Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈക്കമാന്റ് പിന്തുണയോടെ 'വെള്ളിമൂങ്ങ' സ്‌റ്റൈലിൽ ഡൽഹിയിൽ നിന്ന് പറന്നിറങ്ങൽ; എ ഗ്രൂപ്പിൽ സംശയം ഏറെ; കടുംവെട്ടിന്റെ ആശങ്കയിൽ കോൺഗ്രസ്; രണ്ടില തളിർക്കുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്: ക്‌ളൈമാക്‌സിൽ ഇരിക്കൂറിലെ മാമച്ചനാകുമോ സജീവ് ജോസഫ് ?

ഹൈക്കമാന്റ് പിന്തുണയോടെ 'വെള്ളിമൂങ്ങ' സ്‌റ്റൈലിൽ ഡൽഹിയിൽ നിന്ന് പറന്നിറങ്ങൽ; എ ഗ്രൂപ്പിൽ സംശയം ഏറെ; കടുംവെട്ടിന്റെ ആശങ്കയിൽ കോൺഗ്രസ്; രണ്ടില തളിർക്കുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്: ക്‌ളൈമാക്‌സിൽ ഇരിക്കൂറിലെ മാമച്ചനാകുമോ സജീവ് ജോസഫ് ?

അനീഷ് കുമാർ

കണ്ണൂർ: കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായ ഇരിക്കൂറിൽ സ്ഥാനാർത്ഥി നിർണയത്തിൽ മുറിവേറ്റ എഗ്രുപ്പുകാർ കാലുവാരിയോയെന്നത് വോട്ടെണ്ണൽ നടന്നാൽ അറിയാം. എന്തു തന്നെയായാലും ഒരു മുറിച്ചുരികയുടെ പിന്നിൽ നിന്നുള്ള കൂത്ത് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

എ വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ സജീവ് ജോസഫിന് അനുകൂലമായി വോട്ടിങ്ങ് നടന്നിട്ടില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധം കാരണം ഒരു വിഭാഗം പ്രവർത്തകർ വോട്ട് ബഹിഷ്‌കരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇതിനു പുറമേ വോട്ടുചെയ്ത കോൺഗ്രസുകാർ രണ്ടില ചിഹ്നത്തിലേക്ക്മാറ്റി കുത്തുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി കുറ്റിയാനത്തിന്റെ രണ്ടിലയിൽ ഇത്തരം വോട്ടുകൾ വീണാൽ കാര്യങ്ങൾ അട്ടിമറി വിജയത്തിലേക്ക് എത്തും. ഇതോടെ ചരിത്രത്തിലാദ്യമായി ഇരിക്കൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് വെന്നി കൊടി പാറിക്കുകയും ചെയ്യും. എന്നാൽ കോൺഗ്രസിലെ അസ്വാരസ്യങ്ങളുടെ പൊടിയടങ്ങാൻ രാഹുൽ ഗാന്ധിയെത്തിയത് ഗുണം ചെയ്തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഹുലിന്റെ റോഡ് ഷോയിലെ വൻ ജനപങ്കാളിത്തം മണ്ഡലത്തെ ഇളക്കിമറിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു.

എന്നാൽ ഈ സാഹചര്യത്തിലും അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ സജീവ് ജോസഫിന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നുള്ളു. ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെ മുസ്ലിം ലീഗിന്റെ വോട്ടുറപ്പിക്കാമെങ്കിലും കോൺഗ്രസിലെ അടിയൊഴുക്കുകൾ ആരു ജയിക്കണമെന്ന് തീരുമാനിച്ചേക്കാം. ഇരിക്കൂറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരിക്കൂറുകാർ തമ്മിലുള്ള മത്സരം നടക്കുന്നത്. കഴിഞ്ഞ എട്ടു തവണ ഇരിക്കൂറിൽ നിന്നും ജയിച്ചത് കോട്ടയം സ്വദേശിയായ കെ.സി ജോസഫാണ്. എന്നാൽ ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയിരിക്കുന്നത്.

ഇരിക്കൂർ മണ്ഡലംക്കാരൻ തന്നെയായ ഉളിക്കൽ സ്വദേശി അഡ്വ. സജീവ് ജോസഫിനെയാണ്. രണ്ടാം തവണയാണ് നിയമബിരുദധാരിയായ സജീവ് ജോസഫ് മത്സരത്തിനിറങ്ങുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃതലത്തിൽ പ്രവർത്തിച്ച സജീവ് ജോസഫ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അതെ വിശ്വസ്തരിലൊരാളാണ് ഹൈക്കമാൻഡിന്റെ പിൻതുണയോടെയാണ് വെള്ളിമൂങ്ങ സിനിമയിലെ മാമച്ചൻ സ്റ്റൈലിൽ സജീവ് ജോസഫ് ഇരിക്കുറിൽ ഡൽഹിയിൽ നിന്നും പറന്നിറങ്ങി സീറ്റുറപ്പിച്ചത്. അതുവരെ മണ്ഡലത്തിൽ വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ വെട്ടി നിരത്തിയായിരുന്നു സജിയുടെ മാസ് എൻട്രി..

എന്നാൽ ഹൈക്കമാൻഡിൽ വല്യപിടുത്തമുണ്ടെങ്കിലും മണ്ഡലത്തിൽ പ്രവർത്തകർക്കിടെയിൽ ഗ്രിപ്പില്ലാത്തത് സജീവ് ജോസഫിനെ പ്രതികൂലമായി ബാധിക്കുമോയെന്ന കാര്യം കണ്ടറിയണം.കരളുറപ്പ് അൽപ്പം കൂടുതലാണ് മലയോരത്തെ കോൺഗ്രസുകാർക്ക് ഒരാളെ കടും വെട്ട് വെട്ടി നിരത്തണമെന്ന് അവർ തീരുമാനിച്ചാൽ അതു ചെയ്തിരിക്കും. എന്നാൽ പണി കൊടുക്കുന്നതിന്റെ യാതൊരു ഭാവഭേദവും പുറത്തു കാണിക്കുകയുമില്ല.

കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്കിടെയിൽ തങ്ങളുടെ രണ്ടില തളിർക്കുമോയെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.സിപിഐ മത്സരിച്ച സീറ്റ് ഏറ്റെടുത്ത് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതും ഈ കണക്ക് കൂട്ടലുകളോടെ തന്നെയാണ്. കരുവഞ്ചാൽ - വെള്ളാട് സ്വദേശിയായ സജി കുറ്റിയാനിമറ്റം ആദ്യമായാണ് ജനവിധി തേടുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന നേതാവായ സജി ജോസ് കെ മാണിയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും തളിപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.

വ്യക്തിപരമായ ഒട്ടേറെ ബന്ധങ്ങൾ സജി കുറ്റിയാനി മറ്റത്തിന് മണ്ഡലത്തിലുണ്ട്. രാഷ്ട്രീയത്തിനതീതമായി വിപുലമായ സൗഹൃദവുമുണ്ട്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ തർക്കം തെരുവിലെത്തിയപ്പോഴെക്കും സജി കുറ്റിയാനിമറ്റം ഒന്നാംഘട്ടം പ്രചരണം നടത്തിയിരുന്നു. ഈ മേൽ കൈ നിലനിർ ഞാൻ കഴിഞ്ഞാൽ ഇക്കുറി ഇരിക്കൂറിൽ രണ്ടില വിരിയുമെന്നാണ് എൽ.ഡി.എഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്.

കാർത്തികപുരം സ്വദേശിനിയും അദ്ധ്യാപികയുമായ ആനിയമ്മ രാജേന്ദ്രനാണ് (52) എൻ.ഡി.എ സ്ഥാനാർത്ഥി. രണ്ടാം തവണയാണ് ഇവർ മത്സര രംഗത്തിറങ്ങുന്നത്. ബിജെപി സംസ്ഥാന സമിതിയംഗമാണ് ആനിയമ്മ. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നായ ഇരിക്കൂറിൽ 1,94,966 വോട്ടർമാരാണുള്ളത്. ഇതിൽ 98,809 സ്ത്രീകളും 96156 പുരുഷന്മാരുമാണ്. ഒരു ട്രാൻസ് ജെൻഡറും ഇവിടെ വോട്ടറായിട്ടുണ്ട്.

കേരള - കർണാടക അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന കണ്ണൂരിന്റെ കിഴക്കൻ മലയോര മേഖലയായ ഇരിക്കൂർ കുടിയേറ്റ കർഷകരുടെ ആവാസഭൂമിയാണ്. ശ്രീകണ്ഠാപുരം നഗരസഭ, ഉദയഗിരി, ആലക്കോട്, നടുവിൽ, എരുവേശി ചെങ്ങളായി, പയ്യാവൂർ, ഉളിക്കൽ, ഇരിക്കൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് ഇരിക്കൂർ മണ്ഡലം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP