Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം ഒരു കോടി ഡോസ് വാക്സിൻ വാങ്ങും; വാങ്ങുക 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനും; സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം; 15 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

കേരളം ഒരു കോടി ഡോസ് വാക്സിൻ വാങ്ങും; വാങ്ങുക 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനും; സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം; 15 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗബാധ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.

18 വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസം 1 ന് പത്ത് ലക്ഷം വാക്സിൻ വാങ്ങും. വിവിധ വകുപ്പുകളിലെ പണം വാക്സിന് വാങ്ങാനായി നീക്കിവെക്കും. കേന്ദ്രത്തിൽ നിന്നും സൗജന്യമായി കിട്ടാനുള്ള വാക്സിൻ എത്തിക്കാനും ഇതിനൊപ്പം ശ്രമിക്കും.

അതേസമയം വാക്സിൻ വാങ്ങാനായി എത്ര തുക മാറ്റിവെച്ചു എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. വിലനോക്കാതെ വാക്സിൻ വാങ്ങാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. നേരത്തെ രാജ്യത്ത് കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ പ്രാദേശിക ലോക്ഡൗൺ വേണമെന്ന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രംഗത്തുവന്നത്. ഇതനുസരിച്ച് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രാദേശിക ലോക്ഡൗൺ നിയന്ത്രണങ്ങൾ വേണമെന്ന് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യം സങ്കീർണവും അതീവ ഗുരുതരവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളിൽ ലോക്ഡൗൺ നടപ്പിലാക്കാനാണ് നിർദ്ദേശം. ഇത്തരത്തിൽ രാജ്യത്തെ 150 ജില്ലകൾ അടച്ചിടുമെന്നാണ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകൾ എത്രയും വേഗം ഇതനുസരിച്ച് മറുപടി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം. എന്നാൽ, ഈ നിർദ്ദേശമാണ് കേന്ദ്രസർക്കാർ തള്ളിയത്.

കോവിഡ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ജില്ലകളിൽ ലോക്ഡൗൺ വേണമെന്ന് ആരോഗ്യമന്ത്രാലയം കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിൽ പത്തനംതിട്ടയും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനം സ്വമേധയാ ലോക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞത്. ഈ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു മന്ത്രിസഭാ യോഗത്തിലും.

തിരുവനന്തപുരത്ത് 14 ന് മേലാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്. മറ്റുള്ള ജില്ലകളിൽ 20 ന് മുകളിലും. 15 ന് മുകളിൽ പോസിറ്റീവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക്ഡൗൺ കേന്ദ്രം നിർബ്ബന്ധിച്ചാൽ സംസ്ഥാനത്തിന് അനുസരിക്കേണ്ടി വരും. നിലവിൽ കേരളത്തിൽ ടെസ്റ്റ് പോസിറ്റീവിറ്റി 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണമാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം മുമ്പോട്ട് വെച്ചത്.

തുടർച്ചയായി ആറാം ദിവസവും കോവിഡ് പോസിറ്റീവിറ്റി മൂന്ന് ലക്ഷം കടന്നിരിക്കുകയാണെന്നും കഴിഞ്ഞ തവണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗവ്യാപന തോത് കുറയ്ക്കാനായിരുന്നെന്നും വിലയിരുത്തിയാണ് കേന്ദ്ര നീക്കം. വൈറസ് വകഭേദം കൂടി വന്നിരിക്കുന്ന സാഹചര്യത്തിൽ 15 ശതമാനത്തിന് മേൽ പോസിറ്റീവിറ്റി നിരക്ക് വന്നിരിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യം മുഴുവൻ ലോക്ഡൗണിലേക്ക് കൊണ്ടു പോകുന്നതിനോട് മറ്റു മന്ത്രാലയങ്ങൾ അനുകൂലിക്കാതിരുന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുമായി വിശദമായ ചർച്ചയ്ക്ക് ശേഷം മതി അന്തിമ തീരുമാനം എന്ന നിലയിലാണ് കേന്ദ്രം ഇപ്പോൾ എത്തി നിൽക്കുന്നത്. 15 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നില നിൽക്കുന്ന രാജ്യത്തെ 158 ജില്ലകളുടെ പട്ടികയും യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി അവതരിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP