Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് നിയന്ത്രണത്തിൽ ലോക മാതൃകയായി എങ്ങും കൈയടിനേടി; ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ സംഭാവന വാങ്ങിയതും കോവിഡ് മരണത്തെ പരിഹസിച്ചതും വിനയായി; ബോറിസ് ജോൺസന് രാജി വയ്ക്കേണ്ട സാഹചര്യം; കിറ്റ് കൊടുത്തതിന്റെ പേരിൽ മേനി നടിച്ച് സർവ്വ തോന്ന്യാസങ്ങളും ചെയ്യുന്ന പിണറായി അറിയാൻ ബ്രിട്ടനിൽ നിന്നൊരു കഥ

കോവിഡ് നിയന്ത്രണത്തിൽ ലോക മാതൃകയായി എങ്ങും കൈയടിനേടി; ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ സംഭാവന വാങ്ങിയതും കോവിഡ് മരണത്തെ പരിഹസിച്ചതും വിനയായി; ബോറിസ് ജോൺസന് രാജി വയ്ക്കേണ്ട സാഹചര്യം; കിറ്റ് കൊടുത്തതിന്റെ പേരിൽ മേനി നടിച്ച് സർവ്വ തോന്ന്യാസങ്ങളും ചെയ്യുന്ന പിണറായി അറിയാൻ ബ്രിട്ടനിൽ നിന്നൊരു കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ''ഒരു മൂന്നാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനേക്കാൾ നല്ലത് ആയിരങ്ങൾ ചത്തുമലർക്കുന്നത് തന്നെയാണ്.'' കോവിഡിന്റെ രണ്ടാംവരവിന്റെ മൂർദ്ധന്യഘട്ടത്തിൽ ബോറിസ് ജോൺസൺ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പറയപ്പെടുന്ന ഈ വാക്കുകൾ ഇന്ന് വൻ വിവാദമാവുകയാണ്. ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമത്തിലാണ് ബോറിസ് ജോൺസൺ ഉദ്യോഗസ്ഥരോട് ഇപ്രകാരം പറഞ്ഞതായി വാർത്തകൾ വന്നത്. ബി ബി സി ഉൾപ്പടെയുള്ള മാധ്യമങ്ങൾ അത് ശരിവയ്ക്കുക കൂടി ചെയ്തതോടെ ഇത് ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെടുന്നതിലേക്ക് നീങ്ങിയിരിക്കുന്നു.

കോവിഡ് കാലത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചുരുക്കം ചില ഭരണാധികാരികളിൽ ഒരാളാണ് ബോറിസ് ജോൺസൺ. വൻ അവകാശവാദങ്ങൾ ഒന്നും തന്നെ ഉയർത്തിയിരുന്നില്ല. തീർത്തും നിശബ്ദമായി, എന്നാൽ ഉറച്ച കാൽവയ്പുകളോടെയായിരുന്നു ബോറിസ് ജോൺസന്റെ ഓരോ ചുവടുവയ്പും. സമൂഹമാധ്യമങ്ങൾ പാടിപ്പുകഴ്‌ത്താൻ ആരാധക വൃന്ദങ്ങൾ ഇല്ലായിരുന്നു. പ്രതിച്ഛായ വർദ്ധിപ്പിക്കുവാൻ, അപദാനങ്ങൾ നാടൊട്ടുക്ക് പാടിനടക്കുവാൻ പണം നൽകി നിർത്തിയ പാണന്മാരും ഉണ്ടായിരുന്നില്ല.

എന്നിട്ടും കോവിഡിനെതിരെയുള്ള യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ചു ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനങ്ങൾ. കർശനമായ ലോക്ക്ഡൗണിനെതിരെ ഭരണകക്ഷി അംഗങ്ങൾ പോലും ശബ്ദമുയർത്തിയപ്പോഴുംതീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ബോറിസ് ജോൺസൺ ചെയ്തത്. രോഗവ്യാപനം കുറഞ്ഞുതുടങ്ങിയ ഘട്ടത്തിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നപ്പോഴും കരുതലോടെ മാത്രമായിരുന്നു അദ്ദേഹം മുന്നോട്ട് നീങ്ങിയത്. ഇത്രയൊക്കെ ചെയ്തിട്ടും ഇതാ ഇപ്പോൾ സ്ഥിതിഗതികൾ അദ്ദേഹത്തിന്റെ രാജിയിലേക്ക് നീങ്ങുകയാണ്.

ദുരന്തങ്ങളിൽ ജനങ്ങൾക്ക് സംരക്ഷണം നൽകുക എന്നത് ഒരു ഭരണാധികാരിയുടെ കടമയാണ്. അതിന്റെ പേരിൽ തോന്ന്യാസങ്ങൾ ചെയ്തുകൂട്ടാൻ അയാൾക്ക് ആരും അധികാരം നൽകിയിട്ടില്ല. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏതൊരു ഭരണാധികാരിയുടെയും ചുമതലയാണ്. അത് ഭംഗിയായി നിർവഹിക്കുക എന്നത് മാത്രമാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരു ഭരണാധികാരിയുടെ കടമ . രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരികളായ ജനങ്ങൾ അയാളെ തെരഞ്ഞെടുത്തിരിക്കുന്നത് അവർക്ക് വേണ്ടി ഇത്തരം ജോലികൾ ചെയ്യുവാനാണ്. അതു ചെയ്യുക, അതിനുള്ള കൂലി വാങ്ങുക അത്രയേയുള്ളു ഒരു ഭരണാധികാരി.

അതല്ലാതെ, താൻ ചെയ്തത് മഹത്തരമായ കാര്യങ്ങളാണെന്ന് കൊട്ടിഘോഷിച്ച്, അതിന്റെ പേരിൽ പല അവിഹിത നടപടികളും ചെയ്തുകൂട്ടുന്നത് ഒരിക്കലും ഒരു ജനാധിപത്യ സമ്പ്രദായത്തിന് അനുയോജ്യമല്ല. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടന് ഇക്കാര്യം മറ്റാരെക്കാൾ നന്നായി അറിയാം. അതാണ് ഇപ്പോൾ, ബോറിസ് ജോൺസനെതിരെ കലാപമുയരുവാനുള്ള കാരണവും.

കോവിഡ് മരണങ്ങളെ പരിഹസിച്ചു എന്നതുമാത്രമല്ല, ബോറിസിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. തന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ കഴിഞ്ഞ വേനല്ക്കാലത്ത് 58,000 പൗണ്ട് ചെലവഴിച്ചതും വിവാദമായിരിക്കുകയാണ്. കാര്യം പ്രധാനമന്ത്രിയാണെങ്കിലും, ഏതൊരു കാര്യവും നിയമപ്രകാരം മാത്രമേ ചെയ്യാവൂ എന്ന് നിർബന്ധം പിടിക്കുന്ന ബ്രിട്ടനിലെ ബ്യുറോക്രസി ബോറിസ് ജോൺസന്റെ ഈ ചെലവ് സർക്കാർ ഖജനാവിൽ നിന്നും നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ഇക്കഥ വിവാദമാകുന്നത്. അവസാനം അദ്ദേഹത്തിന്റെ പാർട്ടിയാണ് ബോറിസിന്റെ രക്ഷയ്ക്കെത്തിയത്. പാർട്ടിക്ക് സ്ഥിരമായി സംഭാവന നൽകുന്ന ഉന്നതന്മാരിൽ നിന്നും പണംവാങ്ങി ഗൃഹം മോടിപിടിപ്പിച്ചതിന്റെ കണക്ക് തേർക്കുകയായിരുന്നു ബോറിസ് ജോൺസൺ.

അതേസമയം, കോവിഡ് മരണവുമായി ബന്ധപ്പെട്ട് ബോറിസ് ജോൺസൺ നടത്തി എന്ന് പറയപ്പെടുന്ന പ്രസ്താവന അവാസ്തവമാണ് എന്നാണ് മന്ത്രിമാർ പറയുന്നത്. ബോറിസ് ജോൺസനും താൻ ഇത്തരത്തിൽ സംസാരിച്ചതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച യോഗത്തിനു ശേഷമാണ് ഏറെ അസ്വസ്ഥനായിരുന്ന ബോറിസ് ജോൺസൺ ഇപ്രകാരം പ്രതികരിച്ചതെന്ന് രണ്ടു സാക്ഷികളെ ഉദ്ദരിച്ച് ഐ ടി വി പറയുന്നു.

നേരത്തേ ലോക്ക്ഡൗൺ സംബന്ധിച്ച വാർത്തകൾ ചോർന്നതിന്റെ പേരിൽ ഡേവിഡ് കമ്മിങ്സിന് തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും, വിവരങ്ങൾ ചോർന്നത് ബോറിസ് ജോൺസന്റെ ഉദ്യോഗസ്ഥ വൃന്ദത്തിലെ ഒരു ഉന്നതനിലൂടെയാണെന്നുമാണ് കമ്മിങ്സ് ആരോപിക്കുന്നത്. ബോറിസ് ജോൺസന്റെ കാമുകി കാരി സിമ്മണ്ട്സിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഈ ഉന്നത ഉദ്യോഗസ്ഥനെന്ന വെളിപ്പെടുത്തലും ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP