Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്‌സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകും

തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്‌സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകും

അനീഷ് കുമാർ

കണ്ണുർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ ബാക്കി നിൽക്കവെ മുഖ്യമന്ത്രി പിണറായി വിജയന് നിർണായകമാകും. ഉറപ്പാണ് എൽ.ഡി.എഫ് എന്ന മുദ്രാവാക്യവുമായി ജയിച്ചാൽ ഇപ്പോൾ ക്യാപ്റ്റനായ പിണറായി ഭരണത്തിലും പാർട്ടിയിലും ചീഫ് മാർഷലാകും. പിണറായി വിജയനെന്ന സർവശക്തമനായ നേതാവിന്റെ തേരോട്ടം ഇതോടെ കേരളം കാണും.

തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത് എന്നു പറഞ്ഞതുപോലെ പിണറായിക്കെതിരെ സിപിഎമ്മിൽ അതൃപ്തി പുകയും പിണറായിക്കെതിരെയുള്ള ആദ്യവെടി മുഴങ്ങുന്നത് അദ്ദേഹത്തിന്റെ തട്ടകമായ കണ്ണുരിൽ നിന്നായിരിക്കും. അത് ഇ.പി ജയരാജനോ പി.ജയരാജനോയെന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. ഇതിനൊപ്പം മന്ത്രിസഭ ഉണ്ടായാൽ രണ്ടാമൻ തളിപ്പറമ്പിൽ മത്സരിച്ച എംവി ഗോവിന്ദനാകുമെന്നും ഉറപ്പാണ്. മൂന്നാം സ്ഥാനമേ കെകെ ശൈലജയ്ക്ക് കിട്ടാൻ സാധ്യതയുള്ളൂ. പാർട്ടിയിലെ സീനിയോറിട്ടിയാകും ഇതിന് മാനദണ്ഡമാകുക.

ഇടതു മുന്നണി ജയിച്ചാലും തോറ്റാലും ഈ തെരഞ്ഞെടുപ്പിലെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്.സ്ഥാനാർത്ഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ വരെ ഒരൊറ്റ നേതാവിന്റെ തു മാത്രമാകുന്ന ഒരു തെരഞ്ഞെടുപ്പ് ഇടതു മുന്നണിയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. സ്ഥാർത്ഥിത്വത്തിലേക്ക് ആരൊക്കെ വേണം ,വേണ്ട എന്നതിൽ പോലും പാർട്ടിക്ക് മുകളിൽ നേതാവ് തീരുമാനമെടുക്കുന്നത് സിപിഎമ്മിന്റെ കേരള ചരിത്രത്തിൽ ഇതിന് മുൻപ് രേഖപ്പെടുത്തിയിട്ടില്ല കേന്ദ്ര നേതൃത്വത്തിന് പോലും ശബ്ദമില്ലാത്ത അവസ്ഥയായിരുന്നു സിപിഎമ്മിൽ അതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പിന്റെ വിജയ - പരാജയങ്ങളുടെ ഉത്തരവാദിത്വം ആ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിൽ തന്നെ നിക്ഷിപ്തമാണ്.

സിപിഎമ്മിന്റെ ചരിത്രത്തിൽ പിണറായി വിജയൻ നയിച്ചതെരഞ്ഞെടുപ്പാണ് നടന്നത്. പതിനേഴു വർഷം പാർട്ടി സെക്രട്ടറിയായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പുകൾക്ക് മുൻപിൽ അനാരോഗ്യം ആക്രമിക്കുന്നതു വരെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെയാണ് പാർട്ടി നിർത്തിയിരുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയിച്ചാൽ പിണറായി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിയിരുന്നു. എന്നാൽ വി.എസിനെ രാഷ്ട്രീയ വനവാസത്തിന് വിടാതെ തെരഞ്ഞെടുപ്പ് മുൻ പിൽകണ്ട് നായകസ്ഥാനം നൽകാൻ അന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. വി.എസിനെപ്പോലെ ജനകീയനായ ഒരു നേതാവില്ലെന്ന തോന്നലിൽ നിന്നായിരുന്നു ആ തീരുമാനം.

എന്നാൽ ഇക്കുറി കേരളത്തിൽ ഇടപെടാൻ പിണറായിയെക്കാൾ വലിയ നേതാക്കളൊന്നും കേരളത്തിലോ കേന്ദ്രത്തിലോയില്ല.സംസ്ഥാനത്ത് പാർട്ടിയുടെയും മുന്നണിയുടെയും ക്യാപ്റ്റനായി ഒരേ സമയം പിണറായി മാറുകയായിരുന്നു. അനാരോഗ്യമാണ് ഇക്കുറി വി എസ് അച്ചുതാനന്ദനെ കളത്തിന് പുറത്ത് നിർത്തിയത്. മക്കൾ വിവാദത്തിൽപ്പെട്ട് രണ്ടാമനെന്ന് കരുതിയിരുന്ന കോടിയേരിക്കും മാറി നിൽക്കേണ്ടി വന്നു.ഇതോടെ പാർട്ടി യിലും സർക്കാരിലും ക്യാപ്റ്റൻ പിണറായി മാത്രമായി. അതിനാൽ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയനായിരിക്കും. കേരളത്തിൽ ഒരു പിണറായി തരംഗം ഉണ്ടയോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും തെരഞ്ഞെടുപ്പ് ഫലം.

എക്കാലവും തനിക്കു പിന്നിൽ പാറപോലെ ഉറച്ചു നിന്ന നാലഞ്ചു മന്ത്രിമാരെ പിണറായി വിജയൻ ഇക്കുറി സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നും പുഷ്പം പോലെ ഒഴിവാക്കിയാണ് ഇക്കുറി മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്.തോമസ് ഐസക്ക്, ജി.സുധാകരൻ, എ.കെ ബാലൻ, ഇ പി ജയരാജൻ, സി.രവീന്ദ്രനാഥ് എന്നിവർക്കു പുറമേ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെയും തഴഞ്ഞു. ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വരുന്ന പക്ഷം നിലവിലുള്ള മന്ത്രിസഭയിലെ ഏറ്റവും പ്രമുഖ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരാണ് മാറി നിൽക്കേണ്ടി വന്ന എല്ലാ മന്ത്രിമാരും അതിനാൽ പിണറായിയുടെ നടപടി രണ്ടുടേം പൂർത്തിയാക്കിയവർ മത്സരിക്കേണ്ടതില്ലെന്ന താത്വിക പ്രശ്‌നത്തിനപ്പുറം മറ്റു പല വ്യാഖ്യാനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

ഇടതു മുന്നണി തുടർ ഭരണത്തിലേക്ക് പോകുന്ന സാഹചര്യത്തിൽ സർക്കാരിൽ തന്നോളം ഉയരാൻ ശ്രമിക്കുന്നവർ ആരും വേണ്ടെന്ന നിലപാടാണ് ഈ നടപടിക്ക് പിന്നിലെന്ന വ്യാഖ്യാനമാണ് പലരുമുയർത്തുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാർക്ക് പേഴ്‌സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് കേന്ദ്ര നേതാക്കൾ വന്നു പോകുകയല്ലാതെ മുഖ്യമന്ത്രി തന്നെയാണ് പ്രചാരണം നയിച്ചത്.എന്നാൽ രണ്ടാം നിര നേതാക്കൾ അത്ര സജീവമായി രംഗത്തിറങ്ങിയിട്ടുമില്ല.

പാർട്ടിക്കുള്ളിലും സർക്കാരിലും ഒരേ പോലെ അപ്രമാദിത്വം പുലർത്തി നമ്പർ വണ്ണായി മാറിയ മുഖ്യമന്ത്രിക്ക് അഥവാ കാലിടറിയാൽ അതി മാരകമായിരിക്കും തിരിച്ചടി.ഇപ്പോൾ ഭയന്ന് പത്തി താഴ്‌ത്തി മാളത്തിൽ കഴിയുന്നവരെല്ലാം കൊത്താനായി പാഞ്ഞടുക്കുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കാണാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP