Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് ലക്ഷണങ്ങളെ നേരിടാൻ മരുന്ന് വികസിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ; അടിയന്തര സാഹചര്യങ്ങൾ കഴിഞ്ഞാൽ മരുന്ന് കൊടുത്ത് വീട്ടിലേക്കയയ്ക്കും; വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിൽ മാതൃക കാട്ടിയ ബ്രിട്ടൻ അടുത്ത ഘട്ടത്തിലേക്ക്

കോവിഡ് ലക്ഷണങ്ങളെ നേരിടാൻ മരുന്ന് വികസിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ; അടിയന്തര സാഹചര്യങ്ങൾ കഴിഞ്ഞാൽ മരുന്ന് കൊടുത്ത് വീട്ടിലേക്കയയ്ക്കും; വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിൽ മാതൃക കാട്ടിയ ബ്രിട്ടൻ അടുത്ത ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് സർക്കാരിനെ ആന്റിവൈറൽ ടാസ്‌ക് ഫോഴ്സിന്റെ ശ്രമഫലമായി അടുത്ത ശരത്ക്കാലം മുതൽ കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് ചികിത്സിക്കാൻ ആവശ്യമായ മരുന്നുകൾ ലഭ്യമാകും. ഇനിയുള്ള കാലം കൊറോണയ്ക്കൊപ്പം ജീവിക്കേണ്ടതായി വരും എന്ന യാഥാർത്ഥ്യം മനസ്സിലാക്കി, രോഗബാധിതർ ആശുപത്രിയെ സമീപിക്കാതെ വീട്ടിലിരുന്ന് തന്നെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുവാനാണ് ബ്രിട്ടീഷ് സർക്കാർ ശ്രമിക്കുന്നത്. അതിനായി ശാസ്ത്രജ്ഞന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിക്കും.

വാക്സിനേഷൻ പദ്ധതിയിലൊാ കോവിഡ് വ്യാപനത്തെ വിജയകരമായി ചെറുത്ത ബ്രിട്ടന്റെ ഈ മേഖലയിലെ അടുത്ത കാൽവയ്പായാണ് ഈ നടപടിയെ കാണുന്നത്. കോവിഡിന് നൽകേണ്ട മരുന്ന് ഏതാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാൽ, വൈറസിനെതിരായുള്ള മരുന്നുകൾ വികസിപ്പിക്കാൻ പല ഫാർമസ്യുട്ടിക്കൽ കമ്പനികളും മുന്നോട്ടുവന്നിട്ടുണ്ട്. ഇതുവരെയുള്ള ഗവേഷണങ്ങളെല്ലാം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇതുവരെ, വീട്ടിൽ തന്നെ ചികിത്സയൊരുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

ആസ്തമാ രോഗികൾ ഉപയോഗിക്കുന്ന 15 പൗണ്ട് വിലയുള്ള ഇൻഹേലർ ഉപയോഗിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ രോഗം ഭേദമാകുമെന്ന് ചില പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നൽ, അത് ഒരു സാധാരണ ചികിത്സാ രീതിയായി സ്വീകരിക്കാൻ തക്കവണ്ണമുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഇപ്പോൾ, കോവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സിക്കാൻ സൗകര്യപ്പെടും വിധം ചുരുങ്ങിയത് രണ്ട് ചെലവുകുറഞ്ഞ ചികിത്സാ രീതികളെങ്കിലും ശാസ്ത്രലോകം നിർദ്ദേശിക്കും എന്ന പ്രതീക്ഷയിലാണ് സർക്കാർ.

സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മരുന്ന് നിർമ്മാതാക്കൾ എന്നിവരെ ചേർത്തായിരിക്കും ഇതിനായുള്ള പാനൽ രൂപീകരിക്കുക. പുതിയ, ഫലക്ഷമമായ ആന്റി വൈറൽ മരുന്നുകൾ കണ്ടുപിടിക്കുക എന്നതായിരിക്കും ഈ പാനലിന്റെ കർത്തവ്യം. ഇത്തരത്തിൽ ഫലപ്രദമായ ഒരു ആന്റിവൈറൽ മരുന്ന് കണ്ടുപിടിച്ചാൽ ഭാവിയിലെ വൈറസ് ആക്രമണങ്ങൾക്ക് എതിരെയും ഇവ ഉപയോഗിക്കാൻ കഴിഞ്ഞേക്കും.

വരുന്ന ശരത്ക്കാലത്തോടെ ബ്രിട്ടനിലെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിനേഷൻ നൽകിക്കഴിഞ്ഞിരിക്കും. എന്നിരുന്നാലും വാക്സിൻ സമ്പൂർണ്ണ സംരക്ഷണം നൽകുന്നു എന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിശ്വസിക്കുന്നില്ല. മാത്രമല്ല, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലം ചിലർക്ക് വാക്സിൻ എടുക്കാൻ ആകാതെയും വന്നേക്കാം. എല്ലാവർഷവും ഫ്ളൂ എത്തുന്നതുപോലെ ഇനി മുതൽ കോവിഡും ഒരു നിത്യസന്ദർശകനായി മാറുമെന്ന് സർക്കാർ കരുതുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് പുതിയ ചികിത്സാ രീതികളുമായി ആരോഗ്യ മേഖലയ്ക്ക് മുകളിൽ വന്നേക്കാവുന്ന സമ്മർദ്ദം കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP