Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇലക്ഷൻ ജോലി ചെയ്യുന്നവർക്ക് തപാൽ വോട്ട് നൽകിയത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം വഴി; ഒന്നിലധികം വോട്ട് ചെയ്താൽ കണ്ടെത്താൻ ബാർ കോഡ് നിരീക്ഷണം മതി; തപാൽ വോട്ടിലെ ഇരട്ടിപ്പിലും ചെന്നിത്തല ഇഫക്ട്; ക്യു ആർ കോഡ് ഹാൻഡ് സ്‌കാനർ അട്ടിമറി ഇല്ലാതാക്കും

ഇലക്ഷൻ ജോലി ചെയ്യുന്നവർക്ക് തപാൽ വോട്ട് നൽകിയത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം വഴി; ഒന്നിലധികം വോട്ട് ചെയ്താൽ കണ്ടെത്താൻ ബാർ കോഡ് നിരീക്ഷണം മതി; തപാൽ വോട്ടിലെ ഇരട്ടിപ്പിലും ചെന്നിത്തല ഇഫക്ട്; ക്യു ആർ കോഡ് ഹാൻഡ് സ്‌കാനർ അട്ടിമറി ഇല്ലാതാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തപാൽ വോട്ടിലെ ഇരട്ട വോട്ടിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം വെറുതെയായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർ പോൾ ചെയ്ത തപാൽ ബാലറ്റുകളിൽ ഇരട്ടിപ്പില്ലെന്ന് ഉറപ്പാക്കുന്നതിന് ഇവയിലെ ക്യൂ ആർ കോഡ് പരിശോധിക്കാൻ 300 ക്യു ആർ കോഡ് ഹാൻഡ് സ്‌കാനർ വാങ്ങുന്നു. പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ വോട്ടെടുപ്പ് അട്ടിമറിക്കുള്ള ഒരു ശ്രമം കൂടി പൊളിയും.

സ്‌കാനറുകൾക്ക് 20 ലക്ഷത്തോളം രൂപയാണു ചെലവ്. പരിശോധനാ സംവിധാനം പൂർണതോതിൽ സജ്ജമാകാൻ വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറും വേണം. സൈനികർ, ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ, വിദേശ സർവീസിലുള്ളവർ എന്നിവരടക്കം സംസ്ഥാനത്ത് 57,160 സർവീസ് വോട്ടർമാരുണ്ട്. ഇവർക്കുള്ള ബാലറ്റുകൾ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി ഓൺലൈനായാണ് അയച്ചത്.

പ്രത്യേക പിൻ നമ്പർ ഉപയോഗിച്ചാണ് വോട്ടർമാർ ബാലറ്റുകളുടെയും കവറുകളുടെയും പ്രിന്റൗട്ട് എടുത്തത്. വോട്ടു ചെയ്തു തിരികെ ഇവ തപാലിൽ വരണാധികാരികൾക്ക് അയച്ചു. പ്രധാന കവറിനു പുറത്തും അകത്തെ കവറിലും ബാലറ്റിലും ക്യു ആർ കോഡ് ഉണ്ട്. ഒരാൾ ഒന്നിലധികം പ്രിന്റൗട്ട് എടുത്ത് വോട്ടു രേഖപ്പെടുത്തി അയയ്ക്കുകയോ മറ്റോ ചെയ്താൽ ഇരട്ടിപ്പു കണ്ടെത്താൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക വഴി സാധിക്കും.

ഇങ്ങനെ സാധുവാണെന്ന് ഉറപ്പാക്കുന്ന ബാലറ്റുകൾ പിന്നീട് മറ്റു തപാൽ ബാലറ്റുകൾക്കൊപ്പം എണ്ണാൻ കൗണ്ടിങ് ടേബിളിലേക്ക് അയയ്ക്കും. ഇതോടെ തപാൽ വോട്ടിലെ ഇരട്ട വോട്ടും പൊളിയും. പല ഉദ്യോഗസ്ഥർക്കും രണ്ട് തപാൽ വോട്ട് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു. പലരും ഇത് തുറന്നു പറയുകയും ചെയ്തു. സ്‌കാനർ എത്തുന്നതോടെ ഒരു ബാർ കോഡിൽ ഒരു വോട്ട് മാത്രമെന്ന സ്ഥിതി വരും.

ഓരോ നിയോജകമണ്ഡലത്തിലെയും സർവീസ് വോട്ടർമാരുടെ എണ്ണത്തിന്റെ തോത് അനുസരിച്ച് ഒന്നു മുതൽ 4 വരെ സ്‌കാനർ ഉപയോഗിക്കേണ്ടി വരും. ഒരാളുടെ ബാലറ്റും കവറും സ്‌കാൻ ചെയ്യാൻ ശരാശരി ഒരു മിനിറ്റ് വേണ്ടി വരുമെന്നതിനാൽ സമയം വൈകാതിരിക്കാനാണു കൂടുതൽ വോട്ടർമാരുള്ള മണ്ഡലങ്ങളിൽ കൂടുതൽ സ്‌കാനർ. 2019ൽ വാങ്ങിയ സ്‌കാനറുകൾ തകരാറിലായി വോട്ടെണ്ണൽ സ്തംഭിച്ചിരുന്നു. ഇതുകൊണ്ടാണ് പുതിയത് വാങ്ങുന്നത്.

ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ സ്വന്തമായി ആപ്ലിക്കേഷൻ തയാറാക്കി ഇടിപിബിഎസ് പോർട്ടലുമായി ബന്ധിപ്പിച്ച് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിൽ ഉപയോഗിച്ചാലും പ്രശ്‌നം പരിഹരിക്കാമെന്നു പറയുന്നു. നേരത്തെ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താനും നടപടികൾ കമ്മീഷൻ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അതും ഒരു പരിധിവരെ തടയാനായി. രാഷ്ട്രീയ ആഭിമുഖ്യമുള്ളവരാണ് ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ പലരും. അതുകൊണ്ട് ഉദ്യോഗസ്ഥരുടെ ഇരട്ട തപാൽ വോട്ടും അട്ടിമറിക്ക് വഴിയൊരുക്കുമായിരുന്നു.

വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്ക് കത്ത് നൽകിയിരുന്നു. തെരെഞ്ഞെടുപ്പ് ഡ്യുട്ടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണമെന്നാണ് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റൽ ബാലറ്റ് ലഭിച്ചവരുടെയും, പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്ത് വിടണം. അതോടൊപ്പം റിട്ടേണിങ് ഓഫീസർമാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റൽ വോട്ടുകളടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. എൺപത് വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ഏത്ര പോസ്റ്റൽ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയിൽ എത്ര എണ്ണം ബാക്കിയായി റിട്ടേണിങ് ഓഫീസർമാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു.

അതോടൊപ്പം ഇരട്ട വോട്ടുകൾ എണ്ണരുതെന്ന കർശന നിർദ്ദേശം ജില്ലാ ഇലക്ട്രറൽ ഓഫീസർമാർക്കും , റിട്ടേണിങ് ഓഫീസർമാർക്കും നൽകണമെന്ന ആവശ്യവും രമേശ് ചെന്നിത്തല കത്തിൽ ഉന്നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഇലക്ഷൻ കമ്മീഷൻ സ്‌കാനറുകളിലൂടെ തപാൽ വോട്ടുകൾ നിരീക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP