Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധർമ്മടം മണ്ഡലത്തിൽ മന:പ്പായസമുണ്ണുന്നത് സിപിഎം തന്നെ! മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം അൻപതിരായിരത്തിൽ എത്തുമോ എന്ന് ആശങ്കപ്പെട്ട് സിപിഎം; സി രഘുനാഥിനെ കളത്തിൽ ഇറക്കിയുള്ള കോൺഗ്രസ് തന്ത്രം എത്രകണ്ട് ഫലം കാണും? വാളയാറിലെ മാതാവ് എത്ര വോട്ടു പിടിക്കുമെന്നും ആകാംക്ഷ

ധർമ്മടം മണ്ഡലത്തിൽ മന:പ്പായസമുണ്ണുന്നത് സിപിഎം തന്നെ! മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം അൻപതിരായിരത്തിൽ എത്തുമോ എന്ന് ആശങ്കപ്പെട്ട് സിപിഎം; സി രഘുനാഥിനെ കളത്തിൽ ഇറക്കിയുള്ള കോൺഗ്രസ് തന്ത്രം എത്രകണ്ട് ഫലം കാണും? വാളയാറിലെ മാതാവ് എത്ര വോട്ടു പിടിക്കുമെന്നും ആകാംക്ഷ

അനീഷ് കുമാർ

കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് അട്ടിമറി വിജയമെന്ന മനപായസമുണ്ണാൻ കോൺഗ്രസും ബിജെപിയും തയ്യാറാകുന്നില്ലെങ്കിലും പിണറായി വിജയന്റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള പൊരിഞ്ഞ പോരാട്ടമാണ് ഇവിടെ നടന്നത്. ധർമ്മടം മണ്ഡലത്തിലെ കരുത്തനായ നേതാവ് സി രഘുനാഥിനെ മത്സര രംഗത്തിറക്കി പരമാവധി വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസും ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തെയിറക്കി ത്രികോണ മത്സരത്തിന്റെഓളം സൃഷ്ടിക്കാൻ ബിജെപിക്കും കഴിഞ്ഞിട്ടുണ്ട്. വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിയും കുഞ്ഞുടുപ്പ് ചിഹ്നത്തിൽ ഇവിടെ മത്സരിച്ചതോടെ ധർമ്മടത്ത് പതിവില്ലാത്ത വിധം വാശിയേറിയ പോരാട്ടമാണ് ഇക്കുറി നടന്നത്.

സംസ്ഥാനത്ത് 2011ലെ പുനർനിർണയത്തിൽ രൂപം കൊണ്ട മണ്ഡലമാണ് ധർമ്മടം. ജനനം മുതൽ ഇടതുമുന്നണിയെ തുണച്ച ധർമ്മടം മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണവും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. മുഴപ്പിലങ്ങാട്, പെരളശേരി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, ധർമടം, പിണറായി പഞ്ചായത്തുകൾ ഇടതുമുന്നണി ഭരിക്കുമ്പോൾ കടമ്പൂർ മാത്രമാണ് വലതു മുന്നണി യുടെ കൈവശമുള്ളത്.

എൽ.ഡി.എഫ് ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണത്തിന്റെ കേളികൊട്ടുയർത്തിയാണ് ധർമ്മടത്ത് പ്രചാരണമാരംഭിച്ചത്. ദേശീയ മാധ്യമങ്ങളിൽ വരെ ധർമ്മടം ശ്രദ്ധേയമാകുന്നത് മുഖ്യമന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പിണറായി വിജയന് ഭൂരിപക്ഷം കുടു മോയെന്ന കാര്യത്തിലാണ്. പിണറായിക്കെതിരെ അട്ടിമറി വിജയം ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം കുറയുകയാണെങ്കിൽ അത് സിപിഎമ്മിന് ഏറെ ക്ഷീണം ചെയ്യും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായി പിണറായിയിലെ പാറപ്രം ഉൾപ്പെടുന്ന പ്രദേശമായ ധർമ്മടത്ത് മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം കുറയുന്നത് എണ്ണയിട്ട യന്ത്രം പോലെ തെരഞ്ഞെടുപ്പിൽ സർവ സന്നാഹങ്ങളുമായി പ്രവർത്തിച്ച എൽ.ഡി.എഫിന് കടുത്ത ക്ഷീണം ചെയ്യും.

ധർമ്മടം മണ്ഡലം രൂപകരിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ.കെ നാരായണൻ 15, 177 വോട്ടിനും 2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ 36,905 വോട്ടിനുമാണ് വിജയിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 4099യായി കുറഞ്ഞതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ 20 20ലെ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപിൽ ധർമ്മടം മണ്ഡലത്തിലെ പഞ്ചായത്തുകളിൽ 49180 വോട്ടായി എൽ.ഡി.എഫ് ഭൂരിപക്ഷ മുയർത്തി. എന്നാൽ സിപിഎം കോട്ടയെന്നറിയപ്പെടുന്ന ധർമ്മടത്ത് എൻ.ഡി.എയ്ക്ക് ഇതുവരെ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിരുദ്ധ തരംഗമുണ്ടായിട്ടും എൻ.ഡി.എയ്ക്ക് ഇന്ത 8538 വോട്ടുകൾ മാത്രമാണ് ലഭിച്ചതത്. 2020ലെ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ 12,900 വോട്ടായിയുയർത്താൻ കഴിഞ്ഞുവെന്നതാണ് എൻ.ഡി.എയ്ക്ക് ആശ്വാസം നൽകുന്നത്. ഇക്കുറി ബിജെപിയെ കരുത്തനായ നേതാവായ സി.കെ. പത്മനാഭനെ സ്ഥാനാർത്ഥിയായി യതിലൂടെ പാർട്ടി വോട്ടിങ് ഷെയർ ഇരുപതിനായിരമാക്കി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ മമ്പറം ദിവാകരൻ 50424 വോട്ടുകൾ ഇവിടെ നേടിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന് 87329 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഏറെ കാലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ച സി.രഘുനാഥിലൂടെ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫിനുള്ളത്. മണ്ഡലത്തിലെ സുപരിചിതനും ആഴത്തിൽ ബന്ധങ്ങളുള്ള രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ഏറെ വൈകിയാണെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുതിപ്പ് നടത്താൻ ഡി.ഡി.സി ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇതു കൂടാതെ കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി ധർമ്മടം മണ്ഡലത്തിൽ മത്സരിച്ചത് വോട്ടർമാരിൽ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് എത്ര വോട്ടു ലഭിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യങ്ങളിലൊന്നാണ്. എന്തു തന്നെയായാലും മുഖ്യമന്ത്രി പിണറായി വിജയന് അൻപതിനായിരത്തിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് ക്യാംപുകൾ കണക്കുകൂട്ടുന്നത്. അത് മനപായസമാണോയെന്ന കാര്യം വോട്ടെണ്ണുമ്പോൾ അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP