Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐഎപിസി അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ്: കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

ഐഎപിസി അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ്: കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒൻപതു മതൽ പന്ത്രണ്ടു വരെ ന്യൂയോർക്കിൽ നടക്കുന്ന അന്താരാഷ്ട്ര മീഡിയാ കോൺഫ്രൻസിന്റെ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി ഐഎപിസി ഡയറക്ടർബോർഡ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയയെ തെരഞ്ഞെടുത്തു. പ്രമുഖമാദ്ധ്യമപ്രവർത്തകരായ പോൾ ഡി. പനയ്ക്കൽ ( കോചെയർമാൻ),  കോരസൺ വർഗീസ് (ജനറൽ കോഓർഡിനേറ്റർ), ജോർജ് കൊട്ടാരം (വൈസ് ചെയർമാൻ) എന്നിവരെയും തെരഞ്ഞെടുത്തു.

അന്താരാഷ്ട്ര മീഡിയാ കോൺഫ്രൻസിന്റെ കോ ഓർഡിനേഷൻകമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജിൻസ്‌മോൻ 12 വർഷമായി പ്രവാസ ലോകത്ത് മാദ്ധ്യമപ്രവർത്തനം നടത്തുന്നയാളാണ്. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ അദ്ദേഹം 250 ഓളം പ്രോഗ്രാമൂകളാണ് ഇവിടെ നിന്നു ചെയ്തിട്ടുള്ളത്. അമേരിക്കയിലെ പതിനെട്ടു വയസിനു താഴെയുള്ള വിദ്യാർത്ഥികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ജയ്ഹിന്ദ് ടിവി സ്റ്റാർസിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു.

കൂടാതെ അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്‌വാർത്തയുടെ ചീഫ് എഡിറ്ററാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒൻപതു വർഷം മുമ്പ് തുടങ്ങിയ അക്ഷരം മാഗസിനും അഞ്ചുവർഷം മുമ്പ് തുടങ്ങിയ ദ ഏഷ്യനിറ മാഗസിനും ഇന്ന് അമേരിക്കയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ ഫോർത്ത് സെയിത്ത് മീഡിയ ഗ്രൂപ്പിന്റെ ഭാഗമാണ്. ഫോർത്ത് സെയിത്ത് മിഡീയ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രമായ ദ സൗത്ത് ഏഷ്യൻ ടൈംസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കൂടിയാണ് ജിൻസ്‌മോൻ സക്കറിയ.

പന്ത്രണ്ടുവർഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷന്റെ ചാർജ് ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. പ്രവാസ പത്രപ്രവർത്തന രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിൻസ്‌മോൻ സക്കറിയ. ഒൻപതുവർഷം മുമ്പ് ആരംഭിച്ച അക്ഷരം മാഗസിനിലൂടെ അദ്ദേഹം പരമ്പരാഗത മാദ്ധ്യമപ്രവർത്തശൈലിതന്നെ പൊളിച്ചേഴുതി. ഇപ്പോൾ മറ്റു പ്രസിദ്ധീകരണങ്ങളും ആ പാതയാണ് പിന്തുടരുന്നത്.

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.  അമേരിക്കയിലും യൂറോപിലുമായി നിരവധി സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ജിൻസ്‌മോൻ സക്കറിയ യൂറോപിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. ഇൻഡോ അമേരിക്കൻ ലോയേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി, ഇൻഡോ അമേരിക്കൻ മലയാളി ചെംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

കോ-ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പോൾ ഡി. പനയ്ക്കൽ സാമൂഹിക സാഹിത്യ പത്രപ്രവർത്തന മേഖലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഹൈസ്‌കൂൾ നാളുകളിൽ ചെറുകഥ എഴുതി തുടങ്ങി. തുടർന്ന് ദീപിക, മലയാള മനോരമ സൺഡേ സപ്ലിമെന്റ് എന്നീ പത്രങ്ങളിൽ സാമൂഹ്യസംബന്ധമായ ലേഖനങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്‌പ്രസ് (ബോംബേ എഡിഷൻ), ന്യൂസ് വീക്ക് (ഇന്റർനാഷ്ണൽ എഡിഷൻ), ഡെർസ്പീഗർ (ജർമനി) എന്നീ ലോകപ്രശസ്ത മാസികകളിലും പത്രങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജർമൻ ബിഷപ്‌സ് കോൺഫറൻസ് ഇന്ത്യക്കാർക്കായി പ്രസിദ്ധീകരിച്ചിരുന്ന എന്റെ ലോകം മാസികയുടെ പത്രാധിപസമിതിയിൽ പത്തുവർഷത്തോളം സേവനം ചെയ്തു. മലയാളം യൂറോപിൽ എന്ന ഗ്രന്ഥം ഡിസി ബുക്‌സ് പ്രസാധനം ചെയ്തു. ഇപ്പോൾ അമേരിക്കയിലെ വിവിധ മലയാളം പത്രങ്ങളിൽ കോളമിസ്റ്റാണ്.

ജർമ്മനിയിൽ റൂർഗെബീറ്റ് കേരള കൾച്ചറൽ സൊസൈറ്റിയിലും അമേരിക്കയിൽ ഇന്ത്യാ കാത്തലിക്ക്  അസോസിയേഷനിലും ഇന്ത്യാ ലാറ്റിൻ കാത്തലിക് അസോസിയേഷനിലും നേതൃത്വം വഹിച്ചിട്ടുണ്ട്. 1994 ൽ കുടുംബസമേതം ന്യൂയോർക്കിലെത്തിയ പോൾ ഡി. പനയ്ക്കൽ നഴിസിങ് ജീവിതമാർഗമായെടുത്തു. ഇപ്പോൾ നഴ്‌സിങ് ഇൻഫോർമാറ്റിക്‌സിൽ ബിരുദമെടുത്ത് നോർത്‌ഷോർ എൽഐജെ ഹെൽത്ത് സിസ്റ്റത്തിൽ ഡയറക്ടർ ഓഫ് പേഷ്യന്റ് കെയർ സർവീസസ് ആയി ജോലി ചെയ്യുന്നു. ലീഡർ ഷിപ്പിനുള്ള അവാർഡ്, ടീം ബിൽഡിംഗിനുള്ള പ്രസിഡൻഷ്യൽ അവാർഡ് നോമിനേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ സൈക്ക്യാട്രിക്ക് നഴ്‌സസ് അസോസിയേഷന്റെ 2015 ലെ ഫ്‌ളോറിഡയിൽ നടക്കുന്ന നാഷ്ണൽ കോൺഫറൻസിൽ ടീം വർക്ക് ഫോർ സക്‌സസ് എന്ന വിഷയം അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൺവൻഷന്റെ ജനറൽ കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കോരസൺ വർഗീസ് വർഷങ്ങളായി പത്രപ്രവർത്തന, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവമാണ്. മനുഷ്യത്വപരമായ ഇടപെടലുകളെപ്പറ്റി ബോധപൂർവം സംവാദം ചെയ്യുന്ന വാൽക്കണ്ണാടി എന്ന ശ്രദ്ധേയമായ കോളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. പന്തളം സ്വദേശിയാണ്. ഗ്രന്ഥകാരനായിരുന്ന സി.കെ. വർഗീസ് ആണ് പിതാവ്. കൊമേഴ്‌സിൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിൽ സാമ്പത്തിക വിഭാഗത്തിൽ ജോലി ചെയ്യുന്നു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗമാണ്.

കൺവൻഷന്റെ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് കൊട്ടാരം പ്രസ്‌ക്ലബിന്റെ ദേശീയ കമ്മിറ്റി അംഗമാണ്. അക്ഷരം മാഗസിന്റെ റിസർച്ച് എഡിറ്ററും ജയ്ഹിന്ദ് വാർത്തയുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമായ ജോർജ് കൊട്ടാരം പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. പ്രവാസി ചാനലിന്റെ റിജണൽ പ്രോഗ്രാം കോഓർഡിനേറ്ററായ അദ്ദേഹം കാത്തലിക് അസോസിയേഷൻ സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കളമശേരി രാജഗിരി കോളജിൽ നിന്നു സോഷ്യോളജിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ജോർജ് അമേരിക്കയിലെ നിരവധി സാമൂഹ്യസാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP