Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ഡോസ് വാക്‌സിനെടുത്തവർക്ക് രണ്ടാമത്തെ ഡോസ് വല്ലാതെ വൈകി പോകുമോ എന്ന് ഭയം; കോവിഷീൽഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ല; വാക്‌സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ എന്ന ആശങ്കയും വേണ്ട: മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ പൂർണരൂപം

ആദ്യ ഡോസ് വാക്‌സിനെടുത്തവർക്ക്  രണ്ടാമത്തെ ഡോസ് വല്ലാതെ വൈകി പോകുമോ എന്ന് ഭയം; കോവിഷീൽഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ല; വാക്‌സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ എന്ന ആശങ്കയും വേണ്ട: മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ പൂർണരൂപം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വാക്‌സിനേൻ കേന്ദ്രങ്ങളിൽ വൻതിരക്കാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ ഡോസ് വാക്സിനെടുത്തവർ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കിൽ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി വാക്സിനേഷൻ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:

സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന് . 1,35,177 പേരെ ടെസ്റ്റ് ചെയ്തതതിൽ 26,995 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 28 ആണ്. 1,56,226 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയതോതിൽ വർധിക്കുകയാണ്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാകുന്നുണ്ട്. വാക്‌സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയി വാക്‌സിനെടുക്കാൻ കഴിയൂ. നിലവിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയവർക്ക് വാക്‌സിൻ നൽകാൻ പൊതുധാരണ ആയിട്ടുണ്ട്.
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വാക്‌സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷൻ സെഷനുകൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഒന്നാം തീയതി മുതൽ വാക്‌സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തിൽ 1.65 കോടി പേർ സംസ്ഥാനത്ത് വരും. അതിനാൽത്തന്നെ വാക്‌സിൻ നൽകുന്നതിൽ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കിൽ അവർക്ക് മുൻഗണന നൽകും. ഇക്കാര്യം പഠിച്ച് ഉടൻതന്നെ മാനദണ്ഡം ഉണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല.

കേന്ദ്രത്തിന്റെ നേരത്തെയുള്ള വാക്‌സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ വാങ്ങുക മാത്രമേ നമുക്ക് നിർവാഹമുള്ളൂ. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വാക്‌സിൻ കമ്പിനികളുമായി ഉൾപ്പെടെ ചർച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും.

രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പർക്ക പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതിൽ ഉൾപ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണം എന്ന് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുണ്ട്. പിഎച്ച്‌സികളുടെ നേതൃത്തിൽ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ഇതിനായി ദ്രുതകർമ സംഘം പ്രവർത്തിക്കുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കാൻ അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം കോർപ്പറേഷന്റെ ഒരു വാർഡിൽ അഞ്ച് അദ്ധ്യാപകരെ വീതം ഈ ജോലിക്കായി നിയോഗിച്ചു. മുനിസിപ്പൽ ഡിവിഷനുകളിൽ രണ്ടും പഞ്ചായത്ത് വാർഡിൽ ഒന്നും അദ്ധ്യാപകർ വീതം ഈ ജോലിയിൽ ഏർപ്പെടും.

രോഗികൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കോട്ടയം ജില്ലയിൽ സമീപ ദിവസങ്ങളിൽ ഏറെപ്പേർക്കും കുടുംബത്തിൽ നിന്നുതന്നെയോ ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നോ ആണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള എട്ടു ക്ലസ്റ്ററുകളിൽ നാലിലും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തർക്കോ അവരുമായി സമ്പർക്കം പുലർത്തിയവർക്കോ ആണ് രോഗം ബാധിച്ചത്.
പ്രതിദിന രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും എറണാകുളത്ത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കും. കണ്ടെയ്ന്മെന്റ് സോണുകളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും. ജില്ലയിൽ നിലവിൽ 551 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. നാല് പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ന്മെന്റ് സോണുകളാണ്.

കണ്ടെയ്ന്മെന്റ് സോണുകളിൽ പുറത്തുനിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലീസിന്റെ പരിശോധന കർശനമാക്കും.

അതിഥി തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിന് ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരേയും കർശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകൾ സംസാരിക്കുന്ന സംഘത്തെ ഉൾപ്പെടുത്തി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം എറണാകുളം ജില്ലയിൽ തുറക്കും.

തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളി പെരുന്നാളും റദ്ദാക്കി. കൂട്ടംകൂടാതെ നോമ്പ്തുറ നടത്താനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഎംഎസ്എസ്വൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി. എട്ട് വാർഡുകളിലായി 160 കിടക്കകളാണ് ഇവിടെയുള്ളത്. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ വന്ന 12 ഗ്രാമപഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയിലെ അതിർത്തികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അന്തർ സംസ്ഥാന യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ ചെക്‌പോസ്റ്റുകളോട് ചേർന്ന് ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ തുറന്നു. ഇവിടങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ ക്വാറന്റൈൻ നിരീക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ റവന്യു, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചു. ക്വാറന്റൈൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം ആരംഭിക്കാനും നടപടി ആയി.

പത്തനംതിട്ട ജില്ലയിൽ നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഒരുപോലെ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരുവല്ല മുൻസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ കോവിഡ് രോഗികളെ ചികിൽസിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസിയു ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.

പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും റാന്നി മേനാംതോട്ടം ആശുപത്രി ഹോസ്റ്റലിലും രണ്ട് സിഎഫ്എൽടിസി ഉടൻ പ്രവർത്തനം ആരംഭിക്കും. രോഗവ്യാപനം കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങും. കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും ക്രമപ്പെടുത്തി വരുന്ന ഘട്ടമായിരുന്നു ഇത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മിക്ക ആശുപത്രികളും വീണ്ടും കോവിഡ് ആശുപത്രികളായി മാറുകയാണ്. കോവിഡ് പ്രാധാന്യം കുറക്കാതെ മറ്റ് രോഗികളെയും ശ്രദ്ധിക്കാനാകണം. മറ്റു ചികിത്സാ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. മാറ്റിവെച്ച ശസ്ത്രക്രിയ ഉൾപ്പെടെ ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നവരാണ് പലരും. അത്തരം ചികിത്സ കൂടി തുടരാൻ ഉള്ള ക്രമീകരണം കൂടി ഏർപ്പെടുത്തും. ജില്ലാ കലക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇത് നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് അതാത് ഇടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്.സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. വലിയ അന്തരമാണ് കാണുന്നത്. 2300 രൂപ മുതൽ മുതൽ 20,000 രൂപ വരെ പലയിടത്തും ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാൻ ജില്ലാഭരണാധികാരികൾ ഇടപെടണം.

കോവിഡ് അവസരമായി കണ്ട് അമിതചാർജ് അപൂർവ്വം ചിലരെങ്കിലും ഈടാക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സ നടത്തണം. എന്നാൽ, ന്യായമായ നിരക്കായിരിക്കണം ഈടാക്കുന്നത്. സംസ്ഥാനതലത്തിൽ ഈടാക്കേണ്ട തുകയെക്കുറിച്ച് ധാരണ ഉണ്ടാക്കും. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച വിളിച്ചു ചേർക്കുന്നുണ്ട്. ഈ വിഷയവും അവിടെ ചർച്ച ചെയ്ത് തീരുമാനമെടുക്കും.ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.

വാക്‌സിൻ

ആദ്യത്തെ ഡോസ് വാക്‌സിനെടുത്തവർ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കിൽ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷൻ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ല.

കേരളത്തിൽ ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്‌സിനാണ്. ആ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.

'കോവിഡ് വാക്‌സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നണ്ടല്ലോ, അതുകൊണ്ട് വാക്‌സിനേഷൻ എടുക്കേണ്ടതുണ്ടോ' എന്ന ഒരു സംശയം ചിലരിൽ ഉണ്ടാകുന്നുണ്ട്. 'ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ' എന്ന ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ കാര്യത്തിൽ മാത്രമുള്ളതല്ല. വാക്‌സിനെടുത്താലും അപൂർവം ചിലർക്ക് രോഗം വരാം.

വാക്‌സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാൻ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും.

ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000ൽ 4 പേർക്ക് എന്ന നിരക്കിൽ മാത്രമാണ് ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തിയത്. ഇതിൽ നിന്നും വാക്‌സിൻ സുരക്ഷിതമാണ് എന്നു മനസ്സിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം.

അതേസമയം വാക്‌സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകർത്താൻ അവർക്കു സാധിക്കുകയും ചെയ്യും. സമൂഹത്തിൽ ഭൂരിഭാഗം പേർക്കും വാക്‌സിൻ ലഭിക്കുന്ന ഘട്ടം വരെ നമ്മൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാൻ നിർബന്ധിതരാണ്. ആ യാഥാർഥ്യം ഉൾക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളു.

മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 28,606 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. കൊല്ലം സിറ്റിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തത്; 4896 എണ്ണം. ഏറ്റവും കുറവ് കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ്; 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു.

വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്രചെയ്യുന്നവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ പോലും മാസ്‌ക് ഒഴിവാക്കാൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സിൻ വിതരണകേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും നിർദ്ദേശങ്ങൾ പാലിക്കാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർ

കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ ആത്മാർഥതയും കഠിനാധ്വാനവുമാണ് ഈ സന്ദർഭത്തിൽ നമ്മുടെ കരുത്തായി മാറുന്നത്. ഏകദേശം ഒന്നര ലക്ഷം കോവിഡ് രോഗികളേയാണ് ഇപ്പോൾ നമ്മൾ ചികിത്സിക്കുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ ടെസ്റ്റുകൾ ഒരു ദിവസം ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തിൽ കൂടുതൽ വാക്‌സിനുകൾ ഒരു ദിവസം നൽകാനും ശ്രമിക്കുന്നു.

ഇങ്ങനെ നോക്കിയാൽ ഏകദേശം 5 ലക്ഷം ആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട് മാത്രം നമ്മുടെ ആരോഗ്യ സംവിധാനം സേവനം നൽകുകയാണ്. ഇത്തരത്തിൽ അതിശക്തമായ സമ്മർദ്ദവും ജോലി ഭാരവുമാണ് ആരോഗ്യസംവിധാനത്തിനും ആരോഗ്യപ്രവർത്തകർക്കും ഉള്ളത്. സമൂഹം ഇതു മനസ്സിലാക്കുകയും അവരുടെ ഉത്തരവാദിത്വങ്ങളോട് ഏറ്റവും മികച്ച രീതിയിൽ സഹകരിക്കാൻ തയ്യാറാകുകയും വേണം.

ആരോഗ്യപ്രവർത്തകർക്ക് പിന്തുണ നൽകാനും, ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും വേണ്ടിയാണ് നമ്മൾ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതു മുഖാന്തരം 13,000ലധികം ആളുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രോഗവ്യാപന ഘട്ടത്തിൽ പ്രദർശിപ്പിച്ച സന്നദ്ധതയോടെ കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം എന്ന് അഭ്യർത്ഥിക്കുകയാണ്. നിലവിൽ രോഗവ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിൽ നാടിന്റെ സുരക്ഷയ്ക്കായി കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

സർവകക്ഷിയോഗം

കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP