Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈഗയെ കൊലപ്പെടുത്തിയ കേസിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചുമത്തിയതുകൊലക്കുറ്റം; മകളെ കൊന്ന ശേഷം സനു കൈയിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നു മൊഴി നൽകി; സുഖവാസ കേന്ദ്രങ്ങളിൽ കറങ്ങി നടന്നത് ആത്മഹത്യ ചെയ്യാൻ വേണ്ടിയെന്ന് വാദം; മൊഴികളിൽ പൊരുത്തക്കേട് കണ്ട് പൊലീസ്

വൈഗയെ കൊലപ്പെടുത്തിയ കേസിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചുമത്തിയതുകൊലക്കുറ്റം; മകളെ കൊന്ന ശേഷം സനു കൈയിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നു മൊഴി നൽകി; സുഖവാസ കേന്ദ്രങ്ങളിൽ കറങ്ങി നടന്നത് ആത്മഹത്യ ചെയ്യാൻ വേണ്ടിയെന്ന് വാദം; മൊഴികളിൽ പൊരുത്തക്കേട് കണ്ട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പിതാവ് സനു മോഹന്റെ അറസ്റ്റു രേഖപ്പെടുത്തി. ഇയാൾ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. സനു മോഹനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു. ഈ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ആത്മഹത്യ ചെയ്യാനാണെങ്കിൽ എന്തിനാണ് ഗോവയിൽ വരെ ഇയാൾ പോയതെന്ന ചോദ്യം ബാക്കി നിൽക്കുന്നു. മാത്രമല്ല, മകളെ കൊലപ്പെടുത്തിയ സനു മോഹൻ പനാജിയിൽ പോയി ചീട്ടു കളിച്ചു പണം കളഞ്ഞെന്നും മൊഴിനൽകിയിട്ടുണ്ട്.

ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടർന്ന് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്‌ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹൻ പറഞ്ഞു.

ഫ്‌ളാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹൻ കരുതി. വെള്ളത്തിൽ എറിയുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നു. മരിച്ചിരുന്നില്ല. വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളിൽ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.

കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് സനു മോഹനെ രാവിലെ എത്തിച്ചു. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയത്.

കേസിന്റെ ദുരൂഹതകൾ നീക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ രാവിലെ 11.30ഓടെ മാധ്യമങ്ങളെ കാണും. മാർച്ച് 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാൽ സനു മോഹൻ എവിടെ എന്നത് സബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹൻ പിടിയിലായത്.

വൈഗയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരാഴ്ച മുൻപുതന്നെ സനു മോഹൻ തിരോധാനത്തിനുള്ള പദ്ധതി തയാറാക്കിയെന്ന് പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, ഫ്ലാറ്റിലെ പരിശോധനക്കിടെ കണ്ടെത്തിയ ആരുടെതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത രക്ത തുള്ളികളും കേസിന്റെ സങ്കീർണത കൂട്ടുന്നു. ഒപ്പം സനു മോഹന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ തനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സനുമോഹന്റെ ഭാര്യ രമ്യ പ്രതികരിച്ചു. സനുമോഹന്റെ അറസ്റ്റുവിവരം പൂർണമായും പുറത്തുവന്നതിനുശേഷം തിങ്കളാഴ്ച പ്രതികരിക്കുമെന്നാണ് ഇവർ വ്യക്തമാക്കിയത്. മാധ്യമങ്ങളോട് തനിക്ക് കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അവർ പറഞ്ഞു. ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തിൽ പൊലീസ് നിരീക്ഷണത്തിലാണ് ഇവരിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP