Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പള്ളിയിലെ നിയന്ത്രണങ്ങൾ കാരണം തൊഴിൽ കൃത്യമായി ചെയ്യാൻ സാധിച്ചില്ലെന്ന് ഫോട്ടോഗ്രാഫർ; വിവാഹചിത്രമെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം വിവരിച്ച ഫേസ്‌ബുക്ക് കുറിപ്പിനെ അനുകൂലിച്ചും എതിർത്തും സൈബർലോകം; നിബന്ധനകൾ പള്ളിയോഗത്തിന്റെ തീരുമാനമെന്ന് തിടനാട് സെന്റ്. ജോസഫ് പള്ളി വികാരി

പള്ളിയിലെ നിയന്ത്രണങ്ങൾ കാരണം തൊഴിൽ കൃത്യമായി ചെയ്യാൻ സാധിച്ചില്ലെന്ന് ഫോട്ടോഗ്രാഫർ; വിവാഹചിത്രമെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം വിവരിച്ച ഫേസ്‌ബുക്ക് കുറിപ്പിനെ അനുകൂലിച്ചും എതിർത്തും സൈബർലോകം; നിബന്ധനകൾ പള്ളിയോഗത്തിന്റെ തീരുമാനമെന്ന് തിടനാട് സെന്റ്. ജോസഫ് പള്ളി വികാരി

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: വിവാഹച്ചടങ്ങുകളുടെ ചിത്രമെടുക്കാൻ പള്ളിയിൽ പോയ ഫോട്ടോഗ്രാഫർക്ക് നിയന്ത്രണങ്ങൾ കാരണം തൊഴിലിൽ നേരിട്ട അനുഭവത്തേക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു. തിടനാട് സെന്റ്. ജോസഫ് പള്ളിക്കുള്ളിൽ നിന്ന് ചടങ്ങുകളുടെ ചിത്രമെടുക്കാനുള്ള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണൻചിറയുടെ കുറിപ്പ്.

വിവാഹ സംഘത്തിനൊപ്പമെത്തുന്ന ഫോട്ടോഗ്രാഫർമാർ പള്ളിയിൽ പാലിക്കേണ്ട നിർദേശങ്ങളും വസ്ത്രധാരണമടക്കമുള്ള കാര്യങ്ങളിലുള്ള നിബന്ധനകളുമാണ് കുറിപ്പിൽ പരാമർശിക്കപ്പെട്ടത്. അതേ സമയം മൂന്നു വർഷത്തോളമായി പള്ളിയിൽ പിന്തുടരുന്നതാണ് ഈ നിബന്ധനകൾ എന്നും ഇടവകയോഗത്തിന്റെ തീരുമാനമാണ് നിബന്ധനകളെന്നുമാണ് തിടനാട് സെന്റ്. ജോസഫ് പള്ളി വികാരി ഫാദർ മെക്കിൾ നരിക്കാട്ട് പ്രതികരിച്ചത്.

മുടി നീട്ടി വളർത്തിയത് മൂലം പള്ളിയിൽ പ്രവേശിച്ച് ചിത്രമെടുക്കാൻ സാധിച്ചില്ലെന്നും സിജോ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ് പള്ളിവക ഹാളിൽ സത്കാരം നടക്കുമ്പോൾ 2.45ന് കറന്റ് പോയെന്നും ഇത് വികാരി അച്ചൻ കറന്റ് കട്ട് ചെയ്തതാണെന്നുമാണ് സിജോ പറയുന്നത്. തൊഴിൽ കൃത്യമായി ചെയ്യാൻ സാധിച്ചില്ലെന്ന വ്യസനത്തോടെയാണ് സിജോയുടെ പ്രതികരണം. 

സിജോ കണ്ണൻചിറയുടെ ഫേസ്‌ബുക്ക് കുറിപ്പിന് പിന്തുണയും എതിർപ്പുമായി നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പ് വൈറലായതോടെ നിരവധിയാളുകൾ വിളിച്ച് പിന്തുണ അറിയിച്ചെന്നും സമാന അനുഭവം ഇതേപള്ളിയിൽ നിന്നുണ്ടായെന്നും സിജോ പറഞ്ഞു. സിപിഎം അനുഭാവി ആയതുകൊണ്ട് ഫേസ്‌ബുക്ക് കുറിപ്പിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും സിജോ പറയുന്നു. പള്ളിക്കെതിരായ പ്രവർത്തിയെന്ന പേരിൽ പല ഗ്രൂപ്പുകളിലും തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ പങ്കുവച്ച് വ്യാജ പ്രൊഫൈലുകളിലൂടെ രൂക്ഷമായ ആരോപണങ്ങളാണ് നേരിടുന്നതെന്നും സിജോ പറയുന്നു.

എന്നാൽ ദേവാലയത്തിലെ ചടങ്ങുകൾക്ക് അലോസരമുണ്ടാവാതെ നടക്കാനാണ് ഇത്തരം നിബന്ധനകളെന്നാണ് പള്ളി വികാരി വ്യക്തമാക്കുന്നത്. വിവാഹത്തിന് മാത്രമല്ല പള്ളിക്കുള്ളിൽ ഫോട്ടോ വീഡിയോ എടുക്കുന്ന എല്ലാ ചടങ്ങുകൾക്കും ഈ നിബന്ധനകൾ ബാധകമാണെന്നും പള്ളി വികാരി വ്യക്തമാക്കി.

നിബന്ധനകൾ

ഫോട്ടോ/വീഡിയോഗ്രാഫേഴ്‌സ് പള്ളിയിൽ കയറുന്നതിന് മുൻപ് 500 രൂപയടച്ച് ബാഡ്ജ് വാങ്ങേണ്ടതാണ്. വധുവിനും വരനും ഓരോ വീഡിയോ ക്യാമറയും ഓരോ ക്യാമറയും വീതമേ അനുവദിക്കൂ. സഹായികളാരും പള്ളിയിൽ പ്രവേശിക്കരുത്.
യാതൊരു ക്രമീകരണങ്ങളും സ്റ്റാന്റും പള്ളിയിൽ പാടില്ല
പള്ളിയുടെ മദ്ബഹായോട് ചെർന്നുള്ള വലതുവശത്തെ വാതിലിൽക്കൂടി പ്രവേശിച്ച് നിശ്ചിത സ്ഥലത്ത് നിന്ന് മാത്രമേ ഫോട്ടോ, വീഡിയ എടുക്കാവൂ. ദേവാലയത്തിൽ മറ്റൊരു സ്ഥലത്തുനിന്നും ഫോട്ടോ വീഡിയോ എടുക്കാൻ പാടില്ല
പള്ളിക്കുള്ളിൽ അറേഞ്ച്ഡ് ഫോട്ടോ വീഡിയോ പാടില്ല
മാന്യമായ രീതിയിൽ വസ്ത്രം ധരിക്കാത്തവരും തലയിൽ വികൃതമായ കോലം കെട്ടിയവരും പള്ളിയിൽ പ്രവേശിക്കാൻ പാടില്ല

ഒരു സ്ഥലലത്ത് ചെന്ന് കഴിഞ്ഞാൽ അവിടുത്തെ വ്യവസ്ഥകൾ പാലിക്കണം. പള്ളിക്കുള്ളിലെ പെരുമാറ്റത്തിന് മാത്രമാണ് ഈ നിബന്ധനകൾ. പള്ളിക്ക് പുറത്തോ ഹാളിലോ ഈ നിബന്ധനകൾ ഒന്നും തന്നെ ബാധകമല്ല. പള്ളിക്കുള്ളിൽ മാന്യമായി പെരുമാറേണ്ടതാണെന്നും ഫാദർ മൈക്കിൾ നരിക്കാട്ട് പറയുന്നു.

പള്ളിയിൽ സമാനമായ രീതിയിൽ മോശമായ സംഭവമുണ്ടായതിനെ തുടർന്നാണ് പള്ളിയോഗം ഇത്തരം വ്യവസ്ഥ കൊണ്ടുവന്നത്. കുർബാന നടക്കുന്ന സമയത്ത് മാന്യമല്ലാത്ത വേഷ വിതാനങ്ങളിൽ എത്തുന്നത് ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അതിനാലാണ് വസ്ത്രധാരണത്തേക്കുറിച്ചും മുടിയേക്കുറിച്ചും നിബന്ധനയിൽ പറയുന്നതെന്നും ഫാദർ മൈക്കിൾ നരിക്കാട്ട് പറയുന്നു.

പള്ളി വക ഓഡിറ്റോറിയം ചടങ്ങുകൾക്ക് നൽകുന്നത് ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെയാണ്. 2.45ഓടെ ജനറേറ്റർ ഓഫ് ചെയ്യുമെന്നും നിബന്ധന സമ്മതിച്ച ശേഷമാണ് ഓഡിറ്റോറിയം ആവശ്യക്കാർക്ക് നൽകാറുള്ളതെന്നും ഫാദർ മൈക്കിൾ നരിക്കാട്ട് വിശദമാക്കി. ഹാളിലെ കറന്റ് ഓഫ് ചെയ്യാറില്ലെന്നും ജനറേറ്റർ മാത്രമാണ് ഓഫ് ചെയ്യുന്നതെന്നും പള്ളി വികാരി വിശദമാക്കി. ഇടവകയോഗത്തിലെ തീരുമാനങ്ങളാണ് ഇതെന്നും പള്ളി വികാരി കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP