Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപധനാഭ്യർത്ഥനയിൽ കോവിഡ് ഫണ്ട് വിലയിരുത്താൻ ആദ്യം വേണ്ടത് നിയമസഭയുടെ അംഗീകാരം; അതിന് ഗവർണ്ണറുടെ ഒപ്പം അനിവാര്യം; പ്രസിലെ അച്ചടി അടക്കം പൂർത്തിയാക്കി വിജ്ഞാപനം ഇറക്കാൻ ജൂലൈ എങ്കിലും ആകും; ട്രഷറിയിൽ നിന്ന് പണമെടുത്ത് വാക്‌സിൻ വാങ്ങാൻ ഉടനാകില്ല; കഴിഞ്ഞ ബജറ്റിൽ ഐസക് കാട്ടിയത് വൻ മണ്ടത്തരമോ?

ഉപധനാഭ്യർത്ഥനയിൽ കോവിഡ് ഫണ്ട് വിലയിരുത്താൻ ആദ്യം വേണ്ടത് നിയമസഭയുടെ അംഗീകാരം; അതിന് ഗവർണ്ണറുടെ ഒപ്പം അനിവാര്യം; പ്രസിലെ അച്ചടി അടക്കം പൂർത്തിയാക്കി വിജ്ഞാപനം ഇറക്കാൻ ജൂലൈ എങ്കിലും ആകും; ട്രഷറിയിൽ നിന്ന് പണമെടുത്ത് വാക്‌സിൻ വാങ്ങാൻ ഉടനാകില്ല; കഴിഞ്ഞ ബജറ്റിൽ ഐസക് കാട്ടിയത് വൻ മണ്ടത്തരമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് എന്ത് പറഞ്ഞാലും കോവിഡ് വാക്‌സിൻ വാങ്ങാൻ നിലവിലുള്ള ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് പണം വകയിരുത്താത്തത് വലിയ തിരിച്ചടിയാകും. ജൂലൈ മാസമെങ്കിലും ആയാലെ നിലവിലെ നടപടി ക്രമം അനുസരിച്ച് ബജറ്റ് വിഹിതത്തിൽ നിന്ന് കോവിഡ് വാക്‌സിൻ വാങ്ങാൻ തുക വകയിരുത്താൻ കഴിയൂ. ഒരു ഉദ്ദേശ തുകയെങ്കിലും വകയിരുത്തിയിരുന്നുവെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ബജറ്റിൽ കോവിഡ് വാക്‌സിന് തുക വകയിരുത്താതിൽ വിശദ ഫെയ്‌സ് ബുക്ക് പോസ്റ്റ് ധനമന്ത്രി ഇട്ടിരുന്നു. പോസ്റ്റിൽ പറയുന്നതെല്ലാം ശരിയാണെങ്കിലും ധനമന്ത്രിയുടെ ചെറിയ പിഴവു കാരണം കോവിഡ് വാക്‌സിൻ ഉടൻ വാങ്ങാൻ പണം കണ്ടെത്താൻ സർക്കാരിന് കഴിയാതെ വരുമെന്നാണ് വിലയിരുത്തൽ.

ബജറ്റിങ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്‌നമാണിത്. ബജറ്റിൽ രണ്ടു കണക്കുണ്ട്. ഒന്ന്, നിലവിലുള്ള ഹെഡ് ഓഫ് അക്കൗണ്ടുകളിലേയ്ക്കു നീക്കിവെയ്ക്കുന്ന വിഹിതം. രണ്ട്, പ്രസംഗത്തിൽ പറയുന്ന ചെലവുകൾ. പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടില്ലാതെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്ന ചെലവുകൾക്ക് പിന്നീട് ഉപധനാഭ്യർത്ഥനയിലൂടെ പണം അനുവദിക്കുകയെന്നതാണ് സർക്കാരിന്റെ ധനവിനിയോഗ രീതി. കൃത്യമായി എത്ര രൂപ വകയിരുത്തണമെന്ന് അപ്പോഴാണ് തീരുമാനിക്കുക. ബജറ്റ് അംഗീകരിച്ചു എന്നു പറഞ്ഞാൽ ഈ ചെലവും അംഗീകരിച്ചു എന്നാണ് അർത്ഥം. കോവിഡ് വാക്‌സിൻ കേരളീയർക്ക് സൗജന്യമായി നൽകും എന്ന ബജറ്റ് നിർദ്ദേശം സഭ അംഗീകരിച്ചു കഴിഞ്ഞു. ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ എത്ര രൂപ മാറ്റിവെച്ചിരിക്കുന്നു എന്ന ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല. എത്ര രൂപ ആയാലും അതിനൊരു ഹെഡ് ഓഫ് അക്കൗണ്ട് സൃഷ്ടിച്ച് അധിക ധനാഭ്യർത്ഥനയിലൂടെ ആവശ്യമായ സമയത്ത് അത് നിയമസഭ അംഗീകരിക്കും-ഇതാണ് തോമസ് ഐസക് പറയുന്നത്. എന്നാൽ സൗജന്യ വാക്‌സിനുള്ള തുക ബജറ്റിൽ ഉണ്ടായിരുന്നുവെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ വരില്ലായിരുന്നുവെന്നതാണ് വസ്തുത.

മെയ്‌ രണ്ടിന് നിയമസഭയിലേക്കുള്ള ഫലം വരും. അതിവേഗം മന്ത്രിസഭ വരും. ഭരണ തുടർച്ചയുണ്ടായാലും അതും കണക്കിൽ പുതിയ മന്ത്രിസഭയാണ്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മെയ്‌ അവസാനത്തോടെ നിയമസഭയ്ക്ക് ചേരാനാകും. അതിന് ശേഷം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകൾ നടക്കും. സാധാരണ നിലയിൽ സഭ അതോടെ പിരിയും. ജൂൺ പകുതിയോടെ വീണ്ടും സഭ ചേരാനും സാധ്യതയുണ്ട്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെയാകും ഇത് തുടങ്ങുക. നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയാകും ആദ്യ അജണ്ട. അതു കഴിഞ്ഞ് പുതിയ ബജറ്റ് മാറ്റങ്ങളോടെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഭരണമാറ്റം ഉണ്ടായാൽ പുതിയ ബജറ്റ് ഉറപ്പാണ്.

അല്ലാത്ത പക്ഷം ഉപധനാഭ്യർത്ഥനയിലൂടെ കോവിഡ് തുക സഭയിൽ വകയിരുത്തും. ഇത് പിന്നീട് ഗവർണ്ണറുടെ അനുമതിയോടെ എല്ലാ ക്ലിയറൻസും വാങ്ങി വിജ്ഞാപനമായി പുറത്തിറങ്ങണം. ഇതെല്ലാം കൂടി പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടാഴ്ച വേണ്ടിവരും. അതായത് കോവിഡ് വാക്‌സിന് പണം ബജറ്റിലൂടെ കണ്ടെത്താൻ ജൂലൈ വരെ സർക്കാർ കാത്തിരിക്കേണ്ടി വരും. അതായത് അടിയന്തരമായി വാക്‌സിൻ വാങ്ങാൻ ബജറ്റിലെ തുക കേരളത്തിന് ഉപയോഗിക്കാൻ കഴിയാതെ വരും. അതായത് കോവിഡ് വാക്‌സിന്റെ തുക ഐസക്ക് പറഞ്ഞതു പോലെ സപ്ലിമെന്ററിബജറ്റിൽ നിന്ന് ചെലവഴിക്കാൻ സാധിക്കുക ജൂലൈ അവസാനവാരം ആയിരിക്കും.

പ്രഖ്യാപനത്തിൽ ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ ബജറ്റിൽ തന്നെ പുതിയ ശീർഷകം കൊണ്ട് വന്ന് തുക വകയിരുത്തിയാൽ മതിയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു. ഏപ്രിൽ മുതൽ ചെലവ് ചെയ്യാൻ സാധിക്കുമായിരുന്നു. ഇതൊന്നും ചെയ്യാതെ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന മാതിരി ബജറ്റ് ചട്ടങ്ങൾ പാടി നടക്കുകയാണ് ഐസക്ക് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ പറയുന്നു. കോവിഡ് വാക്‌സിന് പണം വകയിരുത്താത ധനമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തിരുന്നു. ഇതിനെ കളിയാക്കി തോമസ് ഐസക് പോസ്റ്റും ഇട്ടു. ഇതിന് ശേഷവും ഐസകിനെ വിമർശിക്കുകയാണ് പ്രതിപക്ഷം.

ബജറ്റിൽ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്‌സിൻ ചലഞ്ച് എന്നാണ് പ്രതിപക്ഷനേതാവിന്റെ എമണ്ടൻ ചോദ്യം. വാക്‌സിൻ വാങ്ങാൻ പണം ഇല്ലേയെന്ന് മാധ്യമങ്ങളും ചോദിക്കുന്നു. വളച്ചുകെട്ടൊന്നും ഇല്ലാതെ നേരെയങ്ങു പറയട്ടേ. ട്രഷറിയിൽ ഇപ്പോൾ ക്യാഷ് ബാലൻസ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്‌സിൻ റെഡ്ഡി ക്യാഷ് നൽകി വാങ്ങാനുള്ള പണം സർക്കാരിന്റെ പക്കലുണ്ട്.
പക്ഷെ മരുന്നു വാങ്ങുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. അവ പൂർത്തീകരിച്ച് കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ അടുത്ത ചോദ്യം പണം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് വാക്‌സിൻ ചലഞ്ച്? ഇപ്പോൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം 1300 കോടി രൂപയെങ്കിലും വാക്‌സിൻ സൗജന്യമായി നൽകാൻ സംസ്ഥാനത്തിനു ചെലവുവരും. അത്രയും പണം ഇപ്പോൾ വകയിരുത്തിയിട്ടില്ല. പക്ഷെ, അതു പ്രശ്‌നമല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണല്ലോ.

അതുകൊണ്ട് നിലവിൽ മരുന്നിനുള്ള ബജറ്റ് ഹെഡ്ഡിനു കീഴിൽ ഇപ്പോഴുള്ള ട്രഷറി ക്യാഷ് ബാലൻസിൽ നിന്ന് അധികച്ചെലവ് നടത്താവുന്നതേയുള്ളൂ. പിന്നീട് നിയമസഭ ചേരുമ്പോൾ ഉപധനാഭ്യർത്ഥനയിലൂടെ സഭയുടെ അംഗീകാരം നേടിയാൽ മതിയാകും. ഇത് അറിയാത്ത ആളാണ് പ്രതിപക്ഷനേതാവ് എന്നു തോന്നുന്നില്ല. പക്ഷെ, അധികച്ചെലവിനുള്ള പണം എവിടെ നിന്നു കണ്ടെത്തും? നമ്മുടെ ബജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടി രൂപയാണ്. അതിൽ ഏതെങ്കിലും ഇനത്തിൽ പണം കുറവുവരുത്തണം. അല്ലെങ്കിൽ അധിക വരുമാനം കണ്ടെത്തണം. കൊവിഡുകാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇതു തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാർ ഈ ആപത്ഘട്ടത്തിൽ പ്രളയകാലത്തെന്നപോലെ നമ്മുടെ സ്വയംരക്ഷയ്ക്ക് സർക്കാരിനോടൊപ്പം ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യർത്ഥന നടത്താതെ തന്നെ സഹായഹസ്തമായി സാധാരണക്കാർ മുന്നോട്ടുവന്നതാണ് വാക്‌സിൻ ചലഞ്ചിന്റെ പ്രത്യേകത. സർക്കാരല്ല, സാധാരണക്കാരാണ് ചലഞ്ച് പ്രഖ്യാപിച്ചത്-ഇതായിരുന്നു ഐസക്കിന്റെ മറുപടി.

അക്കാര്യത്തിൽ ആർക്കും ഒരു ബേജാറും വേണ്ട. ഈ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കും അറിയാത്തവർ പലതും പ്രചരിപ്പിക്കും. കാര്യഗൗരവമുള്ള ആരും അതൊന്നും കണക്കിലെടുക്കില്ല. ഇനിയഥവാ ആരെങ്കിലും ആ പ്രചരണത്തിൽ വീണുപോയി എന്നിരിക്കട്ടെ, അവർക്കും വാക്‌സിൻ സൗജന്യമായിത്തന്നെ ലഭിക്കും. തെറ്റിദ്ധാരണയ്ക്ക് അടിപ്പെട്ടുപോയി എന്നതുകൊണ്ട് വാക്‌സിൻ ഫലപ്രദമാകില്ല എന്നൊന്നുമില്ലല്ലോ. ജനാധിപത്യത്തിൽ കുറച്ചു തെറ്റിദ്ധാരണയൊക്കെ പടരും. അതുപക്ഷേ, കോവിഡ് പോലെ മാരകമൊന്നുമാവില്ലെന്നും ഐസക് വിശദികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP