Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; 'മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്‌കറിയ വിട പറയുമ്പോൾ

25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; 'മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്‌കറിയ വിട പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം കണ്ട എക്കാലത്തെയും മികച്ച വ്യവസായികളിൽ ഒരാളായിരുന്നു ഇന്ന് രാവിലെ വിട പറഞ്ഞ പോപ്പി അംബ്രല്ല മാർട്ട് ഉടമ സെന്റ് ജോർജ് ബേബി എന്ന ടി.വി.സ്‌കറിയ. ഇന്നത്തെപ്പോലെ പരസ്യപ്രചരണങ്ങളോ മാർഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് തുടങ്ങി ഇന്ന് ഏതൊരു പരസ്യരിതിയെയും വെല്ലുവിളിക്കത്തക്ക രീതിയിൽ തന്റെ കുടയെ ബ്രാൻഡ് ചെയ്ത് വിപണനത്തിന്റെയും പരസ്യത്തിന്റെയും ഒരു പാഠപുസ്തകാമാവുകയായിരുന്നു സ്‌കറിയ.'വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുടകൊണ്ടു തല്ലിക്കോ വേണേ..തുടങ്ങി ഇന്നത്തെ എന്റെ മഴക്കെന്റെ പോപ്പി എന്റെ മഴക്കെന്റെ പോപ്പി കുട വരെ. ഇത്രമേൽ മലയാളി ഹൃദ്യസ്ഥമാക്കിയ പരസ്യ ജിംഗിൾ മറ്റൊന്നുണ്ടോ എന്ന കാര്യവും സംശയമാണ്. ഇവിടെയൊക്കെത്തന്നെയും ഒളിമങ്ങാതെ കിടക്കുന്നത് സ്‌കറിയ എന്ന ബിസിനസ്മാന്റെ തന്ത്രങ്ങൾ തന്നെ.

25 വർഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിർണായകമായ പേരാണ് പോപ്പി എന്നത്. സ്‌കൂൾ തുറക്കുമ്പോൾ നിർബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികളെ മാറ്റിയതാണ് ടി.വി. സ്‌കറിയയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.സെന്റ് ജോർജ് കുടക്കമ്പനിയെ പടുത്തുയർത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ് രണ്ടാമത്തെ മകന്റെ പേരോടു കുടിയ പുതിയ കുടക്കമ്പനി 'പോപ്പി'. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ്ജോർജ് കുടകൾക്കും മുൻപാണ്. കാസിം കരിം സേട്ടിന്റെ കുടനിർമ്മാണ കമ്പനിയിൽ ജോലിക്കാരനായ കുടവാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസിൽനിന്നാണ് അതിന്റെ തുടക്കം. വാവച്ചൻ 1954 ഓഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോർജ് കുടക്കമ്പനി തുടങ്ങി.

ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോർജ് കുട ആദ്യവർഷം 500 ഡസനാണ് വിറ്റുപോയത്. കറുപ്പ് നിറത്തിൽ മാത്രം കണ്ടുശീലച്ച കുടശീലകളെ വർണ്ണങ്ങളുടെയും ചിത്രങ്ങളുടെയും ലോകത്തേക്ക് പറിച്ച് നട്ട് കുട വ്യവസായത്തിൽ ഒരു പുത്തൻ ശീലം തന്നെ സെന്റ്‌ജോർജ്ജ് തുറന്നു. 41 വർഷങ്ങൾക്ക് ശേഷം വേറൊരു ഓഗസ്റ്റ് 17ന് സെന്റ് ജോർജ് പൂട്ടുമ്പോൾ വാർഷികവിൽപന ഒരുലക്ഷം ഡസനായിരുന്നു.ഇവിടെക്കൊണ്ടും സെന്റ് ജോർജിന്റെ പാരമ്പര്യം അവസാനിപ്പിക്കാൻ പിൻഗാമികൾ തയ്യാറായില്ല. സെന്റ്‌ജോർജ്ജിന്റെ കരുത്തിൽ രണ്ടു ബ്രാൻഡുകൾ പിന്നെയും വിടർന്നു. മലയാളികൾ നെഞ്ചേറ്റിയ പോപ്പിയും ജോൺസും. കുടയുടെ ലോകത്ത് പിറന്നു വീണ് കുടയെ സ്നേഹിച്ചുവളർന്ന ആ മനുഷ്യനായിരുന്നു പോപ്പിയുടെ സാരഥി. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിർമ്മാണ സംരംഭത്തിന്റെ കുലപതിയെന്ന വിശേഷണവും സെന്റ് ജോർജ് ബേബിയെന്ന ടി.വി.സ്‌കറിയക്ക് സ്വന്തം.

ചിന്തയിലും ഭാവനയിലും സ്വപ്നത്തിലും കുടമാത്രം കാണുന്ന വ്യക്തിയായിരുന്നു ടി.വി.സ്‌കറിയ എന്ന ബേബി. ഉസ്താദ് ഹോട്ടലിൽ തിലകന്റെ കഥാപാത്രം പറഞ്ഞ കഴിക്കുന്നവന്റെ മനസ്സും നിറയണം എന്ന വാചകം പോലെ ഉത്പന്നം മാത്രം നന്നായാൽ പോര എല്ലാം നന്നാവണം എന്നതായിരുന്നു സ്്കറിയയുടെ രിതി. ഈ നിർബന്ധ ബുദ്ധിയുടെ മറ്റൊരു തെളിവാണ് മലയാളത്തിൽ സൗന്ദര്യമൂല്യമുള്ള പരസ്യചിത്രങ്ങൾക്ക് നാന്ദി കുറിച്ച കുടപ്പരസ്യങ്ങൾ. 'സെന്റ് ജോർജ് കമ്പനി നിർത്തുമ്പോൾ ഒരുലക്ഷം ഡസൻ കുടകളുടെ വിപണി സാമ്രാജ്യം അപ്രത്യക്ഷമായെന്നായിരുന്നു പൊതുവേ വിചാരം. പക്ഷെ അതിന്റെ എത്രയോ ഇരട്ടി ലക്ഷം കുടകളുമായി പോപ്പി ഇന്ന് വിപണിയിൽ വിജയത്തിന്റെ കുടചൂടി നിൽക്കുന്നു.മലയാളികൾ ഇന്നും വരി തെറ്റാതെ പാടുന്ന പരസ്യജിംഗിൾസുകൾ സാക്ഷി.

വിതരണത്തിൽ ഇടനിലക്കാരില്ല എന്നതാണ് പോപ്പിയുടെ പ്രത്യേകത. പോപ്പിയുടെ 4700 ഏജൻസികൾ ഷോറൂമിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നു. ഇടനിലക്കാർ കുറയുമ്പോൾ പരമാവധി വിലകുറച്ച് കുടകൾ ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനാവുന്നു. 27 വർഷങ്ങൾക്കു മുൻപ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്‌ഐ നിബന്ധനകൾ തയാറാക്കിയത് സെന്റ് ജോർജ് കമ്പനിയിൽ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങൾക്കനുസരിച്ചാണ്.

എല്ലാ വർഷവും ജനുവരി ഒന്നിന് പോപ്പി കുടകളുടെ വില പ്രഖ്യാപിക്കും. ഗുണനിലവാരത്തിലും വിലനിർണയത്തിലും കുടവിപണി മാനകവും മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെടുന്നു. പോപ്പിയുടെ ഏജൻസിക്കായി കാത്തിരിക്കുന്ന 8900-ലധികം അപേക്ഷകർ ശരിവയ്ക്കുന്നത് ഉൽപന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.ഈ മനുഷ്യന്റെ പ്രതിഭാസ്പർശമാണ് സ്വന്തം സംരംഭത്തിൽ നിന്നു പിറക്കുന്ന കുടകളെയും അവയുടെ വിപണനസംവിധാനത്തെയും പ്രചാരശൈലിയെയും വൈവിധ്യമനോഹരമാക്കുന്നത്. വിവിധ തരത്തിലും വർണത്തിലും, പലപ്രായക്കാർക്കും പല ആവശ്യങ്ങൾക്കും പറ്റിയത് എന്ന രീതിയിൽ ഇന്ന് 150 ൽപരം തരത്തിലുള്ള കുടകൾ പോപ്പി വിപണിയിലിറക്കുന്നുണ്ട്.

കുടയുടെ രൂപഭാവങ്ങളിൽ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാൻ പോപ്പിക്ക് സാധിച്ചുവെന്നതാണ് വിജയത്തിന്റെ മറ്റൊരു രഹസ്യം.ഫൈഫോൾഡ് കുടകൾ പോലെ സ്ത്രീകളുടെ ചെറിയ ബാഗിൽ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വർഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നിൽ അവതരിച്ചു. പോപ്പിയുടെ കുടപ്പെരുമയും മൂന്നാം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. എംബിഎയ്ക്ക് കുടനിർമ്മാണയൂണിറ്റിനെക്കുറിച്ച് പഠിച്ച് പ്രബന്ധം തയാറാക്കിയ ബേബിയുടെ മൂത്തമകൻ ഡേവിസ് പോപ്പിയിലെ പുതുമയുടെ അടയാളമാണ്. കമ്പനി നവീകരണത്തിലും കുടകളുടെ കംപ്യൂട്ടർ സഹായത്തോടെയുള്ള രൂപകൽപനയിലും യന്ത്രവൽക്കരണത്തിലും പരസ്യതന്ത്രങ്ങളിലും ഡേവിസിന്റെ സ്പർശവും സാന്നിധ്യവുമുണ്ട്.

പെൻഷനായി പിരിഞ്ഞ ശേഷവും മരണം വരെ ശമ്പളം നൽകി പോപ്പി സ്നേഹിച്ച ജീവനക്കാരുണ്ട്. ആലപ്പുഴയിലെ പോപ്പിയുടെ കമ്പനി ഷോറൂമിലും ബേബിയുടെ വീട്ടിലും ചെന്നാൽ ആദ്യം കണ്ണിൽപ്പെടുക കുട ചൂടിയ ചെറിയ ശിൽപ്പങ്ങളാണ്. ലോകമെമ്പാടുമുള്ള യാത്രയിൽ ബേബിച്ചൻ കുട ചൂടി നിൽക്കുന്ന ശിൽപങ്ങൾ കണ്ടാൽ അപ്പോൾ സ്വന്തമാക്കും.അതൊരു കലക്ഷനാണ്. കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തിങ്കളാഴ്‌ച്ച രാവിലെയായിരുന്നു അന്ത്യം.തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ. മക്കൾ: ഡെയ്സി, ലാലി, ഡേവിസ്.സംസ്‌കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും.

കുടയുടെ മർമമറിയാവുന്നയാളെന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അത് ഇദ്ദേഹത്തെയാണ്.'ഇന്നും എനിക്ക് സ്വന്തമായി കുടയുണ്ടാക്കാൻ കഴിയും' പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മൽസരിച്ച് കുടയുണ്ടാക്കിയിരുന്ന ഒരു ചെറുപ്പകാലത്തെ സാക്ഷി നിർത്തി ബേബി പറയുമായിരുന്നു.ആ സൂഷ്മദൃഷ്ടിയും കരുതലുമാണ് ബേബി തന്റെ പിൻഗാമികൾക്ക് നൽകി യാത്രയാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP