Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്‌ളാറ്റിൽ കണ്ടത് കുട്ടിയുടെ വായിൽ നിന്ന് ചാടിയ നുരയും പതയും; ആമാശയത്തിലേയ് കോള കുടിച്ചതിന്റെ അവശിഷ്ടം; കുടുംബ ആത്മഹത്യ നടക്കാതെ പോയത് ഭാര്യയുടെ എതിർപ്പ് മൂലമെന്നും സനുവിന്റെ മൊഴി; വൈഗയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത് അച്ഛന്റെ ചൂതാട്ട ഭ്രമം; രമ്യയെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും

ഫ്‌ളാറ്റിൽ കണ്ടത് കുട്ടിയുടെ വായിൽ നിന്ന് ചാടിയ നുരയും പതയും; ആമാശയത്തിലേയ് കോള കുടിച്ചതിന്റെ അവശിഷ്ടം; കുടുംബ ആത്മഹത്യ നടക്കാതെ പോയത് ഭാര്യയുടെ എതിർപ്പ് മൂലമെന്നും സനുവിന്റെ മൊഴി; വൈഗയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത് അച്ഛന്റെ ചൂതാട്ട ഭ്രമം; രമ്യയെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈഗയുടെ കൊലപാതകം പീഡനത്തിന് ശേഷമല്ലെന്ന് ഉറപ്പിച്ച് പൊലീസ്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ നിന്നു കണ്ടെത്തിയ സ്രവം മരിച്ച വൈഗയുടെ വായിൽ നിന്നു ചാടിയ നുരയും പതയുമാണെന്നു വ്യക്തമായി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സംശയിക്കത്തക്കതായ ഒന്നും കണ്ടെത്താനായില്ല. ആമാശയത്തിൽ ആൽക്കഹോളിന്റെ അംശമുണ്ടെന്നു സംശയിച്ചെങ്കിലും കോള കുടിച്ചതാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മകളുടെ കൊലപാതകിയാണെങ്കിലും അച്ഛനെതിരെ ഉയർന്ന മറ്റ് സംശയങ്ങൾ അകലുകയാണ്.

ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാൽ മകളോടു വലിയ സ്നേഹമായിരുന്നു. കുടുംബമായി ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നോ എന്നു പൊലീസ് ചോദിച്ചെങ്കിലും ഭാര്യ അതിനു തയാറാകില്ല എന്നായിരുന്നു മറുപടി. ഈ മൊഴി നിർണ്ണായകമാണ്. ഇതിന് സനു മോഹന്റെ ഭാര്യ നൽകുന്ന മറുപടിയും നിർണ്ണായകമാകും. ആത്മഹത്യാ ചിന്തുകളുണ്ടായിരുന്നില്ലെന്ന് ഭാര്യ രമ്യ മൊഴി നൽകിയാൽ സനു മോഹൻ പറയുന്നതെല്ലാം കളവാണെന്ന നിഗമനത്തിൽ പൊലീസ് എത്തും. സനു മോഹന്റെ മൊഴി പൂർണ്ണമായും ഇനിയും പൊലീസ് വിശ്വസിച്ചിട്ടില്ല.

മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും അതിനായി കീടനാശിനി കഴിച്ചിരുന്നെന്നും സനു മോഹൻ പൊലീസിനോടു വെളിപ്പെടുത്തി. ജീവിച്ചിരിക്കാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. വാഹനത്തിനു മുന്നിൽ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു. എന്നാൽ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോർത്തപ്പോൾ ധൈര്യം ചോർന്നുപോയി.

കർണാടകയിലെ കാർവാർ ബീച്ചിലെത്തിയതു പാറയിടുക്കിൽ ചാടി മരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും സനു പറഞ്ഞു. വായ്ക്കുള്ളിലെ പൊള്ളൽ സനു പൊലീസിനു കാട്ടിക്കൊടുത്തു. ഇതു കീടനാശിനി കഴിച്ചുണ്ടായതാണോ എന്നു വ്യക്തമല്ല. മൊഴികൾ പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല. സനുവിനെ പൊലീസിന്റെ കസ്റ്റഡിയിൽ ലഭിക്കുമ്പോൾ കൂടുതൽ വ്യക്തത വരുത്തും. സനുവിനു മാനസിക പ്രശ്നങ്ങളില്ലെന്നാണു പ്രാഥമിക പരിശോധനയിലെ വിവരം.

തട്ടിപ്പ് ശീലമാക്കിയതിനാൽ ദുരൂഹമാണു സനുവിന്റെ മനസെന്നും ഓരോ നീക്കവും ബുദ്ധിമാനായ കുറ്റവാളിയെപ്പോലെയാണെന്നും പൊലീസ് പറയുന്നു. പിടികൊടുക്കാതെ 27 ദിവസം കറങ്ങിനടന്നതിനുള്ള ന്യായീകരണം വിശ്വസനീയമല്ല. സനുവിനു തമിഴ്‌നാട്ടിൽ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും സ്ഥിരീകരിക്കാനായില്ല. ഇല്ലെന്നാണു സനു പറയുന്നത്. ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തി ചൂതാട്ടം നടത്തിയിട്ടുള്ളയാളായിരുന്നു സനു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുമ്പോൾ അത്യാവശ്യം നല്ല വരുമാനം സനുവിന് ലഭിച്ചിരുന്നു. എന്നാൽ, ചൂതാട്ടത്തിൽ മുഴുകിയതോടെ വരുമാനം ചോരുകയായിരുന്നു. ഓരോ തവണയും സനു ലോട്ടറി എടുക്കുന്നത് ചുരുങ്ങിയത് ആയിരം രൂപയ്ക്കെങ്കിലുമായിരിക്കും എന്നാണ് പൊലീസ് കണ്ടെത്തിയത്. ലോട്ടറിയുടെ വലിയ ശേഖരം സനുവിന്റെ ഫ്ലാറ്റിൽ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ഓൺലൈൻ ചൂതാട്ടത്തിലും സനു വലിയ താത്പര്യം കാണിച്ചിരുന്നു.

ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും ഫ്ലാറ്റിനകത്തു നിന്നും ഇതു സംബന്ധിച്ച രേഖകൾ കിട്ടിയിരുന്നു. ബിസിനസിനെന്നു പറഞ്ഞാണ് പലരിൽനിന്നും പണം കടം വാങ്ങിയത്. മാർച്ച് 22-ന്, കടം വാങ്ങിയ പണം കുറേ പേർക്ക് തിരികെ നൽകാമെന്ന് അറിയിച്ചിരുന്നു. ഇതിന് സാധിക്കില്ലെന്ന് ആയതോടെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടതാകുമെന്നാണ് പൊലീസ് കരുതുന്നത്. ഭാര്യയുടെ പേരിലുണ്ടായിരുന്ന ഫ്ലാറ്റ് സനു മോഹൻ വിറ്റു. ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയും എടുത്തു. ഇങ്ങനെ കൈയിൽ വന്ന പണം എന്ത് ചെയ്തെന്ന് കണ്ടെത്തേണ്ടതുണ്ട്.

വൈഗയുടെ മരണ ശേഷവും സനു ചൂതാട്ടത്തിലേർപ്പെട്ടിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂരിൽ കാർ 50,000 രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ, ഈ പണമൊക്കെ ദിവസങ്ങൾക്കുള്ളിൽ ചെലവാക്കി തീർത്തു. ഇതും ചൂതാട്ടം നടത്തിയാകുമെന്നാണ് പൊലീസ് പറയുന്നത്. കുറച്ച് പണം ചെലവഴിച്ചെന്നും ബാക്കി പണം പോക്കറ്റടിച്ച് പോയെന്നുമാണ് സനു പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP