Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവാക്‌സിനും പൊള്ളുന്ന വില പ്രഖ്യാപിച്ചതോടെ കേരളം ഏത് വാക്‌സിൻ വാങ്ങും? കോവിഷീൽഡിന് തന്നെ മുൻഗണന; ഉൽപ്പാദകരുമായി നാളെ ചർച്ച; വാങ്ങേണ്ടത് മൂന്ന് കോടി വാക്‌സിൻ; ചെലവാക്കേണ്ടത് 1200 കോടി രൂപ; പ്രതിദിനം 3.50 ലക്ഷം പേർക്ക് വാക്‌സീൻ നൽകാൻ സൗകര്യം ഉണ്ടെങ്കിലും വാക്‌സിൻ ക്ഷാമത്താൽ സാധിക്കുന്നില്ല

കോവാക്‌സിനും പൊള്ളുന്ന വില പ്രഖ്യാപിച്ചതോടെ കേരളം ഏത് വാക്‌സിൻ വാങ്ങും? കോവിഷീൽഡിന് തന്നെ മുൻഗണന; ഉൽപ്പാദകരുമായി നാളെ ചർച്ച; വാങ്ങേണ്ടത് മൂന്ന് കോടി വാക്‌സിൻ; ചെലവാക്കേണ്ടത് 1200 കോടി രൂപ; പ്രതിദിനം 3.50 ലക്ഷം പേർക്ക് വാക്‌സീൻ നൽകാൻ സൗകര്യം ഉണ്ടെങ്കിലും വാക്‌സിൻ ക്ഷാമത്താൽ സാധിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങണം എന്ന കേന്ദ്രസർക്കാർ നയം കേരളത്തിന് അടക്കം വലിയ ബാധ്യതകളാണ് വരുത്തി വെക്കുന്നത്. കേരളത്തിൽ ഇത് വാക്‌സിൻ ക്ഷാമത്തിനും ഇടയാക്കിയിട്ടുണ്ട്. എന്തായാലും വാക്‌സിൻ വാങ്ങാനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കയാണ് സംസ്ഥാനം. കോവിഡ് വാക്‌സീൻ ഉൽപാദകരിൽനിന്നു സംസ്ഥാനം നേരിട്ട് വാക്‌സീൻ വാങ്ങുന്നതിനുള്ള ചർച്ച നാളെ ആരംഭിക്കും. ചീഫ് സെക്രട്ടറി വി.പി. ജോയി, ധന, ആരോഗ്യ വകുപ്പ് മേധാവികളായ ആർ.കെ. സിങ്, രാജൻ ഖോബ്രഗഡെ എന്നിവരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോവാക്‌സിനും പൊള്ളുന്ന വിലയാണ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. 600 രൂപയ്ക്കാണ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് വിൽക്കുകയെന്നാണ് ഉൽപ്പാദകർ വ്യക്തമാക്കിയത്. ഈ പശ്ചാത്തലത്തിൽ കോവിഷീൽഡ് തന്നെയാകും സംസ്ഥാനം വാങ്ങുക. സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് വാക്‌സീന് 400 രൂപയാണ് കോവിഷീൽഡ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് വിലയിട്ടത്. സംസ്ഥാനത്തിന് ഏറെയും ലഭിക്കുന്നത് കോവിഷീൽഡാണ്. അതിനാൽ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കാനാണു ശ്രമം. വാക്‌സീൻ ലഭിക്കുന്ന സമയക്രമവും വിതരണവുമാണു പ്രധാനമായും തീരുമാനിക്കേണ്ടത്.

നിലവിൽ പ്രതിദിനം 3.50 ലക്ഷം പേർക്ക് വാക്‌സീൻ നൽകാനുള്ള സൗകര്യമുണ്ട്. എന്നാൽ വാക്‌സീൻ ദൗർലഭ്യം കാരണം ഈ ലക്ഷ്യത്തിൽ എത്താൻ സാധിക്കുന്നില്ല. 18നും 45നും മധ്യേയുള്ളവരിൽ രോഗങ്ങളുള്ളവർക്കു മാത്രം ആദ്യം വാക്‌സീൻ നൽകും. സംസ്ഥാനത്തു നിലവിൽ 2 കോടി ഡോസ് വാക്‌സീൻ സംഭരിക്കാനുള്ള സൗകര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചു. കുട്ടികൾക്കു നൽകുന്ന വാക്‌സീനുകളും മരുന്നുകളും സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഒരേ സമയം 50 ലക്ഷത്തിലേറെ ഡോസ് കോവിഡ് വാക്‌സീൻ സൂക്ഷിക്കാനാകും.

അതേസമയം മെയ്‌ 1 മുതൽ 18 മുതൽ 45 വയസ്സുവരെയുള്ള 1.56 കോടി ആളുകൾക്കു നൽകേണ്ട വാക്‌സീനാണു സംസ്ഥാനം പണം നൽകി വാങ്ങേണ്ടത്. ഈ വിഭാഗത്തിലും കുറേ പേർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കും. ഇവരെ ഒഴിവാക്കിയാലും ബാക്കിയുള്ളവർക്കായി കോവിഷീൽഡ് പ്രഖ്യാപിച്ച വില അനുസരിച്ച് 2 ഡോസ് വാക്‌സീൻ വാങ്ങാൻ 1200 കോടി രൂപ ചെലവാകും.

അതേസമയം, ഇതിനകം വാക്‌സിനേഷൻ ആരംഭിച്ച എല്ലാ വിഭാഗത്തിനും കേന്ദ്രം സൗജന്യമായി വാക്‌സീൻ നൽകും. 45 വയസ്സിനു മുകളിലുള്ള 1.13 കോടി ആളുകൾ, 4.98 ലക്ഷം ആരോഗ്യപ്രവർത്തകർ, 4.78 ലക്ഷം കോവിഡ് മുന്നണിപ്പോരാളികൾ എന്നീ വിഭാഗങ്ങൾക്കാണു കേന്ദ്രത്തിന്റെ വാക്‌സീൻ ലഭിക്കുന്നത്. ആരോഗ്യപ്രവർത്തകരിൽ 26 ശതമാനത്തിനും മുന്നണിപ്പോരാളികളിൽ 36 ശതമാനത്തിനും രണ്ടാം ഡോസ് ലഭിക്കാനുണ്ട്. 45 വയസ്സ് കഴിഞ്ഞവരിൽ 59 ശതമാനത്തിന് ഇനിയും ആദ്യ ഡോസ് വാക്‌സീൻ നൽകിയിട്ടില്ല.

വാക്‌സിനേഷൻ: രക്തലഭ്യതക്ക് കുറവില്ലെന്ന് ആരോഗ്യവകുപ്പ്

കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി സംസ്ഥാനത്തു ചികിത്സയ്ക്കു വേണ്ട രക്തത്തിന്റെ ലഭ്യതയ്ക്കു പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. 18 വയസ്സ് കഴിഞ്ഞവർക്കു വാക്‌സിനേഷൻ ആരംഭിക്കുന്നതിനാൽ രക്തം കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്ന പ്രചാരണത്തിനിടെയാണു വിശദീകരണം.

നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ നിർദ്ദേശം തെറ്റായി വ്യാഖ്യാനിച്ചതാണ് ആശങ്ക സൃഷ്ടിക്കുന്നത്. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം നടത്താൻ പാടുള്ളൂവെന്ന ധാരണ ശരിയല്ലെന്നു സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ ഡോ.ആർ.രമേശ് പറഞ്ഞു. ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ച് 28 ദിവസം കഴിഞ്ഞു രക്തദാനം നടത്താം. രണ്ടാം ഡോസ് എടുത്താലും ഇങ്ങനെയാണു വേണ്ടത്.

സംസ്ഥാനത്തു വർഷം ശരാശരി 5 ലക്ഷം യൂണിറ്റ് രക്തമാണു വേണ്ടത്. 350 മില്ലി ലീറ്റർ, 400 മില്ലി ലീറ്റർ ബാഗുകളെയാണ് യൂണിറ്റായി കണക്കാക്കുന്നത്. ഭൂരിഭാഗം പേരിൽ നിന്നും 350 മില്ലി ലീറ്റർ രക്തമാണ് എടുക്കുന്നത്. ഇപ്പോൾ രോഗികൾക്കും പരുക്കേറ്റവർക്കും രക്തം അതേപടി നൽകുന്നില്ല. രക്തത്തിന്റെ ഘടകങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇതിൽ റെഡ് ബ്ലഡ്‌സെൽസും (പാക്ക്ഡ് ആർബിസി) പ്ലേറ്റ്ലെറ്റ്‌സും ആണു കൂടുതൽ വേണ്ടത്.

പ്ലേറ്റ്ലെറ്റ്‌സ് 3 മുതൽ 5 ദിവസം വരെയും ആർബിസി 35 ദിവസം വരെയും മാത്രമേ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്ലാസ്മയും ക്രയോപ്രസിപ്പിറ്റേറ്റും ഒരു വർഷംവരെ സൂക്ഷിക്കാം. അതിനാൽ എല്ലാവരും രക്തദാനത്തിനു തിരക്കു കൂട്ടിയാലും അതിലെ ഘടകങ്ങൾ ഏറെ നാൾ സൂക്ഷിക്കാനാവില്ല. ആവശ്യത്തിനനുസരിച്ചാണു രക്തം ദാനം ചെയ്യേണ്ടത്. 18 മുതൽ 60 വയസ്സ് വരെയുള്ളവരിൽ മതിയായ ആരോഗ്യമുള്ളവർ വാക്‌സീൻ സ്വീകരിക്കുന്നതിന് ഒരാഴ്ച മുൻപു രക്തം ദാനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP