Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണവായു ലഭിക്കാതെ ശ്വാസം മുട്ടുന്ന തലസ്ഥാനത്തിന് സഹായഹസ്തം നീട്ടി കേരളം; കെജ്രിവാളിന്റെയും മലയാളി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ഡൽഹിക്ക് ഓക്‌സിജൻ നൽകാൻ തയ്യാർ; വെല്ലുവിളി ഓക്‌സിജൻ കേരളത്തിൽ നിന്നും രാജ്യതലസ്ഥാനത്ത് എത്തിക്കൽ; കേരളവും ഡൽഹിയും തമ്മിലുള്ള ആശയവിനിമയം തുടരുന്നു

പ്രണവായു ലഭിക്കാതെ ശ്വാസം മുട്ടുന്ന തലസ്ഥാനത്തിന് സഹായഹസ്തം നീട്ടി കേരളം; കെജ്രിവാളിന്റെയും മലയാളി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ഡൽഹിക്ക് ഓക്‌സിജൻ നൽകാൻ തയ്യാർ; വെല്ലുവിളി ഓക്‌സിജൻ കേരളത്തിൽ നിന്നും രാജ്യതലസ്ഥാനത്ത് എത്തിക്കൽ; കേരളവും ഡൽഹിയും തമ്മിലുള്ള ആശയവിനിമയം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രൂക്ഷമായി പ്രാണവായു കിട്ടാതെ രാജ്യതലസ്ഥാനത്ത് ആളുകൾ പിടഞ്ഞു മരിക്കുമ്പോൾ ഡൽഹിക്ക് സഹായഹസ്തം നീട്ടി കേരളം. ഓക്സിജനുണ്ടെങ്കിൽ നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഡൽഹിയിലെ മലയാളി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് കേരളം സഹായം നൽകാൻ ഒരുങ്ങുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് കൈക്കൊണ്ടതോടെയാണ് ഓക്‌സിജൻ ഡൽഹിക്ക് നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.

അതസമയം ഓക്സിജൻ നൽകാൻ കേരളം സന്നദ്ധമാണെങ്കിലും അതു ഡൽഹിയിലെത്തിക്കലാണ് തങ്ങൾക്കു മുന്നിലുള്ള വെല്ലുവിളി. എങ്ങനെ ഓക്‌സിജൻ എത്തിക്കുമെന്നും അതിനുള്ള ലോജിസ്റ്റിക്കൽ ചെലവ് ആരു വഹിക്കുമെന്നുമുള്ള ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ ഡൽഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടർചർച്ചകൾ നടത്തും. അരവിന്ദ് കെജ്രിവാളിന്റെ കത്തു ലഭിച്ചയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ഓക്‌സിജൻ ലഭ്യമാക്കാനുള്ള സാധ്യതകൾ ആരായണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി അടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.

ചീഫ് സെക്രട്ടറിതല ചർച്ച പുരോഗമിക്കുന്നു. കോവിഡ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ഡൽഹി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കോവിഡ് ഭീതിയുള്ള ഡൽഹിയിൽ ഓക്സിജൻ ലഭ്യമാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡൽഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തിൽ ജനസംസ്‌കൃതി അഭ്യർത്ഥിച്ചു.

ഇതിനു പിന്നാലെ, മലയാളിക്കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർക്ക് ഞായറാഴ്ച കത്തയച്ചു. ഡൽഹിക്ക് അടിയന്തരമായി ഓക്‌സിജൻ ലഭ്യമാക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതായി സംഘടനയുടെ പ്രസിഡന്റ് ദീപ ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള മറുപടി ഇ-മെയിലിൽ ലഭിച്ചു. ഇതിനു പുറമേ, ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയതായും ദീപ അറിയിച്ചു.

രാജ്യത്ത് ഓക്‌സിജൻ അധിക ശേഷിയുള്ള സംസ്ഥാനമാണ് കേരളം. ഓക്സിജൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്സപ്ലോസീന് സേഫ്റ്റി ഓർഗനൈസേഷൻ ( പെസോ).പെസോയും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്നാണ് കേരളത്തിൽ മെഡിക്കൽ ഓക്സിജൻ ലഭ്യത സജ്ജമാക്കിയത്. കേരളത്തിൽ നിലവിൽ കോവിഡ് കേസുകൾ ഉയർന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങൾ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ പറഞ്ഞു. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം തുടരാനാണ് തീരുമാനം. നിലവിൽ ദിവസം 204 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 98.61 ടൺ മെഡിക്കൽ ഓക്സിജനേ ആവശ്യമുള്ളൂ.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ രണ്ട് വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചതാണ് ഈ നേട്ടത്തിനു കാരണമായത്. ഒരു വർഷത്തിലേറെ നീണ്ട ആസൂത്രണപ്രവർത്തനങ്ങളാണ് ഇതിനായി പെസോയും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയത്. 2020 മാർച്ച് 23 ന് ഓക്സിജൻ പ്ലാന്റുകളുടെ ഓൺലൈൻ മീറ്റിങ് പെസോ വിളിച്ചു. കേരളത്തിലുള്ള 11 എയർ സെപ്പറേഷൻ യൂണിറ്റുകളിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഓക്സിജൻ ആവശ്യമായി വരുമെന്നും ഈ ദൗത്യം ഏറ്റെടുക്കണമെന്നും അവരെ ബോധ്യപ്പെടുത്തി.

അങ്ങനെ ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിക്കാൻ തുടങ്ങി. ഇതിനിടയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മൂലം ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാനായില്ല. പെസോ ഇതിനു മുൻകൈയെടുക്കുകയും ആവശ്യമായ യന്ത്ര ഭാഗങ്ങൾ ചെന്നൈയിൽ നിന്നും ഏത്തിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ 11 എയർ സെപ്പറേഷൻ യൂണിറ്റുകളും പ്രവർത്തിച്ചു തുടങ്ങി.

ഓക്സിജൻ ഉൽപാദനം വിതരണം എന്നിവയുടെ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓക്സിജൻ അളവിന്റെ ഡാറ്റ സംബന്ധിച്ച ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. ആരോഗ്യവകുപ്പ് ദിവസേന ഓക്സിജൻ ഓഡിറ്റ് റിപ്പോർട്ട് പെസോയ്ക്ക് കൈമാറി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്സിജൻ സിലിണ്ടർ സപ്ലൈയും വർധിപ്പിച്ചു. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കൽ സിലിണ്ടറുകളാക്കി. നൈട്രജൻ സിലിണ്ടറുകളെയും ഓക്സിജൻ സിലിണ്ടറുകളാക്കി മാറ്റി.

അതേസമയം കോവിഡ്-19 രണ്ടാം തരംഗത്തിൽ രാജ്യത്തെ വിവിധ ആശുപത്രികൾ ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. പിഎം കെയർ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. 'കഴിയുന്നത്ര വേഗത്തിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ ഓക്സിജൻ ദൗർലഭ്യം കുറക്കാൻ ഇത് സാധിക്കും.' പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ 162 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം-കെയർസ് ഫണ്ട് ഈ വർഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു. കടുത്ത ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്ത് പല ആശുപത്രികളിലും പുതുതായി രോഗികളെ പേരവേശിപ്പിക്കുന്നില്ല. അതിനിടെ യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ഓക്സിജനൻ സിലണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കാനുള്ള ശ്രമം നടക്കുന്നതിനിടെ പിടിക്കപ്പെടുകയുണ്ടായി. ഗസ്സിയാബാദിലെ നന്ദി ഗ്രാമിൽ നിന്നും നൂറിലധികം ഓക്‌സിജൻ സിലിണ്ടറുകളാണ് പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതെന്ന് എഎൻഐ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞദിവസം ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്‌സിജൻ സിലിണ്ടറുകൾ പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. 32 വലിയ ഓക്‌സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP