Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി വി പ്രകാശിന്റെ മരണത്തോടെ വീണ്ടും ചർച്ചയായി നിലമ്പൂരിലെ ആരോഗ്യ രംഗത്തെ പോരായ്മകൾ; രാത്രിയിൽ കാർഡിയാക് പ്രശ്നങ്ങളുമായി വന്നാൽ ചികിത്സാ സൗകര്യങ്ങളില്ലാതെ മരണപ്പെടുന്നത് നിരവധി പേർ; നിലമ്പൂർ ജില്ല ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദ്രോഗവിഭാഗത്തിന് വേണ്ടിയുള്ള മുറവിളികൾ വീണ്ടും ഉയരുമ്പോൾ

വി വി പ്രകാശിന്റെ മരണത്തോടെ വീണ്ടും ചർച്ചയായി നിലമ്പൂരിലെ ആരോഗ്യ രംഗത്തെ പോരായ്മകൾ; രാത്രിയിൽ കാർഡിയാക് പ്രശ്നങ്ങളുമായി വന്നാൽ ചികിത്സാ സൗകര്യങ്ങളില്ലാതെ മരണപ്പെടുന്നത് നിരവധി പേർ; നിലമ്പൂർ ജില്ല ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദ്രോഗവിഭാഗത്തിന് വേണ്ടിയുള്ള മുറവിളികൾ വീണ്ടും ഉയരുമ്പോൾ

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡണ്ട് വിവി പ്രകാശിന്റെ മരണത്തോടെ നിലമ്പൂരിലെ ആരോഗ്യ ചികിത്സ രംഗത്തെ പോരായ്മകൾ വീണ്ടും ചർച്ചകളിൽ നിറയുന്നു. നിലമ്പൂരിൽ രണ്ടാമത്തെ പൊതുപ്രവർത്തകനാണ് ഹൃദയാഘാതം വന്ന് മതിയായ ചികിത്സ ലഭിക്കാതെ നിലമ്പൂരിൽ മരണപ്പെടുന്നത്. നേരത്തെ നിലമ്പൂരിലെ മുതിർന്ന കോൺഗ്രസ് നാതാവും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന എംഎ റസാഖും സമാന സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. എംഎ റസാഖിനെ ഹൃദയാഘാതം വന്ന് രാത്രിയിൽ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. സമാനസാഹചര്യത്തിലാണ് ഇപ്പോൾ മലപ്പുറം ഡിസിസി പ്രസിഡണ്ടും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശും മരണപ്പെട്ടത്.

പുലർച്ചെയാണ് വിവി പ്രകാശിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. എടക്കരയിൽ നിന്നും നിലമ്പൂർ ജില്ല ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നത്. ഏറ്റവും അടുത്തുള്ള വലിയ ആശുപത്രിയും അതുതന്നെയാണ്. എന്നാൽ ഈ സമയത്ത് ജില്ല ആശുപത്രിയിൽ ഡോക്ടർമാരില്ലെന്ന് കണ്ടാണ് മഞ്ചേരിയിലേക്ക് എത്തിച്ചത്. മഞ്ചേരിയിൽ വെച്ച് മരണപ്പെടുകയും ചെയ്തുു. ഒരു പക്ഷെ ജില്ല ആശുപത്രിയിൽ ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയെ ചികിത്സിക്കാൻ പര്യാപ്തമായ സൗകര്യങ്ങൾ രാത്രിയിലും ഉണ്ടായിരുന്നെങ്കിൽ വിവി പ്രകാശിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

ഇതുപോലെ എത്രയോ സാധാരണക്കാർ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ നിലമ്പൂരിൽ മരണപ്പെട്ടിട്ടുണ്ട്. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ഏത് പാതിരാത്രിയിലും ഓടിയെത്തി ചികിത്സ തേടാനുള്ള ആശ്രയ കേന്ദ്രമായ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗവും, കാർഡിയാക് ഐസിയുവും അടക്കമുള്ള സൗകര്യങ്ങൽ 24 മണിക്കൂറും പ്രവർത്തിക്കണമെന്നത് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ഹൃദ്രോഗ സംബന്ധമായ എല്ലാ ചികിത്സയും നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയാൽ വിലപ്പെട്ട ഒരുപാട് ജിവനുകൾ നഷ്ടപ്പെടുത്താതെ സംരക്ഷിക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ മുതൽ നിലമ്പൂർ വരെ ആശ്രയിക്കേണ്ട ഒരു ആശുപത്രിയാണ് നിലമ്പൂർ ജില്ല ആശുപത്രി.

ഇവിടെ രാത്രിയിൽ ഒരു കാർഡിയാക്ക് ഡോക്ടറുടെ അഭാവം നിരവധി തവണ മാധ്യമങ്ങളിൽ വാർത്തകളായി വന്നതും നിരവധി പേർ ഇക്കാര്യം ഉന്നയിച്ച് വിവിധ അധികാര കേന്ദ്രങ്ങളിൽ അപേക്ഷകളും പരാതികളും നൽകിയതാണണ്.പഴയ നിലയിൽ നിന്നും ഒരുപാട് വികസനങ്ങളും സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ടായിട്ടുണ്ടെങ്കിലും കാർഡിയാക്കിന്റെ കാര്യത്തിൽ മാത്രം പഴയ അവസ്ഥ തന്നെയാണ്. പകൽ സമയത്ത് ഇവിടെ സൗകര്യമുണ്ട്. എന്നാൽ രാത്രിയിലാണ് പ്രധാനമായും ഡോക്ടറുടെ സേവനം ആവശ്യമുള്ളത്. മിക്കകേസുകളും രാത്രിയും, പുലർച്ചയുമാണ് ആശുപത്രിയിലെത്തുന്നത്.

ഈ സമയത്ത് കാഷ്വാലിറ്റിയിൽ പരിചയ കുറവുള്ള ഡോക്ടർമാരാണ് ഉണ്ടാകാറുള്ളത്. ചെറിയ എന്തെങ്കിലും പ്രശ്നം വന്നാൽ തന്നെ അവർ അവരുടെ ബാധ്യത ഒഴിവാക്കി മഞ്ചേരിയിലേക്കോ പെരിന്തൽമണ്ണയിലേക്കോ റഫർ ചെയ്യുകയും ചെയ്യും. നിലമ്പൂർ ജില്ല ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദ്രോഗവിഭാഗം പ്രവർത്തിക്കുകയാണെങ്കിൽ ഗൂഡല്ലൂർ മുതൽ നിലമ്പൂർ വരെയുള്ള നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുത്രികൾക്ക് വേണ്ടിയാണ് നിലമ്പൂർ ജില്ല ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കാത്തത് എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP