Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാബാദിനെ കീഴടക്കി 'സൂപ്പർ ഡൽഹി'; ഡൽഹി ഹൈദരാബാദിനെ വീഴ്‌ത്തിയത് സീസണിലെ ആദ്യ 'സൂപ്പർ ഓവർ' പോരാട്ടത്തിൽ; ഹൈദരാബാദിന് തിരിച്ചടിയായത് ബാറ്റസ്മാന്മാരുടെ മെല്ലെപ്പോക്ക്; തിങ്കളാഴ്‌ച്ച പഞ്ചാവും കൊൽക്കത്തയും നേർക്കുനേർ

ഹൈദരാബാദിനെ കീഴടക്കി 'സൂപ്പർ ഡൽഹി'; ഡൽഹി ഹൈദരാബാദിനെ വീഴ്‌ത്തിയത് സീസണിലെ ആദ്യ 'സൂപ്പർ ഓവർ' പോരാട്ടത്തിൽ; ഹൈദരാബാദിന് തിരിച്ചടിയായത് ബാറ്റസ്മാന്മാരുടെ മെല്ലെപ്പോക്ക്; തിങ്കളാഴ്‌ച്ച പഞ്ചാവും കൊൽക്കത്തയും നേർക്കുനേർ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎൽ 14ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്‌ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നേടിയത് എട്ടു റൺസ്. ഡൽഹിക്കായി സൂപ്പർ ഓവർ നേരിട്ട ഋഷഭ് പന്തും ശിഖർ ധവാനും അവസാന പന്തിൽ സിംഗിളെടുത്ത് ടീമിന് വിജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളിൽ ഡൽഹിയുടെ നാലാം ജയമാണിത്. ഹൈദരാബാദിന്റെ നാലാം തോൽവിയും.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്യാനെത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ ഞെട്ടിച്ചുകൊണ്ടാണ് ക്രീസിലെത്തിയത്. ഓപ്പണറായെത്തിയ തകർത്തടിച്ച ജോണി ബെയർ‌സ്റ്റോയെ പുറത്തിരുത്തി സൂപ്പർ ഓവർ നേരിടാനെത്തിയത് ക്യാപ്റ്റൻ ഡേവിഡ് വാർണറും കെയ്ൻ വില്യംസനും. അതിലും വലിയ അദ്ഭുതമാണ് ഡൽഹി നായകൻ ഋഷഭ് പന്ത് കാത്തുവച്ചത്. കഗീസോ റബാദയേപ്പോലൊരു ബോളറെ മാറ്റിനിർത്തി സൂപ്പർ ഓവർ എറിയാൻ ഏൽപ്പിച്ചത് കോവിഡ് മുക്തനായെത്തി ആദ്യ മത്സരം കളിക്കുന്ന സ്പിന്നർ അക്ഷർ പട്ടേലിനെ. വില്യംസനെയും വാർണറിനെയും ക്രീസിൽ തളച്ചിട്ട അക്ഷർ ആകെ വഴങ്ങിയത് ഒരേയൊരു ഫോർ സഹിതം എട്ടു റൺസ്.


എട്ട് റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്കായി ശിഖർ ധവാനും ഋഷഭ് പന്തുമാണ് ഓപ്പൺ ചെയ്തത്. റാഷിദ് ഖാൻ സൺറൈസേഴ്സിനായി സൂപ്പർ ഓവർ എറിഞ്ഞു.റാഷിദ് എറിഞ്ഞ ആദ്യ പന്തിലും രണ്ടാം പന്തിലും പന്തും ധവാനും സിംഗിളുകൾ എടുത്തു. മൂന്നാം പന്തിൽ ഋഷഭ് പന്ത് ബൗണ്ടറി നേടിയതോടെ മൂന്ന് പന്തിൽ ഡൽഹിക്ക് ജയിക്കാൻ രണ്ട് റൺസ് മതി എന്ന നിലയിലായി. എന്നാൽ നാലാം പന്തിൽ റാഷിദ് റൺ വഴങ്ങിയില്ല. ഇതോടെ ഡൽഹിയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തിൽ രണ്ട് റൺസ് എന്നായി. അഞ്ചാം പന്തിൽ ലെഗ് ബൈയിലൂടെ പന്ത് ഒരു റൺസ് നേടിയതോടെ അവസാന പന്തിൽ ഒരു റൺസ് എന്ന നിലയിലായി ഡൽഹി. അവസാന പന്തിലും ലെഗ് ബൈയിലൂടെ റൺസ് വന്നതോടെ ആവേശകരമായ മത്സരത്തിൽ ഡൽഹി വിജയം സ്വന്തമാക്കി.

160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സിനായി ജോണി ബെയർസ്റ്റോ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഡേവിഡ് വാർണർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച വാർണർ റൺ ഔട്ടായി. ആറ് റൺസെടുത്ത വാർണർ മടങ്ങുമ്പോൾ 28 ന് 1 എന്ന നിലയിലായി സൺറൈസേഴ്സ്.

ഒരു വിക്കറ്റ് വീണിട്ടും ബെയർസ്റ്റോ കുലുങ്ങിയില്ല. തകർപ്പൻ ഷോട്ടുകളുമായി താരം സൺറൈസേഴ്സ് സ്‌കോർ ഉയർത്തി. വാർണർക്ക് ശേഷം ക്രീസിലെത്തിയ വില്യംസണും നന്നായി ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ 5.2 ഓവറിൽ ടീം സ്‌കോർ 50 കടന്നു.
എന്നാൽ ആറാം ഓവറിലെ നാലാം പന്തിൽ അപകടകാരിയായ ബെയർസ്റ്റോയെ ആവേശ് ഖാൻ ശിഖർ ധവാന്റെ കൈയിലെത്തിച്ചു. വെറും 18 പന്തിൽ നിന്നും 38 റൺസ് നേടിയ ശേഷമാണ് ബെയർസ്റ്റോ ക്രീസ് വിട്ടത്.

ബെയർസ്റ്റോ പുറത്തായെങ്കിലും മറുവശത്ത് മികച്ച ഷോട്ടുകളുമായി വില്യംസൺ കളം നിറഞ്ഞു. എന്നാൽ നാലാമനായി കളിക്കാനെത്തിയ വിരാട് സിങ് 14 പന്തുകളിൽ നിന്നും വെറും നാല് റൺസ് മാത്രമെടുത്ത് പുറത്തായി. ആവേശ ഖാനാണ് താരത്തെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ കേദാർ ജാദവിനെ കൂട്ടുപിടിച്ച് വില്യംസൺ ടീം സ്‌കോർ 100 കടത്തി. പക്ഷേ വെറും 9 റൺസെടുത്ത ജാദവിനെ പുറത്താക്കി അമിത് മിശ്ര കളി ഡൽഹിക്ക് അനുകൂലമാക്കി.

ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും കുലുങ്ങാതെ നിന്ന വില്യംസൺ വൈകാതെ അർധശതകം പൂർത്തിയാക്കി. 42 പന്തുകളിൽ നിന്നാണ് താരം അർധശതകം നേടിയത്. ജാദവിന് പകരം ക്രീസിലെത്തിയ അഭിഷേക ശർമയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ച് റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനെയും വിക്കറ്റിന് മുന്നിൽ കുടുക്കി അക്ഷർ സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കി.

തുടർന്ന് ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് വില്യംസൺ രക്ഷാപ്രവർത്തനം നടത്തി. വലിയ ഷോട്ടുകൾ കളിക്കുന്നതിന് പകരം പരമാവധി ഓടി റൺസ് നേടാനാണ് വില്യംസൺ ശ്രമിച്ചത്. അതിനിടയിൽ വിജയ് ശങ്കറിന്റെ വിക്കറ്റെടുത്ത് ആവേശ് ഖാൻ സൺറൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. വെറും എട്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീട് ക്രീസിലെത്തിയ സുചിത്ത് രണ്ട് ബൗണ്ടറികൾ നേടി സൺ റൈസേഴ്സിന് ആശ്വാസം പകർന്നു. ഇതോടെ അവസാന ഓവറിൽ സൺറൈസേഴ്സിന് വിജയിക്കാൻ 16 റൺസ് എന്ന നിലയിലെത്തി. കഗിസോ റബാദയാണ് അവസാന ഓവർ എറിയാനായി എത്തിയത്. ആദ്യ പന്ത് വൈഡായതോടെ സൺറൈസേഴ്സിന്റെ വിജയലക്ഷ്യം ആറുപന്തിൽ 15 റൺസ് എന്നായി. അടുത്ത പന്തിൽ വില്യംസൺ ബൗണ്ടറി നേടിയതോടെ സൺറൈസേഴ്സ് വിജയത്തിലേക്ക് അടുത്തു. രണ്ടാം പന്തിൽ സൺറൈസേഴ്സിന് ഒരു റൺ ബൈ ആയി ലഭിച്ചു. അവസാന നാലുപന്തുകളിൽ 10 റൺസ് വേണം എന്നിരിക്കേ മൂന്നാം പന്തിൽ ഉഗ്രൻ സിക്സർ നേടി സുചിത്ത് കളി സൺറൈസേഴ്സിന് അനുകൂലമാക്കി. ഇതോടെ മൂന്നു പന്തുകളിൽ വെറും നാല് റൺസ് മാത്രമായി ടീമിന്റെ വിജയലക്ഷ്യം.

നാലാം പന്തിൽ വീണ്ടും ഒരു ബൈ റൺസ് ലഭിച്ചതോടെ വിജയലക്ഷ്യം രണ്ട് പന്തുകളിൽ നിന്നും 3 റൺസ് എന്നായി. വില്യംസണാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം പന്തിൽ വീണ്ടും ബൈ ലഭിച്ചതോടെ സൺറൈസേഴ്സിന് അവസാന പന്തിൽ രണ്ട് റൺസ് എന്നായി വിജയലക്ഷ്യം. അവസാന പന്ത് നേരിട്ട സുചിത്ത് ഒരു റൺസ് നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.51 പന്തുകളിൽ നിന്നും 66 റൺസെടുത്ത വില്യംസണും ആറുപന്തുകളിൽ നിന്നും 14 റൺസ് നേടിയ സുചിത്തും പുറത്താവാതെ നിന്നു

നേരത്തെ അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും 37 റൺസെടുത്ത നായകൻ ഋഷഭ് പന്തിന്റെയും പ്രകടനമികവിലാണ് ഡൽഹി ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. സൺറൈസേഴ്സ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു.ടാസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. പൃഥ്വി ഷാ ആയിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരും ചേർന്ന് ബാറ്റിങ് പവർപ്ലേയിൽ 51 റൺസ് അടിച്ചെടുത്തു.

പത്താം ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്ത് പൃഥ്വി ഷാ അർധസെഞ്ചുറി നേടി. 34 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പക്ഷെ 11-ാം ഓവറിലെ രണ്ടാം പന്തിൽ ശിഖർ ധവാന്റെ കുറ്റി തെറിപ്പിച്ച് റാഷിദ്ഖാൻ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. 28 റൺസെടുത്ത ധവാൻ ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷായ്ക്കൊപ്പം 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്.

ധവാന് പകരം നായകൻ ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാൽ ധവാന് പിന്നാലെ പൃഥ്വി ഷായും പുറത്തായി. 39 പന്തുകളിൽ നിന്നും 53 റൺസെടുത്ത താരത്തെ ഖലീൽ അഹമ്മദ് റൺ ഔട്ടാക്കി. ഓപ്പണർമാർ ഇരുവരും പുറത്തായതോടെ സ്‌കോറിങ് വേഗം കുറഞ്ഞു.ഋഷഭ് പന്തും സ്റ്റീവൻ സ്മിത്തും ചേർന്ന് അതീവശ്രദ്ധയോടെയാണ് കളിച്ചത്. 13.5 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. മോശം പന്തുകൾ തിരഞ്ഞെടുത്ത് ആക്രമിച്ച് കളിച്ച പന്ത് സ്‌കോർ ഉയർത്താൻ ശ്രമിച്ചു. സ്മിത്ത് സിംഗിളുകളിലൂടെ അതിനുള്ള അവസരം പന്തിനൊരുക്കി.

നിരവധി ഫീൽഡിങ് പാളിച്ചകൾ സൺറൈസേഴ്സ് വരുത്തിയത് ഡൽഹിക്ക് ഗുണമായി. സ്മിത്തിന്റെയും പന്തിന്റെയും അനായാസ ക്യാച്ചുകളെല്ലാം സൺറൈസേഴ്സ് ഫീൽഡർമാർ പാഴാക്കി. പന്തും സ്മിത്തും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തി. പിന്നാലെ ഋഷഭ് പന്ത് പുറത്തായി. 27 പന്തുകളിൽ നിന്നും 37 റൺസെടുത്ത താരത്തെ സിദ്ധാർഥ് കൗൾ പുറത്താക്കി. പന്ത് പുറത്താവുമ്പോൾ 142 ന് മൂന്ന് എന്ന നിലയിലായി ഡൽഹി. അതേ ഓവറിലെ അവസാന പന്തിൽ ഹെറ്റ്മയറെ വെറും ഒരു റൺസിന് പുറത്താക്കി സിദ്ധാർഥ് ഡൽഹിയെ തളച്ചു.

മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിൽ വേണ്ട പോലെ റൺസ് ഉയർത്താൻ ഡൽഹിക്ക് കഴിഞ്ഞില്ല. 34 റൺസെടുത്ത സ്റ്റീവ് സ്മിത്തും രണ്ട് റൺസ് നേടിയ സ്റ്റോയിനിസും പുറത്താവാതെ നിന്നു. സൺറൈസേഴ്സിനായി സിദ്ധാർഥ് കൗൾ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ റാഷിദ്ഖാൻ ഒരു വിക്കറ്റ് നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP