Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവയിലെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റു ചെയ്ത ഷിജു വർഗിസിനെ കൊല്ലത്ത് എത്തിച്ചു; സ്വന്തം കാറിന് നേരെ ബോംബെറിഞ്ഞ ഇഎംസിസി ഉടമയ്ക്ക് ഉണ്ടായിരുന്നത് വിപുലമായ പദ്ധതി; നാടകം മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഉറപ്പാക്കാനെന്ന് മൊഴി; പെട്രോൾ ബോംബ് എറിഞ്ഞത് സരിതയുടെ വിശ്വസ്തൻ വിനുകുമാർ

ഗോവയിലെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റു ചെയ്ത ഷിജു വർഗിസിനെ കൊല്ലത്ത് എത്തിച്ചു; സ്വന്തം കാറിന് നേരെ ബോംബെറിഞ്ഞ ഇഎംസിസി ഉടമയ്ക്ക് ഉണ്ടായിരുന്നത് വിപുലമായ പദ്ധതി; നാടകം മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഉറപ്പാക്കാനെന്ന് മൊഴി; പെട്രോൾ ബോംബ് എറിഞ്ഞത് സരിതയുടെ വിശ്വസ്തൻ വിനുകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിലൂടെ വിവാദത്തിലായ ഇഎംസിസിയുടെ പ്രസിഡന്റും കുണ്ടറ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർത്ഥിയുമായിരുന്ന ഷിജു എം. വർഗീസിന്റെ കാറിനു നേരെ വോട്ടെടുപ്പു ദിവസം പെട്രോൾ ബോംബെറിഞ്ഞ സംഭവം ഷിജുവും സംഘവും തന്നെ ആസൂത്രണം ചെയ്ത നാടകമെന്നു പൊലീസ്. മേഴ്‌സിക്കുട്ടി അമ്മയുടെ ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു സംഭവം നടന്ന ദിവസം ഷിജു വർഗീസ് ആരോപിച്ചിരുന്നത്.

സംഭവവുമായി മുഴുവൻ പ്രതികളെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിജു വർഗീസ് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. ഒരാൾ കോവിഡ് നിരീക്ഷണത്തിലാണ്. സരിത എസ്.നായരുടെ ബന്ധുവും സഹായിയുമായ വിനുകുമാർ (41), ഷിജുവിന്റെ മാനേജർ പാലക്കാട് സ്വദേശി ശ്രീകാന്ത് (35) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു പൊലീസ് നിരീക്ഷണത്തിലാക്കി.

അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സംസ്ഥാന സർക്കാർ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ധാരണാപത്രം ഒപ്പിട്ടത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷം ഇതിന് പിന്നിൽ അഴിമതി ആരോപിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ കരാറിൽ നിന്നും പിന്മാറി. ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണ് വോട്ടെടുപ്പുദിവസം അവർക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു.

വാഹനം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് ദിവസമാണ് ഷിജു വർഗീസ് രംഗത്ത് വന്നത്. കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പള്ളി റോഡിൽ വച്ച് പോളിങ് ദിവസം പുലർച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറിൽ വന്ന സംഘം പെട്രോൾ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വർഗീസിന്റെ പരാതി. അതേസമയം അദ്ദേഹത്തിന്റെ വണ്ടിയിൽ നിന്ന് മണ്ണെണ്ണ കണ്ടെത്തിയെന്നും ആക്രമണം നടത്താനുള്ള ലക്ഷ്യത്തോടെയാണ് ഷിജു വന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ആ ആരോപണം അന്ന് പൊലീസ് അംഗീകരിച്ചിരുന്നില്ലെങ്കിലും വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഷിജുവിന്റെ തന്നെ നാടകമായിരുന്നു അന്നത്തെ സംഭവമെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിച്ചേർന്നു.

ഷിജു വർഗീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളൊക്കെ പരിശോധിച്ചിരുന്നു. എന്നാൽ ഷിജു വർഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുള്ള മൊഴികൾ ലഭ്യമായിരുന്നില്ല. ഇതിനെ തുടർന്നാണ് സംശയം ഷിജുവിലേയ്ക്ക് തന്നെ നീളുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഷിജു വർഗീസ് തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. കരാർ ഒപ്പിട്ട ശേഷം വിവാദമായപ്പോൾ പാതിവഴിയിൽ കയ്യൊഴിയുകയും പൊതുസമൂഹത്തിൽ അപഹാസ്യനാക്കുംവിധം പരാമർശങ്ങൾ നടത്തുകയും ചെയ്ത മേഴ്‌സിക്കുട്ടിയമ്മയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും ഷിജു സമ്മതിച്ചതായാണ് വിവരം.

ഗോവ- കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വനമേഖലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഷിജു വർഗീസിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത്. ശ്രീകാന്തിനെ ഗോവയിലെ മറ്റൊരു കേന്ദ്രത്തിൽ നിന്നും. ഇരുവരെയും കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സരിതയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവിടെയെത്തെത്തിയ വിനുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെട്രോൾ ബോംബ് എറിഞ്ഞത് വിനുകുമാറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP