Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്നി ഐപിഎൽ സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കൽ; യുവതാരത്തിന് അർധ സെഞ്ചുറിയുമായി നായകൻ വിരാട് കോലിയുടെ പിന്തുണ; തോൽവി അറിയാതെ ബാംഗ്ലൂരിന്റെ കുതിപ്പ്; രാജസ്ഥാനെ കീഴടക്കിയത് പത്ത് വിക്കറ്റിന്

കന്നി ഐപിഎൽ സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കൽ; യുവതാരത്തിന് അർധ സെഞ്ചുറിയുമായി നായകൻ വിരാട് കോലിയുടെ പിന്തുണ; തോൽവി അറിയാതെ ബാംഗ്ലൂരിന്റെ കുതിപ്പ്; രാജസ്ഥാനെ കീഴടക്കിയത് പത്ത് വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: സീസണിലെ ആദ്യ സെഞ്ചുറി പേരിൽ് കുറിച്ച യുവതാരം ദേവ്ദത്ത് പടിക്കലിന്റെയും അർധ സെഞ്ചുറി നേടിയ നായകൻ വിരാട് കോലിയുടേയും ബാറ്റിങ് മികവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മിന്നും ജയം. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ശേഷിക്കെ വിക്കറ്റ് നഷ്ടം കൂടാതെ ബാംഗ്ലൂർ മറികടന്നു. സ്‌കോർ: രാജസ്ഥാൻ: 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ്. ബാംഗ്ലൂർ: 16.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 181 റൺസ്. ഈ സീസണിൽ ബാംഗ്ലൂരിന്റെ തുടർച്ചയായ നാലാം ജയമാണിത്.

52 പന്തിൽ 6 സിക്‌സും 11 ഫോറും ഉൾപ്പെടെ പുറത്താകാതെ 101 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ കരിയറിലേയും ഈ സീസണിലെയും ആദ്യ സെഞ്ചുറി സ്വന്തമാക്കി. നായകൻ വിരാട് കോലി 47 പന്തിൽ 3 സിക്‌സും 6 ഫോറുമുൾപ്പെടെ 72 റൺസെടുത്തു പുറത്താകാതെ നിന്നു. വിരാട് കോലി ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് അക്ഷരാത്ഥത്തിൽ രാജസ്ഥാനെ നിഷ്പ്രഭരാക്കി. ആദ്യ ഓവർ മുതൽ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ ഇരുവരും മത്സരം പൂർണമായി നിയന്ത്രണത്തിലാക്കി.

തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം തിരിച്ചടിച്ചാണ് രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട സ്‌കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ലഭിച്ച രാജസ്ഥാനു തകർച്ചയോടെയായിരുന്നു തുടക്കം.സ്‌കോർ 14-ൽ നിൽക്കേ ജോസ് ബട്ട്ലറെ (8) അവർക്ക് നഷ്ടമായി. പിന്നാലെ മനൻ വോറയും (7) മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും (0) വന്നപോലെ മടങ്ങിയപ്പോൾ 4.3 ഓവറിൽ മൂന്നിന് 18 റൺസെന്ന ദയനീയ സ്ഥിതിയിലായി രാജസ്ഥാൻ.

മികച്ച ഷോട്ടുകളിലൂടെ ഇന്നിങ്‌സിന് തുടക്കമിട്ട നായകൻ സഞ്ജു സാംസണിന്റെ 'രക്ഷാപ്രവർത്തനം' പെട്ടെന്ന് അവസാനിച്ചു. 28 പന്തുകൾ നേരിട്ട് ഒരു സിക്‌സും രണ്ടു ഫോറുമുൾപ്പെടെ 21 റൺസെടുത്ത സഞ്ജുവിനെ വാഷിങ്ടൺ സുന്ദറിന്റെ ബോളിങ്ങിൽ ഗ്ലെൻ മാക്‌സ്‌വെൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ശിവം ദുബെ - റിയാൻ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 66 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല് 16 പന്തിൽ നാലു ഫോറുൾപ്പെടെ 25 റൺസെടുത്ത റിയാൻ പരാഗിനെ ഹർഷൽ പട്ടേലിന്റെ ബോളിങ്ങിൽ യുസ്വേന്ദ്ര ചെഹൽ ക്യാച്ചെടുക്കുകയായിരുന്നു.

32 പന്തിൽ രണ്ടു സിക്‌സും അഞ്ച് ഫോറുമുൾപ്പെടെ 46 റൺസെടുത്ത ശിവം ദുബെയെ കേയ്ൻ റിച്ചാഡ്‌സന്റെ ബോളിങ്ങിൽ ഗ്ലെൻ മാക്‌സ്‌വെൽ ക്യാച്ചെടുത്തു പുറത്താക്കി. തുടർന്ന് രാഹുൽ തേവാത്തിയ ക്രിസ് മോറിസ് കൂട്ടുകെട്ട് മികച്ച ഷോട്ടുകളിലൂടെ സ്‌കോർ അതിവേഗം ഉയർത്തി.

അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിൽ രാജസ്ഥാനു തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. 23 പന്തിൽ രണ്ടു സിക്‌സും നാലു ഫോറുമുൾപ്പെടെ 40 റൺസെടുത്ത രാഹുൽ തേവാത്തിയയെ ഷാഹ്ബാദ് അഹമ്മദ് പുറത്താക്കി. ക്രിസ് മോറിസ് (10 റൺസ്), ചേതൻ സാകരിയ (പൂജ്യം) എന്നിവർ വേഗം മടങ്ങി. ശ്രേയസ് ഗോപാലും (7 റൺസ്) മുസ്താഫിസുർ റഹ്‌മാനും (പൂജ്യം) പുറത്താകാതെ നിന്നു. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റും കേയ്ൻ റിച്ചാഡ്‌സൺ, കൈൽ ജാമിസൺ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP