Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ധവാനും അമിത് മിശ്രയും തിളങ്ങി; മുംബൈയെ പിടിച്ചുകെട്ടി ഡൽഹിക്ക് മൂന്നാം ജയം; ഡൽഹിയുടെ വിജയം 6 വിക്കറ്റിന്

ധവാനും അമിത് മിശ്രയും തിളങ്ങി; മുംബൈയെ പിടിച്ചുകെട്ടി ഡൽഹിക്ക് മൂന്നാം ജയം; ഡൽഹിയുടെ വിജയം 6 വിക്കറ്റിന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഐ.പി.എല്ലിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറു വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപ്പിറ്റൽസ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. മുംബൈയുടെ വമ്പിന് ശിഖർ ധവാനിലൂടെയും അമിത് മിശ്രയിലൂടെയുമായിരുന്നു ഡൽഹിയുടെ മറുപടി.

മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കേ നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു.

42 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.സ്റ്റീവ് സ്മിത്ത് 29 പന്തിൽ നിന്ന് 33 റൺസെടുത്തു. ധവാനും സ്മിത്തും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 53 റൺസാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്.

ലളിത് യാദവ് 22 റൺസോടെയും ഷിംറോൺ ഹെറ്റ്മയർ 14 റൺസോടെയും പുറത്താകാതെ നിന്നു. പൃഥ്വി ഷാ (7), ഋഷഭ് പന്ത് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

കഴിഞ്ഞ മത്സരത്തിലെ പോലെ ചെറിയ സ്‌കോറിലൊതുങ്ങിയെങ്കിലും എതിരാളികളെ എറിഞ്ഞ് പിടിക്കാമെന്ന മുംബൈയുടെ മോഹം ഇത്തവണ ഫലം കണ്ടില്ല. മത്സരം അവസാന ഓവർ വരെ എത്തിച്ചെങ്കിലും ഡൽഹിയുടെ ബാറ്റ്‌സ്മാന്മാർ ശ്രദ്ധയോടെ ബാറ്റ് വീശി ലക്ഷ്യം കണ്ടു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മികച്ച തുടക്കം ലഭിച്ച ശേഷം തകരുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ മുംബൈക്ക് സ്‌കോർ ചെയ്യാനായത് 137 റൺസ് മാത്രം.

6.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലായിരുന്ന മുംബൈ 11.5 ഓവറിൽ ആറിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്രയാണ് മുംബൈയെ തകർത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ ക്വിന്റൺ ഡിക്കോക്കിനെ (1) നഷ്ടമായി.

രണ്ടാം വിക്കറ്റിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തിൽ നിന്ന് നാലു ഫോറുകളടക്കം 24 റൺസെടുത്ത സൂര്യകുമാറിനെ ആവേശ് ഖാൻ പുറത്താക്കിയതോടെ മുംബൈയുടെ തകർച്ചയും തുടങ്ങി.

പിന്നാലെ 30 പന്തിൽ നിന്ന് മൂന്നു വീതം സിക്‌സും ഫോറുമടക്കം 44 റൺസെടുത്ത രോഹിത്തിനെ അമിത് മിശ്ര മടക്കി. പിന്നാലെ ഹാർദിക് പാണ്ഡ്യ (0), ക്രുനാൽ പാണ്ഡ്യ (1), കിറോൺ പൊള്ളാർഡ് (2) എന്നിവർ വന്നപോലെ മടങ്ങി.

തുടർന്ന് ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - ജയന്ത് യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. 28 പന്തിൽ നിന്ന് 26 റൺസെടുത്ത കിഷനെ 18-ാം ഓവറിൽ അമിത് മിശ്ര മടക്കി. ജയന്ത് യാദവ് 22 പന്തിൽ നിന്നും 23 റൺസെടുത്ത് പുറത്തായി. ഡൽഹിക്കായി ആവേശ് ഖാൻ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടീമിൽ ആദം മിൽനെയ്ക്ക് പകരം ജയന്ത് യാദവ് ഇടംനേടി. ഡൽഹി നിരയിൽ ഷിംറോൺ ഹെറ്റ്മയറും അമിത് മിശ്രയും ഇടംപിടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP