Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രി വാർഡുകൾ നിറയുന്നു; ഓക്‌സിജൻ ക്ഷാമത്തിനും സാധ്യത ഏറെ; രോഗികളുടെ എണ്ണം ലക്ഷം കവിയുമ്പോൾ നേരിടുന്നത് വമ്പൻ പ്രതിസന്ധി; രാത്രികാല കർഫ്യൂവിന് വ്യാപനം പിടിച്ചു നിർത്താനാകൂമോ എന്നതിൽ ഉറപ്പില്ല; കേരളവും ചിന്തിക്കുന്നത് സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് തന്നെ; മലയാളികളെ മരണഭയം വേട്ടയാടുമ്പോൾ

ആശുപത്രി വാർഡുകൾ നിറയുന്നു; ഓക്‌സിജൻ ക്ഷാമത്തിനും സാധ്യത ഏറെ; രോഗികളുടെ എണ്ണം ലക്ഷം കവിയുമ്പോൾ നേരിടുന്നത് വമ്പൻ പ്രതിസന്ധി; രാത്രികാല കർഫ്യൂവിന് വ്യാപനം പിടിച്ചു നിർത്താനാകൂമോ എന്നതിൽ ഉറപ്പില്ല; കേരളവും ചിന്തിക്കുന്നത് സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് തന്നെ; മലയാളികളെ മരണഭയം വേട്ടയാടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിൽ കേരളവും ഭയന്ന് വിറയ്ക്കുകയാണ്. രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതും ഈ സാഹചര്യത്തിലാണ്. രോഗികളുടെ എണ്ണം പെരുകുന്നത് പിടിച്ചു നിർത്താനായില്ലെങ്കിൽ ഡൽഹി മോഡലിൽ ലോക്ഡൗണിനും സാധ്യത ഏറെയാണ്. കോവിഡ് വാക്‌സിൻ എടുത്തവർക്കും രോഗം എത്തുന്നുണ്ടോ എന്ന സംശയവും സജീവം. ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് കോവിഡ് പടരുകയാണ്. പല ജില്ലകളിലും ആശുപത്രി വാർഡുകൾ നിറഞ്ഞു. വാക്‌സീൻ വിതരണ കേന്ദ്രങ്ങളിലും ബഹളം. അങ്ങനെ കോവിഡ് മരണങ്ങൾ കൂടാനുള്ള സാധ്യതയും കേരളം കാണുന്നുണ്ട്. കോവിഡിലെ മരണ ഭയം പതിയെ കേരളത്തേയും പിടികൂടുകയാണ്.

തിരുവനന്തപുരത്ത് 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 981 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തിലേക്ക്. കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗം നിറഞ്ഞു. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ 1500 കിടക്കകളാണ് ഒരുക്കുന്നത്. ഇന്നലെ ചില വാക്‌സീൻ വിതരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തെ തുടർന്നു തർക്കവും ബഹളവുമുണ്ടായി. കോട്ടയത്തും ആശുപത്രികൾ നിറഞ്ഞു. എറണാകുളത്ത് അതിതീവ്രവാപ്യപനമാണ്. തൃശൂരും കോഴിക്കോടും മലപ്പുറവും കണ്ണൂരും കാസർഗോഡും സ്ഥി വഷളാവുകയാണ്. ഈ സാഹചര്യത്തിലാണ് സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് പോലും ആലോചിക്കുന്നത്,

കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും. പൊതുചരക്കു ഗതാഗതത്തിനും പത്രം, പാൽ വിതരണം ഉൾപ്പെടെ അവശ്യ സേവനങ്ങൾക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്നവർ അക്കാര്യം ബോധ്യപ്പെടുത്തണം. ഇനിയും രോഗ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ ലോക്ഡൗണിലേക്ക് ചിന്തകളെത്തും.

സാധ്യമായ എല്ലാ തൊഴിൽ മേഖലകളിലും വർക് ഫ്രം ഹോം നടപ്പാക്കാനാണ് നിർ്‌ദ്ദേശം. സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കരുത്. ഓൺലൈൻ ക്ലാസ് നടത്താം. സിനിമ തിയറ്റർ, മാൾ എന്നിവ രാത്രി 7.30 വരെ മാത്രം. മറ്റു വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതിനു മുൻപ് അടയ്ക്കണം. ടാക്‌സികൾ ഉൾപ്പെടെ വാഹനങ്ങളിൽ യാത്രക്കാരുടെ നിയന്ത്രണം വീണ്ടും നടപ്പാക്കും. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ്‌ രണ്ടിന് ആഘോഷങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ല. സർക്കാർസ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഒത്തുചേരലുകളും ഓൺലൈൻ മാത്രം.

ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ സംവിധാനത്തിലൂടെ കാണാൻ അവസരം ഒരുക്കണം. കോവിഡ് നിയന്ത്രണം പാലിക്കാത്ത സ്ഥാപനങ്ങൾ അടയ്ക്കാൻ പൊലീസും സെക്ടറൽ മജിസ്‌ട്രേട്ടുമാരും നടപടി സ്വീകരിക്കും.

രോഗികൾ ലക്ഷം കടന്നു

ഒരേസമയം കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. ഇന്നലെ 13,644 പേർ കൂടി പോസിറ്റീവായതോടെ നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത് 1,03,004 പേർ. കഴിഞ്ഞ ഒക്ടോബർ 24ന് 97,417 പേർ ചികിത്സയിൽ കഴിഞ്ഞതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്.

പിഎസ്‌സി ഈ മാസം 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റി. ജനുവരിയിലെ വിജ്ഞാപനം അനുസരിച്ചു തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും മാറ്റി. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിലെ എല്ലാ അഭിമുഖങ്ങളും പ്രമാണ പരിശോധനയും മാറ്റി. അടുത്ത മാസത്തെ പരീക്ഷകളുടെ കാര്യത്തിൽ 26ന് തീരുമാനമെടുക്കും.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ തുടരും. ഹയർസെക്കൻഡറി പരീക്ഷ 26നും എസ്എസ്എൽസി പരീക്ഷ 29നും ആണ് അവസാനിക്കുക. കേരള കാർഷിക സർവകലാശാലയുടെ പരീക്ഷകളെല്ലാം മാറ്റി.

പിഎസ്‌സി അടക്കമുള്ള പരീക്ഷകൾ മാറ്റിവച്ചിട്ടും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റാത്തതിൽ പരക്കെ ആശങ്ക. പരീക്ഷാഹാളിൽ ട്രിപ്പിൾ ലെയർ മാസ്‌ക് വേണമെന്നു വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പരീക്ഷയുടെ സമ്മർദത്തിനിടെ പല വിദ്യാർത്ഥികളും മാസ്‌ക് ഊരിവയ്ക്കുന്നതു പതിവാണെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.

അതിർത്തി കടന്നു വരുന്നവർക്ക് പരിശോധന

കേരളത്തിലേക്ക് വരുന്നവർ ഇജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും സംസ്ഥാനത്ത് എത്തുന്നതിന് 48 മണിക്കൂറിനിടെ ആർടിപിസിആർ പരിശോധന നടത്തണമെന്നും സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇത് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. മുൻപ് സ്വീകരിച്ച വിധത്തിലുള്ള കോവിഡ് പ്രതിരോധ നടപടികൾ നടപ്പാക്കാതെ അതിർത്തിയിൽ നിയന്ത്രണം സാധ്യമല്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ബിവറേജസ് മദ്യവിൽപ്പനശാലയിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചു. ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം വിൽപ്പനശാലകൾ അടച്ചു. ഇവിടങ്ങളിൽ രണ്ടും മൂന്നും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയെങ്കിലും മദ്യവിൽപ്പനശാലകളിൽ ഒരു നിയന്ത്രണവും പാലിക്കാൻ കഴിയുന്നില്ല. ആളുകൾ ശാരീരിക അകലം പാലിക്കാതെ മദ്യം വാങ്ങാൻ എത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാജീവനക്കാരുടെ കുറവുകൂടിയായപ്പോൾ അകത്തിരിക്കുന്നവർക്കും സുരക്ഷിതത്വമില്ലാതായി. വൈകീട്ട് ഏഴുമണിക്കു കടകളടയ്ക്കണമെന്ന നിബന്ധനകൂടി വന്നതോടെ പകലത്തെ തിരക്ക് കൂടാനാണു സാധ്യത.

കോവിഡിന്റെ രണ്ടാം വരവോടെ ബസ് യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. സീറ്റിങ് കപ്പാസിറ്റിക്കു മുകളിൽ ആളുകളെ കയറ്റിയാൽ പിഴയിനത്തിൽ വരവ് മുഴുവൻ നഷ്ടമാകുകയും ചെയ്യും. യാത്രക്കാരില്ലാത്ത സാഹചര്യത്തിൽ മിക്ക ബസുകളിലും ഇന്ധന വിലയ്ക്കുള്ള തുക മാത്രമാണ് വരുമാന ഇനത്തിൽ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സർവ്വീസ് നിർത്തുന്നത് അവർ ചിന്തിക്കുന്നുണ്ട്.

37 ഫയർഫോഴ്‌സുകാർക്ക് കോവിഡ്

കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാസേനാ ഓഫീസിലെ 37 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേരുടെ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കും. ഹോം ഗാർഡ് ഉൾപ്പെടെ 45 ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.

ഈരാറ്റുപേട്ട, പാമ്പാടി, പീരുമേട്, റാന്നി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലെ കേസുകൾക്ക് എത്തിയിരുന്നത്. നിലവിലുള്ള മൂന്ന് ലീഡിങ് ഫയർമാന്മാർക്കും കോവിഡ് പോസിറ്റീവായി. ഏഴ് ഡ്രൈവർമാരിൽ ആറുപേരും പാർട്ട് ടൈം സ്വീപ്പറും ഡ്രൈവർമെക്കാനിക്കും ഉൾപ്പെടെയാണ് 37 പേർക്ക് കോവിഡ് പോസിറ്റീവായത്.

പരിശോധനാഫലം വരാനുള്ളവർക്ക് രോഗലക്ഷണമുള്ളതിനാൽ ക്വാറന്റീനിലാണ്. മുഴുവൻപേരും നിരീക്ഷണത്തിൽ പോേകണ്ട സാഹചര്യമുണ്ടായതോടെ താത്കാലിക സ്റ്റേഷൻ തുറന്ന് മറ്റുസ്ഥലത്തെ ജീവനക്കാരെ എത്തിച്ച് യൂണിറ്റ് പ്രവർത്തിപ്പിക്കാനാണ് ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP