Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ; ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചു; നടപടി, നീരജിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച പശ്ചാത്തലത്തിൽ

വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ; ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചു; നടപടി, നീരജിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച പശ്ചാത്തലത്തിൽ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: വായ്പ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ. ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. എന്നാൽ നീരവിന് ഇതിനെതിരെ കോടതിയെ സമീപിക്കാം.

നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ സ്വീകര്യമാണെന്നും കോടതി അറിയിച്ചിരുന്നു.

കോവിഡ് വ്യാപനവും ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങളെല്ലാം അന്ന് കോടതി തള്ളിയിരുന്നു.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.

പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്‌സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ ക്രമക്കേടുകൾ പുറത്തു വന്നത്.

കുറ്റവാളികളെ കുത്തിനിറച്ച ജയിലുകളിലൊന്നായി അറിയപ്പെടുന്ന തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്വർത് ജയിലിലാണ് നീരവ് തുടരുന്നത്. 2019 മാർച്ച് 20ന് അറസ്റ്റിലായതു മുതൽ നീരവ് മോദി ഈ ജയിലിൽ കഴിഞ്ഞാണ് നിയമപോരാട്ടം നടത്തുന്നത്.

ഇഡിയും സിബിഐയും ഫയൽ ചെയ്ത 2 പ്രധാന കേസുകളാണ് നീരവിനു നേരിടേണ്ടി വന്നത്. നീരവും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് 14,000 കോടിയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷനൽ ബാങ്ക് വഴി നടത്തിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലൂടെ കടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.

ഇന്ത്യയിൽ നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയിട്ടും കുലുക്കമില്ലാത്ത ആഡംബര ജീവിതമായിരുന്നു നീരവിന്റേത്. 2019ലാണ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. നീരവ് ലണ്ടനിലുണ്ടെന്ന് യുകെ സർക്കാർ സ്ഥിരീകരിച്ചെങ്കിലും തട്ടിപ്പുകാരന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവന്നത് 'ടെലിഗ്രാഫ്' പത്രമായിരുന്നു.

കോടതിയിൽ ബുട്ടിക്ക് ലോ എന്ന മുന്തിയ വക്കീൽ സ്ഥാപനത്തെ അണിനിരത്തി നീരവ് ഇന്ത്യൻ അന്വേഷണ ഏജൻസികളെ നേരിട്ടു. വൻ ജാമ്യസംഖ്യ കെട്ടിവച്ച് വീട്ടുതടങ്കൽ കഴിയാമെന്ന നീരവിന്റെ നിർദ്ദേശം കോടതി ആദ്യമേ തള്ളി. ലോകോത്തര വജ്രാഭരണ ബ്രാൻഡുകൾ സൃഷ്ടിക്കുന്ന നീരവിന്റെ കഴിവിനെ വാഴ്‌ത്തി ഫ്രഞ്ച് ആഭരണ വിദഗ്ധൻ തിയറി ഫ്രിഷ് കോടതിയിൽ നൽകിയ മൊഴി ചീറ്റിപ്പോയി. നീരവിന് ആത്മഹത്യാപ്രവണതയുണ്ടെന്നു വാദിക്കാൻ മനഃശാസ്ത്ര വിദഗ്ധനുമെത്തിയെങ്കിലും അതും ഏശിയില്ല.

നാടുകടത്തൽ വിചാരണയ്ക്കിടെ നീരവ് മോദിക്കു വേണ്ടി തെളിവുകൾ ഹാജരാക്കിയ മുൻ ഇന്ത്യൻ ജഡ്ജിമാരായ അഭയ് തിപ്സെയെയും മാർക്കണ്ഡേയ കട്ജുവിനെയും യുകെ ജഡ്ജ് സാം ഗൂസ് രൂക്ഷമായി വിമർശിച്ചിരുന്നു.

ഇന്ത്യയിൽ നീരവിന് നീതിയുക്തമായ വിചാരണ നിഷേധിക്കപ്പെടുമെന്ന കട്ജുവിന്റെ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. നീരവ് മോദി ഇന്ത്യയിൽ മാധ്യമ വിചാരണ നേരിട്ടുവെന്നും ഇത്തരം സാഹചര്യത്തിൽ നിഷ്പക്ഷമായ വിചാരണ ഇന്ത്യയിൽ സാധ്യമാകില്ലെന്നും കട്ജു കോടതിയിൽ എഴുതി നൽകി. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയവൽക്കരിക്കപ്പെടതുമാണെന്നും കട്ജു കുറ്റപ്പെടുത്തി.

കട്ജു നൽകിയ തെളിവുകൾ നിരാകരിച്ച ജഡ്ജി സാം ഗൂസ് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. കട്ജുവിന്റെ 'വിദഗ്ധഅഭിപ്രായ'ത്തിനു വലിയ വില കൽപ്പിക്കുന്നില്ലെന്ന് സാം ഗൂസ് പറഞ്ഞു. ഇന്ത്യയിൽ 2011 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നിട്ടും കട്ജു നൽകിയ തെളിവുകൾ വസ്തുതകൾക്കു നിരക്കാത്തതും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ജഡ്ജി പറഞ്ഞു. തന്റെ മുതിർന്ന സഹപ്രവർത്തകരോടുള്ള നീരസത്തിന്റെ പ്രതിഫലനമായാണ് തെളിവുകൾ കാണപ്പെട്ടത്. സ്വകാര്യ അജൻഡയുള്ള ഒരു വിമർശകന്റെ മുദ്രകൾ അതിലുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇന്ത്യയിൽ നീരവിനു മാധ്യമ വിചാരണ നേരിടേണ്ടിവന്നുവെന്നു കുറ്റപ്പെടുത്തിയ കട്ജു, യുകെ കോടതിയിൽ തെളിവുകൾ നൽകുന്നതിനു മുമ്പ് മാധ്യമങ്ങളെ അറിയിച്ചത്, ഇന്ത്യൻ നീതിന്യായരംഗത്ത് ഉന്നതപദവിയിൽ പ്രവർത്തിച്ചിരുന്നയാൾക്കു ചേരാത്ത നടപടിയായിരുന്നുവെന്ന് ജഡ്ജി കുറ്റപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം വന്നതോടെ അപ്പീൽ നൽകിയില്ലെങ്കിൽ നീരവിനെ ഇന്ത്യയ്ക്കു കൈമാറും. നീരവ് മോദിയെ ഇന്ത്യയിലെത്തിച്ചാൽ മുംബൈ ആർതർ റോഡ് ജയിലിലെ 12-ാം നമ്പർ ബാരക്കിൽ പാർപ്പിക്കാനാണു സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP