Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരിക്കൂരിലെ ഓപ്പറേഷൻ ചാണ്ടി ഗ്രൂപ്പിനെ തകർത്തു; എ വിഭാഗക്കാർ നിലനിൽപ്പിനായി ചാടുന്നത് കെസി പക്ഷത്തേക്ക്; പാച്ചേനിക്കും കൂടുതൽ താൽപ്പര്യം എഐസിസി നേതാവിനോട്; സുധാകരനെ വെട്ടി കണ്ണൂരിലെ ഒന്നാമനാകാൻ വേണുഗോപാൽ; വടക്കൻ മലബാറിലെ കോൺഗ്രസിൽ കെസി ഗ്രൂപ്പ് പിടിമുറുക്കുമ്പോൾ

ഇരിക്കൂരിലെ ഓപ്പറേഷൻ ചാണ്ടി ഗ്രൂപ്പിനെ തകർത്തു; എ വിഭാഗക്കാർ നിലനിൽപ്പിനായി ചാടുന്നത് കെസി പക്ഷത്തേക്ക്; പാച്ചേനിക്കും കൂടുതൽ താൽപ്പര്യം എഐസിസി നേതാവിനോട്; സുധാകരനെ വെട്ടി കണ്ണൂരിലെ ഒന്നാമനാകാൻ വേണുഗോപാൽ; വടക്കൻ മലബാറിലെ കോൺഗ്രസിൽ കെസി ഗ്രൂപ്പ് പിടിമുറുക്കുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: വടക്കെ മലബാറിൽ കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നവർ കോൺഗ്രസിൽ ശക്തമായ സാന്നിധ്യമാകുന്നു. ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ മാറ്റമാണ് കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നവരുടെ കേന്ദ്രീകരണം ശക്തമാക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ കെ.സുധാകരൻ നേതൃത്വം നൽകുന്ന വിശാല ഐ വിഭാഗത്തിനാണ് മേധാവിത്വമെങ്കിലും പഴയ കെട്ടുറുപ്പ് ഈ വിഭാഗത്തിനില്ല ഇതു കൂടാതെ എവിഭാഗത്തിൽ നിന്നും വലിയൊരു വിഭാഗമാളുകൾ കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന മൂന്നാം ഗ്രൂപ്പിൽ എത്തിയിട്ടുണ്ട്.

അതു കൊണ്ടു തന്നെ സുധാകരവിഭാഗത്തിന് വെല്ലുവിളി ഉയരാൻ പോവുക പഴയ എ വിഭാഗത്തിൽ നിന്നല്ല കെ.സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നായിരിക്കും. തനിക്ക് കണ്ണൂരിൽ പ്രത്യേക താൽപ്പര്യമില്ലെന്ന് എപ്പോഴും പറയാറുള്ള കെ.സി വേണുഗോപാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കൃത്യമായി ഇടപെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാനും കണ്ണുർ മണ്ഡലത്തിൽ സതീശൻ പാച്ചേനിക്ക് സീറ്റുറപ്പിക്കാനും കെ.സി വേണുഗോപാലിന് കഴിഞ്ഞു.

എ വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് ഇരിക്കുറിൽ കെ.സി ജോസഫ് എംഎ‍ൽഎയുടെ നോമിനിയായ സോണി സെബാസ്റ്റ്യനെ കെ.സി വേണുഗോപാൽ വെട്ടിനിരത്തിയത്. അതിനായി എ.വിഭാഗത്തിലെ അന്തച്ഛിദ്രങ്ങൾ കരുവാക്കുകയും ചെയ്തു. സോണി സെബാസ്റ്റ്യനെക്കാളും വിജയ സാധ്യത സജീവ് ജോസഫിനാണെന്നാണ് കെ.സി വേണുഗോപാൽ എ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും കെ .സി ജോസഫിനെയും തർക്കമുണ്ടായപ്പോൾ അറിയിച്ചത്. ഈ വിഷയത്തിൽ ഹൈക്കമാൻഡിന്റെ സർവ്വേ റിപ്പോർട്ട് സജീവ് ജോസഫിന് അനുകൂലമാണെന്നും കെ.സി തീരുമാനത്തെ എതിർത്ത നേതാക്കളെ അറിയിച്ചു.

ഇതോടെ എപ്പോഴും തോൽക്കുന്ന കല്യാശേരിയിലും പയ്യന്നൂരും എ വിഭാഗത്തിന് ഒതുങ്ങേണ്ടി വന്നു. കണ്ണുരും പേരാവുരും സുധാകരൻ കൊണ്ടുപോയപ്പോൾ വിജയ സാധ്യതയുള്ള ഇരിക്കുർ തങ്ങളിൽ നിന്നും നഷ്ടപ്പെട്ടത് എ ഗ്രൂപ്പിന് തലയ്‌ക്കേറ്റ അടിയായി മാറിയിട്ടുണ്ട്. ഇതോടെ തങ്ങളുടെ കാലടിയിലെ മണ്ണൊലിച്ചു പോവുകയാണെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നുണ്ട്. നേതാക്കളോരോരുത്തരും മറുകണ്ടം ചാടി കൊണ്ടിരിക്കുകയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സതീശൻ പാച്ചേനി മറുകണ്ടം ചാടി. കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ച് തോറ്റു. എങ്കിലും സുധാകരന്റെ പിൻതുണയോടെ ഡി.സി.സി പ്രസിഡന്റായി. പാച്ചേനി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചതും സുധാകരവിഭാഗത്തിൽ നിന്നു തന്നെയാണ്. എന്നാൽ കെ.സി വേണുഗോപാലിന്റെ അകമൊഴിഞ്ഞ പിൻതുണയും കണ്ണൂർ മണ്ഡലത്തിൽ സീറ്റുറപ്പിക്കാൻ സതീശൻ പാച്ചേനിക്ക് കഴിഞ്ഞു.

എന്നാൽ മറുപക്ഷത്ത് പി.രാമകൃഷ്ണനും കെ.പി നുറുദ്ദീനുമില്ലാത്ത എ ഗ്രൂപ്പ് ചിന്നഭിന്നമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി കെ.സി ജോസഫ് ഇരിക്കൂറിൽ നിന്നും പോയതോടെ'ചില യൂത്തന്മാരിലും പ്രാദേശിക നേതാക്കളിലും എ ഗ്രൂപ്പ് ഒതുങ്ങിയിട്ടുണ്ട്. മലയോരത്ത് എ ഗ്രുപ്പിന്റെ തട്ടകമായ ഇരിക്കൂറിൽ രണ്ട് പ്രധാന നേതാക്കളായ യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യുവും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും പരസ്പരം പാര വെച്ച് അകന്നത് എ ഗ്രൂപ്പിന് ക്ഷീണമായിട്ടുണ്ട്. ഇനി പഴയതുപോലെ എ ഗ്രൂപ്പിന്റെ പ്രതാപകാലം ഉണ്ടാവില്ലെന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ടായിരിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സോണി യോടൊപ്പം സീറ്റു നിഷേധിച്ചതിനെതിരെ യുദ്ധം ചെയ്ത പി.ടി മാത്യു ഫെയ്‌സ് ബുക്ക് വ്യാജ അക്കൗണ്ടുപയോഗിച്ച് സോണിയെ അഴിമതിക്കാരനെന്ന് അപകീർത്തിപ്പെടുത്തുകയും ചെയ്തു.മാനസികപരമായി ഇരുനേതാക്കളും ഇപ്പോൾ അകന്നു കഴിഞ്ഞിരിക്കുകയാണ്. സജീവ് ജോസഫ് വഴി കെ.സി വേണുഗോപാലിന്റെ പാളയത്തിലെത്തിയിരിക്കുകയാണ് മാത്യു. ഉമ്മൻ ചാണ്ടിക്കും കെ.സി ജോസഫിനും തങ്ങളെ ഇനിയും സംരക്ഷിക്കാനാവില്ലെന്ന വിശ്വാസം കണ്ണൂരിലെ എ വിഭാഗം നേതാക്കൾക്കുണ്ട്.

ഇരിക്കുർ സീറ്റു നിഷേധം എ ഗ്രൂപ്പിന്റെ അടിവേരിളക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലർക്കും സുധാകര ഗ്രൂപ്പിലേക്ക് പോകാനും താൽപ്പര്യമില്ല. അതു കൊണ്ടു തന്നെ പാർട്ടിയിൽ സർവ്വശക്തനായ കെ.സി വേണുഗോപാലിനൊപ്പം നേതാക്കളുടെ ഒഴുക്ക് തുടർന്ന് കൊണ്ടിരിക്കുകയാണ്. വൈകാതെ കണ്ണുരിൽ എ വിഭാഗം ഇല്ലാതാവുകയും കെ .സി വേണുഗോപാൽ വിഭാഗം രണ്ടാം നിരയിലേക്ക് വരികയും ചെയ്യും. ഇപ്പോൾ തന്നെ തലശേരി മേഖലയിലെ വലിയൊരു വിഭാഗം നേതാക്കൾ കെ.സി വേണുഗോപാലിനൊപ്പമാണ്. സജീവ് മാറോളിയുൾപ്പെടെയുള്ള നേതാക്കൾ വേണുഗോപാൽ ഗ്രുപ്പിന്റെ ശക്തരായ വക്താക്കളാണ്.

കണ്ണൂരിൽ മാത്രമല്ല കാസർകോട്ടും വയനാടും കെ .സി വേണുഗോപാലിനെ അനുകൂലിക്കുന്നവർ കൂടി വരികയാണ്. കണ്ണുരിൽ കെ.സുധാകരവിഭാഗത്തിന് കടുത്ത ഭീഷണിയാണ് കെ.സി വേണുഗോപാൽ ഗ്രുപ്പ്. കണ്ണുരിൽ നിന്നും ഓടിച്ചു വിട്ട കെ.സി വേണുഗോപാൽ എ ഐ.സി.സി നേതൃനിരയിലേക്ക് ഉയർന്നത് കെ.സുധാകരനാണ് കടുത്ത തിരിച്ചടിയായത്. കെപിസിസി അധ്യക്ഷന്റെ കുപ്പായം തുന്നി വെച്ചിട്ട് സുധാകരൻ കാലമേറെയായെങ്കിലും ഡൽഹിയിൽ നിന്നും കെ.സി കൊടുക്കുന്ന പണിയിൽ സുധാകരൻ തെറിച്ചു പോവുകയായിരുന്നു. ഇതോടെയാണ് ഇരിക്കൂർ വിഷയത്തിൽ ഉത്തരവാദി കെ.സി വേണുഗോപാലാണെന്ന് സുധാകരൻ തുറന്നടിച്ചത്.

എന്തു തന്നെയായാലും കെ.സി വേണുഗോപാൽ ഡൽഹി എഐ.സി.സി ഓഫിസിൽ ഇരിക്കുന്ന കാലത്തോളം സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന കാര്യം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോവുന്നത്ര ദുഷ്‌കരമാണ്. എന്നാൽ കണ്ണൂരിൽ ഉൾപ്പെടെയുള്ള മുഴുവൻ ജില്ലകളിലും തന്റെ ഗ്രുപ്പുണ്ടാക്കി സംഘടനയിൽ മേധാവിത്വം പുലർത്താനും കെ.സി വേണുഗോപാൽ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യം കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിക്കുന്നുണ്ടെന്നു മാത്രമല്ല പഴയ ഗ്രൂപ്പുമേധാവിത്വങ്ങളിൽ കാതലായ മാറ്റങ്ങളും സൃഷ്ടിക്കുകയാണ്. തന്റെ പിൻതുണയ്ക്കുന്നവരെ ഏതുവിധേനയും സംരക്ഷിക്കുകയും അവരെ പാർട്ടിയിലും അധികാരസ്ഥാനങ്ങളിലും എത്തിക്കുന്നതിനായി മുൻകൈയെടുക്കുകയും ചെയ്യുന്ന രീതിയാണ് കെ സി വേണുഗോപാലിന്റെത്.

ഗ്രാമ പഞ്ചായത്തു മുതൽ നിയമ സഭ വരെ തന്നോടൊപ്പം നിൽക്കുന്നവർക്ക് സീറ്റ് വാങ്ങി കൊടുക്കാൻ കെ.സി വേണുഗോപാലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വ്യക്തമായ തളർച്ചയുടെ ലക്ഷണം കാണിക്കുന്ന എ ഗ്രൂപ്പിലെ നേതാക്കൾ കടുത്ത നിരാശയിലാണ്. ഉമ്മൻ ചാണ്ടിക്ക് പാർട്ടിയിൽ വീറ്റോ പവർ കുറയുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സുധാകരൻ നേതൃത്വം നൽകുന്ന വിശാല ഐ ഗ്രുപ്പിനെയാകട്ടെ ഒരു വിഭാഗം നേതാക്കൾ മാത്രമാണ് നിയന്ത്രിക്കുന്നത്. ഇതു കാരണമാണ് കോൺഗ്രസിൽ കെ.സി വേണുഗോപാൽ ഗ്രുപ്പിലേക്ക് കൂടുതൽ നേതാക്കൾ ഒഴുകിയെത്താൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP