Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയുടേയും സംഘത്തിന്റെയും നിലപാട്; മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം'; വാക്‌സിൻ നയത്തിൽ വിമർശനവുമായി തോമസ് ഐസക്

'പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയുടേയും സംഘത്തിന്റെയും നിലപാട്; മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം'; വാക്‌സിൻ നയത്തിൽ വിമർശനവുമായി തോമസ് ഐസക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കോവിഡ് പടർന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്സിന്റെ വിലനിർണയാധികാരം മുഴുവൻ മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറാൻ മോദിക്കും കൂട്ടർക്കുമല്ലാതെ ആർക്കു കഴിയുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ തോമസ് ഐസക് ചോദിക്കുന്നു. പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയും സംഘവും നിർലജ്ജം പ്രഖ്യാപിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തുന്നു. ചെകുത്താനും കടലിനും ഇടയിൽ എന്ന പഴഞ്ചൊല്ല്, കോവിഡിനും മോദിക്കും ഇടയിൽ എന്ന് പുതുക്കുകയാണ് രാജ്യമെന്ന് പരിഹസിച്ചാണ് കുറിപ്പ് പൂർത്തിയാകുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണ്. കോവിഡ് പടർന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്സിന്റെ വിലനിർണയാധികാരം മുഴുവൻ മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറാൻ മോദിക്കും കൂട്ടർക്കുമല്ലാതെ ആർക്കു കഴിയും? പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയും സംഘവും നിർലജ്ജം പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാൻ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാൾ ലജ്ജാകരം.

കോവിഡ് കാരണം സംസ്ഥാന സർക്കാരുകൾ വലിയ പ്രതിസന്ധിയിലാണ്. അപ്പോഴാണ് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട കോവിഡ് വാക്സിൻ പോളിസി പ്രഖ്യാപിക്കപ്പെട്ടത്. പുതുതായി പ്രഖ്യാപിച്ച 18-45 വയസ്സ് ഗ്രൂപ്പിൽപ്പെട്ട എല്ലാപേരുടെയും വാക്സിനേഷന്റെ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സർക്കാരുകൾ വഹിക്കണം.

ഇത് എങ്ങനെയാണ് സംസ്ഥാനങ്ങളെ ബാധിക്കുക? 2011 -ൽ സെൻസസ് പ്രകാരം 18-45 ഏജ് ഗ്രൂപ്പിൽ ഏകദേശം 46 കോടി പേരുണ്ടായിരുന്നു. നിലവിൽ എന്തായാലും കുറഞ്ഞത് 50 കോടി പേരെങ്കിലും ഈ ഏജ് ഗ്രൂപ്പിൽ കാണും. ഇന്ന് സീറം ഇൻസ്റ്റിട്യൂട്ട് സർക്കാർ ആശുപത്രികൾക്ക് നൽകുന്ന കോവിഷീൽഡ് വാക്സിന് പ്രഖാപിച്ചിരിക്കുന്ന വില ഒറ്റ ഡോസിന് 400 രൂപ. രണ്ടു ഡോസിന്റെ വില കണക്കാക്കിയാൽ ആകെ ചെലവ് 40,000 കോടി രൂപയാകും.

വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്കു നൽകിയിരിക്കുകയാണല്ലോ. വാക്സിന്റെ വില 1000 രൂപയാക്കി നിജപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുടെ മേലുള്ള ഭാരം ഇനിയും വർദ്ധിക്കാനാണ് സാധ്യത. ഇന്നത്തെ വില വച്ച് കണക്കാക്കിയാൽ കേരളത്തിന് ഏകദേശം 1100 കോടി രൂപ ഈ ഏജ് ഗ്രൂപ്പിനുള്ള വാക്സിനായി ചിലവഴിക്കേണ്ടി വരും. മറ്റു വാക്സിൻ കമ്പനികളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സംസ്ഥാനങ്ങൾക്ക് വമ്പൻ ബാധ്യതയാണ് ഇതിലൂടെ വരുന്നത്.
കേരളത്തിൽ കോവിഡ് സംബന്ധിച്ച മുഴുവൻ ചികിത്സയും സൗജന്യമാണ്. അപ്പോൾപ്പിന്നെ വാക്സിന്റെ കാര്യം പറയാനില്ലല്ലോ. സൗജന്യ വാക്സിൻ സംബന്ധിച്ചു നൽകിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർത്ഥം വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വില അങ്ങനെതന്നെ വിഴുങ്ങുമെന്നോ കേന്ദ്രസർക്കാരിന്റെ ചുമതല ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതിനെ കണ്ണടച്ച് അംഗീകരിക്കുമെന്നോ അല്ല.

സ്വതന്ത്ര ഇന്ത്യ ഇതുവരെ പിന്തുടർന്ന നയം സൗജന്യവും സാർവ്വത്രികവുമായ വാക്സിനേഷനാണ്. ഇതാണ് ബിജെപി സർക്കാർ വാക്സിൻ കമ്പനികൾക്കുവേണ്ടി അട്ടിമറിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. അതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞതുപോലെ കേന്ദ്രം കൈവിട്ടാലും, എത്ര സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും, കേരള സർക്കാർ ജനങ്ങളെ ആപത്ഘട്ടത്തിൽ കൈവിടില്ല.

കേന്ദ്രം പ്രഖ്യാപിച്ച ഈ പദ്ധതിയിൽ മറ്റൊരു പ്രശ്നം കൂടെ ഒളിഞ്ഞു കിടപ്പുണ്ട്. കേന്ദ്രത്തിനു നൽകേണ്ട അൻപതു ശതമാനത്തിൽ നിന്ന് ബാക്കിയുള്ള വാക്സിനാണ് പൊതുവിപണിയിൽ നിന്ന് സംസ്ഥാനങ്ങൾ നേടിയെടുക്കേണ്ടത്. സംസ്ഥാന സർക്കാരുകൾക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാൽ മത്സരത്തിലൂടെ മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ. കൂടിയ വില നൽകി വാക്സിൻ വാങ്ങുന്ന വൻകിട സ്വകാര്യ ആശുപത്രികളുമായും സംസ്ഥാനങ്ങൾ തമ്മിൽത്തന്നെയും മത്സരിക്കുന്നത് വാക്സിൻ വിതരണത്തെ അവതാളത്തിലാക്കും. കേന്ദ്രം തന്നെ വാക്സിൻ വാങ്ങി സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കണക്കാക്കി വാക്സിൻ വിതരണം ചെയ്യുന്ന സംവിധാനം മാത്രമേ ഈയവസരത്തിൽ വിജയിക്കാൻ പോകുന്നുള്ളൂ.

ജലിി്യ ംശലെ മിറ ജീൗിറ ളീീഹശവെ എന്നൊരു ചൊല്ല് ഇംഗ്ലീഷിലുണ്ട്. കൊച്ചുകൊച്ചു കാര്യങ്ങളിൽ പിശുക്ക്, വലിയ കാര്യങ്ങളിൽ പാഴ്ചെലവും ധൂർത്തും എന്നാണതിന്റെ അർത്ഥം. ഇതാണ് കേന്ദ്രം ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട വാക്സിനേഷന്റെ കാര്യത്തിൽ പിശുക്ക്. വാക്സിൻ നൽകുന്നതിന് നീക്കിവെച്ച 35,000 കോടി അപര്യാപ്തമാണെന്ന് അന്നേ എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നു.

ആവശ്യാനുസരണം കൂടുതൽ തുക നൽകുമെന്നാണ് ധനമന്ത്രി പാർലമെന്റിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ 80,000 കോടി രൂപ മുടക്കാൻ തയ്യാറല്ല. പിശുക്കുകയാണ്. പക്ഷെ ഇതിന്റെ ഫലമായി കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാവുകയാണെങ്കിൽ 12 ശതമാന പ്രതീക്ഷിത സാമ്പത്തിക വളർച്ച മൈനസായി തീരും. എത്ര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിന് അത് സൃഷ്ടിക്കുകയെന്ന വീണ്ടുവിചാരം കേന്ദ്ര ഭരണാധികാരികൾക്ക് ഇല്ല.

ചെകുത്താനും കടലിനും ഇടയിൽ എന്ന പഴഞ്ചൊല്ല്, കോവിഡിനും മോദിക്കും ഇടയിൽ എന്ന് പുതുക്കുകയാണ് രാജ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP