Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേതാക്കളുടെ വീടിന് നേരെ ആക്രമണം; പൊലീസ് അനാസ്ഥ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് പോപുലർ ഫ്രണ്ട്; വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞത് ആസൂത്രിത ആക്രമണമെന്നും ആരോപണം

നേതാക്കളുടെ വീടിന് നേരെ ആക്രമണം; പൊലീസ് അനാസ്ഥ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് പോപുലർ ഫ്രണ്ട്; വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞത് ആസൂത്രിത ആക്രമണമെന്നും ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളുടെ വീടിന് നേരെയുണ്ടായ ആക്രമണങ്ങളിൽ അന്വേഷണം നടത്തുന്നതിൽ പൊലീസ് തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസ് തുടരുന്ന കുറ്റകരമായ മൗനം നാടിന്റെ സമാധാനാന്തരീക്ഷം തകർക്കും.

കഴിഞ്ഞ രാത്രിയിലാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ തിരുന്നാവായയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. അസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

കഴിഞ്ഞ മാർച്ച് 11ന് രാത്രി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ വീടിന് നേരെയും സമാന രീതിയിൽ ആക്രമണമുണ്ടായിരുന്നു. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീട്ടിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കുറച്ചു ദിവസങ്ങളായി അദ്ദേഹവും കുടുംബവും അവിടെയല്ല താമസിച്ചിരുന്നത്. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് അജ്ഞാതസംഘം വീടിനു നേരെ ആക്രമണം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും ഏറെ ഗൗരവതരമായ വിഷയമാണ്. കൃത്യമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. ആക്രമണങ്ങൾക്ക് പിന്നിലുള്ള വസ്തുത പൊലീസ് പുറത്തു കൊണ്ടുവരണം.

നിർഭാഗ്യവശാൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള സമീപനം അക്രമികൾക്ക് കുട പിടിക്കുന്ന തരത്തിലുള്ളതാണ്. അക്രമികൾക്ക് വളരാനും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനും മൗനാനുവാദം നൽകുകയാണ് പൊലീസ്. സംഭവത്തിൽ മലപ്പുറം എസ്‌പി മുതൽ സിഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അക്രമികളെ കണ്ടെത്താൻ ആധുനിക സംവിധാനങ്ങളുണ്ടായിട്ടും പൊലീസ് അതിന് യാതൊരു ശ്രമവും നടത്താതെ പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയും അതുവഴി വീണ്ടും അക്രമണത്തിന് പ്രേരണ നൽകുകയുമാണ് ചെയ്യുന്നത്.

മുമ്പ് ദേശീയ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഗൗരവതരമായ നടപടി ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ആവർത്തിക്കില്ലായിരുന്നു. ഒരു സംഘടനയുടെ ഉന്നത നേതാക്കളുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണം നിസാരമായി തള്ളിക്കളയാനാവില്ല. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമം ഇതിനു പിന്നിലുണ്ടെന്ന് പോപുലർ ഫ്രണ്ട് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ കുറ്റക്കാരായ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കേവലമായ പ്രതിഷേധങ്ങൾ നടത്തി വിഷയത്തിൽ നിന്നും പോപുലർ ഫ്രണ്ട് പിന്മാറുമെന്ന് കരുതേണ്ടതില്ല.

പ്രതികളെ പിടികൂടും വരെ അതിശക്തമായ പ്രക്ഷോഭങ്ങളുമായി പോപുലർ ഫ്രണ്ട് മുന്നോട്ടുപോകും. നിയമം കൈയിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. മലപ്പുറം എസ്‌പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്ക് അതിൽ ഉത്തരവാദിത്വമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ആക്രമണത്തിനെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി അബ്ദുൽ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്), പി പി റഫീഖ് (സംസ്ഥാന സെക്രട്ടറി), പി മൊയ്തീൻ കുട്ടി (സോണൽ സെക്രട്ടറി)
എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP