Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈദ്യുതി ബോർഡിലെ ശമ്പള വർധനവിൽ കോളടിച്ച് ഉദ്യോഗസ്ഥർ; അസി. എക്സി. എഞ്ചിനീയർ തസ്തികയിലുള്ളയാൾക്ക് ഒറ്റയടിക്ക് കൂടിയത് 28820 രൂപ! വർധനവോടെ പ്രതിവർഷം ശമ്പള ഇനത്തിൽ മാത്രം അധികമായി കണ്ടെത്തേണ്ടത് 500 കോടി! പെൻഷൻ കൂടി കണക്കിലെടുത്താൽ 750 കോടിയിലെത്തും; തീവെട്ടിക്കൊള്ളയെന്ന് പൊതുവികാരം

വൈദ്യുതി ബോർഡിലെ ശമ്പള വർധനവിൽ കോളടിച്ച് ഉദ്യോഗസ്ഥർ; അസി. എക്സി. എഞ്ചിനീയർ തസ്തികയിലുള്ളയാൾക്ക് ഒറ്റയടിക്ക് കൂടിയത് 28820 രൂപ! വർധനവോടെ പ്രതിവർഷം ശമ്പള ഇനത്തിൽ മാത്രം അധികമായി കണ്ടെത്തേണ്ടത് 500 കോടി! പെൻഷൻ കൂടി കണക്കിലെടുത്താൽ 750 കോടിയിലെത്തും; തീവെട്ടിക്കൊള്ളയെന്ന് പൊതുവികാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണം കടന്നുവന്നിട്ടും കാലം കുറച്ചായി. റിലയൻസും അദാനിയുമൊക്കെ ഈ രംഗത്തേക്ക് ചുവടു വെച്ചപ്പോഴും കേരളത്തിൽ മാത്രം ഇക്കൂട്ടർക്ക് കാര്യമായ ഇടപെടൽ നടത്താൻ സാധിച്ചിട്ടില്ല. ഇവിടെ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്(കെഎസ്ഇബി)യുടെ അപ്രമാദിത്തം തന്നെയാണ് ഇതിന് കാരണം. കേരള സർക്കാർ നേരിട്ടു നടത്തിയിരുന്ന കെഎസ്ഇബിയെ കമ്പനിയാക്കിയതോടെ ലാഭത്തിലേക്ക് സ്ഥാപനം എത്തിയിട്ടുണ്ട്. കൂടാതെ സർവീസിന്റ കാര്യത്തിൽ അടക്കം മുൻകാല സമീപനങ്ങളേക്കാൾ മാറ്റം വരികയും ചെയ്തു. ആധുനിക വൽക്കരണം അടക്കം കെഎസ്ഇബിക്ക് നേട്ടങ്ങൾ സമ്മാനിച്ചു. എന്നാൽ, ഇപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം അധികം താമസിയാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ എന്ന് കണ്ടറിയേണ്ട അവസ്ഥയാണ്. ഇതിന് കാരണം അടുത്തകാലത്തായി കെഎസ്ഇബിയിൽ ഉണ്ടായിരിക്കുന്ന ഞെട്ടിക്കുന്ന ശമ്പള വർധനവാണ്.

സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് വൈദ്യുതി ബോർഡിലും ശമ്പളം വർധിപ്പിച്ചരിക്കുന്നത്. സംസ്ഥാന തലത്തിലെ ശമ്പള വർധനവിന്റെ ചുവടു പിടിച്ചു നടത്തിയ ശമ്പള വർധനവിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ളവർക്ക് ശരിക്കും കോളടിച്ചിരിക്കയാണ്. അസി. എക്‌സി. എഞ്ചിനീയർ തസ്തികയിൽ ഉള്ള ഒരാൾക്ക് ഒറ്റയടിക്ക് ശമ്പളത്തിൽ വർധനയായി കൈയിൽ കിട്ടുന്നത് 28000 രൂപയോളമാണ്. ഉന്നത ഉദ്യോഗസ്ഥ തസ്തികയിലേക്ക് പോകുമ്പോൾ ഈ തുക വീണ്ടും ഉയരുകയും ചെയ്യും.

പതിറ്റാണ്ടുകൾക്ക് മുമ്പ് സർവീസിൽ കയറുമ്പോൾ കിട്ടിയിരുന്ന തുച്ഛമായ തുകയിൽ നിന്നും വ്യത്യസ്തമായാണ് ഇപ്പോൾ പുതുകാലഘട്ടത്തിൽ ജീവനക്കാർക്ക് വാരിക്കോരി ശമ്പളം നൽകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത്. കെ.എസ്.ഇ.ബി.യിൽ മാസ്റ്റർ സ്‌കെയിലിന്റെ തുടക്കം 24,400 രൂപയാണ്. മുപ്പത് ശതമാനം ഡി.എ.യും സംസ്ഥാനഗവൺമെന്റിലേതുപോലെ പത്ത് ശതമാനം ഫിറ്റ്മെന്റും ചേർത്താണ് പുതുക്കിയ ശമ്പളം നിലവിൽ വന്നിരിക്കുന്നത്. ശമ്പളപരിഷ്‌കരണ കരാറിൽ കെ.എസ്.ഇ.ബി. മാനേജ്മെന്റും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവെച്ചതോടെ ഏപ്രിൽ ഒന്നിന് ശമ്പള വർധന നിലവിൽ വന്നു.

പുതുക്കിയ ശമ്പള പരിഷ്‌കരണ കരാർ പ്രകാരം ഏറ്റവും കുറഞ്ഞ വർധന 2880 രൂപയാണ്. വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, സ്ഥാപനത്തിന്റെ മാനവവിഭവശേഷി വികസനം കൂടുതലായി വിനിയോഗിക്കുക, സ്പെഷ്യൽ റൂൾ നടപ്പാക്കുക തുടങ്ങിയ ചർച്ചയ്ക്ക് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ജീവനക്കാരുടെ പങ്കാളിത്തം വേണമെന്ന നിലയിലാണ് വലിയ ശമ്പള വർധന നൽകിയിരിക്കുന്നത് എന്നതാണ് കെഎസ്ഇബിയുടെ പക്ഷം.

അതേസമയം ഇപ്പോഴുണ്ടായ ശമ്പള വർധനവ് കേരള സർക്കാറിന്റെ കീഴിലുള്ള മറ്റൊരു കമ്പനികളിലേയും കൂടുതലാണെന്ന വികാരം പൊതുവിൽ ഉയരുന്നുണ്ട്. ഇത് കെഎസ്ഇബിയുടെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കുമെന്നുമാണ് പൊതുവികാരം. ഇത്രയേറെ കൂടുതൽ ശമ്പളം വാരിക്കോരി കൊടുക്കുമ്പോൾ അത് താങ്ങാനുള്ള ത്രാണി വൈദ്യുതി ബോർഡിന് ഇല്ലെന്നതാണ് പൊതുവിൽ ഒരു വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നത്. 2016 ലെ ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പുണ്ടായിരുന്ന ശമ്പളത്തിനേക്കാൾ 113 ശതമാനം രൂപയുടെ വർധവുണ്ടായ വിവരം ചൂണ്ടിക്കാട്ടി കൊണ്ട് ജീവനക്കാരിൽ തന്നെ ചിലർ രംഗത്തുവന്നു.

ഇപ്പോഴുണ്ടായ ശമ്പള വർധനവ് വഴി കെഎസ്ഇബിക്ക് വലിയ ബാധ്യതയാണ് വരുന്നത്. പ്രതിമാസം ശമ്പള വർധനവായി 41 കോടിയോളം രൂപയാണ് ബാധ്യതയായി വരുന്നത്. പ്രതിവർഷം വർഷം 500 കോടി രൂപ ശമ്പള ഇനത്തിൽ അധികമായി കണ്ടെത്തേണ്ടി വരും. പെൻഷൻ കൂടി കണക്കാക്കിയാൽ ആ തുക ഇനിയും ഉയരങ്ങളിലേക്ക് എത്തും. ഈ ശമ്പള പരിഷ്‌ക്കരണത്തിന് പിന്നാലെ ഓരോ വർഷവും രണ്ടു ഗഡു ഡിഎ, ഒരു ഇൻക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ എന്നിവ കൂടി ചേരുമ്പോൾ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയിലേക്ക് സ്ഥാപനം എത്തും.

ഭീമമായ ഈ ശമ്പള വർധവിനെതിരെ കടുത്ത വിമർശനം ജീവനക്കാർക്കിടയിൽ തന്നെ ഉയരുന്നുണ്ട്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത വൈദ്യുതി ബോർഡ് താങ്ങില്ലെന്നാണ് ഉയരുന്ന വിമർശനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിനെ ജീവനക്കാരൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും സൈബർ ഇടത്തിൽ വൈറലാണ്. എസ് സുരേഷ് കുമാർ എന്നയാളായാണ് പോസ്റ്റിട്ടത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വിവരങ്ങൾ കണ്ട് കെഎസ്ഇബിയിലെ ശമ്പള വർധന അനാവശ്യമാണെന്ന വികാരവും ശക്തമായിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

2021ലെ ശമ്പള പരിഷ്‌ക്കരണം ഉയർത്തുന്ന ചോദ്യങ്ങൾ.....
കെ.എസ്.ഇ.ബിയിൽ 22 വർഷത്തെ സർവ്വീസ് പൂർത്തിയാക്കാൻ ഇനി കൃത്യം മൂന്ന് മാസം. സബ് എഞ്ചിനീയറായി സർവ്വീസിൽ കയറുമ്പോൾ അടിസ്ഥാന ശമ്പളം 1640 രൂപ. ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 128000രൂപ (അസി.എക്‌സി.എഞ്ചിനീയറുടെ ഗ്രേഡ്) 2021 ഫെബ്രുവരി മാസത്തെ ആകെ ശമ്പളം - 132400.
2021 മാർച്ച് മാസത്തെ ആകെ ശമ്പളം - 161220.
വർദ്ധനവ് - 28820 രൂപ.
2016 ലെ ശമ്പള പരിഷ്‌ക്കരണം നടക്കുന്നതിന് മുൻപത്തെ മാസത്തെ (മാർച്ചിലെ) ആകെ ശമ്പളം -75800 രൂപ
2016 ഏപ്രിലിൽ കിട്ടിയ പുതുക്കിയ ആകെ ശമ്പളം - 86937രൂപ
2016ലെ വർദ്ധന - 11137 രൂപ.
2016ലെ വർദ്ധനവിന്റെ (11137 രൂപ) 259% ആണ് 2021ൽ ഉണ്ടായ വർദ്ധനവ് (28820 രൂപ).
2016 ലെ ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പുണ്ടായിരുന്ന ശമ്പളത്തിനേക്കാൾ (75800 രൂപ) 113% (85400 രൂപ )വർദ്ധിച്ചാണ് 2021 മാർച്ചിലെ പുതുക്കിയ ശമ്പളം വന്നിരിക്കുന്നത്.
KSEBLൽ 2021 ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ശമ്പള ചെലവിൽ മാത്രം(പെൻഷൻ വർധന കണക്കിലെടുക്കാതെ ) ഉണ്ടായ വർദ്ധനവ് 41 കോടിയിലധികമാണ്. അതായത് 2021-22 ൽ ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപ ശമ്പള ചെലവിനായി മാത്രം അധികമായി കണ്ടെത്തണം. പെൻഷൻ വർദ്ധന കൂടി കണക്കിലെടുത്താൽ അധികമായി വരുന്ന തുക 750 കോടിയോളം രൂപ വരും. 2018 മുതലുള്ള ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക കൂടിശ്ശികയുടെ ബാധ്യത 1000 കോടിക്കടുത്ത് വരും.
ഈ പരിഷ്‌ക്കരണത്തോടൊപ്പം ഓരോ വർഷവും രണ്ടു ഗഡു DA, ഒരു ഇൻക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ എന്നിവ കൂടി ചേരുമ്പോൾ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയാണ് വരും വർഷങ്ങളിൽ ഈ സ്ഥാപനം നേരിടേണ്ടിവരിക.
കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കരാറിൽ 2013 നും 2016 നും ഇടയിൽ സർവ്വീസിൽ വന്ന താഴ്ന്ന ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് ഒരു ഇൻക്രിമെന്റ് കൂടി നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നു. മുൻപും ഈ രീതി തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ഓഫീസറന്മാരുടെ ശമ്പള പരിഷ്‌ക്കരണ ആഡിറ്റ് സർക്കുലറിലും എൻട്രി കേഡറിലുള്ള ഓഫീസറന്മാർക്കും വ്യവസ്ഥ എഴുതി വച്ചു. ഇതു വഴി 2013 ന് സർവ്വീസിൽ ഉണ്ടായിരുന്ന ചില അസി.എഞ്ചിനീയറന്മാരേക്കാൾ കൂടുതൽ അതിന് ശേഷം സർവ്വീസിൽ വന്നവർക്ക് കിട്ടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ HRA യുടെ കാര്യം എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. നഗരങ്ങളിലും പ്രോജക്ട് ഏര്യായിലും തമ്മിൽ HRA യുടെ കാര്യത്തിൽ വലിയ അന്തരം ഉണ്ടെന്നും അതിന് പരിഹാരം കാണണമെന്നും ആണ് ഇപ്പോൾ പറയുന്നത്. ശമ്പളം പുതുക്കാൻ കാർമ്മികത്വം വഹിക്കുമ്പോൾ പറയാതിരുന്ന കാര്യമാണ് അവർ ഇപ്പോൾ ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ രീതി പിൻതുടർന്നാൽ ഒടുവിൽ നഗര - ഗ്രാമ അന്തരത്തിന്റെ പേര് പറഞ്ഞുള്ള HRA വർദ്ധനവ് കൂടി ഇനി പ്രതീക്ഷിക്കാം.
ഇത് ന്യായമായ വർദ്ധനവ് എന്ന് ആര് പറഞ്ഞാലും അത് കണ്ണടച്ച് ഇരുട്ടാക്കലാകും. ഇത് കുത്തി വാരലാണ് എന്ന് കണ്ണ് തുറന്ന് നോക്കിയാൽ ആർക്കും കാണാൻ കഴിയും. ഇത്രയും വാരിക്കോരി കൊടുക്കാനുള്ള ത്രാണി ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ചിരുന്നുവോ....? ഭാവിയിലും ശമ്പള പരിഷ്‌ക്കരണം വേണമെന്നില്ലയോ.....?
അതോ കേന്ദ്രത്തിലേതു പോലെ പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌ക്കരണം മതിയോ.....? ഈ ശമ്പള പരിഷ്‌ക്കരണം ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP