Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ കുഴപ്പിച്ച കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ട്വിസ്റ്റ്! പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നതോടെ ധൃതിപിടിച്ച് കേസ് ഫയൽ അടയ്ക്കാൻ ശ്രമം; കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിലെ വൻസ്രാവുകളെല്ലാം രക്ഷപ്പെടും; കുടുങ്ങുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളും ഡ്രൈവറുടെ സഹായിയും മാത്രം; അബ്കാരിയായ ബിജെപി നേതാവിനെ ചോദ്യം ചെയ്തു പൊലീസ്

ബിജെപിയെ കുഴപ്പിച്ച കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ട്വിസ്റ്റ്! പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നതോടെ ധൃതിപിടിച്ച് കേസ് ഫയൽ അടയ്ക്കാൻ ശ്രമം; കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിലെ വൻസ്രാവുകളെല്ലാം രക്ഷപ്പെടും; കുടുങ്ങുന്നത് ക്വട്ടേഷൻ സംഘാംഗങ്ങളും ഡ്രൈവറുടെ സഹായിയും മാത്രം; അബ്കാരിയായ ബിജെപി നേതാവിനെ ചോദ്യം ചെയ്തു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൊടകരയിലെ കുഴൽപ്പണ കവർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ അബ്കാരിയും ബിജെപി നേതാവുമായ ധർമരാജനെ പൊലീസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടുനിന്ന് കാറിൽ പണം കൊടുത്തുവിട്ടത് ധർമരാജനാണെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. കൊടകരയിൽവെച്ച് വാഹനം തട്ടിയെടുത്ത് പണം കവർന്നതായി പൊലീസിൽ പരാതി നൽകിയത് ധർമരാജന്റെ ഡ്രൈവറായ ജംഷീറാണ്. കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു ജംഷീറിന്റെ പരാതി. അതേസമയം, നഷ്ടപ്പെട്ടത് 25 ലക്ഷമാണെന്നത് വ്യാജമാണെന്നും മൂന്നരക്കോടിയോളം രൂപ കാറിൽ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നും എത്തിച്ച കുഴൽപ്പണമാണ് അതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അത് എറണാകുളത്ത് എത്തിക്കാനുള്ള ചുമതല ഉണ്ടായിരുന്നത് ധർമരാജനായിരുന്നു. ധർമരാജന്റെ ഡ്രൈവർ ജംഷീറും സഹായി റഷീദും ചേർന്നാണ് പണം എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി നൽകിയത് ജംഷീറിന്റെ സഹായി റഷീദാണെന്നാണ് പൊലീസ് പറയുന്നത്. കാറിലിരുന്ന് വിവരങ്ങൾ തൽസമയം കവർച്ചാസംഘത്തിന് ഇയാൾ കൈമാറുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ റഷീദ് കുടുംബസമേതം ഒളിവിലാണ്.

എറണാകുളത്തേയ്ക്കായിരുന്നു കുഴൽപ്പണം കൊണ്ടുപോയിരുന്നത്. കോഴിക്കോട്ടും തൃശൂരിലും കുറച്ച് തുക കൈമാറിയിരുന്നു. ബാക്കിയുള്ള തുകയുമായി പോകുമ്പോഴാണ് തൃശൂർ കൊടകര ദേശീയപാതയിൽ പണം കവർന്നത്. കേസിൽ കഴിഞ്ഞ ദിവസം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോർന്നുവെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. അങ്ങനെയാണ്, ഡ്രൈവറുടെ സഹായി ഒറ്റിയതായി പ്രതികൾ തന്നെ പൊലീസിനോട് വെളിപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മുഖ്യപ്രതികളായ രഞ്ജിത്തും അലി സാജനുമായി ഡ്രൈവറുടെ സഹായി റഷീദ് ആശയവിനിമയം നടത്തിയിരുന്നു. തൃശൂരിൽ ഹോട്ടലിൽ രാത്രി തങ്ങിയതും പിറ്റേന്ന് വെളുപ്പിന് യാത്ര പുറപ്പെട്ടതും അപ്പപ്പോൾ തന്നെ കവർച്ചാസംഘത്തെ റഷീദ് അറിയിച്ചതായി പൊലീസ് കണ്ടെത്തി. റഷീദിനെ പിടികൂടാൻ പൊലീസ് സംഘം കോഴിക്കോട്ടെത്തിയെങ്കിലും കുടുംബസമേതം ഒളിവിൽ പോയെന്ന് വ്യക്തമായി. മുഖ്യപ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് റൂറൽ എസ്‌പി.: ജി.പൂങ്കുഴലി പറഞ്ഞു.

അതെസമയം കുഴൽപ്പണ കവർച്ചയുമായി ബന്ധമുള്ള ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള പൊലീസിന്റെ നാടകമാണിതെന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം. കുഴൽപ്പണക്കവർച്ചയിൽ ബിജെപിയുടെ ചില ജില്ലാ നേതാക്കൾക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്കും ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കേസിലെ പൊലീസ് പങ്കും പുറത്തുവരാൻ തുടങ്ങിയപ്പോൾ കേസ് ക്വട്ടേഷൻ സംഘത്തിന്റെ തലയിൽ കെട്ടിവച്ച് ഫയൽ അടയ്ക്കാനുള്ള ശ്രമമാണെന്നാണ് രാഷ്ട്രീയഎതിരാളികൾ ആരോപിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകരയിൽവെച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം തട്ടിയെടുത്തത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകും വഴി തൃശൂരിലെത്തുമ്പോൾ നേരം ഏറെ വൈകിയിരുന്നു. ഇതോടെ കാർ തൃശൂരിലെ പാർട്ടി ഓഫിസിലെത്തി. രാത്രി യാത്ര സാഹസമാണെന്നും വഴിനീളെ പരിശോധനയുണ്ടെന്നും പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് ഇവിടെയുണ്ടായിരുന്ന പാർട്ടി നേതാക്കൾ അന്ന് പോകാൻ അനുവദിച്ചില്ലത്രെ. ഈ നേതാക്കൾ തന്നെയാണ് പണം തട്ടൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നത്.

പണവുമായി പോയ കാർ കൊടകരയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി പണം വെച്ചിരുന്ന കാർ നിർത്തിയപ്പോഴേക്കും ഇടിച്ച കാറിലുണ്ടായിരുന്നവർ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. കൊടകര മേൽപ്പാലം കഴിഞ്ഞയുടൻ പുലർച്ച നാലേ മുക്കാലോടെയായിരുന്നു അപകടം. കാർ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉടമ കൊടകര പൊലീസിൽ നൽകിയ പരാതിയാണ് കോടികളുടെ കുഴൽപ്പണക്കടത്ത് പുറത്ത് വന്നത്. തട്ടിയെടുത്ത കാർ പിന്നീട് ഇരിങ്ങാലക്കുടക്ക് സമീപം കണ്ടെത്തിയിരുന്നു. കാറിന്റെ സീറ്റും ഉൾഭാഗവും നശിപ്പിച്ച നിലയിലാണ്. പരാതിയെത്തിയതോടെ പ്രശ്‌നം തീർക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ലത്രെ.

കൊടകരയിൽ വച്ച് അജ്ഞാതർ തട്ടിയെടുത്ത മൂന്നര കോടി രൂപ ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രേഖകളില്ലാതെ കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പാർട്ടി നേതാക്കൾ തന്നെ വാഹനാപകടമുണ്ടാക്കി പണം തട്ടിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചു. എന്നാൽ വിവരം സംസ്ഥാന നേതാക്കൾ അറിഞ്ഞതോടെ വാർത്ത പുറത്തെത്തിയാലുള്ള ഭവിഷ്യത്ത് ഓർത്ത് ഒത്തുതീർപ്പാക്കുകയായിരുന്നു.  മൂന്നരക്കോടിക്ക് പകരം 25 ലക്ഷം മാത്രം കാണിച്ചാണ് കേസ് അട്ടിമറിക്കുന്നതെന്നും വിവരമുണ്ട്. പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു പ്രമുഖന് കേന്ദ്ര സർവീസിലേയ്ക്ക് പോകുവാനുള്ള ശ്രമങ്ങൾക്ക് ഈ കേസ് വിഘാതമാകാതെ നോക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ബിജെപിക്ക് കേടുപാടുകൾ ഉണ്ടാക്കാതെ ക്വട്ടേഷൻ ടീമിന്റെ തലയിൽ കെട്ടിവച്ച് കേസ് ഒതുക്കിത്തീർക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP