Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർദ്ധരാത്രിയിൽ വേഷം മാറി മുടക്കോഴി മല കയറി കൊടി സുനിയെ സാഹസികമായി കീഴടക്കി; ടിപി വധക്കേസിലും കനകമല ഐസിസ് കേസിലും സ്വർണ കേസിലും കാട്ടിയത് അന്വേഷണ മികവ്; എൻഐഎയിൽ നിന്ന് മടങ്ങിയെത്തിയ പുലിക്കുട്ടിയെ പൂച്ചയായി ഒതുക്കാൻ നിയമനം അക്കാഡമിയിലും; ഷൗക്കത്തലി ഇനി കേരളാ പൊലീസിന്റെ ഭാഗം

അർദ്ധരാത്രിയിൽ വേഷം മാറി മുടക്കോഴി മല കയറി കൊടി സുനിയെ സാഹസികമായി കീഴടക്കി; ടിപി വധക്കേസിലും കനകമല ഐസിസ് കേസിലും സ്വർണ കേസിലും കാട്ടിയത് അന്വേഷണ മികവ്; എൻഐഎയിൽ നിന്ന് മടങ്ങിയെത്തിയ പുലിക്കുട്ടിയെ പൂച്ചയായി ഒതുക്കാൻ നിയമനം അക്കാഡമിയിലും; ഷൗക്കത്തലി ഇനി കേരളാ പൊലീസിന്റെ ഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തി എപി ഷൗക്കത്തലിയെ മൂലയ്ക്കിരുത്തി ഭരണത്തിന്റെ അവസാന നാളിലും പിണറായി സർക്കാരിന്റെ പ്രതികാരം! കേന്ദ്ര ഏജൻസിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഷൗക്കത്തലിക്ക് തൃശൂരിലെ പൊലീസ് അക്കാഡമിയിലാണ് നിയമനം. അതും പൊലീസ് സയൻസിൽ. ഇന്നലെയാണ് ഈ നിയമ ഉത്തരവ് പുറത്തിറക്കിയത്.

ദേശീയ ശ്രദ്ധ ആകർഷിച്ച പല തീവ്രവാദ കേസുകളും അന്വേഷിച്ച എൻഐഎ സംഘാംഗമായിരുന്നു ഷൗക്കത്തലി. കനകമല കേസിലെ പ്രതികളെ പിടികൂടിയതും ഷൗക്കത്തിലിയുടെ മികവായിരുന്നു. എന്നാൽ ടിപി ചന്ദ്രശേഖരന്റെ ഘാതകരെ മുടക്കോഴി മലയിൽ എത്തി പിടിച്ച പൊലീസ് ഓഫീസർ സിപിഎമ്മിന് അത്ര പിടിത്തമുള്ള ആളല്ല. ഇത് മനസ്സിലാക്കിയാണ് ഇടതു ഭരണം വന്നപ്പോൾ എൻഐഎയിലേക്ക് ഷൗക്കത്തലി പോയത്. ഏതാണ്ട് അഞ്ചു കൊല്ലം എൻഐഎയിൽ പ്രവർത്തിച്ചു. എസ് പി റാങ്കിലേക്കും ഉയർന്നു. ഭരണമാറ്റ സാധ്യതകൾ വീണ്ടും ചർച്ചയാകുമ്പോൾ ഷൗക്കത്തലി മടങ്ങിയെത്തുന്നു. സിപിഎമ്മിന്റെ ഹിറ്റ് ലിസ്റ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥരിൽ ആദ്യ പേരുകാരനാണ് ഷൗക്കത്തലി.

ഭരണമാറ്റം ഉണ്ടായാൽ ഈ പേരെടുത്ത അന്വേഷകന് മികച്ച പോസ്റ്റ് കിട്ടും. അല്ലാത്ത പക്ഷം പൊലീസ് അക്കാഡമിയിൽ തന്നെ ക്ലാസ് എടുക്കലുമായും മറ്റും കഴിഞ്ഞു കൂടേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2020 ലെ മെഡൽ 121 പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചപ്പോൾ കേരളത്തിന് അഭിമാനമായി എൻഐഎയിലെ മികവുമായി എ.പി.ഷൗക്കത്തലിയും ഉണ്ടായിരുന്നു. കുറ്റകൃത്യ അന്വേഷണത്തിലുള്ള കഴിവ് പ്രോത്സാഹിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലുള്ള അത്തരം മികവ് അംഗീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2018 മുതൽ മെഡൽ ഏർപ്പെടുത്തിയത്.

സിപിഎമ്മിന്റെ കണ്ണിലെ കരടായ ഷൗക്കത്തലിയാണ് സ്വർണക്കടത്ത് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ. മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ളാറ്റിൽ റെയ്ഡ് നടത്തിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.

പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത ഷൗക്കത്തലി

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ, മുഖ്യപ്രതികളെ സാഹസികമായി പിടികൂടിയ മിടുമിടുക്കൻ. സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയ ടിപി കൊലാപതകത്തിൽ പി.മോഹനനും, പി.കെ.കുഞ്ഞനന്തനും അടക്കമുള്ളവർ പിടിയിലായതും മുടക്കോഴി മലയിലെ പാർട്ടി ഗ്രാമത്തിൽ പോയി ഒളിവിൽ കഴിഞ്ഞിരുന്ന കൊടി സുനിയെ പൊക്കിയതും എല്ലാം ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു.

ടിപി കേസ് അന്വേഷണത്തിന് ശേഷം ഷൗക്കത്തലി ഡപ്യൂട്ടേഷൻ വാങ്ങി ദേശീയ അന്വേഷണ ഏജൻസിയിലേക്ക് കൂടുമാറി. അവിടെയും തിളങ്ങുന്ന നേട്ടങ്ങൾ. പാരീസ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്, പാരീസിലേക്ക് പോയ സംഘത്തിന്റെ നായകനായിരുന്നു ഷൗക്കത്ത് അലി. ആരെയും കൂസാത്ത് ഈ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണൂരിലെ സിപിഎം നേതാക്കളുടെ കണ്ണിലെ കരടാണ്. തലശേരി ഡിവൈ.എസ്‌പിയായിരുന്ന കാലം മുതൽക്കെ ഷൗക്കത്ത് അലി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി തലശേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസിലെത്തി. നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങൾ അന്ന് ചാനലുകളിൽ പ്രചരിച്ചിരുന്നു. സ്വർണക്കടത്ത് കേസിലും ഷൗക്കത്തലിയുടെ സാന്നിധ്യം അന്വേഷണത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ നിർണായകമാകും.

1995 ലെ കേരളപൊലീസ് എസ്‌ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനായാണ് ഷൗക്കത്ത് അലി കേരള പൊലീസിന്റെ ഭാഗമാകുന്നത്. 2014 ൽ തലശ്ശേരി ഡി.വൈ.എസ്‌പി ആയിരിക്കെയാണ് ദേശീയ അന്വേഷണ ഏജൻസിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയത് ഇടതു ഭരണം മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. പലപ്പോഴും ഡെപ്യൂട്ടേഷൻ നീട്ടി എൻ ഐ എയിൽ തന്നെ തുടർന്നതും കേരളത്തിൽ എത്തിയാൽ പ്രധാന പദവികളിൽ നിന്ന് മാറ്റി നിർത്തുമെന്ന തിരിച്ചറിവിലായിരുന്നു.

പാരീസ് ഭീകരാക്രമണവും ഷൗക്കത്തലിയും

2015 നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാൻ മലയാളി ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥരാണ് പാരീസിലെത്തിയത്. കേസ് അന്വേഷണത്തിനു ഫ്രഞ്ച് അന്വേഷണസംഘം എൻഐഎയുടെ സഹായം തേടുകയായിരുന്നു. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ കോയമ്പത്തൂരിൽനിന്നു എൻഐഎ അറസ്റ്റ് ചെയ്ത സുബഹാനി തിരിച്ചറിഞ്ഞിരുന്നു. ഇറാഖിലെത്തിയ സുബഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരർക്കൊപ്പമായിരുന്നു. 2015 നവംബറിൽ പാരിസിലെ തിയറ്ററിൽ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുൽ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്നും സുബഹാനി എൻഐഎയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്.

ഐസിസിന്റെ കേരളത്തിലെ വേരുകൾ കണ്ടെത്തിയത് മലയാളിയും എൻഐഎ ഉദ്യോഗസ്ഥനുമായ എ പി ഷൗക്കത്തലി. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളിൽ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയിൽ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും നിരവധി അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചതും. ഈ അന്വേഷണ മികവാണ് ഷൗക്കത്തിലെ പാരീസിലെത്തിക്കുന്നത്. ഐസിസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രം കേരളമാണ്. മലബാർ കേന്ദ്രീകരിച്ച് നിരവധി സംഘങ്ങളുണ്ട്. ഇവരെ കണ്ടെത്തുകയായിരുന്നു എൻഐഎയുടെ പ്രധാന ലക്ഷ്യം..

ഐഎസ് അനുഭാവികൾ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത് വ്യക്തമായ പദ്ധതികളോടെയായിരുന്നു. സമീർ അലിയെന്ന വ്യാജപേരുള്ള കണ്ണൂർ സ്വദേശി മൻസീദായിരുന്നു സംഘത്തലവൻ. ഈ ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ട എൻ.ഐ.എ തന്ത്രപൂർവ്വം അപേക്ഷ നൽകി പങ്കാളിയാവുകയായിരുന്നു. കേരളത്തിലെ ഇസ്ലാമിലെ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനകളെയും ആളുകളെയും വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അടുത്തറിയാവുന്ന ഷൗക്കത്തലിയുടെ ഇടപെടലുകളിൽ സമീർ അലിയെന്ന മൻസീദായ്ക്ക് ഒരു സംശയവും തോന്നിയില്ല. അങ്ങനെയാണ് കനകമലയിലെ റെയ്ഡ് യാഥാർത്ഥ്യമായത്. മലയുടെ പ്രത്യേകതകൾ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നിൽ നിന്നപ്പോൾ തീവ്രവാദികൾക്ക് രക്ഷപ്പെടാൻ പഴുതുകളില്ലാതെയായി. കേരളാ പൊലീസിലെ മികച്ച അന്വേഷകനെന്ന് പേരെടുത്ത ഷൗക്കത്തലി, ടിപി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് എൻഐഎയിൽ എത്തിയത്.

1995 കേരളാ പൊലീസ് എസ്‌ഐ. ബാച്ചിൽ ഒന്നാം റാങ്കുകാരനാണ് എ.പി. ഷൗക്കത്തലി. കുറ്റാന്വേഷണത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കുടുക്കാനുള്ള തന്ത്രങ്ങൾ ഷൗക്കത്തിലിക്ക് വശമുണ്ട്. ഇത് തന്നെയാണ് കനകമലയിലും തെളിഞ്ഞു നിന്നത്. കേരള പൊലീസിൽ സീനിയർ ഡിവൈ.എസ്‌പി.യായ ഷൗക്കത്തലി അഡീഷണൽ സൂപ്രണ്ട് തസ്തികയിലാണ് എൻഐഎയിൽ എത്തിയത്. ഇതിനിടെയിൽ എസ് പിയായി സംസ്ഥാന സർക്കാർ പ്രെമോഷൻ നൽകി. ഇതോടെ എൻഐഎയിലും എസ് പിയായി. ഷൗക്കത്തലി നേരത്തെ ഐ.എസ്‌ഐ.ടിയിൽ (ഇന്റേണൽ സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻ ടീം) ഡിവൈ.എസ്‌പിയായി പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണു തലശേരി ഡിവൈ.എസ്‌പിയായത്.

മുടക്കോഴിമല ഓപ്പറേഷൻ

2012 ജൂലൈ 14ന് മുടക്കോഴിമലയിൽ വച്ച് ടി.പി. വധക്കേസ് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതിൽ ഷൗക്കത്തലിയുടെ പങ്കു നിർണായകമാണ്. ടിപി കേസിൽ പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കുണ്ടായിരുന്നത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയിൽ അർധരാത്രിയെത്തി സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച വാൾ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്, കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസിൽ കോളിളക്കം സൃഷ്ടിച്ചുനടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. അതുകൊണ്ട് തന്നെയാണ് കേരളാ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എൻ ഐ എയിലേക്ക് പോകാൻ ഷൗക്കത്തലിയെ പ്രേരിപ്പിച്ചത്.

ടിപി കേസ് അന്വേഷണത്തോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി ഷൗക്കത്തലി. ഭരണം റിവന്നാൽ എന്താകും സംഭവിക്കുകയെന്ന് ഷൗക്കത്തലിക്ക് അറിയാമായിരുന്നു. ഇതുകൊണ്ട് കൂടിയാണ് കിട്ടിയ അവസരത്തിൽ ഡെപ്യൂട്ടേഷനുമായി എൻഐഎയിൽ എത്തിയത്. ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ലിസ്റ്റിൽ വന്നതിന്റെ പേരിൽ പ്രമോഷൻ ഇടത് സർക്കാർ തടഞ്ഞത് വലിയ ചർച്ചയായിരുന്നു. രണ്ടരമാസക്കാലമായി തടഞ്ഞുവച്ചിരുന്ന പ്രമോഷൻ കഴിഞ്ഞ മാസമാണ് അംഗീകരിച്ചത്. ടി.പി വധക്കേസ് അന്വേഷിക്കുകയും സിപിഎം ഉന്നത നേതാക്കളുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരികയും ചെയ്താണ് ഷൗക്കത്തലിയുടെ പ്രമോഷൻ നീണ്ടുപോയത്. എൻഐഎയിൽ എത്തിയതോടെ അന്വേഷണാത്മക സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യവും നേടി. കേരളത്തിലെ ഐസിസ് വേരുകൾ കണ്ടെത്തേണ്ട ചുമതലയും വന്നു. മാധ്യമ റിപ്പോർട്ടുകളും മറ്റും പരിശോധിച്ച് കരുതലോടെ കാത്തിരുന്നു. അങ്ങനെയാണ് ഐസിസിന്റെ മലയാളം ഗ്രൂപ്പിലേക്ക് അന്വേഷണമെത്തിയത്. ആർക്കും സംശയം തോന്നാതെ നുഴഞ്ഞു കയറി അവരുടെ ഉദ്ദേശ ലക്ഷ്യങ്ങൾ തടഞ്ഞു.

കനകമലയിലെ ഐഎസ് വേട്ട

കേരളാ പൊലീസുമായും നല്ല ബന്ധം ഷൗക്കത്തലിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പൊലീസുമായി ആശയ വിനിമയവും സുഗമമായി. ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചിയിലെ സമ്മേളന സ്ഥലത്തേക്ക് ടിപ്പർ ഇടിച്ച് കയറ്റുന്നത് സംബന്ധിച്ച ചർച്ച ചോർന്നതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായിരുന്നു. ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താൻ ഇവർ ഒത്തുചേരാൻ തീരുമാനിച്ച സ്ഥലമായിരുന്നു കണ്ണൂരിലെ കനകമല. ഈ വിവരം ചോർത്തിയാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കുടുക്കിയത്. ചാറ്റിങ് ഗ്രൂപ്പിൽ മൊത്തം 12 പേരാണ് അംഗങ്ങൾ. ഇതിൽ പകുതി പേരും രാജ്യത്തിന് പുറത്താണ്. കേരളത്തിലെ 4 പ്രമുഖരെ വധിക്കാനും ഗ്രൂപ്പിലുള്ള ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് എൻഐഎയുടെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രതികളെ പിടികൂടാൻ ഷൗക്കത്തലി കനകമലയിലെത്തിയത്. ഈ വിവരം ചോരാതിരിക്കാനും എല്ലാ മുൻകരുതലുമെടുത്തു. ഇതാണ് ലക്ഷ്യം കണ്ടത്.

കനകമലയിലെ അറസ്റ്റ് ഐസിസ് വേട്ടയിൽ ഏറെ നിർണ്ണായകമായിരുന്നു. 21 മലയാളികൾ ഐസിസിന്റെ ഭാഗമാകാൻ അഫ്്ഗാനിലെത്തിയതായും റിപ്പോർട്ടുകളെത്തി. ഇതും നിരീക്ഷിച്ചിരുന്നത് ഷൗക്കത്തലിയായിരുന്നു. എപ്രകാരമാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നത് അടക്കമുള്ള കാര്യങ്ങളിൽ നിരവധി അവ്യക്തതയുണ്ട്. ഈ സാഹചര്യത്തിലാണ് ഐസിസിൽ പരിശീലന വിഭാഗത്തിലെ പ്രമുഖനായ ഫ്രഞ്ച് തീവ്രവാദിയെ ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത്. ഇതിലൂടെ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. സുബഹാനിയുടെ അറസ്റ്റും നിർണ്ണായക വഴിത്തിരവായിരുന്നു.

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ചെന്നൈ വിമാനത്താവളം വഴിയാണ് സുബഹാനി തുർക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും എത്തിയവരോടൊപ്പം അവിടെ നിന്ന് ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലത്താണ് പാരിസ് ആക്രമണത്തിനു നേതൃത്വം നൽകിയ സലാഹ് അബ്ദുസലാം, അബ്ദുൽ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരിൽ അബ്ദുൽ ഹമീദ് അബൗദ് പാരീസിലെ തിയറ്ററിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സലാഹ് അബ്ദുസലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് ഷൗക്കത്തലിയും സംഘവും പാരീസിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP