Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി; മൽപ്പിടുത്തത്തിലൂടെ കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കാൻ ബോധരഹിതനായി അഭിനയവും; കോഴിക്കോട് കല്ലായിയിൽ സ്വർണ്ണ വ്യാപാരിയുടെ ഫ്‌ളാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഫ്‌ളാറ്റ് ജീവനക്കാരൻ അടക്കം രണ്ടുപ്രതികൾ പിടിയിൽ

സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി; മൽപ്പിടുത്തത്തിലൂടെ കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കാൻ ബോധരഹിതനായി അഭിനയവും; കോഴിക്കോട് കല്ലായിയിൽ സ്വർണ്ണ വ്യാപാരിയുടെ ഫ്‌ളാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഫ്‌ളാറ്റ് ജീവനക്കാരൻ അടക്കം രണ്ടുപ്രതികൾ പിടിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട് : സ്വർണ്ണ വ്യാപാരിയുടെ കല്ലായിയിലെ ഫ്‌ളാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം കവർന്ന കേസിൽ പ്രതികളെ കസബ സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് എന്നിവരാണ് കേസിൽ പിടിയിലായത്.

ഏപ്രിൽ മൂന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ്ണ വ്യാപാരിയുടെ കല്ലായിലെ പതിനൊന്നാം നിലയിലുള്ള ഫ്‌ളാറ്റിൽ കയറി ജീവനക്കാരനായ രാജസ്ഥാൻ സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച് ഫ്‌ളാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു എന്ന് പരാതിയിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

പരിക്കേറ്റ രാജസ്ഥാൻ സ്വദേശി ജിതേന്ദ്ര സിങ് ആശുപത്രിയിൽ ഐസിയുവിൽ ആയത് പൊലീസിന്റെ പ്രാരംഭ അന്വേഷണത്തെ സാരമായി ബാധിച്ചു. സംഭവസ്ഥലത്തെ സിസിടിവികളും മറ്റും പരിശോധിച്ചതിൽ ആസൂത്രിതമായിട്ടാണ് കവർച്ച നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് സ്വർണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നിർദ്ദേശപ്രകാരം നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എ വി ജോണിന്റെ കീഴിൽ കസബ സിഐ ഷാജഹാന്റെ നേതൃത്വത്തിൽ സിറ്റിയിലെ ഡാൻ സാഫ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ജിതേന്ദ്ര സിംഗിന് സംഭവത്തിൽ പങ്കുള്ളത് വ്യക്തായി. ഇയാളുടെ സഹായം കൂടാതെ പുറത്ത് നിന്നുള്ള ഒരാൾക്കും കവർച്ച നടത്താൻ സാധിക്കില്ല എന്ന് മനസിലാക്കിയ അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ നിന്ന് കവർച്ച നടത്തിയത് താനടക്കമുള്ള മൂന്ന് രാജസ്ഥാൻ സ്വദേശികൾ ആണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കവർച്ചക്കായി കൂട്ടുപ്രതികളായ രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ് രജപുത്, പർവീൺ സിങ് എന്നിവരെ ഫ്‌ളാറ്റിന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ച് കവർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇയാൾ ചെയ്തത്. സംഭവദിവസം രാത്രി ജീവനക്കാരനായ പ്രതി കൂടെയുണ്ടായിരുന്ന ജീവനക്കാരനെ ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പറഞ്ഞയച്ചു. ഈ സമയം ലോഡ്ജിൽ താമസിച്ച പ്രതികൾ ഫ്‌ളാറ്റിലേക്കെത്തി. സി സി ടി വി ഓഫ് ചെയ്തു അനുകൂലമായ സാഹചര്യം ഒരുക്കിയ ശേഷം പ്രതികൾ ചേർന്ന് ഫ്‌ളാറ്റിലെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കുകയായിരുന്നു.

മറ്റുള്ളവരെ പറഞ്ഞയച്ച ശേഷം ജിതേന്ദ്ര സിങ് പൊലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കുകയും മൽപ്പിടുത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച് ബോധരഹിതനായി അഭിനയിച്ച് തറയിൽ കിടക്കുകയുമാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത് , പർവീൺ സിങ്ങ് എന്നിവർ ആണെന്ന് വ്യക്തമായതിനെ തുടർന്ന് കസബ സിഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടു.

രാജസ്ഥാനിലും മുംബൈയിലുമെല്ലാം പൊലീസ് പരിശോധന നടത്തുമ്പോൾ പ്രതികൾ തന്ത്രപൂർവ്വം ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഗോവയിലെത്തിയ പൊലീസ് ഇവിടെ വച്ചാണ് പങ്കജ് സിംഗിനെ പിടികൂടിയത്. ഇയാളുടെ മുംബൈയിലുള്ള ബന്ധുവീടുകളിൽ നിന്നാണ് എട്ടു കിലോയോളം സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. ബാക്കി സ്വർണം പർവീൺ സിംഗിന്റെ കൈവശമാണെന്നാണ് മനസിലാക്കാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP