Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്‌സിൻ സ്വീകരിച്ചവരിൽ വൈറസ് എത്തിയത് 0.04 ശതമാനം പേർക്ക് മാത്രം; ഈ പ്രതീക്ഷയ്ക്കിടയിലും കല്ലുകടിയായി ഒരു മരുന്നിനുള്ള മൂന്ന് വില; കോവിഡ് വാക്‌സിൻ നയം മാറ്റം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയാകും; സൗജന്യ വിതരണത്തിൽ വ്യക്തത വരുത്താതെ കേന്ദ്ര സർക്കാരും

വാക്‌സിൻ സ്വീകരിച്ചവരിൽ വൈറസ് എത്തിയത് 0.04 ശതമാനം പേർക്ക് മാത്രം; ഈ പ്രതീക്ഷയ്ക്കിടയിലും കല്ലുകടിയായി ഒരു മരുന്നിനുള്ള മൂന്ന് വില; കോവിഡ് വാക്‌സിൻ നയം മാറ്റം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയാകും; സൗജന്യ വിതരണത്തിൽ വ്യക്തത വരുത്താതെ കേന്ദ്ര സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വാക്‌സിനിൽ പ്രതീക്ഷ അർപ്പിച്ച് കേന്ദ്ര സര്ഡക്കാർ. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇരു വാക്‌സീനുകളും മികച്ച ഫലപ്രാപ്തി നൽകുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വാക്‌സീൻ സ്വീകരിച്ചവരിൽ 0.04% ആളുകൾക്കേ നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ വാക്‌സിനിലെ പുതിയ നയം ചർച്ചകൾക്ക് ഇടനൽകുന്നു. ഇത് കാരണം മൂന്ന് വില ഒരോ വാക്‌സിന് വരുമെന്നാണ് വിലയിരുത്തൽ.

കോവീഷീൽഡ് വാക്‌സിൻ 11.6 കോടി പേർ സ്വീകരിച്ചു. ഇതിൽ 10.03 കോടി പേർ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചത്. ഇവരിൽ 17,145 പേർക്കു കുത്തിവയ്പിനുശേഷവും കോവിഡ് വന്നു (0.02%). രണ്ടു ഡോസും സ്വീകരിച്ച 1.57 കോടിയിൽ 5014 പേർക്കാണു കോവിഡ് വന്നത് (0.03 %). കോവാക്‌സിൻ 1.1 കോടി പേർ സ്വീകരിച്ചു. ഇതിൽ 93.56 ലക്ഷം പേർ ആദ്യ ഡോസ് മാത്രമാണു സ്വീകരിച്ചത്. ഇവരിൽ 4208 പേർക്ക് (0.04%) കുത്തിവയ്പിനുശേഷവും കോവിഡ് വന്നു. 2 ഡോസും സ്വീകരിച്ച 17.37 ലക്ഷം പേരിൽ 695 പേർക്കാണു (0.04%) കോവിഡ് വന്നത്. ഈ കണക്കുകൾ ആശ്വാസമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

ഇതിനിടെയാന് വാക്‌സിൻ നയം മാറ്റം ചർച്ചയാകുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കോവിഷീൽഡ് വാക്‌സീന്റെ വില പ്രഖ്യാപിച്ചതോടെ ഫലത്തിൽ ഒരേ ഉൽപന്നത്തിനു മൂന്നു വില നിലവിൽ വരും. ഒരു രാജ്യം ഒരു വില എന്ന നയം നടപ്പിലാക്കിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വാക്‌സിനിലെ മൂന്ന് വിലയിൽ ചർച്ച തുടരുകയാണ്.

കേന്ദ്ര സർക്കാരിനു 150 രൂപയ്ക്കു വാക്‌സീൻ ലഭിക്കുമ്പോഴാണ് സംസ്ഥാന സർക്കാരുകൾ ഇരട്ടിയിലധികം വില നൽകേണ്ടിവരുന്നത്. എന്നാൽ, ഇപ്പോഴത്തെ കരാർ അവസാനിക്കുമ്പോൾ കേന്ദ്രവും 400 രൂപ നൽകേണ്ടിവരുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിനു 150 രൂപയ്ക്കു തന്നെയായിരിക്കും വാക്‌സീൻ ലഭിക്കുകയെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രതികരിച്ചത്.

മെയ്‌ 1 മുതൽ ആകെ ഉൽപാദനത്തിന്റെ പകുതി കേന്ദ്ര സർക്കാരിനും ബാക്കി സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി നൽകാനാണു ധാരണ. ഇതിൽ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള വാക്‌സീന്റെ വില നിശ്ചയിക്കാൻ കമ്പനികൾക്കു കേന്ദ്രം അനുമതി കൊടുത്തതിൽ വിമർശനം ശക്തമാണ്. ഇതിനൊപ്പം മറ്റൊരു സംശയവുമുണ്ട്. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ വാങ്ങിച്ചില്ലെങ്കിൽ കേന്ദ്ര പൂളിൽ നിന്ന് ആവശ്യമുള്ളത് മുഴുവൻ കിട്ടുമോ എന്നതാണ് അത്. അങ്ങനെ എങ്കിൽ മിക്ക സംസ്ഥാനങ്ങളും വാക്‌സിൻ വാങ്ങാനും സാധ്യതയില്ല.

നിലവിൽ 45 വയസ്സിനുള്ളവർക്ക് സർക്കാർ സംവിധാനങ്ങളിലൂടെ വാക്‌സിൻ സൗജന്യമായി കിട്ടുന്നു. 18 വയസ്സിന് മുകളിലുള്ളവർക്ക് മെയ്‌ മുതൽ വാക്‌സിൻ എടുക്കാം. സർക്കാർ കേന്ദ്രങ്ങളിൽ ഇത്തരക്കാർക്കും വാക്‌സിൻ സൗജന്യമായിരിക്കുമോ എന്നത് വ്യക്തതയില്ല. പുതിയ നയ പ്രഖ്യാപനത്തിൽ കൃത്യമായ വിശദീകരണം കേന്ദ്രം നടത്താത്തതാണ് ഇതിന് കാരണം. ഇത് സംസ്ഥാന സർക്കാരുകളേയും ആശങ്കയിലാക്കും. 45 വയസ്സുവരെയുള്ളവർക്ക് മാത്രമേ കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകൂവെന്ന് വന്നാൽ അത് സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയുമാകും.

18 വയസ്സിനു മുകളിലുള്ളവർക്കായി മെയ്‌ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കുള്ള വാക്‌സീൻ വാങ്ങേണ്ടി വരുമെന്നാണ് പൊതു വിലയിരുത്തൽ. അല്ലെങ്കിൽ ചെലവു സംസ്ഥാനങ്ങൾ വഹിക്കണം. മിക്ക സംസ്ഥാനങ്ങളും നേരത്തെ തന്നെ കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ വാക്‌സിൻ സൗജന്യമായി കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊതു ജനങ്ങൾ. കേരളവും ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

യുഎസിൽ 1500 രൂപയും റഷ്യയിലും ചൈനയിലും 750 രൂപയും വരെയാണു വിലയെന്ന വാദമാണു സീറം ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാക്‌സീൻ നയം നോട്ടുനിരോധനം പോലെയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ഒറ്റ വില വേണമെന്നു കോൺഗ്രസ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP