമെന്ന് പറഞ്ഞാ അകത്താക്കുന്ന ഏർപ്പാട് യോഗി പോലും ചെയ്യാത്ത കന്നം തിരിവാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം കണ്ടു പിടിച്ചവർ തന്നെ പ്രൊഫ. കുസുമം ജോസഫിനെ Kusumam Joseph തട്ടി അകത്തിടാൻ ഉത്തരവിട്ടിരിക്കുന്നു.അരി മേടിച്ചോണ്ട് വരാൻ പിള്ളേരോട് പറഞ്ഞാലും രാജ്യദ്രോഹമാവുമെന്നാ പിണറായി തമ്പ്രാന്റെ പൊലീസ് പറയുന്നത് അരിപ്പ'യിലെ ആദിവാസികൾക്ക് അരി കൊടുക്കണമെന്ന് പറഞ്ഞ് പ്രൊഫ. കുസുമം ജോസഫ് എഫ് ബി. പോസ്റ്റിട്ടത് കലാപം നടത്താനുള്ള ആഹ്വാനമാണെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തൽ - 2020 ഏപ്രിൽ 16 ന് ഇട്ട Fb Post ന്റെ പേരിലാണ് പൊലീസിന്റെ വെരട്ടൽ
അമ്മേ,വിശക്കുന്നു എന്ന് മക്കൾ ആവശ്യപ്പെടുന്നത് ഏമാന്മാർ കേട്ടാലും ജാമ്യമില്ലാ വകുപ്പിട്ട് അകത്താക്കും.കിം യോങ് ഉന്നു പോലും ചെയ്യാത്ത തന്തയില്ലായ്മയാണ് ജനമൈത്രിക്കാര് കാണിക്കുന്നത്.

കുസുമം ജോസഫിന് എതിരായ കള്ളക്കേസ് പിൻവലിക്കണമെന്ന് എൻഎ പിഎം ആവശ്യപ്പെട്ടു.സിവിക് ചന്ദ്രൻ ഷെയർ ചെയ്ത പോസ്റ്റ്:

NAPM സംസ്ഥാന കോ- ഓർഡിനേറ്റർ പ്രൊഫ . കുസുമം ജോസഫിനെതിരായ കള്ളക്കേസ് ഉടൻ പിൻവലിക്കുക ഭരണഘടനാവകാശങ്ങൾ ഹനിക്കുന്ന പൊലീസ് രാജ് അവസാനിപ്പിക്കുക.
- ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM)- ആവശ്യപ്പെടുന്നു:2020 ലോക്ക് ഡൗൺ കാലത്ത് അരിപ്പയിലെ സമരക്കാർക്ക് അരി കിട്ടിയില്ലെന്നും സർക്കാർ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് 2020 ഏപ്രിൽ 16 ന് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മനഃപൂർവം കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് NAPM നേതാവും പരിസ്ഥിതി - സാമൂഹിക പ്രവർത്തകയുമായ പ്രൊഫസർ കുസുമം ജോസഫിനെതിരെ കേരള പൊലീസ് കേസെടുത്തിരിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് ഇടാൻ ഉപയോഗിച്ച മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും സഹിതം 72 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാവണമെന്നും അറിയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ അരിപ്പയിൽ നൂറ്റി അറുപതിലേറെ കുടുംബങ്ങൾ ലോക്ക്‌ഡൗൺ സമയമായതിനാൽ ഭക്ഷണത്തിനു വഴിയില്ലാതെ നരകിക്കുകയാണെന്നും ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാണ് അവിടെ കുടിൽ കെട്ടി താമസിക്കുന്നതെന്നും കേരളത്തിലെ അതിഥി തൊഴിലാളികൾക്കും പക്ഷി മൃഗാദികൾക്കും വരെ ഭക്ഷണം ഉറപ്പാക്കാൻ പരിശ്രമിച്ച സർക്കാർ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയാണെന്നും അടിയന്തിരമായി അവർക്ക് അരിയും ഭക്ഷണ സാമഗ്രികളും എത്തിക്കണമെന്നുമാണ് ടീച്ചർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത് . ഈ കുറിപ്പിനെതിരെ ആണ് മനഃപൂർവ്വം കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ പൗരന്മാർക്കും ഒരുപോലെ ലഭ്യമാക്കേണ്ട ഭക്ഷ്യവസ്തുക്കൾ ഭൂസമരം ചെയ്തത്തിന്റെ പേരിൽ അരിപ്പയിലെ സമരക്കാർക്ക് കൊടുക്കാതിരിക്കുന്നത് ശരിയല്ല എന്ന കാര്യം പരസ്യമായി പറഞ്ഞതിനാണ് അവർ ടീച്ചർക്കെതിരെ ഈ കള്ളക്കേസ് എടുത്തിരിക്കുന്നത്. സംഘപരിവാർ ഫാസിസത്തിനെതിരെ ആയിരങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, ഘോര ഘോരം പ്രസംഗിക്കുകയും, നെടുനീളൻ ലേഖനങ്ങൾ എഴുതിക്കൂട്ടുകയും ചെയ്യുന്ന ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർ നേതൃത്വം നൽകുന്ന സർക്കാർ ആണ് മനുഷ്യരുടെ പ്രാഥമിക ഭരണഘടനാ അവകാശങ്ങൾ പോലും കാറ്റിൽ പറത്തിക്കൊണ്ടു സാമൂഹ്യ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചാർജ്ജ് ചെയ്യുന്നതെന്നത് പരിഹാസ്യമാണ് . സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. കുസുമം ജോസഫിനെതിരെ കേരള പൊലീസ് നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും അനുവദിക്കാത്ത പൊലീസ് നയം ജനാധിപത്യവിരുദ്ധമാണെന്നും ഞങ്ങൾ കരുതുന്നു . പൊലീസ് നടപടികളിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു .

പ്രൊഫസർ കുസുമം ടീച്ചർക്കെതിരെ ചാർജ്ജ് ചെയ്ത കള്ളക്കേസ് ഉടൻ പിൻവലിക്കണമെന്നും സാമൂഹ്യ പ്രവർത്തകർക്കെതിരെയും കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന ജനകീയ സമരങ്ങളിൽ പങ്കെടുക്കുന്ന കലാ - സാംസ്‌കാരിക - രാഷ്ട്രീയ - പരിസ്ഥിതി സംരക്ഷക പ്രവർത്തകർക്കെതിരെയും കേരള പൊലീസ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കേരള സർക്കാറിനോടാവശ്യപ്പെടുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ടീച്ചർക്കെതിരായ കേസ് പിൻവലിച്ച് ഉത്തരവിറക്കാത്ത പക്ഷം ശക്തമായ സമരങ്ങളും ,നിയമ പോരാട്ടങ്ങളുമായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം(NAPM) രംഗത്തു വരുമെന്നും ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.

നീതിപൂർവ്വമായ നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന പ്രതീക്ഷയോടെ...
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം(NAPM)- കേരളം സംസ്ഥാന ഘടകത്തിനു വേണ്ടി .....
സി ആർ നീലകണ്ഠൻ | വിജയരാഘവൻ ചേലിയ I വിളയോടി വേണുഗോപാൽ | ശരത് ചേലൂർ I വി ഡി മജീന്ദ്രൻ I ജിയോ ജോസ് I ഹാഷിം ചേന്നമ്പിള്ളി | ജോർജ്ജ് ജേക്കബ് | സണ്ണി പൈക്കട | ജോൺ പെരുവന്താനം I ലൈല റഷീദ് | അഡ്വ. ജോർജ്ജ്കുട്ടി കടപ്ലാക്കൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP