Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പനി രജിസ്ട്രാറുടെ സൈറ്റിൽ പോലും ഇല്ലാത്ത കമ്പനി; പദ്ധതി വിശദീകരണത്തിന് ഹാജരായത് ഒരു തവണ; വിജിലൻസിന്റെ അന്വേഷണത്തിലും ശ്രാവണിനെപ്പറ്റി എതിരഭിപ്രായം; പാതിവഴിയിൽ ഉപേക്ഷിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ സ്വപ്‌നപദ്ധതി; പദ്ധതിയിൽ നിന്ന് പിന്മാറി ദേവസ്വം ബോർഡ്

കമ്പനി രജിസ്ട്രാറുടെ സൈറ്റിൽ പോലും ഇല്ലാത്ത കമ്പനി; പദ്ധതി വിശദീകരണത്തിന് ഹാജരായത് ഒരു തവണ; വിജിലൻസിന്റെ അന്വേഷണത്തിലും ശ്രാവണിനെപ്പറ്റി എതിരഭിപ്രായം; പാതിവഴിയിൽ ഉപേക്ഷിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ സ്വപ്‌നപദ്ധതി; പദ്ധതിയിൽ നിന്ന് പിന്മാറി ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സ്വപ്‌നപദ്ധതിയായ 500കോടിയുടെ നവീകരണ പ്രവർത്തനത്തിൽ നിന്ന് കൊച്ചി ദേവസ്വം ബോർഡ് പിന്മാറി.പദ്ധതിക്കാവശ്യമായ തുക വാഗ്ദാനം ചെയ്ത രത്‌നവ്യാപാരി ഗണശ്രവൺ തന്റെ തന്റെ കമ്പനിയെക്കുറിച്ചോ എങ്ങനെ പണം നൽകും എന്നതിനെക്കുറിച്ചോ അറിയിക്കാത്ത പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്റെ ഈ തീരുമാനം. കർണാടകയിൽ രത്‌നവ്യാപാരിയെന്ന് അവകാശപ്പെടുന്ന ഗണശ്രാവണുമായി പദ്ധതിയുടെ കരാർ ഒപ്പിടാൻ ഹൈക്കോടതിയുടെ അനുമതി വരെ നേടിയ ശേഷമാണ് ബോർഡിന്റെ പിന്മാറ്റം.

തുക ഗണശ്രാവൺ വാഗ്ദാനം ചെയ്തതിന് പിന്നാലെ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ ഗണശ്രാവണിനോട് ദേവസ്വം ഓംബുഡ്സ്മാന്റെ മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒരു തവണമാത്രമെ ഇയാൾ ഹാജരായുള്ളു.വിശദാംശങ്ങളുമായി വരണമെന്നാവശ്യപ്പെട്ടതോടെയാണ് രണ്ടാമത് ഹാജരാകാൻ തയ്യാറാകാതിരുന്നത്. ഗണശ്രാവണിന്റേതെന്ന് അവകാശപ്പെടുന്ന കമ്പനിയെക്കുറിച്ചു
ള്ള വിവരങ്ങൾ കമ്പനി രജിസ്ട്രാറുടെ സൈറ്റിൽ പോലും ഉണ്ടായിരുന്നില്ല. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ അടക്കം അറിയിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നത്.

സർക്കാരിന് വിജിലൻസ് നൽകിയ റിപ്പോർട്ട് ഗണശ്രാവണിന് എതിരായിരുന്നു. സാമ്പത്തിക സ്രോതസ്സിലടക്കം അവ്യക്തതയുണ്ടായിരുന്നു.ഗണശ്രാവണിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലാത്തതിനാൽ പദ്ധതിക്ക് അനുമതി തേടി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയും ദേവസ്വം ബോർഡ് പിൻവലിച്ചു.ഇതിനെ പിന്നെലെയാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതടക്കമുള്ള കർശനമായ നിലപാടിലേക്ക് ദേവസ്വം ബോർഡ് എത്തിയത്.

അതേസമയം താൻ പണം വാഗ്ദാനം ചെയ്തിട്ടും പദ്ധതി നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന ഗണശ്രാവണിന്റെ പരാതിയെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് ഇടപെട്ട് യോഗം വിളിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയാക്കി ചോറ്റാനിക്കരയെ മാറ്റാൻ യോഗത്തിൽ തീരുമാനവും എടുത്തിരുന്നു.തുടർന്നാണ് ഗണശ്രാവണിന്റെ ഇടപാടുകളെക്കുറിച്ചും ആസ്തിയെക്കുറിച്ചുമൊക്കെ സംശയമുയർന്നത്

ചോറ്റാനിക്കരയമ്മ കരകയറ്റിയ ജീവിതം

സാമ്പത്തിക തകർച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നിൽക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയിൽ ഇദ്ദേഹം അഭയം തേടിയത്. ഏതാനും വർഷം കൊണ്ട് ബിസിനസ് വാനോളം ഉയർന്നു. പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ശ്രാവൺ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്.

അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്' 46കാരനായ ഗണശ്രാവൺ. ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഗണശ്രാവൺ. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.' എല്ലാ ഐശ്യര്യങ്ങൾക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാടുംനിന്ന് ഇവിടേക്ക് ഭക്തർ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ദേവസ്വം അധികൃതരുമായി ചർച്ച നടത്തുന്നു. ചില സ്വാർത്ഥ താത്പര്യക്കാർ തടസങ്ങൾ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി കിട്ടിയാലുടൻ പണികൾ ആരംഭിക്കുമെന്ന് ഗണശ്രാവൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

പദ്ധതിയിട്ടത് തിരുപ്പതി മാതൃകയിൽ ക്ഷേത്ര നഗരം



ചോറ്റാനിക്കരയെ തിരുപ്പതി മാതൃകയിൽ ക്ഷേത്രനഗരിയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ഗണശ്രാവൺ പറഞ്ഞിരുന്നത്.അനുമതി ലഭിച്ചാൽ ഒരു മാസത്തിനകം നിർമ്മാണം ആരംഭിക്കുമെന്നുമായിരുന്നു ശ്രാവണിന്റെ വാദം. ചോറ്റാനിക്കര നിവാസികൾക്ക് പ്രയോജനകരമായ പദ്ധതികളും നടപ്പാക്കും.സൗജന്യ ചികിത്സ ലഭിക്കുന്ന അഞ്ഞൂറ് കിടക്കകളുള്ള മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കും. 150 കോടി രൂപ ഇതിനായി മാറ്റിവയ്ക്കും. സ്ഥലം ലഭ്യമാകുന്നതോടെ നിർമ്മാണം ആരംഭിക്കും. വൃദ്ധസദനം, അന്നദാന മണ്ഡപം, ഏഴ് ഗസ്റ്റ് ഹൗസുകൾ, മൂന്ന് റിങ് റോഡുകൾ, ചെറുകിട കച്ചവടക്കാർക്ക് ഷോപ്പിങ് കോംപ്‌ളക്‌സ്, കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കാൻ വ്യവസായ പാർക്ക് തുടങ്ങിയ പദ്ധതികളും നടപ്പാക്കും.അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കും. കിഴക്ക്, വടക്ക് ഗോപുരങ്ങളാണ് ആദ്യം നിർമ്മിക്കുക. ക്ഷേത്രം സ്വർണപാളികൾ കൊണ്ട് പൊതിയും.ലാഭത്തിന്റെ വിഹിതം ചോറ്റാനിക്കരയുടെ വികസനത്തിന് നൽകുകയാണെന്നായിരുന്നു പ്രഖ്യാപനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP