Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏഴിന് അനന്തുവുമായുള്ള വഴക്ക് പൊലീസ് കേസായി; അമ്പലമുറ്റത്ത് എത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിക്കാൻ; കിട്ടിയത് അനുജനേയും; അഭിമന്യൂ കൊലക്കേസിൽ കുറ്റസമ്മതം നടത്തി സജ്ഞയ് ജിത്ത്; കൂടുതൽ അറസ്റ്റിനും സാധ്യത

ഏഴിന് അനന്തുവുമായുള്ള വഴക്ക് പൊലീസ് കേസായി; അമ്പലമുറ്റത്ത് എത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിക്കാൻ; കിട്ടിയത് അനുജനേയും; അഭിമന്യൂ കൊലക്കേസിൽ കുറ്റസമ്മതം നടത്തി സജ്ഞയ് ജിത്ത്; കൂടുതൽ അറസ്റ്റിനും സാധ്യത

സ്വന്തം ലേഖകൻ

ആലപ്പുഴ: കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സജ്ഞയ് ജിത്ത് പാലാരിവട്ടം പൊലീസിൽ കീഴടങ്ങിയത്. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദർശിന്റേയും മൊഴി നിർണായകമാണ്.

അഭിമന്യൂവിന്റെ ജേഷ്ഠൻ അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുൻ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആർഎസ്എസ് പ്രവർത്തകൻ കൂടിയായ സജ്ഞയ് ജിത്ത് മൊഴി നൽകി. അനന്തുവിനെ ആക്രമിക്കാനാണ് ഉത്സവസ്ഥലത്ത് സംഘം ചേർന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സഞ്ജയ് ജിത്ത് മൊഴി നൽകി. ബുധനാഴ്‌ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ട് തവണ സജയ്യുടെ നേതൃത്വത്തിലുള്ള ആർഎസ് എസ് ബിജെപി പ്രവർത്തകർ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛൻ അമ്പിളി കുമാർ വെളിപ്പെടുത്തിയിരുന്നു. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാർ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിർ സംഘം തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്സവസ്ഥലത്ത് എത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നാണ് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ഏപ്രിൽ ഏഴിന് അനന്തുവുമായി സജയ് ജിത്തും സംഘവും വഴക്കുണ്ടായിരുന്നു. ഇതിൽ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഈ വഴക്കിന്റെ തുടർച്ചയായിട്ടായിരുന്നു പടയണിവെട്ടത്തെ ആക്രമണം. അനന്തുവിനെ ലക്ഷ്യമിട്ട് ഉത്സവസ്ഥലത്ത് എത്തിയ സംഘം അനന്തുവിന്റെ സഹോദരൻ അഭിമന്യുവിനെ കുത്തിവീഴ്‌ത്തുകയായിരുന്നു. ക്ഷേത്രമൈതാനിയിൽ കെട്ടുരുപ്പടികൾ നിരത്തിവെച്ചിരുന്നതിന്റെ പിന്നിൽവച്ചായിരുന്നു സംഭവം. അഭിമന്യുവിന്റെ സുഹൃത്തുക്കളായ കടുവിനാൽ നഗരൂർ കുറ്റിയിൽ ശിവാനന്ദന്റെ മകൻ ആദർശ് (19), പടയണിവെട്ടം മങ്ങാട്ട് പുത്തൻവീട്ടിൽ ജയപ്രകാശിന്റെ മകൻ പത്താംക്ലാസ് വിദ്യാർത്ഥി കാശിനാഥ് (15) എന്നിവർക്കും കുത്തേറ്റു.

സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സജയ് ജിത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ അരൂർ പൊലീസെത്തി പ്രതിയെ അരൂരിലേക്കു കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് വള്ളികുന്നം സ്വദേശി അജിത് അച്യുതൻ, ജിഷ്ണു തമ്പി (26) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് ആർഎസ്എസ് പ്രവർത്തകർ. അജിത് അച്യുതനെ കായംകുളം പൊലീസും ജിഷ്ണു തമ്പിയെ എറണാകുളം പിറമാടത്തുനിന്ന് രാമമംഗലം പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP