Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശൂർ ഇനി പൂരലഹരിയിൽ; തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി; ചരിത്ര പ്രസിദ്ധമായ പൂരം 23ന്: പ്രവേശനം പാസുള്ളവർക്ക്; നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂർ ഇനി പൂരലഹരിയിൽ; തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറി; ചരിത്ര പ്രസിദ്ധമായ പൂരം 23ന്: പ്രവേശനം പാസുള്ളവർക്ക്; നിയന്ത്രണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂരം കൊടിയേറി. തൃശൂർ ഇനി പൂരലഹരിയിൽ. തിരുവമ്പാടിയിൽ 11.45നും പാറമേക്കാവിൽ 12നുമാണ് കൊടിയേറിയത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. പെരുവനം കുട്ടൻ മാരാരുടെ പാണ്ടിമേളത്തോടെയായിരുന്നു അഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ്.

തിരുവമ്പാടി ഭഗവതി 3 മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളിപ്പ്. 3.30നു നായ്ക്കനാലിലാണു മേളം. തൃശൂർ പൂരത്തിന്റെ ഘടക പൂര ദേശക്കാരായ കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്ത്രാ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രം, അയ്യന്തോൾ കാർത്യായനീ ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രങ്ങളിൽ വിവിധ സമയങ്ങളിലാണ് കൊടിയേറ്റം നടന്നത്.

അതേസമയം, കർശനമായ നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തിന് എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പാസ്, അല്ലെങ്കിൽ രണ്ടു ഡോസ് വാക്‌സീൻ എടുത്ത സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കുറഞ്ഞനിരക്കിൽ കോവിഡ് പരിശോധന നടത്താൻ പാറമേക്കാവ് ദേവസ്വം അവസരം ഒരുക്കിയിട്ടുണ്ട്. 700 രൂപ നിരക്കിലാകും പരിശോധന നടത്തുക. 21 നാണ് പരിശോധന. പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച് മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാക്കും.

നിയന്ത്രണം ഇങ്ങനെ:

45 വയസ്സിനു മുകളിലുള്ളവർ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. 10നും 45നും ഇടയിൽ പ്രായമുള്ളവർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് തെളിയിക്കണം. ദേവസ്വങ്ങൾ പാസ് നൽകുമ്പോഴും ഇതേ മാനദണ്ഡങ്ങൾ പാലിക്കണം. 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമില്ല.

പൊലീസ് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങും. വാക്‌സീൻ എടുത്തവരും ടെസ്റ്റ് നടത്തിയവരും അതിന്റെ രേഖകൾ സൈറ്റിലേക്ക് അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പൂരം കാണാനുള്ള പാസ് ലഭിക്കും. റൗണ്ടിലേക്കു പ്രവേശിക്കാൻ ഈ പാസ് പൊലീസിനെ കാണിക്കണം. റൗണ്ടിലേക്കുള്ള പല പോയിന്റുകളിലായി പൊലീസ് സർട്ടിഫിക്കറ്റ് പരിശോധനകൾ നടത്തും.

23ന് കുടമാറ്റം നടക്കുമ്പോൾ തെക്കേ നടയിൽ ആളുകളെ കംപാർട്‌മെന്റ് ആക്കി നിർത്തുന്ന കാര്യം പരിഗണിക്കും. പൂരം പ്രദർശനത്തിൽ സ്റ്റാളുകൾ പകുതി മാത്രം.

ഒരു ഡോസ് വാക്‌സീൻ എടുത്ത സർട്ടിഫിക്കറ്റ് നേടിയവർക്ക് ആ സർട്ടിഫിക്കറ്റുമായി പാസ് നേടാനാവും വിധമാണ് സൈറ്റ് ക്രമീകരിക്കുക. 45 വയസ്സിൽ താഴെയുള്ളവരിൽ വാക്‌സീൻ കിട്ടിയവർക്ക് ആർടിപിസിആർ പരിശോധനയുടെ ആവശ്യമില്ല.

കർശന വ്യവസ്ഥകൾ വന്നെങ്കിലും പൂരാവേശം വിടാൻ പൂരപ്രേമികൾ തയാറല്ല. ഒരു വർഷം ഇല്ലാതിരുന്നതിന്റെ കടം കൂടി വീട്ടി ഇക്കുറി പൂരം പെരുക്കാനൊരുങ്ങി നിൽക്കവേയാണ് കോവിഡ് പെരുകിയത്. പക്ഷേ, പൂരപ്രേമികളുടെ ആവേശത്തെ തോൽപിക്കാനാവില്ല ഇതിനൊന്നും. നിയന്ത്രണങ്ങൾ പാലിച്ചായാലും പൂരം ആഘോഷിക്കാൻ ഉറച്ചിരിക്കുകയാണു തൃശൂർ.

23ന് ആണ് പൂരം. പൂരത്തിനു 2 നാൾ മുൻപ് തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല എന്നതിന്റെ സങ്കടത്തിനൊപ്പമാണ് ഇപ്പോൾ പുതിയ നിയന്ത്രണങ്ങൾ കൂടി വന്നിരിക്കുന്നത്. നിയന്ത്രണങ്ങളിൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടുന്നതിനു വേണ്ടിയുള്ള ഓട്ടം തൃശൂർക്കാർ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി അവർക്ക് പൂരം നേരത്തേ എത്തിയെന്നു പറഞ്ഞാൽ തെറ്റില്ല. പക്ഷേ, കുട്ടികളെ മാറ്റിനിർത്തുമ്പോൾ കുറെ പേർ അതിന്റെ ഭാഗമായി പൂരം ഉപേക്ഷിക്കും. കാഴ്ചക്കാർ കുറയുമ്പോൾ പൂരം തണുക്കുമോ എന്ന് സംഘാടകർക്ക് ആശങ്കയില്ലാതില്ല. കാരണം, ഈ പൂരം കാഴ്ചക്കാരുടേതു കൂടിയാണ് എന്നതാണ് പ്രധാന കാരണം.

തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവ ഉൾപ്പെടുന്ന ഭാഗത്ത് പ്രവേശിക്കാൻ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയാണു പൂരം നടത്തുക. 22, 23, 24 തീയതികളിലാണു നിയന്ത്രണങ്ങൾ. സാംപിൾ വെടിക്കെട്ട്, വെടിക്കെട്ട്, ചമയ പ്രദർശനം എന്നിവ പതിവു പോലെ തന്നെ നടക്കുമെന്ന് ദേവസ്വങ്ങൾ ഉറപ്പു നൽകിയതാണു പൂരപ്രേമികളുടെ ആകെയുള്ള ആശ്വാസം. നിയന്ത്രിത പ്രദേശത്തേക്ക് കടക്കാതെ എവിടെ നിന്നൊക്കെ പൂരം വ്യക്തമായി കാണാനാവും എന്നും പലരും നോക്കിവച്ചിട്ടുണ്ട്. അതിനായി നഗരത്തിനു പുറത്തു റോന്തു ചുറ്റുന്നവരും ഉണ്ട്. തിരക്ക് കുറയുന്നെങ്കിൽ പൂരം അടുത്തു നിന്നു കാണാമെങ്കിലും പൂരത്തിനു  തിരക്കു വേണമെന്നാണ് തൃശൂർക്കാർ ഉള്ളിൽ ആഗ്രഹിക്കുന്നത്.

തേക്കിൻകാട് മൈതാനി വടക്കുന്നാഥ ക്ഷേത്രവും സ്വരാജ് റൗണ്ടും ഉൾപ്പെടെ 64 ഏക്കർ സ്ഥലമാണ്. ഇതിൽത്തന്നെ നെഹ്‌റു പാർക്കും പ്രദർശന നഗരിയും ഒഴികെയുള്ള ഭാഗത്തു വേണം കാഴ്ചക്കാർ നിൽക്കാൻ. ഏകദേശം 50,000 പേർക്ക് ഇത്രയും സ്ഥലത്തു നിൽക്കാനാവുമെന്നാണു കണക്ക്. എന്നാൽ, സ്വരാജ് റൗണ്ടിലേക്ക് എത്തിച്ചേരുന്ന വഴികളിലാണ് ഇതിലേറെ ആളുകൾ കുടമാറ്റവും വെടിക്കെട്ടും കാണാൻ നിൽക്കാറുള്ളത്. അവിടങ്ങളിൽ ഇക്കുറി ആളുകൾക്കു നിൽക്കാനാവില്ല. പതിവു കാഴ്ചക്കാരിൽ പകുതി അങ്ങനെ കുറയും.

അനുവദനീയമായ അത്രയും പൂരപ്രേമികൾക്ക് ആർടിപിസിആർ പരിശോധന നടത്താൻ ലാബുകൾ സജ്ജമാണെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയ്ക്കു പുറത്തു നിന്നെത്തുന്നവർ അവിടെനിന്ന് പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തുകയായിരിക്കും എന്നാണു നിഗമനം. അതുകൊണ്ട് ജില്ലയിൽ ലാബുകളിൽ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയില്ല എന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ടി.എൻ.പ്രതാപൻ എംപി മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.

പൂരത്തിന് എത്തുന്ന ആളുകളെ പരിശോധിക്കുന്നതിന് ജില്ലാ ഭരണകൂടം നിയോഗിക്കുക 300 സിവിൽ ഡിഫൻസ് വൊളന്റിയർമാരെ. നിലവിലുള്ള പൊലീസിനു പുറമേയാണിത്. പൂരനഗരിയിലേക്ക് ആളുകൾ പ്രവേശിക്കുന്ന ഇടങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാൻ 150 തെർമൽ സ്‌കാനറുകൾ പ്രത്യേകമായി എത്തിക്കും. പൂരനഗരിയെ 6 ഭാഗങ്ങളായി തിരിച്ചായിരിക്കും വ്യവസ്ഥകൾ നടപ്പിലാക്കുക. ഓരോ ഭാഗത്തിന്റെയും ചുമതല ഓരോ ഡപ്യൂട്ടി കലക്ടർമാരെ ഏൽപിക്കും. ഇവർക്ക് എക്‌സിക്യുട്ടിവ് മജിസ്‌ട്രേട്ടിന്റെ അധികാരം ഉണ്ടായിരിക്കും. 6 കൺട്രോൾ റൂമുകൾ 3 ദിവസങ്ങളിൽപ്രവർത്തിക്കും. ഇവയുടെ നടത്തിപ്പിനായി ആരോഗ്യ മേഖലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും ഉപയോഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP