Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോർജ് ഫ്‌ളോയിഡിന്റെ നിലവിളി മറക്കും മുമ്പേ വീണ്ടും ഒരുപൊലീസ് കുരുതി; തോക്ക് താഴെയിടടാ എന്നാക്രോശിച്ച് കൊണ്ട് പതിമൂന്നുകാരന്റെ പിന്നാലെ പായുന്ന ഷിക്കാഗോ പൊലീസ്; കൈകൾ ഉയർത്തി കീഴടങ്ങാൻ തിരിഞ്ഞുനിന്ന ആദത്തിന്റെ നെഞ്ചിന് നടുവിലേക്ക് ദയവില്ലാതെ വെടിയുതിർത്ത് സ്റ്റിൽമാൻ; അരുംകൊലയുടെ വീഡിയോ പുറത്ത്

'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോർജ് ഫ്‌ളോയിഡിന്റെ നിലവിളി മറക്കും മുമ്പേ വീണ്ടും ഒരുപൊലീസ് കുരുതി; തോക്ക് താഴെയിടടാ എന്നാക്രോശിച്ച് കൊണ്ട് പതിമൂന്നുകാരന്റെ പിന്നാലെ പായുന്ന ഷിക്കാഗോ പൊലീസ്; കൈകൾ ഉയർത്തി കീഴടങ്ങാൻ തിരിഞ്ഞുനിന്ന ആദത്തിന്റെ നെഞ്ചിന് നടുവിലേക്ക് ദയവില്ലാതെ വെടിയുതിർത്ത് സ്റ്റിൽമാൻ; അരുംകൊലയുടെ വീഡിയോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഷിക്കാഗോയും യുഎസും മാത്രമല്ല, ലോകമാകെ ഞെട്ടിയിരിക്കുകയാണ് ആ വീഡിയോ കണ്ടിട്ട്. ഇരുണ്ട ഇടവഴിയിലൂടെ ഒരുപയ്യന്റെ പിന്നാലെ ഓടുന്ന പൊലീസുകാരന്റെ ദൃശ്യമാണ് നാം കാണുന്നത്. നിൽക്കടാ അവിടെ... കൗമാരക്കാരന് നേരേ ആക്രോശിച്ചും ശപിച്ചും തോക്ക് താഴെയിടടാ ...നിന്റെ കൈകൾ കാണട്ടെ...തോക്ക് താഴെയിട് എന്നൊക്കെ പറയുന്നു. കുട്ടി പതിയെ തിരിഞ്ഞ് കൈകൾ ഉയർത്തുമ്പോഴേക്കും ഒരുവെടിയൊച്ച കേൾക്കാം. കുട്ടി താഴെ വീഴുന്നു. കൊല്ലപ്പെട്ടത് ആദം ടോളിഡോ. 13 വയസായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറാ ഫുട്ടേജാണ് പുറത്തുവന്നത്. ഇതോടെ, വൻ പ്രതിഷേധമാണ് ഷിക്കാഗോയിൽ ഉയരുന്നത്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളോയിഡ് കൊല്ലപ്പെടുന്നതിന് മുമ്പ ് നിലവിളിച്ചത് പോലെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. വീഡിയോ കണ്ടിരിക്കാൻ വയ്യെന്നാണ് ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞത്. വർഷങ്ങളുടെ ഇടവേളയിൽ ഇലിനോയിസ് പൊലീസിന്റെ തോക്കിന് ഇരയായ ഏറ്റവും പ്രായംകുറഞ്ഞ ആളാണ് ലാറ്റിനോ വിഭാഗത്തിൽ പെട്ട 13 കാരനായ ആദം.

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ആരോപണവിധേയനായ മുൻ മിനിയപൊലിസ് ഓഫീസർ ഡെറക് ഷോവിന്റെ വിചാരണ ഇപ്പോൾ നടന്നുവരികയാണ്. മറ്റൊരു സംഭവത്തിൽ 20 കാരനായ ബൈക്ക് യാത്രികൻ ഡോണ്ടെ റൈററിനെ വെടിവച്ച കേസിൽ മിനസോട്ട ഉദ്യോഗസ്ഥനായ കിംബർലി എ പോർട്ടർക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഞെട്ടിക്കുന്ന വീഡിയോ കൂടി പുറത്തുവന്നത്.

ഷിക്കാഗോയിൽ സംഭവിച്ചത്

മാർച്ച് 29 ന് പുലർച്ചെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പ് ശബ്ദം അന്വേഷിച്ചുവരുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഇടവഴിയിൽ വച്ച് രണ്ട് പേരെ കാണുകയും അവരെ പിന്തുടരുകയും ചെയ്യുന്നു. ഇടവഴിയിലൂടെ ഓടുമ്പോൾ ആദമിന്റെ കൈയിൽ തോക്കുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, ഗാരി എലമെന്ററി സ്‌കൂളിലെ ഏഴാം ക്ലാസുകാരമായ ആദം ഓഫീസറുടെ ഉത്തരവ് പാലിക്കുന്നതായാണ് വീഡിയോയിൽ കാണുന്നതെന്ന് ടോളിഡോ കുടുംബത്തിന്റെ അഭിഭാഷക വാദിച്ചു.

ആദമിന്റെ അവസാന നിമിഷങ്ങളിൽ അവന്റെ കൈയിൽ തോക്കില്ലായിരുന്നു. ഓഫീസർ അലറി വിളിച്ചു..നിന്റെ കൈകൾ കാണട്ടെ. അവൻ അനുസരിച്ചു. പിന്നീട് തിരിഞ്ഞു. കൈകൾ ഉയർത്തി അവൻ നിൽക്കുന്ന ചിത്രം ഇന്റർനെറ്റിൽ ഉണ്ട്. എന്നാൽ, ഓഫീസർ അവന്റെ നെഞ്ചിന്റെ നടുവിലേക്ക് നിറയൊഴിക്കുകയായിരുന്നു. ടോളിഡോ കുടുംബത്തിന്റെ അഭിഭാഷക അദീന വെയ്‌സ് ഓർട്ടിസ് പറഞ്ഞു.

വെടിവച്ചത് എന്തിന്?

ഒരുനിമിഷത്തിന്റെ ഇടവേളയിലാണ് ആദത്തിന് വെടിയേൽക്കുന്നത്. 34 കാരനായ എറിക് ഇ സ്റ്റിൽമാനാണ് ആദത്തിന് നേരേ വെടിയുതിർക്കുന്നത്. ആദം കൈയുയർത്തുമ്പോൾ അവന്റെ കൈയിൽ തോക്കില്ലെന്ന് കാണാം. എന്നാൽ, ന്യൂയോർക്ക് ടൈംസിന്റെ വീഡിയോ വിശകലനപ്രകാരം, ആദം തന്റെ പിന്നിൽ തോക്ക് പോലെ എന്തോ ഒളിപ്പിച്ചിട്ടുണ്ട്. കൈകൾ ഉയർത്തും മുമ്പ് അവൻ അത് ഒരു മരവേലിക്ക് പിന്നിൽ ഉപേക്ഷിച്ചു.

വെടിവെപ്പിന് പിന്നാലെ ഓഫീസർ സ്റ്റിൽമാൻ ആംബുലൻസ് വിളിപ്പിച്ചു. പരുക്ക് പരിശോധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ സിപിആർ ചെയ്തു. സിവിലിയൻ ഓഫീസ് ഓഫ് പൊലീസ് അക്കൗണ്ടബിലിറ്റി എന്ന സ്വതന്ത്ര ഏജൻസിയാണ് ഷിക്കാഗോയിലെ പൊലീസ് വെടിവെപ്പുകൾ അന്വേഷിക്കുന്നത്. ഷിക്കാഗോ പൊലീസ് വകുപ്പ് ഇക്കാര്യത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതല്ലാതെ മറ്റുപ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. ഒരു മാസം മുമ്പ് നടന്ന വെടിവെപ്പായിട്ടും ഇതുവരെയും ഇതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നില്ല. കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിയുംവരെ മാതാവിനെ വിവരം അറിയിച്ചിട്ടുമുണ്ടായിരുന്നില്ല. ആദ്യം ഫോട്ടോ ചോദിച്ചെത്തിയ പൊലീസ് 30 മിനിറ്റ് കഴിഞ്ഞ് മാതാവിനെ കൂട്ടി മൃതദേഹം പരിശോധിക്കാൻ മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് വരെ ചെല്ലാൻ ആവശ്യപ്പടുകയായിരുന്നു. ടോളിഡോക്കു പുറമെ 18ഉം 22ഉം വയസ്സുള്ള രണ്ടു പേർ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

സ്റ്റിൽമാന്റെ വെള്ളക്കാരിയായ അഭിഭാഷക വെടിവെപ്പിനെ ന്യായീകരിച്ചു. ഭീഷണിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇങ്ങനെ ചെയ്യാനേ അദ്ദേഹത്തിന് തരമുണ്ടായിരുന്നുള്ളുവെന്നാണ് അഭിഭാഷക തിമോത്തി ഗ്രേസ് പ്രതികരിച്ചത്.

ഫ്‌ളോയിഡിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ

അമേരിക്കയിലെ വർണ്ണ വെറിക്കിരയായ ജോർജ് ഫ്‌ളോയിഡ് കൊലപാതകത്തിൽ ഫ്‌ളോയിഡിന്റെ കുടുംബത്തിന് 270 ലക്ഷം ഡോളർ (196.26 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണയായിരുന്നു. 'തെറ്റായ മരണമെന്ന്' വിലയിരുത്തിയാണിത്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് വിചാരണയ്ക്ക് മുമ്പ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.

മിനിയാപൊളിസ് ഭരണകൂടത്തിനും പൊലീസിനുമെതിരെ ഫ്‌ളോയിഡിന്റെ കുടുംബം നൽകിയ കേസ് ഒത്തു തീർപ്പാക്കിയപ്പോഴാണ് നഷ്ടപരിഹാരത്തുക വിധിച്ചത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ജോർജ് ഫ്‌ളോയിഡ് കഴിഞ്ഞ ജൂണിലാണ് കൊല്ലപ്പെട്ടത്. വെള്ളക്കാരനായ ഡെറിക് ചോവിൻ എന്ന പൊലീസുകാരൻ കറുത്ത വംശജനായ ഫ്‌ളോയിഡിനെ നിസാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും റോഡിൽ കിടത്തി കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടു കൂടിയാണ് ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.

നഷ്ട പരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും കുറ്റക്കാരായ പൊലീസുകാർക്കെതിരായ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ഫ്‌ളോയിഡിന്റെ കൊലപാതകം അമേരിക്കയിൽ കറുത്ത വംശജരുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരുന്നു. 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' എന്ന പേരിൽ അമേരിക്കയിൽ ആരംഭിച്ച പ്രക്ഷോഭം പിന്നീട് മറ്റു ലോകരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.സംഭവത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP