Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ്: മലപ്പുറത്ത് മുസ്ലിം സംഘനകളുടെ വ്യാപക പ്രതിഷേധം; പുനഃപരിശോധിക്കണമെന്ന് സമസ്ത; തീരുമാനം ഏകപക്ഷീയമെന്ന് ടിവി ഇബ്രാഹിം എംഎൽഎ; പ്രോട്ടോക്കോൾ പാലിക്കുന്ന മുസ്ലിം പള്ളികൾക്കെതിരെ തിട്ടൂരമിറക്കുന്നെന്ന് നാസർ ഫൈസി കൂടത്തായി

ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ്: മലപ്പുറത്ത് മുസ്ലിം സംഘനകളുടെ വ്യാപക പ്രതിഷേധം;  പുനഃപരിശോധിക്കണമെന്ന് സമസ്ത; തീരുമാനം ഏകപക്ഷീയമെന്ന് ടിവി ഇബ്രാഹിം എംഎൽഎ; പ്രോട്ടോക്കോൾ പാലിക്കുന്ന മുസ്ലിം പള്ളികൾക്കെതിരെ തിട്ടൂരമിറക്കുന്നെന്ന് നാസർ ഫൈസി കൂടത്തായി

ജാസിം മൊയ്തീൻ

മലപ്പുറം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന മലപ്പുറം ജില്ല കളക്ടറുടെ ഉത്തരവിനെതിരെ മുസ്ലിം സംഘടനകൾക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധം. മലപ്പുറം ജില്ലാ കലക്ടരുടെ തീരുമാനം അടിയന്തിരമായി പുനപ്പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്.

മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം സംഘടന നേതാക്കളുടെ സംയുക് പ്രസ്താവനയിൽ മുസ്ലിം ലീഗ് നേതാവ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്),യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ),സലീം എടക്കര (എസ്.വൈ.എസ്),കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,അബ്ദു റസാഖ് സഖാഫി,ഹുസൈൻ സഖാഫി(കേരള മുസ് ലിം ജമാഅത്ത് ),എൻ.വി അബ്ദുറഹ്മാൻ (കെ.എൻ.എം), പി.മുജീബ് റഹ്മാൻ,ശിഹാബ് പൂക്കോട്ടൂർ,എൻ.കെ സദ്റുദ്ദീൻ,( ജമാഅത്തെ ഇസലാമി),ടി.കെ അശ്റഫ്,(വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ),അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ,ഡോ. ജാബിർ അമാനി,(കെ.എൻ.എം മർകസുദ്ദഅവ),സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ,( ജംഇയ്യതുൽ ഉലമാ ഹിന്ദ് ),ഡോ .ഖാസിമുൽ ഖാസിമി,കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ) തുടങ്ങിയവർ ഒപ്പുവെച്ചു.
തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി എംഎൽഎയുമായ ടിവി ഇബ്രാഹിം അറിയിച്ചു.

ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നാണ് ഉത്തരവിലുള്ളത്. എന്നാൽ താനടക്കം പങ്കെടുത്ത ആ യോഗത്തിൽ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും കളക്ടറുടെ തീരുമാനം ഏകപക്ഷീയമാണെന്നും ടിവി ഇബ്രാഹിം എംഎൽഎ പറഞ്ഞു. മുസ്ലിം പള്ളികളെ പോലെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന മറ്റൊരു ഇടവുമില്ല. എന്നിട്ടും എല്ലാ തിട്ടൂരങ്ങളും മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയാണെന്ന് ഇകെ സുന്നി വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.

നാസർ ഫൈസിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കൊറോണ കാലത്തെ റമളാനും പ്രാർത്ഥനയും ജില്ലാ കലക്ടർ മുസ്ലിം സംഘടനകളുടെ യോഗം റമളാൻ ഒന്നിന് വിളിച്ചു ചേർക്കുന്നു. കൊറോണ വ്യാപകമായതിനാൽ റമളാൻ കാലത്ത് പ്രാർത്ഥനക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് യോഗം.കോവിഡ് വ്യാപനം ഭീതി പരത്തുന്നതായാണ് കലക്ടർ അവതരിപ്പിച്ചത്.ചർച്ചക്കിടയിൽ ഈ കുറിപ്പുകാരൻ എഴുന്നേറ്റു നിന്ന് ചില കാര്യങ്ങൾ പറഞ്ഞു. 'മുസ്ലിം പള്ളികളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് പോലെ ലോകത്ത് എവിടെയെങ്കിലും പാലിക്കുന്നുണ്ടോ?.

സർക്കാർ നിർദ്ദേശിച്ച പ്രോട്ടോകോളും പ്രാദേശികവും മതപരവുമായ നിയന്ത്രണങ്ങളും കൃത്യമായി ബോഡെഴുതി പള്ളിയുടെ ഗൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഗൈറ്റിൽ സാനിറ്റൈസർ ഉപയോഗിക്കാനും പേരും നമ്പറും എഴുതാനുമുള്ള കൗണ്ടർ, സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം, ടാപ്പിലെ വെള്ളമുകയോഗിച്ച് മുഖവും കൈ മുട്ടുൾപ്പെടെയും കാലുകൾ നെരിയാണി ഉൾപ്പെടെയും വെള്ളം കൃത്യമായ് ചേർന്നൊഴുക്കി കഴുകുന്നു. മാസ്‌കും മുസല്ലയും ഉപയോഗിക്കുന്നു. അകലം പാലിച്ച് നിൽക്കാൻ അടയാളപ്പെടുത്തിയിരിക്കുന്നു, അവിടെ നിൽക്കുന്നു. കുറഞ്ഞ സമയത്തിൽ പ്രാർത്ഥന നിർവ്വഹിക്കുന്നു.

കൊറോണയെ തടയാൻ അപ്പപ്പോഴുള്ള നിർദ്ദേശങ്ങൾ ഇമാം ജനങ്ങൾക്ക് നൽകുന്നു. ഇത് ദിനേന അഞ്ചു നേരവുമാണ്.ഇപ്രകാരം പ്രോട്ടോകോൾ പാലിക്കുന്ന മറ്റൊരിടവുമില്ല.എന്നിട്ടും തിട്ടൂര മിറക്കുന്നത് പള്ളിക്ക് നേരെയാണ് എന്നത് കഷ്ടമാണ്. താങ്കൾ പള്ളികളെ മാതൃകയാക്കാനാണ് ഒരു വേള പറയേണ്ടത് ''.ഞാൻ പുതിയതായ് ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ലെന്ന് കലക്ടറുടെ ഭാഷ്യം.' ഈ നിയന്ത്രണവും നിയമവും തെരഞ്ഞെടുപ്പ് സമയത്തുമുണ്ടായിരുന്നല്ലോ, എന്നിട്ടും കൂട്ടി കുഴമ്പലും റോഡ് ഷോയും നടന്നപ്പോൾ മൗനം പാലിച്ചതാണല്ലോ കണ്ടത്.... ചർച്ച കൊഴുത്തു.

ഒടുക്കം പള്ളിയുടെ വൈപുല്യം പരിഗണിച്ച് നിസ്‌കാരത്തിന് അനുമതിയായി.മാളുകളിൽ, തിയേറ്ററുകളിൽ, ട്രൈനിൽ, വിമാനത്തിൽ, ബസ്സിൽ... ഒന്നും ഇത് പാലിക്കപ്പെടുന്നില്ലെന്നോർക്കണം.ഇഫ്താർ ഒഴിവാക്കാനായി പിന്നെ കലക്ടറേറ്റിലെ ചർച്ച.ഒരു ഈന്തപ്പഴം കഴിച്ചെങ്കിലും പള്ളിയിൽ നോമ്പ് തുറന്ന് നിസ്‌കരിക്കനനുവദിക്കണമെന്ന് പറഞ്ഞു. എന്നാൽ ഇഫ്താർ എന്നാൽ പള്ളിയിൽ വിഭവങ്ങൾ നിരത്തി കൂട്ടായ് ഭുജിച്ചാലേ ഇഫ്താറാകുമെന്ന ധാരണ ചർച്ചയിൽ തിരുത്തപ്പെട്ടു.ഒടുക്കം ചെറിയ തോതിൽ നോമ്പ് തുറക്കാമെന്നും 'കേമ 'മായ ഇഫ്താർ സംഗമങ്ങൾ വേണ്ടെന്നും തീരുമാനമായി.

തുറന്ന ചർച്ചകൾ നടത്താതെ ആരെങ്കിലും തെറ്റുദ്ധരിപ്പിക്കുന്നതിനനുസരിച്ച് പള്ളികളോട് തിട്ടൂരമിറക്കുന്ന അധികാരികളുടെ നിലപാടാണ് തിരുത്തപ്പെടേണ്ടത്.കഴിഞ്ഞ ബലിപ്പെരുന്നാളിൽ ഇതിന്റെ തിക്തഫലം അനുഭവിച്ചതാണ്. രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ കുറിപ്പെഴുതുമ്പോൾ ഒരു കോൾ വന്നു. ഇവിടെ ഹെൽത്ത് സെന്ററിൽ നിന്ന് ഉദ്യോഗസ്ഥന്മാർ വന്നു പറയുന്നു 'നാളെ മുതൽ 5 പേരേ നിസ്‌കരിക്കാൻ അനുവദിക്കാവൂ'. സ്ഥലം കണ്ടൈൻ മെന്റ് സോനിലല്ല താനും എന്നിട്ടും....ലോക്കൽ പൊലീസ് പള്ളിക്കമ്മറ്റികളേയും ഇമാമിനേയും ഇല്ലാത്ത നിയമം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നു.

ഇവിടെങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടക്ക് നേരെ അവഗണിക്കാനേ തരമുള്ളൂ. നിയന്ത്രണങ്ങളെ കൊണ്ട് വീർപ്പുമുട്ടിക്കാൻ താല്പര്യപ്പെട്ട് നാട്ടിലും ജമാഅത്ത് കമ്മറ്റിയിലും ചിലരുണ്ടാവും. വലിഞ്ഞു മുറുക്കി ആരാധനയെ വെട്ടിക്കുറക്കും. നിസ്‌കാര ശേഷമെങ്ങാൻ രണ്ട് മിനിറ്റ് ഇമാം നസ്വീഹത്ത് നടത്തിയാൽ പരാതിയുടെ പെരുമ്പൂരം. കൊറോണയെന്താ പള്ളി വാതിലിൽ അവസരം കാത്ത് ഒളിഞ്ഞിരിക്കുകയോ എന്ന് തോന്നും ഇത്തരം ഇടപെടലുകൾ.

ജാഗ്രത വേണം, ഭീതിയും വിഭ്രാന്തിയും വേണ്ട. നിയന്ത്രണം വേണം നിയമക്കുരുക്ക് വേണ്ട. പ്രോട്ടോകോൾ പാലിച്ചു തന്നെ എല്ലാ കർമ്മങ്ങളും നിർവ്വഹിക്കപ്പെടാം.

പ്രതിരോധത്തിന്റെയുംപ്രതിവിധിയുടേയും പരിഹാരത്തിന്റേയും പരമ്യത പ്രാർത്ഥനയിലാണ്. അതിനാൽ ധന്യമാവാം ഒപ്പം നിയമങ്ങളെ തികച്ചും ഉൾകൊണ്ടും പാലിച്ചും.
നാസർ ഫൈസി കൂടത്തായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP