Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എത്ര വിമർശനം കേട്ടാലും പിൻവാതിൽ അടക്കാൻ മനസ്സില്ലെന്ന് സർക്കാർ; സാക്ഷരതാ മിഷനിലും വഴിവിട്ട നിയമനം; 23 പേരെ സ്ഥിരപ്പെടുത്തിയത് കടുത്ത സാമ്പത്തിക ബാധ്യതകളും പരിഗണിക്കാതെ; ഗവർണർക്ക് മുമ്പിൽ പരാതിയുമായി ഒരു വിഭാഗം ജീവനക്കാർ; സ്ഥിരപ്പെടുത്തിയവർക്ക് പത്ത് വർഷം പൂർത്തിയാക്കിയിട്ടില്ലെന്നു വാദം

എത്ര വിമർശനം കേട്ടാലും പിൻവാതിൽ അടക്കാൻ മനസ്സില്ലെന്ന് സർക്കാർ; സാക്ഷരതാ മിഷനിലും വഴിവിട്ട നിയമനം; 23 പേരെ സ്ഥിരപ്പെടുത്തിയത് കടുത്ത സാമ്പത്തിക ബാധ്യതകളും പരിഗണിക്കാതെ; ഗവർണർക്ക് മുമ്പിൽ പരാതിയുമായി ഒരു വിഭാഗം ജീവനക്കാർ; സ്ഥിരപ്പെടുത്തിയവർക്ക് പത്ത് വർഷം പൂർത്തിയാക്കിയിട്ടില്ലെന്നു വാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  പിൻവാതിൽ നിയമനങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന സർക്കാറാണ് എൽഡിഎഫിന്റേത്. എന്നാൽ, എത്ര വിമർശനം കേട്ടാലും ഇക്കാര്യത്തിൽ തങ്ങൾ പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. സാക്ഷരതാ മിഷനിൽ അടക്കം ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ചു കൊണ്ട് പിൻവാതിൽ നിയമനം തകൃതിയാണ്. ഇതിൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് സ്ഥിരപ്പെടുത്തൽ. ഇത്തരമൊരു നീക്കത്തിനെതിരെ എതിർപ്പുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്തുവന്നു.

എല്ലാ എതിർപ്പുകളും പരാതികളും മറികടന്ന് 74 താൽക്കാലിക ജീവനക്കാരെയാണ് ഇടതു സർക്കാർ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഫെബ്രുവരിയിൽ സാക്ഷരതാ മിഷനിൽ സ്ഥിരപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇങ്ങനെ സ്ഥിരപ്പെടുത്തിയവരിൽ 23 ജീവനക്കാർ താൽക്കാലിക ജീവനക്കാരായി തുടർച്ചയായി 10 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് സാക്ഷരതാ മിഷനിലെ ജീവനക്കാരൻ ഗവർണർക്കു പരാതിയും നൽകി. യോഗ്യതകളും മാനദണ്ഡങ്ങളുമെല്ലാം അട്ടിമറിച്ചെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് സാക്ഷരതാ മിഷൻ ജില്ലാ അസി.പ്രോജക്ട് കോ-ഓർഡിനേറ്റർമാരായി നിയമിച്ചവരിൽ ഒരാളൊഴികെ എല്ലാവരെയും 2016ൽ എൽഡിഎഫ് പുറത്താക്കിയിരുന്നു. ആ സമയത്തു തന്നെ 10 വർഷത്തിലധികം സർവീസുള്ള 3 പേർ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തിക ബാധ്യത പറഞ്ഞ സർക്കാർ 2018ൽ വീണ്ടും കരാർ നിയമനങ്ങൾ നടത്തി.

സാക്ഷരത മിഷനിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ലിസ്റ്റിൽ വൻ ക്രമക്കേടെന്നാരോപിച്ചാണു ഗവർണർക്കു ജീവനക്കാരൻ പരാതി നൽകിയത്. ആകെ 74 പേരെ സ്ഥിരപ്പെടുത്തിയതിൽ 23 പേർ ഉത്തരവിറങ്ങിയ സമയത്ത് 10 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് ആരോപണം. 3 ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർമാർ, 7 ജില്ലാ പ്രൊജക്ട് അസി. കോ-ഓർഡിനേറ്റർമാർ, 4 ഓഫിസ് അസിസ്റ്റന്റുമാർ, 8 സ്വീപ്പർ കം പ്യൂൺ, ഒരു ഡ്രൈവർ എന്നിങ്ങനെ 23 പേരെയാണ് 10 വർഷം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് സ്ഥിരപ്പെടുത്തിയത്. ഈ 23 പേരും 2006ലെ ഇടത് സർക്കാരിന്റെ അവസാന കാലയളവിൽ ജോലിയിൽ പ്രവേശിച്ചവർ ആണ്.

സാക്ഷരത മിഷന്റെ 2018 ജൂലായ് മാസത്തിലെ 55-ാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ശുപാർശ അനുസരിച്ചാണ് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതെന്ന് ഇക്കാര്യത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ 2018 ജൂലൈ 25ന് ഈ 23 ജീവനക്കാർ 10 വർഷം പൂർത്തിയാക്കിയിട്ടില്ല. ഇവർ സിപിഎം പ്രവർത്തകരാണെന്നും അതിനാലാണ് ചട്ടം ലംഘിച്ച് ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയതെന്നും ആരോപണമുണ്ട്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ ശുപാർശ പ്രകാരമാണ് സ്ഥിരപ്പെടുത്തൽ എന്ന് സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല പറഞ്ഞിരുന്നു. സ്ഥാപനത്തിൽ 10 വർഷം പൂർത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള സാക്ഷരത മിഷൻ ഭരണ സമിതി സർക്കാരിനു സമർപ്പിച്ചത്. അതേസമയം ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ ഇതുവരെ സീനിയോറിറ്റി പട്ടിക തയാറാക്കിയിട്ടില്ലെന്നാണ് സാക്ഷരതാ മിഷൻ അധികൃതർ നൽകിയ വിശദീകരണം.

2021 മാർച്ച് 2ന് നൽകിയ അപേക്ഷയിലാണ് മറുപടി. ഈ സാഹചര്യത്തിൽ ഫെബ്രുവരിയിൽ എന്ത് അടിസ്ഥാനത്തിലാണ് 74 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്ന ചോദ്യമാണ് പരാതിക്കാർ ഉയർത്തുന്നത്. സാക്ഷരതാ മിഷനിലെ 74 തസ്തികകൾ സർക്കാർ അംഗീകരിച്ചത് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും വിജിലൻസിലും ഗവർണറുടെ പക്കലും പരാതികൾ നിലനിൽക്കെയാണ്. സ്വയാർജിത ഫണ്ടിൽ നിന്ന് 74 തസ്തികകൾക്കു ശമ്പളം നൽകണമെന്നാണ് നിർദ്ദേശം. ഈ തുക പ്ലാൻ ഫണ്ടിൽനിന്ന് കണ്ടെത്തേണ്ടി വരുമെന്നും ഇത് മിഷനെ തകർക്കുമെന്നും വിമർശനമുണ്ട്.

ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എന്ന സാങ്കൽപിക തസ്തികയിൽ പ്രവർത്തിക്കുന്നവർക്ക് ഹയർ സെക്കൻഡറി സീനിയർ ടീച്ചർ കാറ്റഗറി ആയ 11ൽ ഉൾപ്പെടുത്തി 2019ൽ വേതന വർധനവ് നൽകി. ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കി. ജില്ലാ പ്രൊജക്ട് അസി.കോഓർഡിനേറ്റർമാരെ ഹയർ സെക്കൻഡറി ടീച്ചർ ജൂനിയർ കാറ്റഗറി ആയ 10ൽ ഉൾപ്പെടുത്തിയിരിക്കുന്നു. അസി. ഡയറക്ടർക്ക് കാറ്റഗറിയേ ഇല്ല. 7 % ശമ്പള വർധനവ് ആകാമെന്ന് ഉത്തരവിൽ പറയുന്നു. കാറ്റഗറി 11ൽ പരാമർശിക്കുന്ന ഒരു തസ്തിക പോലും ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എന്ന തസ്തികയുമായി പൊരുത്തപ്പെടുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP