Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സനു മോഹന്റെ അറസ്റ്റിലേക്ക് നയിച്ചത് ലോഡ്ജ് വാടക നൽകാതെയുള്ള മുങ്ങൽ; കൊല്ലൂരിൽ നിന്നു മുങ്ങിയ സനു മോഹൻ കാർവാറിലേക്കുള്ള യാത്രയ്ക്കിടെ 3 തവണ വാഹനം മാറിക്കയറി; അന്വേഷണ സംഘം പിന്തുടർന്നെത്തിയാൽ അവരുടെ വഴി തെറ്റിക്കാനായി നടത്തിയത് ആസൂത്രിത ശ്രമം; എന്നും ദുരൂഹതകൾ നിറഞ്ഞ സനുവിന്റെ രക്ഷപെടൽ ദൗത്യവും വിചിത്രം

സനു മോഹന്റെ അറസ്റ്റിലേക്ക് നയിച്ചത് ലോഡ്ജ് വാടക നൽകാതെയുള്ള മുങ്ങൽ; കൊല്ലൂരിൽ നിന്നു മുങ്ങിയ സനു മോഹൻ കാർവാറിലേക്കുള്ള യാത്രയ്ക്കിടെ 3 തവണ വാഹനം മാറിക്കയറി; അന്വേഷണ സംഘം പിന്തുടർന്നെത്തിയാൽ അവരുടെ വഴി തെറ്റിക്കാനായി നടത്തിയത് ആസൂത്രിത ശ്രമം; എന്നും ദുരൂഹതകൾ നിറഞ്ഞ സനുവിന്റെ രക്ഷപെടൽ ദൗത്യവും വിചിത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലൂർ: വൈഗ വധക്കേസിൽ പിടിയിയാല സനു മോഹനെ കൊച്ചിയിൽ എത്തിച്ചു കഴിഞ്ഞു. ഇയാളെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിയതുകൊല്ലൂരിൽ താമസിച്ച ലോഡ്ജിൽ പണം നൽകാതെ മുങ്ങിയതാണ്. 6 ദിവസം താമസിച്ച ഇനത്തിൽ വാടകയായ 5,700 രൂപ നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ, ഇപ്പോഴും അന്വേഷണ സംഘത്തിന് ഇയാളിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല.

ഏപ്രിൽ 10നു രാവിലെ 9.30നാണ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിനു തൊട്ടടുത്തു കുടജാദ്രി റോഡിലുള്ള ലോഡ്ജിൽ സനു മോഹൻ മുറിയെടുത്തത്. അഡ്വാൻസ് നൽകിയില്ല. 16നു രാവിലെ എട്ടേ മുക്കാലോടെ കൗണ്ടറിനു സമീപത്തെ ബെഞ്ചിലിരുന്നു പത്രം വായിച്ചു. തുടർന്ന് ഉച്ചയ്ക്ക് ഒന്നിനു മുറി ഒഴിയുമെന്ന് അറിയിച്ചു. വൈകിട്ട് 4.45നു മംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ മടങ്ങേണ്ടതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ കാർ വേണമെന്നും കൗണ്ടറിൽ പറഞ്ഞശേഷം പുറത്തു പോയി. ഈ സമയം കയ്യിൽ ഒരു ചെറിയ ബാഗ് മാത്രം.

ഉച്ചയ്ക്കു കാർ എത്തിയശേഷവും ആൾ തിരിച്ചെത്തിയില്ല. മുറിയെടുക്കുമ്പോൾ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. പ്രവർത്തന രഹിതമായ നമ്പറാണു ലോഡ്ജിൽ നൽകിയിരുന്നത്. തുടർന്ന് ആധാർ കാർഡിലെ വിലാസം കേന്ദ്രീകരിച്ച് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസ് അന്വേഷിക്കുന്ന ആളാണെന്നു വ്യക്തമായത്.

വിവരം ലഭിച്ചതോടെ കൊച്ചിയിൽനിന്ന് അന്വേഷണ സംഘം ശനിയാഴ്ച കൊല്ലൂരിലെത്തി. ടൂറിസ്റ്റ് ഹോമിൽനിന്നു സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ശേഖരിച്ചു. കൊല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നു സ്വകാര്യ ബസിൽ കയറിയതായും അൽപം മാറി വനമേഖലയിൽ ഇറങ്ങിയതായും നാട്ടുകാരിൽനിന്നു വിവരം ലഭിച്ചു. ഇതോടെ വനം മേഖല കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിരുന്നു. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

സനു മോഹനിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് ഇയാൾ താമസിച്ച ലോഡ്ജിലെ ജീവനക്കാരനായ ഡിജോ. മാന്യമായ പെരുമാറ്റമായിരുന്നു. അധികം സംസാരിച്ചിരുന്നില്ല. ജോലിക്കായി പുണെയിൽ പോയ ശേഷം സനു മോഹൻ സ്വന്തം നാടായ തൃക്കുന്നപ്പുഴയിൽ വല്ലപ്പോഴുമേ എത്തിയിരുന്നുള്ളുവെന്നു നാട്ടുകാർ പറയുന്നു. നാട്ടിലെത്തിയാലും വേഗം മടങ്ങുകയായിരുന്നു പതിവ്. സ്വന്തം വീട്ടിൽ പോകുന്നത് അപൂർവമായിരുന്നു.

സനു മോഹന്റെ വീടിനു നാനൂറു മീറ്ററോളം അകലെയുള്ള ഭാര്യവീട്ടിലാണു നാട്ടിലെത്തുമ്പോൾ കയറുക. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ പഠനത്തിനു ശേഷം സനു മോഹൻ പുണെയിലേയ്ക്ക് പോയി. അവിടെ കമ്പനിയിൽ ജോലിയിലായ ശേഷം സ്വന്തമായി ബിസിനസ് തുടങ്ങി. വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിനായുള്ള ഷീറ്റുകളുടെയും മറ്റും ബിസിനസ് ആയിരുന്നു. ഇതിനിടയിലാണു വിവാഹം. 3 വർഷം മുൻപു പിതാവ് മരിച്ചപ്പോഴും സനു എത്തിയില്ല.

സനു മോഹന്റെ വീട്ടിൽ അമ്മ മാത്രമേ ഇപ്പോഴുള്ളു. അടുത്തു താമസിക്കുന്ന ബന്ധുക്കളാണു പരിചരിക്കുന്നത്. ഭാര്യ ഇപ്പോൾ സ്വന്തം വീട്ടിലില്ല. വൈഗയുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം ബന്ധുവീട്ടിലാണ്. ഏപ്രിൽ 16നു രാവിലെ കൊല്ലൂരിൽ നിന്നു മുങ്ങിയ സനു മോഹൻ കാർവാറിലേക്കുള്ള യാത്രയ്ക്കിടെ 3 തവണ വാഹനം മാറിക്കയറി. അന്വേഷണ സംഘം പിന്തുടർന്നെത്തിയാൽ അവരുടെ വഴി തെറ്റിക്കുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണു കരുതുന്നത്. രാവിലെ ടൂറിസ്റ്റ് ഹോമിൽ നിന്നിറങ്ങിയ സനു 2 ബസുകൾ മാറിക്കയറിയാണു കുന്താപുരം വഴി ഉഡുപ്പിയിൽ എത്തിയത്. ഉഡുപ്പിയിൽ നിന്നു കാറിൽ തിരികെ കുന്താപുരം വഴി കാർവാറിൽ എത്തി.

ഗോവയിലേക്കു കടക്കാനായിരുന്നു പദ്ധതി എന്നാണു സൂചന. ഹോട്ടലുകളിൽ മുറിയെടുത്താൽ പിടിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാവാം കാർവാറിൽ തൊഴിലാളികളുടെ ഷെഡിൽ കഴിഞ്ഞതെന്നും കരുതുന്നു. അതേസമയം സനു മോഹൻ കൊല്ലൂരിൽ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം. നാട്ടുകാരിൽ നിന്നു ലഭിച്ച വിവരമാണിത്. കൊല്ലൂരിൽ സനു താമസിച്ച ലോഡ്ജിൽനിന്ന് നിന്ന് 200 മീറ്റർ മാറി കുടജാദ്രി റോഡിലെ ജംക്ഷനിൽ റോഡരികിൽ ഏറെനേരം ഈ സംഘവുമായി സംസാരിച്ചു നിന്നു. തുടർന്ന് അവിടെ നിന്ന് ഓട്ടോയിൽ കയറി പോയതായും അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയതായും പറയുന്നു. ഏതെങ്കിലും വിധത്തിൽ സനു മോഹനെ സഹായിച്ചിരുന്നവരാണോ ഇവരെന്ന സംശയവും ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP